ADVERTISEMENT

1000 ബേബീസ് എന്ന വെബ് സീരീസ് കണ്ടവരാരും മറക്കാനിടയില്ലാത്തൊരു കഥാപാത്രമുണ്ട്. പാലക്കാടുകാരനായ യുവ രാഷ്ട്രീയ പ്രവർത്തകൻ ദേവന്‍ കുപ്ലേരി എന്ന കഥാപാത്രം.  ലാല്‍ സംവിധാനം ചെയ്ത് 2010–ല്‍ റിലീസായ ‘ടൂര്‍ണമെന്റ്’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മനു ലാൽ ആണ് ദേവന്‍ കുപ്ലേരിയായി വേഷമിട്ടത്. ടൂർണമെന്റ്, ഫ്രൈഡേ, ഡബിൾ ബാരൽ, മെക്സിക്കൻ അപാരത, അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങളിൽ ചെറുതെങ്കിലും പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്ത മനുവിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായി മാറുകയാണ് പാലക്കാടൻ ഭാഷ നല്ല ഒഴുക്കിന് സംസാരിക്കുന്ന ദേവന്‍ കുപ്ലേരി. പതിനെട്ടു വർഷത്തെ കലാജീവിതത്തിൽ പിന്തുണയുമായി ഒപ്പം നിന്ന അമ്മയ്ക്ക് നൽകാൻ കഴിഞ്ഞ സമ്മാനമാണ് ദേവന്‍ കുപ്ലേരി എന്ന് മനു പറയുന്നു. 1000 ബേബീസിലെ പ്രധാനപ്പെട്ട വേഷം തന്നെ വിശ്വസിച്ചു നൽകിയ സംവിധായകൻ നജിം കോയ, എഴുത്തുകാരൻ ആറോസ് ഇർഫാൻ, സഹസംവിധായകൻ സുനിൽ കാരാട്ട്, നിർമാതാവ്  ഷാജി നടേശൻ, ക്യാമറ മാൻ ഫായിസ് സിദ്ദിഖ് തുടങ്ങിയവരുടെ സ്നേഹവും പിന്തുണയും കൊണ്ടാണ് ദേവൻ കുപ്ലേരിക്ക് ജീവൻ പകരാൻ കഴിഞ്ഞതെന്ന് മനോരമ ഓൺലൈനിന്‌ നൽകിയ അഭിമുഖത്തിൽ മനു പറഞ്ഞു....   

പതിനെട്ട് വർഷത്തെ സിനിമായാത്ര സഫലമായത് 1000 ബേബീസിലൂടെ 

തൃശൂർ ചാലക്കുടി ആണ്  സ്വദേശം. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ  കലാരംഗത്ത് സജീവമായിരുന്നു. കോളജിലും അത് തുടർന്നു. പഠനം കഴിഞ്ഞപ്പോഴും അഭിനയം വിടാൻ മനസ്സ് വന്നില്ല. ഞാൻ പതിയെ മോഡലിങ്ങിലേക്ക് തിരിഞ്ഞു. ലോഹിതദാസ് സാറിന്റെ അസോഷ്യേറ്റിനെ പരിചയപ്പെട്ടത് വഴിത്തിരിവായി. അദ്ദേഹം വഴി ‘കുങ്കുമം’ എന്നൊരു ആൽബം ചെയ്തു, അത് ഹിറ്റ് ആയി. അതിനു ശേഷം അദ്ദേഹത്തിന്റെ തന്നെ ശ്രീനന്ദനം എന്നൊരു ആൽബം ചെയ്തു, അതും വലിയ ശ്രദ്ധനേടി.  അവിടെ നിന്നാണ് തുടക്കം. അതിനു ശേഷം ലാൽ ക്രിയേഷൻസിന്റെ ബാനറിൽ സംവിധായകൻ ലാൽ സർ ചെയ്യുന്ന ‘ടൂർണമെന്റ്’ എന്ന സിനിമയിലേക്ക് ഓഡിഷന് പോയി. മൂവായിരത്തോളം ആളുകളിൽ നിന്നാണ് അന്ന് എന്നെ ടീം തിരഞ്ഞെടുത്തത്.  

ജീൻ പോൾ ആണ് എന്നെ സിലക്ട് ചെയ്തത്. അതിനു ശേഷം ഫ്രൈഡേ നിർമാണക്കമ്പനിയുടെ ആദ്യ സിനിമയിൽ നായകനായി. തുടർന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഡബിൾ ബാരൽ’, ‘മെക്സിക്കൻ അപാരത’ എന്നാ സിനിമകൾ ചെയ്തു.  മെക്സിക്കൻ അപാരതയിലെ ‘അന്ന് കൃഷ്ണനെ അറിയാമോ?’ എന്ന പാട്ട് വൈറലായിരുന്നു.  ആ കഥാപാത്രം എല്ലാവരും ഏറ്റെടുത്ത ഒന്നായിരുന്നു. പിന്നീട് ‘തൃശൂർ പൂരത്തി’ൽ ജയസൂര്യയുടെ അനുജനായി അഭിനയിച്ചു.  അവസാനം ചെയ്തത് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയാണ്.  സിനിമയിലെത്തിയിട്ട് പതിനെട്ട് വർഷങ്ങളായി. 

ഇതിനിടയിൽ ഒരുപാട് ബുദ്ധിമുട്ടുകളും അവഗണനകളും നേരിട്ടിട്ടുണ്ട്. ‘ഫ്രൈഡേ’ എന്ന സിനിമയുടെ തിരക്കഥ എഴുതിയ ആളാണ് 1000 ബേബീസിന്റെ സംവിധായകൻ നജിം കോയ. അന്ന് മുതലുള്ള ബന്ധമാണ് അദ്ദേഹവുമായി ഉള്ളത്. അദ്ദേഹം എന്നെ വിശ്വസിച്ച് ഒരു കഥാപാത്രം തരികയും അത് വളരെ ഭംഗിയായി ചെയ്തു കൊടുക്കാൻ കഴിയുകയും ചെയ്തതിൽ വളരെ സന്തോഷമുണ്ട്.

devan-kupleri-2

തൃശൂർക്കാരൻ മനു, ദേവൻ  കുപ്ലേരി ആയപ്പോൾ 

1000 ബേബീസ് എന്റെ ജീവിതത്തിൽ എക്കാലവും ഓർമിക്കപ്പെടുന്ന ഒരു വർക്ക് ആയി മാറും. എന്റെ ജീവിതം മാറ്റി മറിച്ച കഥാപാത്രമാണ് ദേവൻ കുപ്ലേരി. ഒക്ടോബര് 18നു റിലീസ് ചെയ്ത സീരീസിന്റെ പ്രതികരണങ്ങൾ ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് അന്വേഷണങ്ങളും അഭിനന്ദനങ്ങളും കിട്ടുന്നു. ഇതുവരെ ഞാൻ ചെയ്തതിൽ വച്ച് ഏറ്റവും മികച്ച കഥാപാത്രമാണ് ദേവൻ കുപ്ലേരി. ഈ കഥാപാത്രം എന്നെ വിശ്വസിച്ച് ഏൽപ്പിച്ച നജീം ഇക്കയോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. ഇത് ഒരു ബുദ്ധിമുട്ടുള്ള കഥാപാത്രമാണ്, ആ കഥാപാത്രത്തെ എന്റെ ശരീരത്തിലേക്ക് കയറ്റാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. പിന്നെ സംസാരിക്കേണ്ടത് പാലക്കാട് സ്ലാങ്, ഞാൻ തൃശൂർകാരനാണ്. 

പാലക്കാട് സ്ലാങ് പഠിച്ചെടുക്കണം ഇതൊക്കെ വെല്ലുവിളികൾ ആയിരുന്നു. പക്ഷേ നജീം ഇക്ക പറഞ്ഞു, ‘‘ഈ കഥാപാത്രത്തിലേക്ക് ഞാൻ വേറെ ആരെയും ഓഡിഷൻ ചെയ്യുന്നില്ല, ഞാനിത് നിന്നെ ഏൽപ്പിക്കുകയാണ്, ഇത് നിന്റെ ജീവിതത്തിൽ ഒരു മാറ്റം കൊണ്ടുവരും, നീ ഇതിൽ പിടിച്ചു കയറിക്കോളണം’’.  എന്റെ പ്രായത്തിനൊത്ത കഥാപാത്രം അല്ലായിരുന്നു, കുറച്ചുകൂടി പ്രായമുള്ള കഥാപാത്രമായിരുന്നു ദേവൻ. ഒടുവിൽ സീരീസ് പൂർത്തിയായപ്പോൾ നജീം ഇക്ക എന്നോട് പറഞ്ഞു ‘‘നീ പൊളിച്ചിട്ടുണ്ടേണ്ടാ, നിനക്ക് പച്ചരി കിട്ടിയില്ലെങ്കിലും റേഷനരി കിട്ടും, കഞ്ഞി കുടിച്ചു കിടക്കും നീ.  അതിന് വേണ്ടിയുള്ളത് നീ ചെയ്തു വച്ചിട്ടുണ്ട്.’’ സീരീസിലെ കഥാപാത്രങ്ങളിൽ എല്ലാവരും എടുത്തു പറയുന്ന ഒരെണ്ണം ദേവൻ കുപ്ലേരി ആണെന്ന് കേൾക്കുമ്പോൾ സന്തോഷവും സംതൃപ്തിയുമുണ്ട്.  

najeem
നജീം കോയയ്‌ക്കും റഹ്മാനുമൊപ്പം

നജീം കോയ പറഞ്ഞു, ‘ഫ്രൈഡേ’യിലെ നായകനാണ് ദേവൻ കുപ്ലേരി

നജീം ഇക്ക എന്നോട് പറഞ്ഞു ‘‘ദേവൻ കുപ്ലേരി എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്.  ഞാൻ കഥ പറഞ്ഞപ്പോൾ പലരും എന്നോട് ചോദിച്ചു ആരാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഞാൻ അവരോടെല്ലാം സന്തോഷപൂർവം പറഞ്ഞത്, എന്റെ ഫ്രൈഡേയിലെ നായകൻ മനു ആണ് ഇത് ചെയ്യാൻ പോകുന്നത്. നീ ഷർട്ടും മുണ്ടും ഇട്ട് കുറിയും തൊട്ട് വന്നാൽ പകുതി ദേവനായി കഴിഞ്ഞു. പക്ഷേ അതുകൊണ്ടായില്ല, നീ കുറച്ച് പണി എടുക്കേണ്ടി വരും.’’  ഇത് കേട്ടപ്പോൾ എനിക്ക് ആകെ പേടിയായി.  ഇത് തന്നെയാണ് സിനിമയുടെ കഥ എഴുതിയ ആറോസ് ഇർഫാനും പറഞ്ഞത്.  ഒരുപാട് ഹിന്ദി സീരീസ് ഒക്കെ എഴുതുന്ന ആളാണ് ആറോസ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസ്സോഷ്യേറ്റ് ആയിരുന്നു അദ്ദേഹം.  

ആറോസിനു ഒരു ടെൻഷനും ഇല്ലായിരുന്നു.  ആറോസ് ഇപ്പോഴും എന്നോട് പറയുന്നത് നിനക്ക് രണ്ടു മുഖം ഉണ്ട് എന്നാണ്. കോവിഡ് കാലത്താണ് ‘കാപ്പ’ എന്ന സിനിമ എന്നെ തേടി വരുന്നത്. പക്ഷേ പിന്നീട് ആ കഥാപാത്രം എന്റെ കയ്യിൽ നിന്ന് പോയി. ആ സങ്കടത്തിൽ ഇരിക്കുമ്പോഴാണ് ആറോസ് ഇർഫാന്റെ വിളി വരുന്നത്. അദ്ദേഹം പറഞ്ഞു ഒരു നാഷണൽ ലെവെലിലുള്ള ഒരു സീരീസ് വരുന്നുണ്ട് നീ രണ്ടുമൂന്നു ദിവസം കാത്തിരിക്കൂ നിനക്ക് വിളി വരും. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ നജീം ഇക്ക വിളിച്ചു. ‘‘എടാ നീ സങ്കടപ്പെടണ്ട,  എല്ലാവരും ഒരേ പ്രശ്നങ്ങളിൽ ആണ്.  നമ്മൾ ഒരു നാഷ്നൽ ലെവൽ വെബ് സീരീസ് ചെയ്യുന്നുണ്ട്. അതിൽ നീ ഏറ്റവും പ്രധാനപ്പെട്ട വില്ലൻ വേഷമാണ് ചെയ്യുന്നത്. ഇത് ഞാൻ ആരോടും പറഞ്ഞിട്ടില്ല നിനക്ക് വേണ്ടിയാണ് ഞാൻ ഇത് വച്ചിരിക്കുന്നത് നീ വന്നു ചെയ്യൂ’’.  ഇത് കേട്ട് ഞാൻ ഞെട്ടിപ്പോയി, എനിക്ക് കരയണോ ചിരിക്കണോ എന്നറിയില്ല.   

devan-kupleri
ആറോസ് ഇർഫാനൊപ്പം

നന്ദി പറയാനുള്ളത് ഇവരോട് 

പാലക്കാട് തത്തമംഗലം എന്ന സ്ഥലത്ത് പോയി ഞാൻ വീടെടുത്തു താമസിച്ചു. അവിടെയുള്ള ആളുകളുമായി ഇടപഴകി, അവരോട് സംസാരിച്ചു. സമ്മേളനം നടക്കുന്നിടത്തും സമരത്തിനിടയിലും ഒക്കെ പോയി നിൽക്കും. ഇതൊന്നും നജിം ഇക്കയ്ക്ക് അറിയില്ല. ആദ്യം എടുക്കേണ്ടത് പാലക്കാട് കോട്ടമൈതാനത്ത് ഒരു സ്റ്റേജിൽ വച്ച് പ്രസംഗിക്കുന്നതാണ്.  ഞാൻ നോക്കിയപ്പോ ഏക്കർ കണക്ക് സ്ക്രിപ്റ്റ് ഉണ്ട്. ഞാൻ ചോദിച്ചു എനിക്കിത് പറയാൻ പറ്റുമോ ഇക്കാ, ഇക്ക പറഞ്ഞു ‘‘നീ കുറെ നാളായില്ലേ സിനിമ എന്ന് പറഞ്ഞു നടക്കുന്നു, ഇത് നീ ചെയ്തേ പറ്റൂ, സമയമുണ്ട്, എവിടെയാണെന്ന് വച്ചാ പോയി നിന്ന് പഠിച്ചോ, സമയമുണ്ട്.  ഇത് നീ ചെയ്തു കാണിക്കണം, നിനക്ക് പ്രൂവ് ചെയ്യാനുള്ള സമയമായി.’’  ഞാൻ ഇത് കൊണ്ടുപോയി വായിച്ചു നോക്കിയിട്ട് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആറോസിന്റെ ഫ്ലാറ്റിൽ വന്നു പറഞ്ഞു കേൾപ്പിച്ചു.  ആറോസ് പറഞ്ഞു, ഓക്കേ ആണ് നീ ഈ മൂഡ് പിടിച്ചാൽ മതി.  

വാഗമണിൽ ആണ് ആദ്യം ഷൂട്ട് ചെയ്‌തത്‌. അവിടെ ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോഴേ നജീം ഇക്ക ഹാപ്പി ആയി. ‘പകിട’യുടെ സംവിധായകൻ സുനിൽ കാര്യാട്ട് ഈ സീരീസിന്റെ അസ്സോഷ്യേറ്റ് ആയിരുന്നു.  അദ്ദേഹവും ഹാപ്പി ആയി.  അവർ രണ്ടും എന്നെ സെറ്റിൽ അഴിച്ചു വിട്ടിരിക്കുകയായിരുന്നു. ലൊക്കേഷനിൽ ഷൂട്ട് കഴിഞ്ഞാൽ ഡബ്ബ് ഞാൻ നന്നായി ചെയ്യുമോ എന്ന് നജിം ഇക്കായ്ക്ക് സംശയം ഉണ്ടായിരുന്നു. പക്ഷേ ആ കടമ്പയും കഴിഞ്ഞു, ഞാൻ നന്നായി ഡബ്ബ് ചെയ്തു എന്ന് നജിം ഇക്ക പറഞ്ഞു. എല്ലാത്തിനും പിന്തുണയുമായി നജിം ഇക്ക, ആറോസ് ഇർഫാൻ, സുനിൽ കാര്യാട്ട് എന്നിവർ ഉണ്ടായിരുന്നു. പിന്നെ സീരീസിന്റെ സിനിമാറ്റോഗ്രാഫർ ഫായിസ് സിദ്ദിഖ്.  

ഈ സീരീസിലുള്ള എല്ലാവരെയും വളരെ ഭംഗിയായി ചിത്രീകരിച്ചത് ഫായിസ് ഇക്ക ആണ്. ഷൂട്ട് തുടങ്ങിയതുമുതൽ ഫായിസ് ഇക്ക ഉറങ്ങിയിട്ടില്ല. ഇവർ നാലുപേരുമാണ് ദേവൻ കുപ്ലേരിയുടെ വിജയത്തിന് പിന്നിൽ.  ഇവരോടുള്ള നന്ദിയും കടപ്പാടും എനിക്ക് എത്ര പറഞ്ഞാലും മതിയാകില്ല.  ഇപ്പൊ പാലക്കാടുള്ളവർ വരെ വിളിച്ചിട്ട് ‘‘ആണ്ടെ ഉണ്ണ്യേ നീ അസ്സലായി പറഞ്ഞുട്ടാ’’ എന്നൊക്കെ പറയുമ്പോ ഭയങ്കര സന്തോഷമാണ്. ടൂർണമെന്റ് മുതൽ അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ വരെ വരുമ്പോൾ അതിലെല്ലാം ‘മനു’ ഉണ്ട്.  എന്നോട് നജിം ഇക്കയും ആറോസും പറഞ്ഞു ഇതിൽ മനു വേണ്ട, ഇതിൽ ദേവൻ മാത്രം മതി. ഞാൻ കഥ വായിച്ചത് മുതൽ ദേവൻ ആയിട്ടാണ് ജീവിച്ചത്. ലൊക്കേഷനിൽ എന്നെ ആരും മനു എന്ന് വിളിക്കില്ല ദേവേട്ടാ അല്ലെങ്കിൽ ദേവാ അല്ലെങ്കിൽ കുപ്ലേരി  എന്നേ വിളിക്കൂ. നിർമാതാവ്  ഷാജി നടേശനെ ഒരിക്കലും മറക്കാൻ കഴിയില്ല. ഷാജി നടേശൻ ഇല്ലെങ്കിൽ ഞങ്ങളൊന്നും ഇല്ല. അദ്ദേഹം ഞങ്ങൾക്കെല്ലാം ആവശ്യമുള്ള കാര്യങ്ങൾ ചെയ്തു തന്ന് ഈ സീരീസിന്റെ വിജയത്തിനായി ഒപ്പമുണ്ടായിരുന്നു.  

പോർട്ട് ഫോളിയോയിൽ ചേർത്ത് വയ്ക്കാൻ പറ്റുന്ന കഥാപാത്രം 

സീരീസ് എഡിറ്റ് ചെയ്തു കഴിഞ്ഞപ്പോൾ എല്ലാവരും പറഞ്ഞത്രേ നജീം ഇക്കാ, ദേവൻ കുപ്ലേരി വില്ലനാണെങ്കിലും അവൻ മരിക്കണ്ടായിരുന്നു എന്ന്. സീരീസ് കണ്ടിട്ട് പലരും എന്നോട് ചോദിച്ചു എന്തിനാണ് ദേവൻ മരിച്ചത് അയാൾ മരിക്കണ്ടായിരുന്നു.  ദേവൻ കുപ്ലേരി മരിച്ചതിൽ എല്ലാവർക്കും ദുഃഖമാണ്.  സീരീസിൽ ആ എപ്പിസോഡ് വരുമ്പോൾ ഒരു കുളിരാണ്, പാലക്കാടിന്റെ സൗന്ദര്യവും കുളിരും ദേവൻ കുപ്ലേരിയും എല്ലാം കൂടി ആ എപ്പിസോഡ് മികച്ചു നിന്നു എന്നാണ് കേൾക്കുന്നത്. എന്റെ കരിയറിൽ എന്നും ഞാൻ മനസ്സിന്റെ ചില്ലുകൂട്ടിൽ ഇട്ടു വയ്ക്കുന്ന കഥാപാത്രമായിരിക്കും ദേവൻ കുപ്ലേരി.  എന്റെ പോർട്ട് ഫോളിയോയിൽ ചേർത്ത് വയ്ക്കാൻ പറ്റുന്ന ഒരു കഥാപാത്രമാണിത്. നാളെ നാലുപേർക്ക് കാണിച്ചു കൊടുക്കാം, കണ്ടോ ഞാൻ ഇതൊക്കെയാണ് ചെയ്തിരിക്കുന്നത് എന്ന്. എന്റെ ഏറ്റവും പ്രിയപ്പെട്ട വർക്ക് ‘ടൂർണമെന്റ്’ എന്ന സിനിമ തന്നെയാണ്, സിനിമയിലേക്കുള്ള ലോകം തുറന്നു തന്നത് ആ സിനിമയാണ്. ഞാൻ ചെയ്ത സിനിമകളെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. എങ്കിലും എന്റെ ഏറ്റവും വലിയ ഭാഗ്യം നജിം ഇക്ക തന്ന ദേവൻ കുപ്ലേരിയാണ്. എല്ലാറ്റിനും ഉപരി ദൈവം എന്റെ കൂടെയുണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.

najeem

അമ്മയ്ക്കൊരു സമ്മാനം 

1000 ബേബീസ് വരുന്നത് വരെ ഞാൻ സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളൊക്കെ ചെയ്യുകയായിരുന്നു. സംവിധായകരെ വിളിക്കും എഴുത്തുകാരെ വിളിക്കും എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണേ എന്ന് പറയും. ഞാൻ ഒരിക്കലും വെറുതെ ഇരുന്നിട്ടില്ല, ഇടയ്ക്കിടെ സിനിമകൾ കിട്ടും അത് ചെയ്യും, പിന്നെ ഉള്ള സമയത്തെല്ലാം ഞാൻ സിനിമയുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു. ഇതിനിടയിൽ തിക്താനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊക്കെ എന്റെ കല്ലും മുള്ളും നിറഞ്ഞ യാത്രയിലെ തടസങ്ങൾ ആയിട്ടേ ഞാൻ കാണുന്നുള്ളൂ. ലോകം അടഞ്ഞിരിക്കുന്ന കോവിഡ് കാലത്ത് ഞാനും ഇനി എന്ത് എന്നുകരുതി ഇരുന്നിട്ടുണ്ട്. പഠനം കഴിഞ്ഞത് മുതൽ ഞാൻ സിനിമയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ആയിരുന്നു.  

എന്റെ അമ്മ എന്നും എനിക്ക് പിന്തുണയായി ഉണ്ടായിരുന്നു. അമ്മയും ചേച്ചിയും അമ്മൂമ്മയുമാണ് എനിക്കുള്ളത്. സിനിമയുടെ പിന്നാലെ നടന്നാൽ രക്ഷപ്പെടുമോ എന്ന് അമ്മയ്ക്ക് ആശങ്ക ഉണ്ട്. എങ്കിലും നീ വേറെ എന്തെങ്കിലും ചെയ്യൂ എന്ന് അമ്മ ഒരിക്കലും പറഞ്ഞിട്ടില്ല. എന്റെ മനസ്സറിഞ്ഞ് അമ്മ പെരുമാറിയിട്ടുണ്ട്. നമ്മുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കുന്നത് അമ്മയായിരിക്കും, സുഖത്തിലും ദുഃഖത്തിലും എന്ത് വന്നാലും അമ്മ ഇട്ടിട്ട് പോകില്ല. അങ്ങനെ ഒപ്പം നിന്ന അമ്മയ്ക്കുള്ള സമ്മാനമാണ് ദേവൻ കുപ്ലേരി. എന്റെ വീട്ടിൽ ആർക്കും സിനിമയുമായി ബന്ധമില്ല. ഈ പതിനെട്ട് വർഷവും ഞാൻ സിനിമ കൊണ്ടുതന്നെയാണ് ജീവിച്ചത്. ഇടയ്ക്ക് ഞാൻ നിർത്തി വേറെ പണിക്ക് പോയാൽ ഞാൻ കാത്തിരുന്നത് വെറുതെ ആകില്ലേ.  

എന്നോട് ഒന്നുരണ്ടു മാധ്യമപ്രവർത്തകർ ചോദിച്ചു വേറെ വല്ല പണിക്കും പോയിക്കൂടായിരുന്നോ, അല്ലെങ്കിൽ ഇങ്ങനെ ജീവിച്ചു ആത്മഹത്യ ചെയ്യാൻ തോന്നിയില്ലേ എന്ന്. ഞാൻ പറഞ്ഞു, ആത്മഹത്യ ചെയ്‌താൽ എനിക്ക് വേണ്ടി കാത്തിരിക്കുന്ന കഥാപാത്രങ്ങൾ എന്ത് ചെയ്യും. മരണം എന്ന കാര്യം എന്റെ നിഘണ്ടുവിലേ ഇല്ല. ഞാൻ വളരെ ആഗ്രഹിച്ചാണ് സിനിമയിലേക്ക് വന്നത്. അത്രക്ക് കഷ്ടപ്പെട്ടാണ് ടൂർണമെന്റ് എന്ന സിനിമ എന്റെ കയ്യിൽ വന്നത്.  സീരീസ് റിലീസ് ചെയ്തപ്പോൾ ഞാൻ എന്റെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പമിരുന്നാണ് കണ്ടത്. നീ ഈ സ്ലാങ് ഒക്കെ എങ്ങനെ പഠിച്ചു എന്നൊക്കെ അമ്മ ചോദിച്ചു. അമ്മയ്ക്ക് സന്തോഷമായി. പക്ഷേ രണ്ടുപേർക്കും ദേവൻ മരിച്ചുപോയപ്പോൾ സങ്കടമായി. എന്നാലും അവൻ മരിക്കണ്ടായിരുന്നു എന്നാണ് അവർ പറഞ്ഞത്.   

rahman-manu

അങ്ങനെ റഹ്മാൻ സാർ, റഹ്മാൻ ഇക്കയായി

1000 ബേബീസിന്റെ സന്തോഷം പങ്കുവയ്ക്കുമ്പോൾ ഒപ്പം അഭിനയിച്ചവരെ മറക്കാൻ കഴിയില്ല. ദേവൻ കുപ്ലേരിയുടെ വിജയത്തിൽ അവർക്കും പങ്കുണ്ട്. ചെറുപ്പം മുതൽ ഞാൻ ആരാധിക്കുന്ന താരമാണ് റഹ്മാൻ ഇക്ക. അദ്ദേഹവുമായി കോമ്പിനേഷൻ ഇല്ലെങ്കിലും ഞാൻ ഇക്കയുടെ ഷൂട്ട് ഉള്ള ദിവസം സെറ്റിൽ പോകും. അദ്ദേഹത്തിന് ഒഴിവുള്ള സമയത്ത് സംസാരിച്ചിരിക്കും, പാട്ടുപാടും. എന്റെ മനസ്സിൽ റഹ്മാൻ സർ ആയിരുന്ന അദ്ദേഹം എന്റെ ഇക്കയായി മാറി. വളരെ നല്ലൊരു സൗഹൃദംഅദ്ദേഹത്തോട് ഉണ്ടാക്കാൻ കഴിഞ്ഞു. നീന ഗുപ്ത മാമിനെ കാണാൻ കഴിഞ്ഞില്ല എന്നൊരു വിഷമമുണ്ട്, അവരുടെ എപ്പിസോഡ് ഷൂട്ട് ചെയ്യുമ്പോൾ അവിടെ പോയില്ല. 

സഞ്ജു ശിവറാം ചെയ്ത ബിബിൻ വളരെ മനോഹരമായിരുന്നു. ഒരുപാട് ലയറുകളുള്ള ആ കഥാപാത്രം അടിപൊളിയായി സഞ്ജു ചെയ്തു. സഞ്ജുവിന്റെ കരിയറിൽ ഈ കഥാപാത്രം ഒരു ബ്രേക്ക് ആയിരിക്കും. പിന്നെ ദേവൻ കുപ്ലേരിയുടെ ഇടവും വലവും നിന്ന കലേഷും ഉണ്ണിയും. കലേഷ് ആയി അഭിനയിച്ചത് പെരിന്തൽമണ്ണയിൽ ഒരു സ്കൂളിൽ മാഷ് ആയ സുബിൻ ആണ്. അവൻ കരിയറിൽ ചെയ്ത ഏറ്റവും മികച്ച കഥാപാത്രമാണിത്. മറ്റൊന്ന് അക്കു. ഇവർ രണ്ടുപേരും ദേവന്റെ കാര്യങ്ങൾ ശ്രദ്ധിച്ച് ഒപ്പം നടക്കും, മുണ്ടിന്റെ കര ചുളുങ്ങാൻ പോലും അനുവദിക്കില്ല. അവർ നന്നായി അഭിനയിച്ചു. സുബിൻ ആണ് എന്റെ നരച്ച മുടി കറുപ്പിക്കാൻ നിൽക്കുന്നത്, അവനെ എനിക്ക് എപ്പോഴും മിസ് ചെയ്യും.  ഞങ്ങൾ എല്ലാവരും കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു.

വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണം

സീരീസിനും ദേവൻ കുപ്ലേരിക്കും വളരെ നല്ല പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. ഇതിന്റെ കഥ വളരെ ശക്തമാണ്, നമ്മൾ ഒരിക്കലും ചിന്തിക്കാത്ത ഒരു പ്ലോട്ട് ആണ്, നമ്മുടെ ജീവിതത്തിൽ ഇങ്ങനെ ഒക്കെ സംഭവിച്ചാൽ എന്ത് ചെയ്യും. അത്രയ്ക്ക് വ്യത്യസ്തമായ മികച്ച കഥയാണ് ഈ സീരീസിന്റെത്. സീരീസ് ഇറങ്ങിയപ്പോൾ കണ്ടിട്ട് മലയാള സിനിമയിൽ നിന്ന് എന്നെ ഒരുപാട്പേര് വിളിച്ചു. സംവിധായകർ, നടിനടൻമാർ, സിനിമാ നിർമ്മാണ കമ്പനികൾ, നിർമാതാക്കൾ അങ്ങനെ ഒരുപാട്പേര്. സീരീസ് കണ്ടു ഗംഭീരമായിട്ടുണ്ട് എന്നാണ് എല്ലാവരും പറഞ്ഞത്.  ഒരുപാടുപേർ ദേവൻ കുപ്ലേരിയെപ്പറ്റി പറയുന്നുണ്ട്, സീരീസിൽ ഏറ്റവും നല്ല എപ്പിസോഡ് അതാണെന്ന് പറയുന്നുണ്ട്,  ദേവൻ കുപ്ലേരിയുടെ സീൻ എടുത്ത് കുട്ടികൾ സ്റ്റോറി അയയ്ക്കുന്നുണ്ട്, ഇതൊക്കെ ആ കഥാപാത്രം വർക്ക് ആയതിന്റെ തെളിവാണ്. 

സീരീസ് വന്നതിനു ശേഷം ചില പുതിയ പ്രോജക്ടുകളുടെ ചർച്ച നടക്കുന്നുണ്ട്, പുതിയ നല്ല കഥാപാത്രങ്ങൾ എന്നെ തേടി വരുമെന്ന് വിശ്വസിക്കുന്നു.  പക്ഷേ ഇനി ഞാൻ ചെയ്യുന്നത് ദേവൻ കുപ്ലേരിയെ പോലെ ഒരു കഥാപാത്രമായിരിക്കില്ല.  ഒരേതരം കഥാപാത്രങ്ങൾ ചെയ്യുന്നതിനോട് എനിക്ക് താല്പര്യമില്ല. എന്നെ ചാലഞ്ച് ചെയ്യുന്ന തരത്തിലുള്ള വേഷങ്ങൾ ചെയ്യാനാണ് എനിക്ക് ഇഷ്ടം. നല്ല ഒരു സീരീസാണ് 1000 ബേബീസ്, ഒരുപാടുപേരുടെ കഷ്ടപ്പാടിന്റെ ഫലമാണ് ഇത്, കാണാത്തവരെല്ലാം കാണണം, അഭിപ്രായങ്ങൾ അറിയിക്കണം, 1000 ബേബീസും ദേവൻ കുപ്ലേരിയേയും ഏറ്റെടുത്തവരോട് ഒരുപാട് നന്ദിയുണ്ട്.

English Summary:

Exclusive chat with actor Manu M Lal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT