ADVERTISEMENT

സൂക്ഷ്മമായി ചുറ്റുവട്ടം നിരീക്ഷിക്കുന്ന മിടുക്കിയായ വീട്ടമ്മയുടെയും തന്ത്രശാലിയായ അയൽവാസിയുടെയും ത്രില്ലിങ് ആയ കഥ പറയുന്ന സൂക്ഷ്മദർശിനി നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകരും സൂക്ഷ്മമായി ചർച്ച ചെയ്യുകയാണ്. പ്രിയദർശിനിയുടെയും മാനുവലിന്റെയും വീടും പരിസരങ്ങളും പറമ്പിലെ വേപ്പുമരവും പുറപ്പുരത്തെ ഉടുമ്പു വരെ നിറയുന്ന ഈ ചർച്ചകളിലേക്ക് കൗതുകമുണർത്തുന്ന വിവരങ്ങളുമായെത്തുകയാണ് ചിത്രത്തിന്റെ കലാസംവിധായകനായ വിനോദ് രവീന്ദ്രൻ. ഒറിജിനൽ എന്നു തോന്നിച്ച പലതും വിനോദിന്റെയും സംഘത്തിന്റെയും കരവിരുതിൽ സൃഷ്ടിക്കപ്പെട്ടതാണ്. അതിരൻ, പ്രേമലു, കൊണ്ടൽ, മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനിങ്ങിലൂടെ ശ്രദ്ധ നേടിയ വിനോദ് രവീന്ദ്രൻ സൂക്ഷ്മദർശിനിയുടെ വിശേഷങ്ങളുമായി മനോരമ ഓൺലൈനിൽ.   

വീടു കിട്ടാൻ പത്രപ്പരസ്യം

മാനുവലിന്റെയും പ്രിയദര്‍ശിനിയുടെയും വീടുകളാണ് പ്രധാന ലൊക്കേഷൻ. അതു കിട്ടാനായിരുന്നു പ്രയാസം. പത്രത്തിൽ പരസ്യം ചെയ്താണ് ഒടുവിൽ അതു കണ്ടെത്തിയത്. ആ സമയത്ത് ഞാൻ പ്രൊജക്ടിൽ ജോയിൻ ചെയ്തിട്ടില്ല. കൊണ്ടൽ സിനിമയുടെ വർക്കിലായിരുന്നു. വളരെ വൈകിയാണ് ഞാൻ ഈ സിനിമയിലെത്തുന്നത്. കോലഞ്ചേരിയിൽ കണ്ടെത്തിയ വീടുകൾ സിനിമയ്ക്ക് ഏകദേശം ഓകെ ആയിരുന്നു. പക്ഷേ, ചില കൂട്ടിച്ചേർക്കലുകൾ വേണ്ടി വന്നു. പ്രിയയുടെ വീട്ടിൽ നിന്ന് മാനുവലിന്റെ വീട്ടിലേക്കു നോക്കുന്ന ഒരു ജനലും അവിടെയൊരു അടുക്കളയും വേണമായിരുന്നു. പ്രിയയുടെ വീടായി കണ്ടെത്തിയത് സത്യത്തിൽ ചെറിയൊരു വീടായിരുന്നു. അവിടെ അടുക്കളയും സിനിമയ്ക്ക് ആവശ്യമായ ചില കാര്യങ്ങളും സെറ്റിട്ട് എടുക്കുകയായിരുന്നു. 

sookshmadarshini-house
സിനിമയിലെ പ്രിയദർശിനിയുടെ വീട് (Special Arrangement)

കോലഞ്ചേരിയിലെ ‘രാമോജി ഫിലിം സിറ്റി’

ആ രണ്ടു വീടുകൾ ചേട്ടൻ–അനിയന്മാരുടെ വസ്തു ആണ്. ആ രണ്ടു വീടുകൾക്കിടയിൽ ചെറിയ മതിലൊന്നും ഉണ്ടായിരുന്നില്ല. അതു ഉണ്ടാക്കി. പ്രിയദർശിനിക്ക് എളുപ്പത്തിൽ എടുത്തു ചാടാൻ കഴിയുന്ന ഉയരത്തിലാണ് അതു ചെയ്തത്. എങ്കിലല്ലേ അതു വിശ്വസനീയമായി തോന്നുകയുള്ളൂ. അതുപോലെ മാനുവലിന്റെ വീട്ടിൽ പ്രിയദർശിനി കയറുന്ന ആ ഗ്രില്ലും പ്രത്യേകം ചെയ്തെടുത്തതാണ്. നസ്രിയയെപ്പോലുള്ള ഒരാൾക്ക് അങ്ങനെ കയറാൻ പറ്റുമെന്നു വിശ്വാസം തോന്നിപ്പിക്കണമല്ലോ. പ്രേക്ഷകർക്ക് വിശ്വാസം വരികയും വേണം, ആർടിസ്റ്റിന് വലിയ ടെൻഷനില്ലാതെ കയറാനും പറ്റണം. അതായിരുന്നു ഞങ്ങളുടെ ചലഞ്ച്. പിന്നെ, വീടിന്റെ മുൻഭാഗത്ത് ചില കൂട്ടിച്ചേർക്കലുകൾ വരുത്തി. ഗേറ്റ് അടക്കം പുതുതായി ചെയ്തെടുത്തു. ചുരുക്കത്തിൽ, ആ രണ്ടു വീടുകളും അതിന്റെ പരിസരങ്ങളും ഞങ്ങൾ രാമോജി ഫിലിം സിറ്റിയാക്കി! 

ട്രെൻഡായ കളർഫുൾ ജനാല

പ്രിയദർശിനി അടുക്കളയിൽ നിന്ന് ജനാലയിലൂടെ എത്തിനോക്കുന്നു എന്നു മാത്രമാണ് തിരക്കഥയിൽ ഉണ്ടായിരുന്നത്. ഞാൻ ഈ പ്രൊജക്ടിൽ വന്നതിനു ശേഷമാണ് ആ ജനാലയുടെ ആകൃതിയും നിറവുമെല്ലാം ഇപ്പോൾ സിനിമയിൽ കാണുന്ന രീതിയിൽ ആയത്. കഥാപാത്രത്തിന്റെ കണ്ണിന്റെ സൈസിൽ ജനാലയുടെ നടുവിൽ വൃത്താകൃതിയിലുള്ള ദ്വാരം ഡിസൈൻ ചെയ്തു. ആദ്യം ആ ദ്വാരം അൽപം വലുതായിരുന്നു. പിന്നീട്, അതു ചെറുതാക്കി. അടുക്കള പൂർണമായും സെറ്റാണ്. ആ വീട്ടിൽ താമസിച്ചിരുന്നവരെ രണ്ടു മാസത്തേക്ക് വേറെ വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. ഒരു മാസത്തോളം സെറ്റ് വർക്കിന് വേണ്ടി വന്നു. ഈ രണ്ടു വീടുകൾക്കും ഇടയിലുള്ള മതിലിന് അടുത്തുള്ള കറിവേപ്പിലയുടെ മരവും അവിടെ കൊണ്ടു വന്നു വച്ചതാണ്. അത് അവിടെ ഉണ്ടായിരുന്നില്ല. ബേസിലും അയൽവാസികളും ഇരുന്ന് കള്ളുകുടിക്കുന്ന ചായ്പ്പ്, ബേസിലിന്റെ പറമ്പിൽ കാണുന്ന വെട്ടുകല്ലുകൊണ്ടുള്ള പടികളൊക്കെ സിനിമയ്ക്കു വേണ്ടി ചെയ്തതാണ്. 

sookshmadarshini-nasriya-window
സിനിമയിൽ കാണിക്കുന്ന അടുക്കളയിലെ ജനലും അതിന്റെ സെറ്റ് വർക്കും (Photo: Special Arrangement)

ഉടുമ്പ് ഗ്രാഫിക്സ് അല്ല

സിനിമയിൽ കാണിക്കുന്ന ഉടുമ്പ് സി.ജി അല്ല. സിനിമയ്ക്കു വേണ്ടി ഉടുമ്പിനെ ഉണ്ടാക്കിയെടുത്തു. ഉടുമ്പിന്റെ അനക്കങ്ങൾ ഗ്രാഫിക്സിൽ ചെയ്തെടുത്തതാണ്. ഓടിനു മുകളിൽ ഇരിക്കുന്നതായി കാണിക്കുന്നതും മാനുവൽ പിടിച്ചു കൊണ്ടു പോകുന്നതായി കാണിക്കുന്നതും ഞാൻ ഉണ്ടാക്കിയെടുത്ത ഉടുമ്പാണ്. സിലിക്കൺ ഉപയോഗിച്ചാണ് ഉടുമ്പിനെ ഉണ്ടാക്കിയെടുത്തത്. ആദ്യം കളിമണ്ണിൽ ഒരു മോഡലുണ്ടാക്കി. പിന്നെ, അതിന്റെ സിലിക്കൺ കോപ്പി എടുക്കുകയായിരുന്നു.  

sookshmadarshini-location-udumbu
സിനിമയിൽ കാണിക്കുന്ന ഉടുമ്പ് (Photo: Special Arrangement)

വീട് ഡബിളാ, ഡബിള്! 

മാനുവലിന്റെ വീടായി കാണിക്കുന്നത് സത്യത്തിൽ രണ്ടു വീടുകളാണ്. പുറംഭാഗം ഒരു വീടും ഇന്റീരിയർ കാണിക്കുന്നത് മറ്റൊരു വീടുമാണ്. അതു കൃത്യമായി മാച്ച് ചെയ്തെടുത്തു. വീടിന്റെ അകത്തേക്ക് കയറി വരുന്നതിന്റെ ദിശ അനുസരിച്ച് ഇന്റീരിയർ കാണിക്കുന്ന വീട്ടിൽ ചില മാറ്റങ്ങൾ വരുത്തി. ഇന്റീരിയറിൽ നല്ലവണ്ണം വർക്ക് ചെയ്തു. ജനലിന്റെ ഗ്രിൽ വരെ മാറ്റി സ്ഥാപിച്ചു. അമ്മച്ചിയെ രാത്രിയിൽ ജനാലയ്ക്കരികിൽ കാണുന്നുണ്ടല്ലോ. അതുകൊണ്ടാണ് ജനാലിന്റെ ഗ്രിൽ വരെ മാച്ച് ചെയ്ത് മാറ്റി വച്ചത്. പുത്തൻകുരിശ് എന്ന സ്ഥലത്തുള്ള വീടിന്റെ ഉൾഭാഗമാണ് സിനിമയിൽ ഉപയോഗിച്ചത്. തറയിലെ മൊസൈക് സ്റ്റിക്കർ അടിച്ചതാണ്. നടുവിലെ പില്ലർ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. അതെല്ലാം പ്രത്യേകം സെറ്റിട്ടു. 

സെറ്റിലെ ട്രബിൾ ഷൂട്ടർ

ഓരോ പ്രോപ്പർട്ടിയും അതിന്റെ സ്ഥാനവും കൃത്യമായി പ്ലാൻ ചെയ്തിരുന്നു. ആദ്യം അടുക്കളയിൽ ഒരു സ്റ്റൂളിൽ കയറി നിന്ന് ജനലിലൂടെ പ്രിയദർശിനി നോക്കുന്നതായിട്ടാണ് പ്ലാൻ ചെയ്തത്. അവസാനം സ്റ്റൂൾ വേണ്ടെന്നു വച്ചു. പ്രിയദർശിനിയുടെയും മാനുവലിന്റെയും വീടിന്റെ ചുറ്റുവട്ടത്ത് കാണിക്കുന്ന വീടുകളിലും ഇതുപോലെ ചില മാറ്റങ്ങൾ സിനിമയ്ക്കു വേണ്ടി വരുത്തിയിട്ടുണ്ട്. മാനുവലിന്റെ പുതിയ ബേക്കറി തുടങ്ങുന്ന സൈറ്റായി കാണിച്ചിരിക്കുന്നത് പഴയൊരു ഫിഷ് മാർക്കറ്റാണ്. അവിടെയാണ് അതു സെറ്റിട്ടത്. സംവിധായകൻ എം.സി ജിതിന് നല്ല ക്ലാരിറ്റി ഉണ്ടായിരുന്നു. എന്തു വേണമെന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകിയിരുന്നു. അതു കാര്യങ്ങൾ എളുപ്പമാക്കി. ഒന്നിലും ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല. സെറ്റിൽ എപ്പോഴും സമീർ താഹിർ ഉണ്ടാകും. എന്തേലും കൺഫ്യൂഷൻസ് വരുമ്പോൾ സമീറിക്കയെ ആണ് വിളിക്കുക. അദ്ദേഹം വരുമ്പോൾ എല്ലാം ക്ലിയർ ആകും. അദ്ദേഹം വേറെ ലെവൽ മനുഷ്യനാണ്.   

sookshmadarshini-location-bakery

തിരിച്ചറിയുന്നതിൽ സന്തോഷം

സിനിമയിൽ നമ്മൾ വളരെ ആവേശത്തോടെ ചെയ്യുന്ന ചില പണികൾ പ്രേക്ഷകർ തിരിച്ചറിയുന്നത് സന്തോഷമുള്ള കാര്യമാണ്. പ്രേക്ഷകർ ഇതെല്ലാം കൃത്യമായി നീരിക്ഷിക്കുന്നുണ്ടെന്ന് മനസ്സിലാകുമ്പോൾ വർക്ക് ചെയ്യാനുള്ള ആവേശം കൂടും. ചെയ്യുമ്പോൾ വരുന്ന ചെറിയ പിഴവുകൾ വട്ടമിട്ടു പിടിക്കുന്ന വിരുതന്മാർ വരെയുണ്ട്. സെറ്റിലെ വർക്ക് ചെയ്യുമ്പോൾ അക്കാര്യം ഞങ്ങളും പറയാറുണ്ട്. ഞാൻ ചെയ്ത പല വർക്കുകളും സത്യത്തിൽ പ്രേക്ഷകർക്ക് അതു സെറ്റാണെന്നു മനസ്സിലായിട്ടില്ല എന്നു തോന്നാറുണ്ട്. സൂക്ഷ്മദർശിനിയിലെ കഥ നടക്കുന്ന ആ അടുക്കള പരിസരം സെറ്റാണെന്ന് ഞാൻ ഇൻസ്റ്റയിൽ വിഡിയോ ഇട്ടപ്പോഴാണ് പലരും തിരിച്ചറിഞ്ഞതു തന്നെ. കൊണ്ടൽ എന്ന സിനിമയ്ക്കു വേണ്ടി ഒരു ബോട്ട് സെറ്റിട്ടിരുന്നു. പക്ഷേ, പലരും കരുതിയത് അത് ഒറിജിനൽ ബോട്ടാണ് എന്നാണ്. 

ആനിമേഷനിൽ തുടക്കം

കൊല്ലം രവിവർമ കോളേജിൽ നിന്നു ഫൈൻ ആർട്സിൽ ബിരുദം നേടിയതിനു ശേഷം സി–ഡിറ്റിൽ നിന്ന് ആനിമേഷനിൽ ഡിപ്ലോമ നേടി. ആനിമേഷൻ കോഴ്സിന്റെ സി–ഡിറ്റിലെ ആദ്യ ബാച്ചായിരുന്നു അത്. എൻഐഡിയിലെ സിലബസാണ് ഞങ്ങൾ പഠിച്ചത്. ഇന്ത്യയിലെ ആനിമേഷന്റെ പിതാവ് എന്നറിയപ്പെടുന്ന റാം മോഹൻ സർ, പ്രകാശ് മൂർത്തി സർ ഇവരൊക്കെയായിരുന്നു ഞങ്ങളുടെ അധ്യാപകർ. ഇവരുടെ കീഴിലെ പഠനം മികച്ച തുടക്കം നൽകി. സി–ഡിറ്റിൽ അവസാന വർഷം പ്രൊജക്ടായി ഞാൻ ചെയ്ത ആനിമേഷൻ ചിത്രം 'ഷാഡോ ഓഫ് ലൈറ്റ്' ലിസ്ബണിൽ നടന്ന 'അവാൻക' ചലച്ചിത്രമേളയിൽ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരം നേടി. 2004ലായിരുന്നു അത്. ഈ മേഖലയിൽ ശ്രദ്ധിക്കപ്പെടാൻ ആ പുരസ്കാരം സഹായിച്ചു. അതിനുശേഷം ലണ്ടനിൽ പോയി. അവിടെ ആനിമേറ്ററായി അഞ്ചു വർഷത്തോളം ജോലി ചെയ്തു. പിന്നീട് ചെന്നൈയിൽ എത്തി.

ടോളിവുഡിൽ തുടങ്ങി ബോളിവുഡിലേക്ക് 

ചിരഞ്ജീവിയുടെ തെലുങ്കു ചിത്രം ആഞ്ചി എന്ന ചിത്രത്തിൽ ആനിമേഷൻ ചെയ്താണ് സിനിമയിലെത്തുന്നത്. അതിനുശേഷം 'അന്യൻ' എന്ന സിനിമയിൽ വിഷ്വലൈസർ ആയി പ്രവർത്തിച്ചു. അഴിമതി നടത്തുന്നവരെ ജനങ്ങൾക്ക് ചൂണ്ടിക്കാട്ടാൻ വേദിയൊരുക്കുന്ന ഒരു വെബ്സൈറ്റൊക്കെ സിനിമയിൽ കാണിക്കുന്നില്ലേ. അതിന്റെയൊക്കെ വിഷ്വലൈസിങ് ജോലികളിലായിരുന്നു ഞാൻ. ആ സിനിമയിൽ നിന്നാണ് സാബു സിറിളിനെ പരിചയപ്പെടുന്നത്. ബാഹുബലിയുടെ വിഷ്വൽ സൂപ്പർവൈസറായിരുന്ന ശ്രീനിവാസ് മോഹൻ സാറാണ് എന്നെ സാബു സിറിളിന് പരിചയപ്പെടുത്തുന്നത്. ആ പരിചയം ബോളിവുഡിൽ പ്രവർത്തിക്കാൻ അവസരമൊരുക്കി. 'രാ.വൺ' എന്ന ഷാരൂഖ് ഖാന്റെ ചിത്രത്തിൽ ആർട് അസിസ്റ്റന്റ് ആയിരുന്നു. സാബു സാറിനായി സ്കെച്ചുകൾ തയാറാക്കുകയായിരുന്നു എന്റെ പ്രധാന ജോലി. അതിലൂടെയാണ് ആനിമേഷൻ രംഗത്തു നിന്ന് സിനിമയുടെ കലാസംവിധാന രംഗത്തേക്ക് ഞാൻ ചുവടു മാറ്റുന്നത്. മലയാളത്തിൽ ആദ്യം ചെയ്യുന്നത് അതിരൻ ആണ്. പ്രേമലു, കൊണ്ടൽ, മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്നീ സിനിമകൾക്കു വേണ്ടിയും കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. 

English Summary:

Exclusive interview of Sookshma Darshini Art Director Vinod Raveendran

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com