ADVERTISEMENT

രജനികാന്ത് ആരാധകർ ആവേശത്തോടെ ഏറ്റെടുക്കുകയാണ് ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യൻ. രജനികാന്തിനൊപ്പം ഇന്ത്യൻ ചലച്ചിത്രമേഖലയിലെ തലയെടുപ്പുള്ള താരങ്ങൾ ഒന്നിക്കുന്ന ചിത്രം ടൈറ്റിൽ പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. മലയാളത്തിൽ നിന്ന് മഞ്ജു വാരിയർ, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം സാബുമോൻ അബ്ദുസമദും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നെഗറ്റീവ് റോളിലാണ് സാബുമോൻ വേട്ടയനിലെത്തുന്നത്. ഒരു ഗുണ്ട നേതാവായി പ്രത്യക്ഷപ്പെടുന്ന താരം സ്വന്തം ശബ്ദത്തിലാണ് തന്റെ അരങ്ങേറ്റ വേഷം ഗംഭീരമാക്കിയത്.  വേട്ടയ്യന്റെ വിശേഷങ്ങളുമായി സാബുമോൻ മനോരമ ഓൺലൈനിൽ. 

പ്രധാന വില്ലൻ ഞാനല്ല

സംവിധായകൻ ടി.ജെ ജ്ഞാനവേൽ ഞാൻ അഭിനയിച്ച അയ്യപ്പനും കോശിയും, ജെല്ലിക്കെട്ട് തുടങ്ങിയ സിനിമകൾ കണ്ടിട്ടുണ്ട്. അങ്ങനെയാണ് എന്നെ വിളിക്കുന്നത്. വിളിച്ചപ്പോൾ തന്നെ ഇതൊരു രജനികാന്ത് സിനിമയാണെന്നു പറഞ്ഞിരുന്നു. സിനിമയിൽ ചെറിയൊരു ഭാഗത്ത് മാത്രമേ ഞാനുള്ളൂ. അതൊരു മുഴുനീള വേഷമല്ല. ബോളിവുഡിൽ നിന്നും തെന്നിന്ത്യയിൽ നിന്നും ഒരുപാട് ആർടിസ്റ്റുകളുള്ള ചിത്രമാണ്. റാണാ ദഗുബാട്ടിയാണ് പ്രധാന വില്ലൻ‌. ഈ സിനിമയുടെ ഷൂട്ട് കഴിഞ്ഞിട്ട് ഏതാണ്ട് ഒരു വർഷമായി. ഈയടുത്ത സമയത്താണ് ഡബ്ബ് ചെയ്യാൻ പോയത്. 

കോംബിനേഷൻ തലൈവരുമായി

കോസ്റ്റ്യൂം ട്രയലും ലുക്ക് ടെസ്റ്റുമൊക്കെ ഉണ്ടായിരുന്നു. മുഖത്ത് ചില പാടുകളൊക്കെ ഈ കഥാപാത്രത്തിനുണ്ട്. പട്ടണം റഷീദ് ആയിരുന്നു മേക്കപ്പ്. പിന്നെ സെറ്റിൽ ഒരുപാട് മലയാളി ടെക്നീഷ്യൻസ് ഉണ്ടായിരുന്നു. എനിക്ക് രജനികാന്തുമായിട്ടാണ് കോംബിനേഷനുള്ളത്. ഫൈറ്റ് സീനിന്റെ കാര്യങ്ങൾ മാസ്റ്റേഴ്സ് പറഞ്ഞു തരും. പൊസിഷൻസ് ഒക്കെ മാർക്ക് ചെയ്യും. ആക്‌ഷൻ സീക്വൻസ് ചെയ്തു തുടങ്ങുമ്പോൾ അതെല്ലാം അങ്ങോട്ടും ഇങ്ങോട്ടും മാറും. അതനുസരിച്ച് ബാലൻസ് ചെയ്തു ചെയ്യണം. സർ വരുമ്പോൾ മൂവ്മെന്റ്സ് കാണിച്ചു കൊടുക്കും. അദ്ദേഹം വളരെ പരിചയസമ്പന്നനായ വ്യക്തി ആയതുകൊണ്ട് അദ്ദേഹത്തിന് ഇതെല്ലാം സിംപിളാണ്. ടൈമിങ് ആയാലും മൂവ്മെന്റ് ആയാലും. ഒരു രക്ഷയില്ലാത്ത കക്ഷിയാണ് അദ്ദേഹം! വെറുതെല്ല അദ്ദേഹത്തെ തലൈവർ, സൂപ്പർസ്റ്റാർ എന്നൊക്കെ വിളിക്കുന്നത്.

sabumon-vettaiyan2

നേരിൽ സിംപിൾ, ഷോട്ടിൽ സൂപ്പർ

രജനി സാറിനെ കാണുമ്പോൾ നമ്മുടെ മനസിൽ ഒരു ബിജിഎം വരും. കാരണം നമ്മുടെ ചിന്തകളിൽ ആഴത്തിൽ പതിഞ്ഞ താരമാണ് അദ്ദേഹം. എനിക്ക് അങ്ങനെയാണ്. ഞാൻ ആരുടെയും ഫാൻ അല്ല. അദ്ദേഹത്തിന്റെ സിനിമകൾ ചെറുപ്പം മുതൽ കാണുന്ന ആളാണ്. അദ്ദേഹത്തിന്റെ ചലനങ്ങളും അഭിനയവും നേരിൽ കാണുമ്പോൾ ശരിക്കും തോന്നും, ഇതാണ് സൂപ്പർസ്റ്റാർ എന്ന്! സർ സംവിധായകന്റെ അടുത്ത് സംസാരിക്കാൻ നിൽക്കുമ്പോഴുള്ള ശരീരഭാഷ തന്നെ കൗതുകം നിറയ്ക്കും. സീൻ പറഞ്ഞു കൊടുക്കുമ്പോൾ രജനി സർ മുന്നിൽ കൈകെട്ടി അൽപം കുനിഞ്ഞാണ് നിൽക്കുക. വിനയാന്വിതനായുള്ള നിൽപ്പ് ആരെയും അദ്ഭുതപ്പെടുത്തും. 

സംവിധായകന് കൊടുക്കുന്ന ആദരവ് അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്ന് വായിച്ചെടുക്കാം. ഷോട്ടിലേക്കു വരുമ്പോൾ അദ്ദേഹം വേറെ ഒരു ആളാകും. അതായത് ഒരു പരകായപ്രവേശം നടക്കും. സീൻ പറഞ്ഞു കൊടുക്കുമ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ ശ്രദ്ധിച്ചു നിന്ന ആളാണോ ഇങ്ങനെ ചെയ്യുന്നതെന്ന് തോന്നിപ്പോകും. സീനുകൾ എടുക്കുമ്പോൾ ഇടയ്ക്ക് പോകുന്ന പരിപാടി അദ്ദേഹത്തിന് ഇല്ല. ഒരു പ്ലാസ്റ്റിക് കസേരയിട്ട് അവിടെ ഇരിക്കും.   

സന്നാഹങ്ങൾ സിനിമയിൽ മാത്രം

രജനി സാറിനൊപ്പം നമ്മൾ കരുതുന്നതു പോലെ വലിയ സന്നാഹങ്ങളൊന്നുമില്ല. അൽപം പ്രായമായ ഒരു സ്ത്രീയാണ് അദ്ദേഹത്തിന്റെ ഹെയർ ഡ്രസ്സർ. കുറെ ബാഗും തൂക്കി ഏഴെട്ടു പേരുടെ സംഘമൊന്നും അദ്ദേഹത്തിനൊപ്പം ഉണ്ടാകാറില്ല. പിന്നെ, പ്രൊഡക്‌ഷൻ ഏർപ്പാടാക്കുന്ന വണ്ടിയിലാണ് അദ്ദേഹം വരിക. ചിലപ്പോൾ ഇന്നോവ ആകും. ചിലപ്പോൾ എക്സ്‍യുവി500 ലാകും വരിക. അത്രയേ ഉള്ളൂ. ആ വണ്ടിയുടെ മുന്നിലും പിന്നിലും വേറെ വണ്ടികൾ അങ്ങനെയൊന്നും ഇല്ല. അദ്ദേഹം നിൽക്കുന്നിടത്തിനു വേണ്ട സുരക്ഷ പ്രൊഡക്ഷൻ ടീം ഉറപ്പാക്കും. അദ്ദേഹത്തെ കാണാൻ ഭയങ്കരമായ ജനക്കൂട്ടം വരും. അതുകൊണ്ടാണ് പ്രൊഡക്‌ഷൻ ടീം സുരക്ഷ ഏർപ്പാടാക്കുന്നത്.  

തമിഴിലെ പ്രൊജക്ടുകൾ

അഭിനയിച്ച നാലു തമിഴ് സിനിമകളിൽ ആദ്യം റിലീസ് ആകുന്നത് വേട്ടയ്യൻ ആണ്. യോഗി ബാബു, ബോബി സിംഹ, ഷിരീഷ് എന്നിവരുടെ നോൺ വയലൻസ്, ജി.വി പ്രകാശിന്റെ കിങ്സ്റ്റൺ, പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്റെ മനിത കാവലൻ എന്നിവയാണ് ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ. മനിത കാവലന്റെ ‌ഷൂട്ട് ഇപ്പോൾ കഴിഞ്ഞതേയുള്ളൂ. 

English Summary:

Chat With Sabumon Abdusamad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com