ADVERTISEMENT

"സിനിമയിൽ ഒരു ചൊല്ലുണ്ട്; ശരിയാകുമ്പോൾ എല്ലാം ശരിയാകും. ശരിയായ പടത്തിന്റെ എല്ലാ ചെറിയ കാര്യങ്ങൾ വരെ പ്രേക്ഷകർ എടുത്തു പറയും,"– തലവനിൽ അങ്ങനെ ഒരു അനുഭവം ഉണ്ടായിതിന്റെ സന്തോഷം പങ്കുവച്ചു കൊണ്ട് സംവിധായകൻ ജിസ് ജോയ് പറഞ്ഞ വാക്കുകളാണിത്. സിനിമയിലെ ഒരു സീനിന്റെ പശ്ചാത്തലത്തിൽ വന്ന ഈയലിന്റെ ശബ്ദം പോലും പ്രേക്ഷകർ ശ്രദ്ധിച്ചു. അത്രയും സൂക്ഷ്മമായി സിനിമ കാണുന്നവരുടെ മുൻപിലേക്കാണ് ഒരു ത്രില്ലർ സിനിമയുമായി വരുന്നതെന്ന ബോധ്യമുണ്ടെന്ന് ജിസ് ജോയ് പറയുന്നു. ഫീൽ ഗുഡ് സിനിമകളിൽ നിന്ന് ട്രാക്ക് മാറ്റി പിടിച്ച ജിസിനെ എന്തായാലും പ്രേക്ഷകർ കൈവിട്ടില്ല. തലവനു ലഭിക്കുന്ന പ്രതികരണങ്ങൾ അതിനു അടിവരയിടുന്നതാണ്. തലവന് രണ്ടാം ഭാഗം ഉണ്ടാകുമോ? ട്രെയിലറിലെ ഡയലോഗ് ഒഴിവാക്കിയത് എന്തിന്? പ്രേക്ഷകരുടെ സംശയങ്ങൾക്കുള്ള ഉത്തരമാകുമോ അടുത്ത സിനിമ? മറുപടികളുമായി ജിസ് ജോയ് മനോരമ ഓൺലൈനിൽ.   

ട്രാക്ക് മാറ്റേണ്ട സമയമായി

ബൈസിക്കിൾ തീവ്സ് എന്ന എന്റെ ആദ്യത്തെ സിനിമ ധാരാളം ട്വിസ്റ്റുകൾ നിറഞ്ഞ സിനിമയായിരുന്നു. അത്തരം സിനിമകളോട് എനിക്ക് വലിയ ഇഷ്ടമാണ്. പ്രേക്ഷകർ ആലോചിക്കാത്ത രീതിയിൽ കഥകൾ പോകുമ്പോഴുള്ള ഒരു മാജിക് ഉണ്ടല്ലോ. അത്തരം സിനിമകൾ കാണാനും ആസ്വദിക്കാനും ഇഷ്ടമുള്ളതുകൊണ്ടു തന്നെ അവ ചെയ്യാനും എനിക്ക് ഇഷ്ടമാണ്. 'ഫീൽ ഗുഡ്' എന്ന കംഫർട്ട് സോണിലായിരുന്നു ഞാൻ പോയിക്കൊണ്ടിരുന്നത്. ആ കംഫർട്ട് സോൺ പൊളിക്കണമെന്ന് ഒരു പോയിന്റ് എത്തിയപ്പോൾ എനിക്കു തന്നെ തോന്നി. അങ്ങനെ സംഭവിച്ച സിനിമയാണ് തലവൻ. 

വിജയ് സൂപ്പറും പൗർണമിയും നിർമിച്ച തൃശൂർ രാഗം തിയറ്ററിന്റെ ഉടമ സുനിലേട്ടനാണ് തലവന്റെ തിരക്കഥാകൃത്തുക്കളായ ശരത്തിനെയും ആനന്ദിനെയും എന്റെ അടുത്തേക്ക് അയയ്ക്കുന്നത്. അവർ വന്ന് ഈ കഥ പറഞ്ഞപ്പോൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരു സെക്കൻഡ് പോലും പ്രേക്ഷകരെ റിലാക്സ് ചെയ്യാൻ സമ്മതിക്കാത്ത തിരക്കഥ. അതു തന്നെയായിരുന്നു ഈ സിനിമ ചെയ്യാനുള്ള എന്റെ ആവേശവും.

അങ്ങനെ ചില നിർബന്ധങ്ങളുണ്ട്

തിരക്കഥ ശരത്തിന്റെയും ആനന്ദിന്റെയും ആണെങ്കിലും സംഭാഷണങ്ങൾ ഞാൻ തന്നെയാണ് എഴുതിയത്. ഇതുവരെയുള്ള എന്റെ സിനിമകളിൽ തിരക്കഥയും സംഭാഷണവും ഞാൻ തന്നെയായിരുന്നു. തലവനിലാണ് ഒരു വ്യത്യാസമുള്ളത്. സംഭാഷണങ്ങൾ ഞാൻ തന്നെ എഴുതണമെന്നുള്ളത് എന്റെ നിർബന്ധമാണ്. ഞാനെപ്പോഴും സിനിമയിൽ ലാസ്റ്റ് മിനിറ്റ് മാജിക് സംഭവിക്കുമെന്ന് വിശ്വസിക്കുന്ന ആളാണ്. ഷൂട്ടിലും റിലീസിലും എല്ലാം എനിക്ക് അങ്ങനെയൊരു വിശ്വാസമുണ്ട്. സീൻ എടുക്കുന്നതിന് തൊട്ടു മുൻപ് വരെ എന്തു മാറ്റവും സംഭവിക്കാം. അതുകൊണ്ട്, മിക്കവാറും സെറ്റിൽ കാരവനിൽ ഇരുന്നാണ് ഞാൻ സംഭാഷണങ്ങൾ എഴുതാറുള്ളത്. എഴുതിക്കഴിഞ്ഞ് ചൂടാറാതെ പോയി ഷൂട്ട് ചെയ്യും. സംഭാഷണങ്ങൾ മനസിലുണ്ടാകും. എന്റെ തിരക്കഥയിൽ ഇടതു വശത്ത് അധികം ഒന്നും ഉണ്ടാവില്ല. സീനിനെ കുറിച്ചുള്ള വിവരം വളരെ കുറവായിരിക്കും. അതെല്ലാം എന്റെ മനസിലുണ്ടാകും. ആരാണ് അഭിനയിക്കുന്നത്, എന്താണ് അവർ സംസാരിക്കുന്നത്, പ്രത്യേകമായി എന്തെങ്കിലും പ്രോപ്പർട്ടി വേണമെങ്കിൽ അക്കാര്യം– ഇത്രമാത്രമെ തിരക്കഥയിൽ ഉണ്ടാവൂ. 

ആ ഡയലോഗ് എവിടെപ്പോയി?

ട്രെയിലറിലെ ഒരു ഡയലോഗ് സിനിമയിൽ ഇല്ലെന്ന കമന്റ് ഞാനും ശ്രദ്ധിച്ചു. ആ ഡയലോഗ് ഉള്ള സീൻ സിനിമയിൽ ഉൾപ്പെടുത്തണമെങ്കിൽ അതിനു മുൻപുള്ള രംഗവും അതു കഴിഞ്ഞു വരുന്നതും ചേർക്കേണ്ടി വരും. അതു മൊത്തത്തിൽ 12 മിനിറ്റ് ഉണ്ട്. ഷൂട്ട് ചെയ്ത സംഗതി എടുത്തു മാറ്റുന്നത് വളരെ വിഷമമാണ്. പക്ഷേ, ഒരു സീൻ മതി കല്ലുകടിക്കാൻ! പ്രേക്ഷകർ ലാഗടിച്ചെന്നു പറയും. പ്രത്യേകിച്ച് ഒരു ത്രില്ലർ സിനിമ ആകുമ്പോൾ! ഈ സീൻ 'ഒഴിവാക്കപ്പെട്ട രംഗം' എന്ന ലേബലിൽ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അതിനു കാരണമുണ്ട്. 

തലവൻ 2 എന്ന്് എഴുതിക്കാണിച്ചായിരുന്നു ആദ്യം സിനിമ അവസാനിപ്പിച്ചത്. ഓവർസീസ് സെൻസറിങ്ങിനു പോയതൊക്കെ ആ വേർഷനാണ്. പിന്നെ ആലോചിച്ചപ്പോൾ തോന്നി, രണ്ടാം ഭാഗം എന്നു പറയുന്നത് ക്ലിഷെ ആയിത്തുടങ്ങിയെന്ന്. ഇപ്പോൾ ഇറങ്ങുന്ന മിക്ക സിനിമകളിലും ഇതു പതിവായി. ഈ സിനിമയ്ക്ക് തുടർച്ചയുണ്ടാകുമോ എന്ന് പ്രേക്ഷകർക്കു തോന്നട്ടെ എന്ന ചിന്ത വന്നപ്പോൾ 'തലവൻ 2' എന്നെഴുതിക്കാണിക്കുന്നത് വേണ്ടെന്നു വച്ചു. എഴുതിക്കാണിച്ചു തോന്നിപ്പിക്കാൻ ക്രാഫ്റ്റിന്റെ ആവശ്യം ഇല്ലല്ലോ. അത് വർക്കൗട്ട് ആയി. പ്രേക്ഷകർ രണ്ടാം ഭാഗത്തെ കുറിച്ചു ചോദിച്ചു. അതിന്റെ ഐഡിയ ഉണ്ട്. ഇനി എഴുതണം. ഇതിന്റെ തുടർച്ചയായി സംഭവിക്കുന്ന സിനിമയിൽ തലവനിലെ ഒഴിവാക്കപ്പെട്ട രംഗം ആവശ്യമുണ്ട്. പ്രേക്ഷകരുടെ മനസിലുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം തീർച്ചയായും അതിലുണ്ടാകും. സത്യത്തിൽ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കുള്ള സൂചനകൾ സിനിമയിൽ തന്നെയുണ്ട്. 

'ബിജു ചേട്ടന്റെ കൊച്ചെറുക്കൻ'

ബിജു ചേട്ടൻ പടത്തിൽ ജോയിൻ ചെയ്ത് നാലു ദിവസങ്ങൾക്കു ശേഷമാണ് ആസിഫ് സെറ്റിലേക്കു വരുന്നത്. ആസിഫ് ലെവൽ ക്രോസിന്റെ ഷൂട്ടിനായി ടുണീഷ്യയിലായിരുന്നു. ആദ്യത്തെ മൂന്നു ദിവസം ആസിഫിന് ഭയങ്കര പ്രശ്നമായിരുന്നു. വെറുതെ ആവശ്യമില്ലാത്ത പേടിയായിരുന്നു. ഡയലോഗ് ആവർത്തിച്ചു പഠിക്കുന്നു. ഡയലോഗ് മാറ്റിയാൽ വലിയ കുഴപ്പമാകും. എല്ലാ ഡയലോഗുകളും കൃത്യമായി പഠിച്ചിട്ടെ സെറ്റിൽ എത്തൂ. ഡയലോഗ് തെറ്റരുത് എന്ന കാര്യത്തിൽ ആസിഫിനെന്തോ അഭിമാനപ്രശനം ഉള്ളതുപോലെയായിരുന്നു. സിനിമ റിലീസായപ്പോൾ ബിജു ചേട്ടനൊപ്പം ആസിഫിനും നല്ല കമന്റുകൾ ലഭിക്കുന്നുണ്ട്. പ്രേക്ഷകരുടെ മനസിലെ സ്ഥിരം ടെംപലേറ്റിലുള്ള ആസിഫ് അല്ല സിനിമയിൽ. 

ആസിഫും ബിജു ചേട്ടനും തമ്മിലുള്ള ആദ്യ വാഗ്വാദത്തിന്റെ സീൻ എടുത്തപ്പോഴാണ് അവരുടെ കോംബോയുടെ കിക്ക് എനിക്ക് കിട്ടിയത്. അവർ നല്ല സുഹൃത്തുക്കളാണ്. ഇവരെപ്പോലുള്ള ടീമിനെ ഞാൻ സിനിമയിൽ കണ്ടിട്ടില്ല. 'എടാ കൊച്ചെറുക്കാ' എന്നാണ് ബിജു ചേട്ടൻ ആസിഫിനെ വിളിക്കുക. 'മേൻനെ' എന്നാണ് ആസിഫിന്റെ വിളി. സ്നേഹം മാത്രമുള്ള ഒരു ബന്ധം. എല്ലാ സീനുകളും ചെയ്യുന്നതിനു മുൻപ് അവർ ഒരുമിച്ചിരുന്ന് ഡയലോഗ് പറഞ്ഞു നോക്കും. 

ആസിഫ് ചോദിച്ചു, മഴ വേണോ?

ക്ലൈമാക്സ് സീക്വൻസിനു തുടങ്ങുന്നതിനു മുൻപൊരു സീനിൽ മഴ കാണിക്കുന്നുണ്ട്. അതു ഷൂട്ട് ചെയ്യുന്നത് വെളുപ്പിന് മൂന്നു മണിക്കാണ്. അന്ന് ആ ദിവസത്തെ ഷൂട്ട് തീർത്തെ മതിയാകൂ. ബിജു ചേട്ടനും ആസിഫും എന്നോടു മാറി മാറി ചോദിച്ചു, ഇനി നാളെ ഷൂട്ട് ചെയ്താൽ പോരെ എന്ന്. പക്ഷേ, എനിക്ക് പറ്റില്ലായിരുന്നു. കാരണം, ഞാൻ ഷൂട്ട് ചെയ്യുന്നത് കണ്ണൂരാണ്. റെയിൻ യൂണിറ്റ് വരുന്നത് കൊച്ചിയിൽ നിന്നാണ്. ആ യൂണിറ്റ് രാവിലെ മുതൽ കാത്തു കെട്ടി നിൽക്കുകയാണ്. അവരെ അടുത്ത ദിവസം കൂടി ഹോൾഡ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ വയ്യ. എന്റെ സഹസംവിധായകർ എന്നോടു വന്നു ചോദിച്ചു, ഇതേ സീൻ മഴയില്ലാതെ ഷൂട്ട് ചെയ്തൂടെ എന്ന്! കാരണം, രണ്ടു മണിക്കൂർ കൊണ്ടു തീർക്കാൻ പറ്റുന്ന ഷൂട്ട്, മഴ കൂടി സെറ്റ് ചെയ്യുമ്പോൾ ഇരട്ടി സമയമെടുക്കും പൂർത്തിയാക്കാൻ! പക്ഷേ, അവിടെ മഴ വേണമെന്നുള്ളത് എന്റെ പിടിവാശിയായിരുന്നു. ക്ലൈമാക്സിന് ആമുഖമായി ഒരു മഴ വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അതിനെക്കുറിച്ചും ആ സീനിന് മുൻപുള്ള ഈയലിന്റെ ശബ്ദവും വരെ ആളുകൾ എടുത്തു പറയുന്നതു കേൾക്കുമ്പോൾ സന്തോഷമുണ്ട്. 

അന്ന് ബാലചന്ദ്രമേനോൻ പറഞ്ഞത്

വിജയ് സൂപ്പറും പൗർണമിയും റിലീസായ സമയത്ത് എന്നെ ബാലചന്ദ്രമേനോൻ വിളിച്ചു. അദ്ദേഹത്തിന്റെ കോൾ കണ്ടപ്പോൾ എനിക്ക് വലിയ അദ്ഭുതമായി. വിജയ് സൂപ്പറും പൗർണമിയും കണ്ട് ഇഷ്ടപ്പെട്ടതിന്റെ സന്തോഷം പങ്കുവയ്ക്കാൻ വിളിച്ചതായിരുന്നു അദ്ദേഹം. ഞങ്ങൾ കുറെ സംസാരിച്ചു. അദ്ദേഹം ആ സംഭാഷണം പറഞ്ഞ് അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു. "നിർമാതാവിന്റെ കയ്യിൽ പണമുണ്ടെങ്കിൽ ഇന്ത്യ കണ്ടിട്ടില്ലാത്ത ഏറ്റവും മികച്ച കൊറിയോഗ്രഫിയുള്ള സിനിമ നിങ്ങൾക്കു ചെയ്യാം. ഏറ്റവും മികച്ച ഫൈറ്റ് ചെയ്യാം. ലോകത്താരും പോകാത്ത രാജ്യങ്ങളിൽ പോയി പാട്ടു സീനുകൾ ചിത്രീകരിക്കാം. പണം കൊണ്ടു ചെയ്യാൻ പറ്റാത്തതാണ് ബാലചന്ദ്ര മേനോനും സത്യൻ അന്തിക്കാടുമൊക്കെ ഇവിടെ ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ, ഒരുപാടു സത്യൻ അന്തിക്കാടുമാരില്ല. ഒരുപാടു ബാലചന്ദ്രമേനോൻമാരും ഇല്ല. പുറമെ നിന്നു കാണുമ്പോൾ അതു സിംപിളായി തോന്നുമെങ്കിലും അതു ഭയങ്കര ബുദ്ധിമുട്ടാണ്. അങ്ങനെ ഹൃദയത്തോടു സംസാരിക്കുന്ന ഫീൽ ജിസിന്റെ സിനിമകളിൽ തോന്നി. അതൊരിക്കലും കളയരുത്. നിങ്ങൾ ഏതു ഫോർമാറ്റിൽ സിനിമയെടുത്താലും ആ ആത്മാവ് നിങ്ങൾ കളയരുത്." അദ്ദേഹം പറഞ്ഞ വാക്കുകൾ ഓരോ സിനിമ എടുക്കുമ്പോഴും ഓരോ സീൻ എടുക്കുമ്പോഴും ഞാൻ ഓർക്കാറുണ്ട്.

ആർടിസ്റ്റുകളെ തിരഞ്ഞെടുക്കുന്നത്

എന്റെ സിനിമയ്ക്ക് ഇതുവരെ ഓഡിഷൻ വച്ചിട്ടില്ല. ക്യാംപും നടത്തിയിട്ടില്ല. ഒരാൾക്ക് നന്നായി ചിരിക്കാൻ പറ്റുന്നുണ്ടോ എന്നേ ഞാൻ നോക്കാറുള്ളൂ. നന്നായി ചിരിക്കാൻ പറ്റുന്ന ഒരാൾക്ക് എല്ലാ ഇമോഷനുകളും മുഖത്ത് വരുത്താൻ പറ്റുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ചില ആളുകൾക്ക് എത്ര ശ്രമിച്ചാലും ചിരി വരില്ല. അവർക്ക് എത്ര ആത്മവിശ്വാസം കൊടുത്താലും വർക്കൗട്ട് ആകില്ല. 

കാണികളെ ചെറുതാക്കി കാണരുത്

പലരും പറയാറുണ്ട്, കലാസൃഷ്ടികൾ ആളുകളെ സ്വാധീനിക്കില്ല എന്ന്. പക്ഷേ, ഞാൻ അതിനു തികച്ചും എതിരാണ്. ഇവിടെ അൽഷിമേഴ്സ് എന്ന രോഗത്തെക്കുറിച്ച് ഏതു കൊൊച്ചു കുട്ടിയോടു പോലും ചോദിച്ചാൽ അറിയുന്നതിനു കാരണം തന്മാത്ര എന്ന സിനിമയാണ്. കെ.ജി ജോർജ് സാറിന്റെ സ്വപ്നാടനം എന്ന സിനിമയിൽ ഒരു കഥാപാത്രം നാർകോ അനാലിസിസിനെക്കുറിച്ചു പറയുന്നുണ്ട്. മലയാളികൾക്ക് ആ വാക്ക് പരിചിതമാകുന്നത് ഈയടുത്താണ്. സിനിമയ്ക്ക് പല തരത്തിൽ ആളുകളിലേക്ക് ചില വിവരങ്ങൾ എത്തിക്കാനും സ്വാധീനിക്കാനും കഴിയും. ഞാൻ സിനിമയെന്ന മാധ്യമത്തിൽ വല്ലാതെ വിശ്വസിക്കുന്ന വ്യക്തിയാണ്. ഏറ്റവും കരുത്തുള്ള മാധ്യമമാണ് സിനിമയെന്നാണ് എന്റെ വിശ്വാസം. അതിനെ സൂക്ഷ്മമായും ശരിയായും വിനിയോഗിക്കുക എന്നതാണ് ഞാൻ ശ്രദ്ധിക്കാറുള്ളത്. ഒരിക്കലും പ്രേക്ഷകരെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യാൻ പറ്റില്ല. നമ്മളെക്കാൾ കരുത്തരും ഏറ്റവും പുതിയ ചിന്താഗതികളുള്ളവരും അവരാണ്. നമ്മളേക്കാൾ അപ്ഡേറ്റഡ് ആണ് അവർ. പ്രത്യേകിച്ചും കോവിഡ് കാലത്തിനു ശേഷം. സിനിമകളുടെ ആസ്വാദനം മാറി. ഇനി അങ്ങോട്ട് അതിവിശിഷ്ടമല്ലാത്ത ഒരു സബ്ജക്ടിനും ഇനി നിലനിൽപ്പില്ല. 

ക്ലീഷെ ഫോർമാറ്റ് പ്രേക്ഷകർ തള്ളും

എനിക്ക് 43 വയസായി. എന്നെ മുപ്പതാമത്തെ വയസിൽ ചൊടിപ്പിച്ച യാതൊന്നും ഇപ്പോൾ എന്നെ ചൊടിപ്പിക്കുന്നില്ല. 35–ാമത്തെ വയസിൽ എന്നെ ദേഷ്യം പിടിപ്പിച്ച ഒരു കാര്യവും ഇപ്പോൾ എന്നെ ദേഷ്യം പിടിപ്പിക്കുന്നില്ല. അന്നത്തെ എന്റെ രുചി മാറി. ആ പക്വത എന്റെ ജോലിയും പ്രതിഫലിക്കുന്നുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. അത് ഏതു ജോലി ചെയ്യുന്ന ആളുകളിലും ഉണ്ടാകും. ഇപ്പോഴും എന്റെ സിനിമയുടെ ക്രെഡിറ്റിൽ ദൈവത്തിന് നന്ദി എന്നെഴുതിക്കാണിച്ചതിനു ശേഷം രണ്ടു ക്രെഡിറ്റുകൾ വരും. അതിലൊന്ന് എന്റെ ഗുരു ബോബി ജോസ് കട്ടിക്കാടിന്റെതും മറ്റേത് സിദ്ദീഖ് ലാലിന്റേതുമാണ്. കാരണം, അവരുടെ സിനിമകൾ കണ്ടിട്ടാണ് എനിക്ക് ഈ മാധ്യമത്തോടു ഭ്രമം തോന്നിത്തുടങ്ങിയത്. ഒരിക്കലും ആരും വിശ്വസിക്കാത്ത ഒരു കാര്യം അവർ പ്രേക്ഷകരെ വിശ്വസിപ്പിക്കും. അതാണ് അവരുടെ മാജിക്. സിനിമ പഠിക്കാൻ തുടങ്ങിയപ്പോൾ മറ്റൊരു അനുഭവ ലോകം തുറന്നു. ഏതു കണ്ടന്റും കൊടുക്കാൻ പറ്റുന്ന സമയമാണിത്. ക്ലീഷെ ഫോർമാറ്റ് പിടിക്കാതിരുന്നാൽ മതി.

English Summary:

? Why was the dialogue omitted from the trailer? Will the next film be the answer to the doubts of the audience? Jis Joy Manorama online with answers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com