ADVERTISEMENT

ഗുരുവായൂരമ്പലനടയിൽ സിനിമയുടെ പ്രി–പ്രൊഡക്‌ഷൻ നടക്കുന്ന സമയം. സിനിമയ്ക്കായി സാക്ഷാൽ ഗുരുവായൂരമ്പലം സെറ്റിടണം എന്ന് സംവിധായകൻ വിപിൻ ദാസ്. എസ്റ്റിമേറ്റ് എത്രയാകുമെന്ന് പ്രൊഡക്‌ഷൻ ഡിസൈനർ സുനിൽ കുമാരനോട് ചോദിച്ചു. സെറ്റിടാനുള്ള സ്ഥലം പോലും അപ്പോൾ കണ്ടെത്തിയിട്ടില്ല. ചുറ്റമ്പലവും കൊടിമരവും നടപ്പന്തലും മേൽപ്പത്തൂർ ഓഡിറ്റോറിയവുമടക്കം സർവസന്നാഹങ്ങളും വേണം. സുനിൽ പറഞ്ഞ ഏകദേശ തുക കേട്ട് നിർമാതാവ് കൂടിയായ സുപ്രിയ ചോദിച്ചു, ‘‘ഒറിജിനൽ അമ്പലം ഉണ്ടാക്കാനാണോ പോകുന്നത്?’’ പക്ഷേ, സെറ്റിന്റെ പണി പൂർത്തിയാക്കി ഷൂട്ട്‌ തുടങ്ങിയപ്പോൾ വന്നവരെല്ലാം അമ്പലം കണ്ടു തൊഴുതു. ഇതു ശരിക്കും ഗുരുവായൂർ അമ്പലം അടർത്തി കൊണ്ടു വച്ചതു പോലെയുണ്ടല്ലോ എന്ന് കണ്ടവരെല്ലാം ആശ്ചര്യപ്പെട്ടു. 

സിനിമ തിയറ്ററിൽ കണ്ടവരും ഗുരുവായൂർ അമ്പലനടയുടെ 360 ഡിഗ്രി കാഴ്ച കണ്ടു വിസ്മയിച്ചു പോയി. വെറും 45 ദിവസം കൊണ്ട് ഒറിജിനലിനോട് കിട പിടിക്കുന്ന സെറ്റ് ഒരുക്കിയതിന്റെ ക്രെഡിറ്റ് കലാസംവിധായകനായ സുനിൽ കുമാരനാണ്. ജയരാജ്‌ സംവിധാനം ചെയ്ത ‘ഓഫ് ദ പീപ്പിൾ’ എന്ന സിനിമയിലൂടെ കലാസംവിധാന രംഗത്തേക്ക് എത്തിയ സുനിൽ, ‘ഹിഗ്വിറ്റ’യിലൂടെയാണ് സ്വതന്ത്ര കലാസംവിധായകനാകുന്നത്. കായ്പ്പോള, ഫാലിമി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായ സുനിൽ ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിലൂടെ കലാസംവിധാനരംഗത്തു തന്റെ ചുവടുറപ്പിക്കുകയാണ്. കൃഷ്ണന്റെ കൺകെട്ടു പോലെ കലാമികവു കൊണ്ടു പ്രേക്ഷകരുടെ കൺകെട്ടിയ ‘ഗുരുവായൂരുമ്പലനട’യുടെ സെറ്റിന്റെ വിശേഷങ്ങളുമായി സുനിൽ കുമാരൻ മനോരമ ഓൺലൈനിൽ.

അഭിനന്ദനങ്ങളിൽ സന്തോഷം

നല്ല പ്രതികരണങ്ങളാണ് സിനിമ റിലീസായതിനു ശേഷം ലഭിക്കുന്നത്. ഫോണിനു വിശ്രമമില്ലാത്തവിധം കോളുകൾ വരുന്നു. നന്നായി ചെയ്തിട്ടുണ്ടെന്നാണ് സിനിമ കണ്ടവർ പറഞ്ഞത്. ഹിഗ്വിറ്റ, കായ്പ്പോള, ഫാലിമി തുടങ്ങിയ സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയധികം പ്രതികരണങ്ങൾ ആർട് വർക്കിന്റെ പേരിൽ ലഭിക്കുന്നത് ഇതാദ്യമായാണ്. അതിന്റെ സന്തോഷമുണ്ട്. 

അപ്രതീക്ഷിതമായി വന്ന വിളി

ഫാലിമിയുടെ ഷൂട്ട് നടക്കുമ്പോൾ തന്നെ ഗുരുവായൂരമ്പലനടയിൽ എന്നൊരു ചിത്രമുണ്ടെന്നും ഗുരുവായൂർ അമ്പലം സെറ്റിട്ടാണ് അതു ചെയ്യാൻ പോകുന്നതെന്നുമുള്ള വാർത്തകൾ ഞാൻ കേൾക്കുന്നുണ്ട്. ഫാലിമിയുടെ സംവിധായകൻ നിതീഷ് സഹദേവനും ഗുരുവായൂരമ്പലനടയിൽ സിനിമയുടെ സംവിധായകൻ വിപിൻ ദാസും അടുത്ത സുഹൃത്തുക്കളാണ്. വലിയ പരിപാടിയാണ് വിപിൻ ചെയ്യാൻ പോകുന്നതെന്ന് നിതീഷ് പറഞ്ഞ് അറിയാം. അപ്പോഴൊന്നും അത് എനിക്കു ചെയ്യേണ്ടി വരുമെന്നൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. വേറൊരു പ്രൊഡക്ഷൻ ഡിസൈനറായിരുന്നു ആദ്യം ഈ ചിത്രത്തിന് തീരുമാനിച്ചിരുന്നത്. പിന്നെയാണ് എന്നിലേക്ക് ഈ പ്രൊജക്ട് എത്തിയത്. 

guruvayoorambala-nadayil-set
ഗുരുവായൂരമ്പലനടയിൽ സിനിമയുടെ സെറ്റ്

ഫാലിമിയുടെ ഷൂട്ടിന് ഇടയിൽ ഞാനൊന്നു വീട്ടിലേക്കു പോകുന്ന സമയത്താണ് ഗുരുവായൂരമ്പലനടയുടെ പ്രൊഡക്ഷൻ ടീമിൽ നിന്നു വിളി വരുന്നത്. അതൊരു വിഷുക്കാലമായിരുന്നു. തിരുവനന്തപുരത്ത് ഫാലിമിയുടെ ഷൂട്ട് നടക്കുന്നുണ്ട്. വിഷു ആയതിനാൽ വീട്ടിലൊന്നു പോയി വരാമെന്നു കരുതി കണ്ണൂരിലേക്ക് ട്രെയിൻ കയറിയതായിരുന്നു. ഷൊർണൂർ എത്തിയപ്പോഴാണ് വിളി വന്നത്. ഉടനെ അവിടെ ഇറങ്ങി. കുന്ദംകുളത്തേക്ക് ബസ് പിടിച്ചു. അപ്പോഴേക്കും സംവിധായകൻ വിപിൻ ദാസ് വണ്ടിയുമായെത്തി. കാറിലിരുന്നാണ് സിനിമയുടെ കഥ കേൾക്കുന്നത്. അന്നു തന്നെ ഒന്നു രണ്ടു ലൊക്കേഷനുകളും പോയി കണ്ടുറപ്പിച്ചു. 

guruvayoorambala-nadayil-set-2
ഗുരുവായൂരമ്പലനടയിൽ സിനിമയുടെ സെറ്റ്

ആദ്യം മിനിയേച്ചർ

സിനിമയുടെ ആദ്യത്തെ ഷെഡ്യൂൾ ഗുരുവായൂർ‍ തന്നെയായിരുന്നു. ബേസിലിന്റെ വീടും അനശ്വരയുടെ വീടുമെല്ലാം ഗുരുവായൂരിന് അടുത്തുള്ള സ്ഥലങ്ങളിലായിരുന്നു. അവിടെ ഷൂട്ട് നടക്കുമ്പോൾ ഞാൻ എല്ലാ ദിവസവും ഗുരുവായൂർ അമ്പലത്തിൽ പോകും. ആ പരിസരങ്ങളിലൊക്കെ കറങ്ങി നടക്കും. അതെല്ലാം നോക്കി പഠിക്കുകയും ഫോട്ടോകളെടുക്കുകയും അടിസ്ഥാന വിവരങ്ങൾ ശേഖരിക്കലുമായിരുന്നു എന്റെ പണി. തലയിൽ മുഴുവൻ ഇതു തന്നെയായിരുന്നു. സെറ്റ് വർക്കിനു വേണ്ടി അമ്പലത്തിന്റെ മിനിയേച്ചർ ആദ്യമുണ്ടാക്കി. അതു വച്ചാണ് പ്ലാനിങ് തുടങ്ങിയത്. 

guruvayoorambala-nadayil-set3
ഗുരുവായൂരമ്പലനടയിൽ സിനിമയുടെ സെറ്റ്

ചെലവ് പ്രതീക്ഷിച്ചത് നാലരക്കോടി

ചെലവ് ആലോചിച്ചപ്പോൾ ഏതെങ്കിലും ഫ്ലോറിൽ ചെയ്താൽ പോരെ എന്നൊക്കെ ആലോചനയുണ്ടായി. കാരണം, എസ്റ്റിമേറ്റ് തുക ഏകദേശം നാലരക്കോടി വന്നിരുന്നു. ഞാനെന്താ ഒറിജിനൽ അമ്പലമാണോ ഉണ്ടാക്കാൻ പോകുന്നേ എന്നൊക്കെ ചോദ്യം വന്നു. കുറയ്ക്കാൻ പറ്റില്ലേ എന്ന് സുപ്രിയ മാഡം ചോദിച്ചു. അമ്പലം റിക്രിയേറ്റ് ചെയ്യുമ്പോൾ ഉഡായിപ്പ് കാണിക്കാൻ പറ്റില്ല. കാരണം, മലയാളികൾക്ക് അത്രയും പരിചിതമായ ഇടമാണ് ഗുരുവായൂർ അമ്പലനട. പൂജ നടന്നത് അവിടെ വച്ചായിരുന്നു. എന്നോട് സെറ്റിന്റെ തുക കൂടുതലല്ലേ എന്നു ചോദിച്ചപ്പോൾ, ഞാൻ പറഞ്ഞു, പൂജയുടെ അന്ന് എല്ലാവരും ആ സ്ഥലം കണ്ടതല്ലേ. അത്രയും സ്ഥലം പുനഃസൃഷ്ടിക്കണമല്ലോ. അങ്ങനെ അവസാനം അനുമതി കിട്ടി. കളമശേരി ഏലൂർ ഉദ്യോഗമണ്ഡലിലെ ഫാക്ടിലാണ് ഗുരുവായൂരമ്പലം സെറ്റിട്ടത്. ക്ഷേത്രത്തിന്റെ നീളവും വീതിയും ഉയരവും എടുപ്പുമെല്ലാം കൃത്യമായി കണക്കാക്കിയാണ് പണി തുടങ്ങിയത്. 60 ദിവസമാണ് സെറ്റിന്റെ പണികൾക്കായി ചോദിച്ചത്. പക്ഷേ, 45 ദിവസമാണ് എനിക്കു യഥാർഥത്തിൽ ലഭിച്ചത്. പൃഥ്വിരാജിന്റെ ഡേറ്റ് കിട്ടിയപ്പോൾ ഡിസംബറിൽ തന്നെ ഷൂട്ട് തുടങ്ങണമെന്നു പറഞ്ഞു. ആ സമയത്ത് കളമശേരിയിലെ സ്ഥലം ഓകെ ആയിട്ടില്ല. ഷൂട്ടിന്റെ ഡേറ്റ് തീരുമാനിച്ചതിനു ശേഷമാണ് സെറ്റിടാനുള്ള സ്ഥലമെല്ലാം കണ്ടെത്തുന്നത്. 

guruvayoorambala-nadayil-set4
ഗുരുവായൂരമ്പലനടയിൽ സിനിമയുടെ സെറ്റ്

അമ്പലത്തിന്റെ 360 ഡിഗ്രി കാഴ്ച

ചെന്നൈയിലുള്ള കാർപ്പെന്റേഴ്സ് ആയിരുന്നു എനിക്കൊപ്പം ഉണ്ടായിരുന്നത്. അവരെ ആദ്യം ഞാൻ ഗുരുവായൂർ കൊണ്ടു പോയി അമ്പലവും അതിനു ചുറ്റുമുള്ള സ്ഥലവുമെല്ലാം കാണിച്ചു. ഇതാണ് നമുക്ക് ചെയ്യേണ്ടതെന്നു പറഞ്ഞു കൊടുത്തു. അവരുടേതായ രീതിയിൽ ചിലതു സെറ്റിൽ ചെയ്യുമ്പോൾ ഞാൻ തിരുത്തും. അമ്പലത്തിനു മുൻപിലുള്ള ആ വലിയ വിളക്ക് ശരിക്കും ടാസ്ക് ആയിരുന്നു. അതിന്റെ ഡമ്മി ഫൈബറിൽ ഉണ്ടാക്കിയെടുത്തു. അമ്പലനട 360 ഡിഗ്രിയിൽ കാണിക്കുന്നുണ്ട് സിനിമയിൽ. അതിനാൽ അമ്പലവും പരിസരവും മേൽപ്പത്തൂർ ഓഡിറ്റോറിയവുമെല്ലാം പൂർണമായും ചെയ്തെടുക്കേണ്ടി വന്നു. സിനിമയിൽ 360 ഡിഗ്രിയിൽ കറങ്ങി കാണിക്കുന്നത് സെറ്റ് തന്നെയാണ്. അത്രയും സ്ഥലത്ത് ലൈറ്റപ്പ് ചെയ്താണ് ഷൂട്ട് ചെയ്തത്. 22 ദിവസം ഷൂട്ട് ചെയ്തു. 

guruvayoorambala-nadayil-set5
ഗുരുവായൂരമ്പലനടയിൽ സിനിമയുടെ സെറ്റ്

ഒറിജനൽ പോലെ തൊഴുതു

ഗുരുവായൂർ അമ്പലത്തിൽ പൂജ ചെയ്യുന്ന പൂജാരി തന്നെയാണ് സിനിമയിലും വിവാഹത്തിന് കാർമികനായി അഭിനയിച്ചത്. അദ്ദേഹം എന്നോടു പറഞ്ഞത്, അദ്ദേഹത്തിന് സിനിമയിൽ അഭിനയിക്കുന്നതായി തോന്നിയതേ ഇല്ല എന്നാണ്. ഗുരുവായൂർ അമ്പലത്തിൽ നിൽക്കുന്ന അതേ ഫീലാണ് സെറ്റിലും എന്ന് അദ്ദേഹം പറഞ്ഞു. പല ആളുകളും ഇതേ കാര്യം പറഞ്ഞു. രാവിലെ തൊഴുതിട്ടൊക്കെയാണ് പലരും സെറ്റിലെ പണികളിലേക്ക് കടക്കുന്നതു തന്നെ. നടയ്ക്കു മുൻപിൽ ചെരിപ്പൂരിയിട്ട് തൊഴുന്നവർ സെറ്റിലെ സ്ഥിരം കാഴ്ചയായിരുന്നു. നമ്മൾ വാതിൽ മാത്രമെ ചെയ്തിട്ടുള്ളൂ. എന്നാലും അവർക്ക് അതൊരു അമ്പലം ഫീൽ തന്നെയായിരുന്നു.

മിനുക്കുപണികൾക്ക് കിട്ടിയ 5 ദിവസം 

പരിമിതമായ സമയമാണ് സെറ്റിന്റെ പണികൾക്ക് കിട്ടിയത്. ഷൂട്ട്‌ തുടങ്ങാൻ രണ്ടു ദിവസം ബാക്കിയുള്ളപ്പോഴും ചെയ്തു തീർക്കാനുള്ള പണികൾ ബാക്കിയാണ്. പ്രൊഡക്ഷനിൽ നിന്നു ചോദിക്കും, അടുത്ത ദിവസം ഷൂട്ട്‌ തുടങ്ങാൻ പറ്റില്ലേ എന്ന്. കട്ട ആത്മവിശ്വാസത്തോടെ ഞാൻ അവരോടു കഴിയുമെന്ന് പറയും. പക്ഷേ, എങ്ങനെ തീർക്കുമെന്ന ടെൻഷൻ ഉള്ളിലുണ്ട്. അങ്ങനെ വെപ്രാളപ്പെട്ടു പണികൾ തീർക്കുന്നതിന് ഇടയിലാണ് പ്രൊഡക്‌ഷൻ ടീം പറയുന്നത്, പൃഥ്വിരാജ് വരാൻ അഞ്ചു ദിവസം കൂടി എടുക്കുമെന്ന്! അതു വലിയ ആശ്വാസമായി.  എന്തായാലും ഷൂട്ട്‌ തുടങ്ങുന്നതിനു മുൻപ് പണികൾ ഒക്കെ ഒരു വിധം തീർത്തു.

പോസ്റ്റർ
പോസ്റ്റർ

അടുത്ത ആഴ്ച മന്ദാകിനി

റിലീസിന് ഒരുങ്ങുന്ന ചിത്രം വിനോദ് ലീല സംവിധാനം ചെയ്യുന്ന ‘മന്ദാകിനി’ ആണ്. അതും വിവാഹവുമായി ബന്ധപ്പെട്ട ചിത്രമാണ്. പക്ഷേ, ഗുരുവായൂരമ്പലനടയിൽ നിന്ന് വ്യത്യസ്തമായ പ്രമേയം ആണ്. വമ്പൻ സെറ്റ് ഒന്നും അതിനു വേണ്ടി വന്നില്ല. ഒരു വീട്ടിൽ ആയിരുന്നു ചിത്രീകരണം കൂടുതലും. ‘മന്ദാകിനി’യും ഒരു ഫൺ സിനിമയാണ്. മേയ് 24ന് ചിത്രം പ്രദർശനത്തിന് എത്തും. ‘ഉപചാരപൂർവം ഗുണ്ട ജയൻ’ സംവിധാനം ചെയ്ത അരുൺ വൈഗയുടെ ചിത്രത്തിലാണ് ഇപ്പോഴുള്ളത്.

English Summary:

Chat with art director Sunil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com