‘ആ ഗോസിപ്പിൽ കാര്യമുണ്ടായിരുന്നു’; ഉർവശി അഭിമുഖം

Mail This Article
ഒരുപാടു പരിചയമുള്ളവരുടെ ചിരിയും നോട്ടവും വിഷമവുമെല്ലാം അവരുടെ പേരിനോട് ചേർന്നു ഓര്മ വരില്ലേ? അങ്ങനെയെങ്കില്‍ ഉർവശി എന്ന പേരിനോട് ചേർത്തുവയ്ക്കാൻ എന്തുമാത്രം ഭാവങ്ങളും കഥാപാത്രങ്ങളും സന്ദർഭങ്ങളുമുണ്ട്. ഏറ്റവും പുതിയ സിനിമ ഉള്ളൊഴുക്കിന്റെ വിശേഷങ്ങളും സിനിമാ ജീവിതവും ഉർവശി മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.
ഉള്ളൊഴുക്കിലെ ലീലാമ്മ
ഓരോ സിനിമ ചെയ്യുമ്പോളും അത് അറിഞ്ഞാണ് ചെയ്യുക. ഉള്ളൊഴുക്കിലെ ലീലാമ്മ വളരെ സങ്കീർണ്ണമായ കഥാപാത്രമാണ്. അഭിനയസാധ്യതയുമുണ്ട്. പക്ഷേ അത് എത്രത്തോളം വേണമെന്നത് അഭിനയിക്കാൻ തുടങ്ങുനനത്തിനു മുൻപ് അറിയില്ല. എത്ര ചിരിക്കാം എത്ര കരയാം എന്നുള്ളത് കാലേക്കൂട്ടി അറിയാൻ പറ്റില്ല. കോ ആർട്ടിസ്റ്റും ചീഫ് ടെക്നീഷ്യൻസും എല്ലാം ഉള്ള സാഹചര്യത്തിൽ സംഗതി പിടികിട്ടും. അതുകൊണ്ടാണല്ലോ കഥാപരിസരത്തിനു വലിയ പ്രാധാന്യമുള്ളത്. വെറുതേ സങ്കൽപിച്ച് ഒരിടത്തിരുന്ന് ചെയ്യുന്നതിനും, ആ സ്ഥലത്തെത്തി ചെയ്യുന്നതിനും വിത്യാസമുണ്ട്. ഉദാഹരണത്തിന് അടുക്കളയിൽ നമ്മൾ പാചകം ചെയ്യുന്നതും അടുക്കളയാണെന്ന് സങ്കൽപിച്ച് മറ്റൊരിടത്ത് ഇരുന്ന്ചെയ്താൽ അത് അഭിനയമാണെന്നു തോന്നും.
ഉള്ളൊഴുക്ക് എന്ന സിനിമയുടെ ലൊക്കേഷനിൽ ചുറ്റും വെള്ളമാണ്. ആ വെള്ളക്കെട്ട് കഥാപാത്രമാകാൻ ഒരുപാടു സഹായിച്ചു. ഒരുപാടു പേരുള്ള ഫ്രെയിം പോലെ അല്ല, രണ്ടുപേർ മാത്രമുള്ള സീനുകൾ. അവിടെ നമ്മുടെ പെര്ഫോമന്സിനു സാധ്യത കൂടുതലാണ്.
അനായാസത വരുന്ന വഴി
അത് എങ്ങനെയാണെന്ന് എനിക്കറിയില്ല. കാരണം ആക്‌ഷൻ എന്നു ഡയറക്ടർ പറഞ്ഞു കഴിയുമ്പോൾ അവർ എന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസവും എനിക്കു തരുന്ന സ്വാതന്ത്ര്യവും എന്റെ അഭിനയത്തെ നല്ലതാക്കുന്നുണ്ടെങ്കിൽ വലിയ സന്തോഷം തോന്നാറുണ്ട്. ചില സംവിധായകരുടെ സിനിമകൾ ചെയ്യുമ്പോൾ സീൻ ചെയ്തു കഴിഞ്ഞു രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോഴാണ്, ആ എക്സ്പ്രഷൻ ശരിയായോ? ഇല്ലയോ എന്നൊക്കെ സംശയം തോന്നാറുള്ളത്. ഒരിക്കൽ രാത്രി ഒൻപതു മണിക്ക് സത്യേട്ടനെ വിളിച്ച് ''സത്യേട്ടാ, ഞാൻ ആ ഡയലോഗ് പറഞ്ഞത് ശരിയായിരുന്നോ?'' എന്ന് ചോദിച്ചു. ''മിണ്ടാതെ കിടന്നുറങ്ങൂ. അത് നന്നായിരുന്നു. അതുകൊണ്ടാണ് ഓക്കെ പറഞ്ഞത്. എല്ലാം എടുത്തു കഴിഞ്ഞിട്ട് അവിടെ െചന്നിട്ടൊരു സംശയം. അത് വേണ്ട'' എന്ന് മറുപടി പറഞ്ഞു. അപ്പോൾ എനിക്ക് സമാധാനമാകും.
ഞാൻ മോണിറ്ററിൽ നോക്കാറില്ല. അപ്പോൾ നമുക്ക് ജഡ്ജ്മെന്റില്ല. മാത്രമല്ല, എന്റെ ആദ്യത്തെ ഓഡിയൻസ് എപ്പോഴും എന്റെ ലൈറ്റ് ഓഫിസേഴ്സ് ആയിരുന്നു. അവര് ലൈറ്റിന്റെ പുറകിൽ നിൽക്കുന്നവരാണ്. നമ്മളെ ആദ്യം കാണുന്നത് അവരാണ്. റിഹേഴ്സലിലെ എന്തെങ്കിലും റിയാക്‌ഷൻ വിട്ടു പോയാൽ, അവർ നന്നായിട്ടില്ല എന്ന് ആംഗ്യം കാണിക്കും. ''എന്താ ചേട്ടാ?'' എന്ന് ചോദിക്കുമ്പോളാണ് ''റിഹേഴ്സലിൽ നന്നായിരുന്നല്ലോ, എന്താ ടേക്കിൽ മറന്നു പോയോ?'' എന്ന് മറുപടി കിട്ടുക. അങ്ങനെ ആരെങ്കിലും പറഞ്ഞു തന്നാലേ ഞാൻ ഓർക്കൂ. പൊന്മുട്ടയിടുന്ന താറാവ്, മഴവിൽക്കാവടി തുടങ്ങിയ സിനിമകളിലൊക്കെ അങ്ങനെ പ്രത്യേകം മാറ്റിച്ചെയ്ത ശേഷം നന്നായ സീനുകളുണ്ട്.
വിമർശനങ്ങളിൽ പതറരുത്
വിമർശനങ്ങൾ നല്ലതാണു. അത് കേൾക്കുമ്പോൾ വിഷമം തോന്നാൻ പാടില്ല. സിനിമ തയ്യാറാക്കുമ്പോൾ നമ്മൾ സ്റ്റാറായിനിന്നാൽ സിനിമ ഓടില്ല. സിനിമ ഒരുപാടു പേരുടെ കഴിവിന്റെ കൂട്ടായ്മയാണ്. അതിലേതെങ്കിലും ഒരു ഡിപ്പാർട്മെന്റ് പൊളിഞ്ഞാലും സിനിമയെ ബാധിക്കും. പ്രൊഡക്‌ഷനിൽ ഫുഡ് തരുന്ന പ്രൊഡക്‌ഷൻ ഓഫിസേഴ്സ്, അവരുടെ വർക്കും അവരുടെ സർവീസും ഒരു ദിവസം മര്യാദയ്ക്കു ചെയ്തില്ലെങ്കിൽ പ്രശ്നമല്ലേ. പിന്നെആത്മാർത്ഥമായി നമ്മൾ മെച്ചപ്പെടാൻ വേണ്ടി പറയുന്നതും, ആളാകാൻ വേണ്ടി പറയുന്നതും പ്രത്യേകം മനസിലാകും.
'ഉർവശി വരുന്നു, മറ്റു നടിമാർ ജാഗ്രതൈ'
ആനന്ദവികടൻ എന്ന വലിയ മാഗസിനിലാണ് അങ്ങനെ ഒരു വാചകം വന്നത്. പിന്നീട് ആ വാചകം സിനിമയുടെ പരസ്യമായി ചേർക്കുകയായിരുന്നു. സിനിമ റിലീസായി രണ്ടാമത്തെ ആഴ്ച വരെ എന്റെ ഫോട്ടോയൊന്നും പുറത്തു വന്നിരുന്നില്ല. വിശ്വാമിത്രൻ കുഞ്ഞിനെ മടിയിൽ വച്ചുകൊണ്ടിരിക്കുന്ന ഒരു കാർട്ടൂൺ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അന്നത്തെ കാലത്ത് ഇതൊന്നും അത്ര കാര്യമായി എടുത്തിരുന്നില്ല. ഒന്നാമത് അന്ന് ഞാൻ ഇഷ്ടത്തോടെയല്ല അഭിനയിക്കുന്നത്. എനിക്ക് തിരിച്ച് എന്റെ സ്കൂളിൽ പോയാൽ മതിയെന്നായിരുന്നു ആഗ്രഹം. ഒരുപാടു കാലം കഴിഞ്ഞാണ് ഈ കിട്ടുന്ന ശ്രദ്ധയുടെയും സ്നേഹത്തിന്റെയുമൊക്കെ വില മനസിലായത്.
'ആ ഗോസിപ്പിൽ' കാര്യമുണ്ടായിരുന്നു
ആദ്യ സിനിമയുടെ ഷൂട്ടിനിടയിൽ ഒരു സിനിമാവാരികയിൽ നാലുവരി ഗോസിപ് എഴുതി വന്നു. 'എ വി എംന്റെ ബാനറിൽ ഒരു സ്കൂൾ കുട്ടി അഭിനയിക്കാൻ വരുന്നിട്ടുണ്ട്. പക്ഷേ ഒരു വകയും പറഞ്ഞാൽ അനുസരിക്കില്ല. ഡയറക്ടർ ഒന്നു ദേഷ്യപ്പെട്ടാൽ അന്ന് വീട്ടിൽ പോകും എന്നു പറഞ്ഞ് പേടിപ്പിക്കും' എന്നായിരുന്നു അത്. പക്ഷേ അത് ഗോസിപ്പല്ലായിരുന്നു. എനിക്ക് അന്ന് പതിമൂന്നു വയസാണ്. ആരേയും അനുസരണമില്ല. ഇങ്ങോട്ടു വരാൻ പറഞ്ഞാൽ അങ്ങോട്ടു പോകും. എന്റെ അമ്മ ആ ഗോസിപ് വായിച്ചിട്ടു പറഞ്ഞു, ''രക്ഷപ്പെട്ടു. നല്ല ഇമേജാണല്ലോ ആദ്യമേ കിട്ടിയത്. ഇങ്ങോട്ട് വരാൻ പറഞ്ഞാൽ കൂടെ പോകുമെന്നല്ലല്ലോ എഴുതിയത്''. ആരെങ്കിലും ഇത്തിരി ശബ്ദം കൂട്ടി നിർദ്ദേശങ്ങൾ തന്നാൽ അപ്പോൾ എനിക്ക് വീട്ടിൽ പോകണമെന്ന് പറയും. ഞാൻ ഈ സിനിമ അഭിനയിക്കില്ല എന്നു പറയും. അതുകൊണ്ട് ഇതിനെക്കൊണ്ട് വലിയ ഉപദ്രവമായെന്നൊക്കെ ഡയറക്ടർ ഞാൻ കേൾക്കാതെ വഴക്കു പറഞ്ഞിട്ടുണ്ടാകും.
സംഗീതത്തിന്‍റെ ഒഴുക്ക്
സിനിമയിൽ സംഗീതം വലിയൊരു ഘടകമാണ്. സുഷിൻ ശ്യാമിന്റെ സംഗീതം ഗംഭീരമായി എന്നാണ് ട്രെയ്‌ലർ കണ്ടു കുറേപേർ അഭിപ്രായപ്പെട്ടത്. നടീനടന്മാരുടെ ശബ്ദം പോലും വേണ്ട, ഇളയരാജയുടെ ബാക്ഗ്രൗണ്ട് സ്കോർ വരെ സംസാരിക്കും എന്ന് പണ്ട് പറയാറില്ലേ. അടിപൊളിപ്പാട്ടിന്റെ ആളാണ് സുഷിൻ. ഓരു കോൺട്രാസ്റ്റുമില്ലാത്ത ഈ സിനിമയിൽ സുഷിൻ ചെയ്തിരിക്കുന്ന സംഗീതം ഏറ്റവും വലിയൊരു ഘടകമാണ്.
പാർവതി എന്ന സഹതാരം
പാർവതി എന്ന അഭിനേത്രി സിനിമയെ വളരെ ഗൗരവമായി കാണുന്നയാളാണ്. എന്നെപ്പോലെ പൊട്ടക്കണ്ണൻ മാവേൽ എറിഞ്ഞതു പോലെ കിട്ടിയതല്ല അവൾക്ക് സിനിമ. ആഗ്രഹിച്ചും പ്രയത്നിച്ചും സ്ക്രിപ്റ്റ് വായിച്ചുമൊന്നും സിനിമയിൽ വന്നയാളല്ലല്ലോ ഞാൻ.
എത്ര വലിയ ബാനറിൽ സിനിമ ചെയ്യുകയാണെങ്കിലും ''ഈ പടം കഴിഞ്ഞാൽ ഞാൻ സ്കൂളിൽ പോകും'' എന്നാണ് പറഞ്ഞിരുന്നത്. അതുകേട്ട് പിന്നീട് എല്ലാവരും എന്നെ കളിയാക്കാൻ തുടങ്ങി. നെടുമുടിച്ചേട്ടനൊക്കെ പറയും ''വേഗം സിനിമയെടുത്തിട്ട് വിടണേ, കൊച്ചിന് സ്കൂളിൽ പോകാനുള്ളതാണേ'' എന്ന് പറയുന്നതിലെ തമാശ പോലും എനിക്ക് കുറേ കാലം കഴിഞ്ഞാണ് മനസിലായത്.
പാർവതി ഈ സിനിമയിലെ കോസ്റ്റ്യൂം ഒരു മാസം മുൻപുതന്നെ മനസിലാക്കി അണിഞ്ഞു നടക്കുമായിരുന്നു. അതൊക്കെ എന്നെ അദ്ഭുതപ്പെടുത്തി. അങ്ങനെയൊരു പ്രിപ്പറേഷൻ ഞാൻ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് ഭദ്രനിലാണ്. ഭദ്രേട്ടൻ ചിന്തിക്കുന്നത് നമുക്കും മനസിലാക്കിത്തരും. ഒരു സീനിൽ തിളങ്ങുന്ന പളുങ്ക് കഷ്ണം ഉണ്ടെങ്കിൽ കഥ പറയുമ്പോഴേ അതിന്റെ പ്രസക്തിയും നമുക്ക് പറഞ്ഞു തരും. കഥാപാത്രങ്ങളാണ് ഓരോ പ്രോപ്പർട്ടിയും. ഞാൻ അവർ എന്ത് പറയുന്നു എന്നുമാത്രമേ നോക്കാറുള്ളു. സെറ്റിൽ ചെന്നു ആക്‌ഷൻ എന്നു കേൾക്കുമ്പോൾ മാത്രം അഭിനയിക്കുന്ന എന്റെ ശൈലി സിനിമ എനിക്ക് ചെയ്യുന്നത് എനിക്ക് സിനിമ തന്ന സ്വാതന്ത്ര്യമാണ്.
വാത്സല്യമായിരുന്നു എന്നോട്
ആ പ്രായത്തിൽ എനിക്ക് കിട്ടിയ വാത്സല്യം മറ്റൊരു നടിക്കും കിട്ടിയിട്ടുണ്ടാവില്ല. ബേബി ശാലിനിയെ ഒക്കെ കൊണ്ടു നടന്നിട്ടുള്ളതു പോലെയാണ് എന്നെയും ഓരോ സെറ്റിലും പരിഗണിച്ചിരുന്നത്. എന്റെ അച്ഛനെയും അമ്മയെയും ഇവിടെ എല്ലാവർക്കും അറിയാം. േചച്ചിമാരെയും അനിയൻമാരെയും അറിയാം. ആ ഒരു വാത്സല്യം ഉള്ളതു കൊണ്ട് എന്നെ ക്ഷമിച്ച് സഹിച്ച് വിട്ടു. ഇപ്പോൾ ഉള്ളവരൊക്കെ ബഹുമാനത്തിൽ ചേച്ചി എന്നൊക്കെ വിളിക്കും. അപ്പോൾ എനിക്കു തോന്നും 'ങാ, വരട്ടേ, ഇത്രയും കാലം പൊടിമോൾ എന്നു വിളിച്ച് ഊതി തള്ളിയിരിക്കുവായിരുന്നല്ലോ. ഇനി കുറച്ചു ബഹുമാനമൊക്കെ കിട്ടട്ടേ''; എന്ന്. ആ വാത്സല്യം കൊണ്ടുതന്നെയായിരിക്കാം, ഒരിടത്തും ഗൗരവമായി ഒന്നും പറയാൻ പറ്റില്ലായിരുന്നു. ''എന്താ മോളെ ശബ്ദമൊക്കെ കനപ്പിച്ച് പറയുന്നത്'' എന്ന് തിരിച്ചു പറയുമായിരുന്നു.
പ്ലാനിങ് ഇല്ലാത്ത ജീവിതം
എല്ലാ ജോലിക്കും അതിന്റേതായ ഗൗരവമുള്ളതാണെന്ന് ചിന്തിക്കുന്നത് ആ വ്യക്തിയുടെ മൂല്യം കൂട്ടും. എൻ്റെ ഉള്ളിലെവിടെയോ ആ ഫയറും സ്പാർക്കും ഉണ്ട്. പക്ഷേ എനിക്ക് കാലേക്കൂട്ടി വർക്‌ഷോപ് തന്നാൽ ടെൻഷനാവും. റിലാക്സ് ചെയ്യാൻ പറ്റില്ല. ഈ പ്രത്യേക പോയിന്റിൽ
ഇതു തന്നെ ചെയ്യണമെന്ന് എനിക്ക് നിശ്ചയിക്കാൻ പറ്റില്ല. അതെന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. എന്റെ ജീവിതവും അങ്ങനെ തന്നെയാണ്. ഒരുപ്ലാനിങ്ങും ഇല്ല.
വെള്ളത്തിലെ ഷൂട്ടിങ്
അന്നു തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ എനിക്ക് ഇപ്പോഴും ഉണ്ട്. സ്കിൻ പ്രോബ്ലം ഉണ്ടായി. ആരുടെയും കുറ്റമല്ല അത്. വെള്ളക്കെട്ടിനകത്ത് ജീവിച്ചവരല്ല ഞങ്ങളാരും. ചെന്നൈ പോലൊരു വലിയ നഗരത്തിൽ വളർന്ന എനിക്കു നീന്തലറിയില്ല. ഷൂട്ടിങ് 40 ദിവസം കഴിഞ്ഞപ്പോൾ എന്റെ പ്രശ്നം ഗുരുതരമാണെന്ന് മനസ്സിലാക്കി പാർവതി പറഞ്ഞു- ചേച്ചീ ഒരു ബൂട്ട് ഇടൂ എന്ന്. അതുവരെ ഞാൻ അങ്ങനെയൊരു കാര്യം ഞാൻ ചിന്തിച്ചില്ല.
തിരക്കു പഠിപ്പിച്ച പാഠം
മുൻപ് മുന്നരൊക്കത്തിനൊന്നും സമയമില്ലായിരുന്നു. ഒരു ലൊക്കേഷനിൽ നിന്ന് വേറൊരു ലൊക്കേഷൻ. ക്യാമറയുടെ മുൻപിൽ നിൽക്കുമ്പോഴായിരിക്കും കഥാപാത്രത്തെക്കുറിച്ച് അറിയുന്നത്. അന്ന് എല്ലാ താരങ്ങളും അങ്ങനെയായിരുന്നു.
ഏതൊക്കെ സിനിമ എവിടെയൊക്കെ നടക്കുന്നു എന്ന് എല്ലാവർക്കും അറിയാം. ഒരേ വഴിക്കാണെങ്കിൽ ഒരു കാറിലായിരുന്നു ഞങ്ങളുടെ യാത്ര. ആ കൂട്ടായ്മയാണ് പല സിനിമകളുടെയും വിജയവും.
ഉർവശീ, അവർ വില്ലത്തിയല്ല
തലയണമന്ത്രം സിനിമയുടെ കഥ കേട്ടത് എന്റെ അങ്കിളാണ്. പൊടിമോളേ ഉഗ്രൻ ക്യാരക്ടറാണെന്ന് അങ്കിൾ വീട്ടിൽ വന്നു പറഞ്ഞു, നെഗറ്റീവ് ആണെന്ന് തോന്നും, പക്ഷേ ഒരു ആർട്ടിസ്റ്റ് ചെയ്യേണ്ട പടമാണെന്ന് പറഞ്ഞു. ഇത്തിരി കുശുമ്പും കുന്നായ്മയും ഒക്കെയുള്ള ക്യാരക്ടറാണ്. ലൊക്കേഷനിലേക്ക് നേരെ വന്നു ഫിലോമിനാന്റി എന്തോ പറയുമ്പോൾ ഞാൻ പാത്രം കഴുകി ഒഴിക്കുന്ന ഒരു സീനാണ് അദ്യം എടുത്തത്. വന്നപ്പോൾ ഞാനൊരു വില്ലത്തിയുടെ മുഖമൊക്കെ വച്ചാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. സത്യേട്ടൻ പറഞ്ഞു, ഉർവശീ വില്ലത്തിയല്ല. പച്ചയായ നാട്ടിൻപുറത്തെ സ്ത്രീയാണ്. ഉർവശിയുടെ സാധാരണ മാനറിസങ്ങൾ ചെയ്താൽ മതി കറക്റ്റാവും. ഞാൻ അപ്പോഴേ തന്നെ ആ ഭാരം ഇറക്കി വച്ചു.
കുടുംബം തന്ന വാക്ക്
എന്റെ ധൈര്യവും വിശ്വാസവും എന്നു പറഞ്ഞാൽ എന്റെ കുടുംബത്തിന്റെ ശക്തമായൊരു പിന്തുണയാണ്. എന്തു വന്നാലും സിനിമയിൽ അഭിനയിച്ചേ പറ്റൂ എന്നൊരു അവസ്ഥ എന്റെ കുടുംബത്തിലില്ലായിരുന്നു.
നമുക്ക് തല ഉയർത്തി സ്വതന്ത്രമായിട്ട് നിൽക്കാൻ പറ്റുന്ന ഒരു സിനിമയാണെങ്കിൽ ചെയ്താൽ മതി. ഇല്ലെങ്കിൽ അപ്പോൾ വണ്ടിയെടുത്ത് തിരിച്ചു വരൂ എന്നു പറയും. അതായിരുന്നു എന്റെ ആത്മവിശ്വാസം. വീട്ടുകാർ അന്നു തന്ന സ്വാതന്ത്ര്യമാണ് നല്ല സിനിമകൾക്കൊപ്പം പോകാൻ എനിക്ക് ഊർജമായത്. ഇന്നും ആ ധൈര്യത്തിലാണു ഞാൻ മുന്നോട്ടു പോകുന്നത്.