ADVERTISEMENT

സുനിൽ സുഖദയുടെ മുഖച്ഛായയ്ക്കു മാറ്റമില്ല. പക്ഷേ സുഖദയുടെ പ്രതിച്ഛായ മാറ്റിപ്പണിതുകൊണ്ടിരിക്കുകയാണ് തമിഴ് സിനിമ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പോർതൊഴിൽ എന്ന ഹിറ്റ് സിനിമയിലെ സൈക്കോ വില്ലൻ വേഷത്തിലൂടെ മറ്റൊരു സുഖദയെ മലയാളിക്ക് സമ്മാനിച്ചു അവർ. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ വീണ്ടും സുഖദയിലെ നടനെ ഒന്നൊന്നായി പുറത്തെടുത്തുകൊണ്ടിരിക്കുകയാണ് തമിഴ് സിനിമാലോകം. ഇപ്പോൾ തിയറ്ററിലുള്ള ബ്ലഡി ബെഗ്ഗർ എന്ന ചിത്രത്തിലെ മുഴുനീള കഥാപാത്രമായ വില്ലൻ വക്കീലിന്റെ വേഷത്തെക്കുറിച്ചും തമിഴ് അനുഭവത്തെക്കുറിച്ചും സുഖദ ‘പേശുന്നു’.

ബ്ലഡി ബെഗ്ഗറിനുവേണ്ടി തമിഴ് പഠിക്കേണ്ടിവന്നു അല്ലേ

കൃത്യമായി തമിഴ് പറയാൻ പഠിച്ചു. ശിവബാലൻ മുത്തുകുമാറിന്റെ ആദ്യ സിനിമയാണ് ബ്ലഡി ബെഗ്ഗർ. സംവിധായകനുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ കഥ വിശദമായി പറഞ്ഞുതന്നിരുന്നു. തുടർന്ന് ഡയലോഗിന്റെ ഒരു ഭാഗം തന്നു. അസി.ഡയറക്ടർ അതിന്റെ ഉച്ചാരണവും അർഥവുമടക്കം കൃത്യമായി വിശദീകരിച്ചു. പിന്നീട് ഡയലോഗ് സ്വന്തമായി പറഞ്ഞ് വീട്ടിൽവച്ചുത്തന്നെ ആ സീനിന്റെ വിഡിയോ ചെയ്ത് അവർക്ക് അയച്ചുകൊടുത്തു. തമിഴ് അറിയുന്ന എന്റെ സുഹൃത്തുക്കളായിരുന്നു ആ വിഡിയോയിൽ സഹതാരങ്ങളുടെ ഡയലോഗ് പറഞ്ഞത്. അതവർക്ക് ഓക്കെയായി. ഷൂട്ടിങ് ആരംഭിക്കും മുൻപുതന്നെ ഡയലോഗെല്ലാം പഠിച്ചുകഴിഞ്ഞിരുന്നു. സെറ്റിൽ ചെല്ലുന്നതിനു ദിവസങ്ങൾക്കു മുൻപേ ഫോണിലൂടെ അസി.ഡയറക്ടർ ഘട്ടംഘട്ടമായി സീനുകൾ വിശദീകരിച്ചുതന്നു. 

ഫോണിലൂടെ പറഞ്ഞുതരുന്ന ഡയലോഗുകൾ മലയാളത്തിൽ എഴുതിയെടുത്ത് പഠിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഷൂട്ടിങ് ആരംഭിക്കുമ്പോഴേ എന്റെ ഡയലോഗെല്ലാം പെർഫെക്ടായിരുന്നു. അതോടെ ഞാൻ തന്നെ ശബ്ദം കൊടുത്താൽ മതിയെന്നായി. മാങ്ങാത്തൊലി, തള്ള എന്നൊക്കെയുള്ള വളരെ ചുരുക്കം മലയാള വാക്കുകളും സിനിമയിൽ ഉപയോഗിക്കുന്നുണ്ട്. തമിഴർ സംസാരിക്കുന്നതുപോലെ വളരെ ഒഴുക്കുള്ള തമിഴല്ലായിരുന്നു എന്റെത്. അവർക്കു വേണ്ടതും അതുതന്നെയായിരുന്നു. എന്റെ തമിഴിന് ഒരു പ്രത്യേക സുഖം എന്നായിരുന്നു അവരുടെ കമന്റ്. അതുകൊണ്ടുതന്നെ സിനിമയുടെ ട്രെയിലറിലും പല നരേഷനിലും എന്റെ ശബ്ദമാണ് ഉപയോഗിച്ചത്.

തമിഴ് പ്രേക്ഷകരുടെ പ്രതികരണം

പോർതൊഴിലിനുശേഷം അവർ എന്നെ തിരിച്ചറിഞ്ഞുതുടങ്ങി. ഉപരിപ്ലവമായ അഭിനന്ദനമല്ല അവരുടെത്. വളരെ സാധാരണക്കാർക്കുപോലും സിനിമയെക്കുറിച്ച്  ആഴത്തിലുള്ള അഭിപ്രായമുണ്ട്. കലാകാരന്മാരോട് വളരെ ബഹുമാനമുള്ളവരാണ് അന്നാട്ടുകാർ.

suni2l

മലയാളത്തിൽ മിക്കപ്പോഴും കോമഡി റോളിലായിരുന്നല്ലോ. തമിഴിലെ ബ്രേക്കിനെക്കുറിച്ച്

സംവിധായകന്റെ കലയാണല്ലോ സിനിമ. ഓരോ സംവിധായകനും നമ്മെ വ്യത്യസ്തരീതിയിൽ പരുവപ്പെടുത്തുന്നു. എന്റെ ഫോട്ടോ കണ്ടാണ് പോർതൊഴിൽ സിനിമയുടെ സംവിധായകൻ വിഗ്നേഷ് രാജ ചിത്രത്തിലേക്ക് ക്ഷണിച്ചത്. പിന്നീടാണ് ഞാൻ അഭിനയിച്ച മലയാളം സിനിമകൾ അദ്ദേഹം കാണുന്നത്.  എന്നിട്ട് അദ്ദേഹം പറഞ്ഞു നിങ്ങൾ കൂടുതലായും കോമഡിയാണല്ലോ ചെയ്തിരിക്കുന്നതെന്ന്. പക്ഷ പോർതൊഴിലിലെ വില്ലനിലേക്ക് അദ്ദേഹമെന്നെ  മാറ്റിയെടുത്തു. മലയാളിക്ക് അതൊരു പുതിയ അനുഭവമായി.

പുതിയ തമിഴ് പ്രോജക്റ്റുകൾ

മൂന്നെണ്ണം ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ആർപിഎം എന്ന സിനിമയിൽ അവയവക്കച്ചവടക്കാരന്റെ റോളിലാണ്. ഈ ചിത്രത്തിൽ ആക്​ഷൻ രംഗങ്ങളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞപ്പോഴാണ് സ്റ്റണ്ട് ചെയ്യാനും പറ്റുമെന്ന് എനിക്കുതന്നെ ബോധ്യപ്പെട്ടത്. മൈ ഡിയർ സിസ്റ്റർ എന്ന അടുത്ത ചിത്രത്തിൽ തമിഴ് ഗ്രാമങ്ങളിൽ സ്ഥിരം കാണുന്ന, കപ്പടാ മീശയൊക്കെയുള്ള പരമ്പരാഗത ഗ്രാമമുഖ്യന്റെ വേഷത്തിലാണ്. മദ്രാസ് മാറ്റിനിയെന്ന ചിത്രത്തിൽ സർക്കാർ ഉദ്യോഗസ്ഥന്റെ റോളിലും.

sunil

തമിഴിലെ ആദ്യ സിനിമ

13 വർഷം മുൻപാണ് ആദ്യ തമിഴ് സിനിമ. സമുദ്രക്കനി സംവിധാനം ചെയ്ത പോരാളി. തൃശൂർ സ്വദേശിയായ വിശ്വൻ ആയിരുന്നു അതിന്റെ അസോഷ്യേറ്റ് ഡയറക്ടർ. വിശ്വനാണ് ആ സിനിമയിലേക്ക് കൊണ്ടുവന്നത്. മാനസിക പ്രശ്നമുള്ള മലയാളി പ്രഫസറായാണ് വേഷമിട്ടത്. തൃശൂർ മാനസിക രോഗാശുപത്രിയിലും കേരളത്തിലെ പലയിടങ്ങളിലും അതിന്റെ ഷൂട്ടിങ് നടന്നു.

∙ 2010 ൽ ബെസ്റ്റ് ആക്ടർ എന്ന സിനിമയിലൂടെയാണ് തൃശൂർക്കാരൻ സുനിൽ സുഖദ സിനിമയിൽ എത്തുന്നത്. 14 വർഷത്തിനിടെ 150 ഓളം സിനിമകളിൽ അഭിനയിച്ചു. ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മരണമാസ് ആണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന മലയാളസിനിമ. നാടകത്തിലൂടെ സിനിമയിലെത്തിയ സുനിൽ അന്നും ഇന്നും ഒരുപോലെയാണ്. 20 വർഷം മുൻപ് നാടകം കാണുന്നതിനും റിഹേഴ്സലിനുമെല്ലാം സുനിൽ എത്തിയിരുന്നത് സൈക്കിളിലാണ്. കഴിഞ്ഞ ദിവസവും ഒരു നാടകത്തിൽ അഭിനയിക്കാനെത്തിയത് ഗിയറുള്ള സൈക്കിളിൽ. വാഹനത്തിന് മാറ്റമില്ല, സഞ്ചാരിക്കും. എന്നാൽ ഒരു വ്യാഴവട്ടത്തോളം ഏകദേശം ഒരേ ഗിയറിലായിരുന്നു സുഖദയെന്ന നടന്റെ യാത്ര. പക്ഷേ 2 വർഷം മുൻപ് നാടിന്റെ അതിർത്തി കടന്നതോടെ അഭിനയത്തിന്റെ അതിർത്തി മറ്റൊരു ഗിയറിലേക്ക് മാറുകയാണ്.

∙ തിയറ്റർ ഫ്ലാഷ് ബാക്ക്

ദീപൻ ശിവരാമൻ സംവിധാനം ചെയ്ത സ്പൈനൽ കോഡ് എന്ന നാടകം എറണാകുളത്ത് അരങ്ങേറുന്നത്  2009ൽ. നാടകം കണ്ട സിനിമാ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്, സുഖദയെ നേരെ വിളിച്ചുകൊണ്ടുപോയി തന്റെ സിനിമയിലേക്ക് - അങ്ങനെ ബെസ്‌റ്റ് ആക്‌ടർ എന്ന സിനിമയിലൂടെ സുഖദയെന്ന തൃശൂർക്കാരൻ സിനിമാനടനായി.

അതിനുശേഷം സോൾട്ട് ആൻഡ് പെപ്പറിൽ അഭിനയിച്ചെങ്കിലും സമീർ താഹിറിന്റെ ചാപ്പാ കുരിശാണ് ഈ നടനെ പോപ്പുലറാക്കിയത്. വാരികയുടെ പരസ്യചിത്രം ഹിറ്റായതിലൂടെയാണ് ചാപ്പാ കുരിശിലേക്കുള്ള വരവ്. അതിലെ സൂപ്പർ മാർക്കറ്റ് മാനേജരുടെ തൃശൂരിയൻ ടച്ച് വ്യത്യസ‌്തമായി. പിന്നീട് ഇതുവരെയുള്ള നീണ്ട കാലയളവിൽ നടന്റെ റോളല്ലാതെ സഹസംവിധായകന്റെയും ഷോർട് ഫിലിം സംവിധായകന്റെയും വേഷത്തിലുമെത്തി.

∙ കേരളവർമ, ബറോഡ, മുംബൈ, ഗൾഫ്

തൃശൂർ കേരളവർമ കോളജിലെ ബിരുദപഠനത്തിനുശേഷം നേരെ പോയത് ബറോഡയിലേക്ക്, തൊഴിൽതേടി. ആദ്യം കിട്ടിയ ജോലി ഫൈവ് സ്‌റ്റാർ ഹ‌ോട്ടലിൽ. അവിടെനിന്ന് വൈകാതെ മുംബൈയിലേക്ക്. അവിടെ നസിറുദ്ദീൻ ഷായും രജത് കപൂറും അടക്കമുള്ളവരുടെ നാടകാഭിനയം കണ്ട് ഇടയ്ക്കിടെ ലീവെവെടുത്ത് നാട്ടിലെത്തി അഭിനയരംഗത്തേക്ക്. തൃശൂരിന്റെ നാടകപരിസരവും വയലാ വാസുദേവൻ പിള്ളയും രംഗചേതനയും സൺഡേ തിയറ്ററും ഒഴിവാക്കാൻ കഴിയില്ലെന്നു മനസ്സിലായപ്പോൾ മുംബൈ ജോലിയോടു സ്ഥിരമായി ലീവ് പറഞ്ഞു. നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നുള്ള കെ.കെ.രാജന്റെ ഷറമീ നീ എവിടെ പോകുന്നു എന്ന നാടകത്തിലൂടെ വെളിപാടായി സ്വന്തം തട്ടകത്തെ തിരിച്ചറിയുന്നു. അഭിനയത്തിൽനിന്ന് എവിടെയും പോകുന്നില്ലെന്ന് അതോടെ തീരുമാനിച്ചു. ഇടക്കാലത്ത് ഗൾഫിലേക്ക് പോയെങ്കിലും അവിടെയും ആദ്യം തിരഞ്ഞത് നാടകവും അഭിനയവുമായിരുന്നു. അതോടെ അവിടെനിന്നും മടക്കം.

∙ ലെനിനിന്റെ അസിസ്‌റ്റന്റ്

ലെനിൻ രാജേന്ദ്രന്റെ രാത്രിമഴയിലും മകരമഞ്ഞിലും സഹസംവിധായകനായി. അനവധി ഷോർട് ഫിലിമുകൾ നിർമിച്ചു. കെ.വി.ഗണേഷിന്റെയും ഇ.ടി.വർഗീസിന്റെയും നേതൃത്വത്തിൽ രംഗചേതനയുടെ ബാനറിൽ കൊറിയയിലെ ബുസാൻ ഫെസ്‌റ്റിവലിൽ 'കുചേലഗാഥ’ ഒരുക്കി. പിന്നീട് എങ്ങനെയും സമയമുണ്ടാക്കി നാടകത്തിന്റെ അരങ്ങ് ശക്തമായി നിലനിർത്തിക്കൊണ്ടിരുന്നു, ഒപ്പം സിനിമയിലും സജീവം.

∙ രഞ്ജിത്തും സുഖദയും

തിയറ്റർ മേഖലയിൽ സുനിലുമാർ ഒരുപാടുണ്ടായപ്പോൾ ഈ സുനിൽ അങ്ങനെ വെറും സുനിലായി നിൽക്കേണ്ടവനല്ലെന്ന് ആദ്യം തോന്നിയത് തളിക്കുളത്തെ നാടകസംവിധായകൻ ഐ.ഡി.രഞ്ജിത്തിനാണ്. അദ്ദേഹത്തിന്റെ പല നാടകങ്ങളിലും വസ്ത്രാലങ്കാരം സുഖദയായിരുന്നു. പൂത്തോളിലെ വീടിന് അച്ഛനിട്ട പേരാണ് സുഖദയെന്ന് – സുഖകരം, സുഖദായകം.

ആ പേര് സുനിലിനൊപ്പം ചേർത്തുവച്ചത് രഞ്ജിത്തും. ഓരോ നാടകവും സിനിമയും ചെയ്തുതീരുമ്പോഴും ആതിനു പിന്നിലെ വിയർപ്പിനും അധ്വാനത്തിനുമുണ്ടൊരു ‘സുഖദ’ – സുനിൽ സുഖദ. സിനിമാ തിരക്കിനിടയിലും നാടകത്തെ കൈവിടുന്നില്ല സുഖദ. എസ്.പി. ശ്രീകുമാറുമൊത്ത്  5 വർഷം മുൻപ് ചെയ്ത ടാർസൻ എന്ന നാടകവുമായി വീണ്ടും അരങ്ങിൽ വരാനൊരുങ്ങുകയാണ് സുഖദ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com