ADVERTISEMENT

ബിരിയാണി എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണു കനി കുസൃതി. കാനിലെ നേട്ടത്തിന്റെ പശ്ചാത്തലത്തിൽ കനി  സംസാരിക്കുന്നു.

കാൻ ചലച്ചിത്രമേളയിലെ കനി

ഓൾ വി ഇമാജിൻ ആസ് ലൈറ്റ് (All We Imagine as Light) എന്ന ചിത്രത്തിന്റെ ഭാഗമായി കാൻ ചലച്ചിത്ര മേളയിൽ പങ്കെടുത്തതു മികച്ച അനുഭവമായിരുന്നു. പായൽ കപാഡിയ സംവിധാനം ചെയ്ത ഈ ചിത്രം കാനിൽ പുരസ്കാരം കരസ്ഥമാക്കിയത് ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കുമായുള്ള അംഗീകാരമായാണ് അനുഭവപ്പെട്ടത്. ചലച്ചിത്ര മേള ഏറെ ആസ്വദിച്ചു,  എന്നാൽ പ്രൊട്ടോക്കോളുകളിലും മറ്റു തിരക്കുകളിലുംപെട്ട്  അവിടെ പ്രദർശിപ്പിച്ച പല സിനിമകളും കാണാനായില്ലല്ലോ എന്ന വിഷമം തോന്നി.

മേളയിൽ സംവിധായകർക്കു ലഭിക്കുന്ന പ്രാധാന്യം വളരെ വലുതാണ്. യഥാർഥത്തിൽ അവരാണു സിനിമകളുടെ നെടുന്തൂൺ. ഒരുപാട് സ്ത്രീകൾ ഈ സിനിമയ്ക്കു പിന്നികിൽ പ്രവർത്തിച്ചിട്ടുണ്ട്. പല ഇടങ്ങളിൽ നിന്നും മുംബൈയിൽ ജോലിക്കു വേണ്ടി എത്തിയ ആളുകളുടെ കഥയാണു ചിത്രം പങ്കുവയ്ക്കുന്നത്. 

പലസ്തീന് ഐക്യദാർഢ്യം

മേളയിൽ പലസ്തീന് ഐക്യദാർഢ്യമേകുന്ന തരത്തിലുള്ള വസ്ത്രധാരണവുമായെത്തിയതു ചർച്ചയായ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പലസ്തീന്റെ ഭൂപടം എംബ്രോയ്ഡറി ചെയ്ത വസ്ത്രത്തെ പറ്റിയായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. പിന്നീട് തണ്ണിമത്തൻ ബാഗ് ഉണ്ടാക്കി എടുക്കുകയായിരുന്നു.

(**പലസ്തീന് ഐക്യദാർഡ്യം പ്രകടിപ്പിക്കാൻ ലോകമെമ്പാടും തണ്ണീർമത്തൻ ഒരു പ്രതീകമായി ഉപയോഗിക്കുന്നുണ്ട്. പലസ്തീൻ പതാകയുമായുള്ള സാമ്യമാണ് ഇതിനൊരു കാരണം )

സിനിമയിലെ സ്ത്രീകൾ 

മലയാള സിനിമയിലെ സ്ത്രീപ്രാതിനിധ്യം കുറയുന്നുവോ എന്നതിനെ പറ്റി  ചില സിനിമകളെ  പ്രത്യേകം എടുത്തു പരാമർശിക്കാനൊന്നും ഉദ്ദേശിക്കുന്നില്ല. പൊതുവിൽ കഥ ആവശ്യപ്പെടുന്നതിന് അനുസരിച്ച് പുരുഷന്മാർക്കൊപ്പം സ്ത്രീകളെയും മറ്റെല്ലാ ജെൻഡറുകളെയും ഉൾപ്പെടുത്താൻ എഴുത്തുകാർ ശ്രദ്ധിക്കേണ്ടതാണെന്നു തോന്നുന്നു. ഹ്യൂമർ ഉൾപ്പെടെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ഉർവശിയെ പോലെയുള്ള എത്രയോ അഭിനേതാക്കൾ നമുക്കുണ്ട്. ആ ഒരു അവസരം ഇപ്പോഴുള്ളവർക്കും കൊടുക്കാവുന്നതാണല്ലോ.

അഭിനയക്കളരികൾ

ചെറുപ്പത്തിൽ മനസ്സില്ലാമനസ്സോടെ അഭിനയരംഗത്തേക്കു വന്നയാളാണു ഞാൻ. മാതാപിതാക്കളായ മൈത്രേയന്റെയും ഡോ.ജയശ്രീയുടെയും പരിചയത്തിലുള്ള ‘അഭിനയ’യിലൂടെയായിരുന്നു നാടകത്തിൽ അഭിനയിച്ചു തുടങ്ങുന്നത്. 

പിന്നീട് സ്കൂൾ ഓഫ് ഡ്രാമയിലും പാരിസിലെ തിയറ്റർ സ്കൂളിലുമായി അഭിനയപരിശീലനം തുടർന്നു. 

അഭിനയിക്കാൻ പഠിക്കേണ്ട ആവശ്യമുണ്ടോ എന്നു പലരും ചോദിച്ചു കേട്ടിട്ടുണ്ട്. അഭിനയത്തിനു നൈസർഗികമായൊരു കഴിവ് നമുക്കുണ്ടാകും. എന്നാൽ നമ്മുടെ ക്രാഫ്റ്റിനെ വരുതിയിൽ നിർത്താൻ നിരന്തരപരിശീലനം ആവശ്യമാണ്. പല അഭിനേതാക്കൾക്കും തങ്ങൾക്കു ലഭിക്കുന്ന സിനിമകളിലൂടെ തന്നെ  അഭിനയിച്ചു സ്വയം മെച്ചപ്പെടുത്താൻ സാധിക്കുന്നുണ്ട്. എന്റെ കഴിവിനൊത്ത് ക്രാഫ്റ്റ് മെച്ചപ്പെടുത്താൻ അഭിനയ പഠനകാലഘട്ടമാണ് ഏറെ സഹായകരമായത്.

കെ.കെ.രാജീവ് സംവിധാനം ചെയ്ത ഈശ്വരൻ സാക്ഷിയായി എന്ന സീരിയലിൽ ദിവ്യയും ഞാനും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്.

 സീരിസുകൾ 

എനിക്ക് കൂടുതൽ സിനിമയും സീരീസും ലഭിക്കുന്നതു ഹിന്ദിയിലാണ്. അതെന്താണെന്ന് അറിയില്ല. ഇവിടെ നിന്ന് ഓഡിഷൻ കോൾ കണ്ടിട്ടു ഞാൻ മെസേജ് അയച്ചിട്ടും ആരും എന്നെ വിളിച്ചിട്ടില്ല.  രണ്ടു മൂന്നു വർഷം മുൻപ് 'മഹാറാണി' എന്ന സീരീസിനു വേണ്ടിയാണ് ആദ്യമായി ഹിന്ദിയിൽ ഓഡിഷൻ ചെയ്തത്.

സംസ്ഥാന പുരസ്കാരം

ബിരിയാണിയിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുന്നതിനു മുൻപ് പ്രതിഫലത്തെക്കുറിച്ചു പറയുമ്പോൾ  ബഹുമാനം കിട്ടാറില്ല. സംസ്ഥാന പുരസ്കാരം കിട്ടിയതിനു ശേഷം ആളുകളിൽ നിന്നു  പരിഗണന ലഭിക്കുന്നുണ്ട്.  ബിരിയാണി എന്ന സിനിമ കഴിഞ്ഞിട്ടായാലും അതിനു മുൻപായാലും മലയാളത്തിൽ നിന്നു ലഭിച്ച അവസരങ്ങൾ  കുറവാണ്. 

  മനു അശോകൻ സംവിധാനം ചെയ്യുന്ന ‘Eyes’ വെബ് സീരിസിൽ അഭിനയിക്കുകയാണ് ഇപ്പോൾ. 

English Summary:

Kani says ''enjoyed the film festival, but felt sad that I could not see many of the films screened there due to protocols and other busyness''

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com