പൃഥ്വിരാജിനെ നായകനാക്കി ഒരു 'ലൂസിഫർ' ചെയ്യണം: ഗോകുൽ സുരേഷ് അഭിമുഖം

Mail This Article
പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയുമായി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്കു പറക്കുംതളിക പോലെ പറന്നിറങ്ങുകയാണ് ‘ഗഗനചാരി’ എന്ന അരുൺ ചന്തു ചിത്രം. ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തെത്തുന്ന സയൻസ് ഫിക്‌ഷൻ ചിത്രത്തിന്റെ വിശേഷങ്ങളുമായി നടൻ ഗോകുൽ സുരേഷ്.
ഗഗനചാരിയുടെ വിശേഷങ്ങൾ
പത്മരാജൻ സാറിന്റെ ‘ഞാൻ ഗന്ധർവൻ’ എന്ന ചിത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സിനിമയ്ക്കു ഗഗനചാരി എന്ന പേരു നൽകിയത്. എന്നാൽ ഗന്ധർവനല്ല, മറിച്ച് ഒരു അന്യഗ്രഹ ജീവിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. 2040ൽ കേരളത്തിൽ നടക്കാൻ ഇടയുള്ള ചില സംഭവങ്ങളും മൂന്നാം ലോകയുദ്ധവും ഭൂമിയിലേക്കെത്തുന്ന അന്യഗ്രഹ ജീവികളും... ഇതിനെയെല്ലാം മനുഷ്യൻ എങ്ങനെ തരണം ചെയ്യുന്നു എന്നതാണു പ്രമേയം.
ഗഗനചാരിയുടെ ജനനം
ഞാനും സംവിധായകൻ അരുൺ ചന്തുവും 2017 മുതൽ ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ്. ആ സൗഹൃദത്തിൽ നിന്നാണ് ഗഗനചാരി ഉണ്ടായത്. ചിത്രീകരണം കഴിഞ്ഞ് ഏകദേശം 4 വർഷത്തിനു ശേഷമാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. ഇതിനു മുൻപ് പല ഫിലിം ഫെസ്റ്റുകളിലും ഗഗനചാരി പ്രദർശിപ്പിക്കുകയും ഒട്ടേറെ പുരസ്കാരങ്ങൾ നേടുകയും ചെയ്തു.
സയൻസ് ഫിക്‌ഷനും മലയാള സിനിമയും
പ്രമേയത്തിലും അവതരണത്തിലും ഗൗരവ സ്വഭാവമുള്ളവയായിരുന്നു മലയാളത്തിൽ വന്ന സയൻസ് ഫിക‌്ഷൻ സിനിമകൾ. എന്നാൽ ഗഗനചാരിയിൽ ഹാസ്യത്തിന് വലിയ പ്രധാന്യമുണ്ട്.

തിരക്കഥകൾ തിരഞ്ഞെടുക്കുമ്പോൾ
സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്ന കാര്യത്തിൽ എനിക്കൊരു ഗോഡ് ഫാദർ ഇല്ല. പല സീനിയേഴ്സിന്റെയും വാക്കു വിശ്വസിച്ച് ഞാൻ തിരക്കഥകൾ തിരഞ്ഞെടുത്തിട്ടുണ്ട്. പിന്നെ എല്ലാ ചിത്രങ്ങളും നമ്മൾ പ്രതീക്ഷിക്കുന്ന പോലെ വരണമെന്നില്ല. ആദ്യ ചിത്രമായ മുത്തുഗൗവിൽ മാത്രമാണ് അച്ഛൻ സ്ക്രിപ്റ്റ് കേട്ടതും അഭിപ്രായം പറഞ്ഞതും.
ഗഗനചാരിയുടെ രണ്ടാം ഭാഗം
ഗഗനചാരിക്കു തീർച്ചയായും ഒരു രണ്ടാം ഭാഗം ഉണ്ടാകും. ഇതിന്റെ ഒരു സ്പിൻ ഓഫ് ചിത്രമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ‘മണിയൻ ചിറ്റപ്പൻ’. അച്ഛൻ സുരേഷ് ഗോപിയാണു പ്രധാന കഥാപാത്രമായി വരുന്നത്.
വരാനിരിക്കുന്ന ചിത്രങ്ങൾ
ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ഫഹദ് ഫാസിൽ ചിത്രം കരാട്ടെ ചന്ദ്രനിൽ ഞാനൊരു റോൾ ചെയ്യുന്നുണ്ട്. ക്രിയേറ്റീവ് ഡയറക്ടറായും ഒരു ചിത്രം അടുത്തുതന്നെ സംഭവിക്കും.
സംവിധായകന്റെ കസേരയിലേക്ക്
സൂപ്പർ ഹീറോ ചിത്രങ്ങളുടെയും മാർവൽ യൂണിവേഴ്സ് ചിത്രങ്ങളുടെയുമെല്ലാം ആരാധകനാണു ഞാൻ. അത്തരമൊരു ചിത്രം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. സ്കൂൾ കാലം മുതൽ ഞാനൊരു പൃഥ്വിരാജ് ഫാനാണ് . അദ്ദേഹം മോഹൻലാലിനെ വച്ച് ലൂസിഫർ ചെയ്തപോലെ, പൃഥ്വിരാജിനെ വച്ച് അത്തരമൊരു ചിത്രം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അദ്ദേഹത്തെ ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒരു വേർഷനിൽ അവതരിപ്പിക്കുന്ന ചിത്രമാണ് എന്റെ മനസ്സിൽ. അതിന്റെ പണിപ്പുരയിലെ ആദ്യ പടിയിലാണിപ്പോൾ.