2022ൽ നസ്രിയയോട് കഥ പറഞ്ഞു, ആദ്യ പ്രതികരണം തന്നെ രസമായിരുന്നു: എം.സി. ജിതിൻ അഭിമുഖം

Mail This Article
ബേസില്‍ ജോസഫ്, നസ്രിയ നസിം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എം.സി. ജിതിന്‍ സംവിധാനം ചെയ്ത ചിത്രമാണ് സൂക്ഷ്മദർശിനി. നോണ്‍സെന്‍സ് എന്ന ആദ്യചിത്രത്തിനു ശേഷം എം സി ചെയ്ത ചിത്രം പ്രിയദര്‍ശിനി എന്ന വീട്ടമ്മയുടെയും അയല്‍വാസിയായ മാനുവലിന്റെയും കഥയാണ് പറയുന്നത്. സ്ത്രീകേന്ദ്രീകൃത സിനിമകൾ ചെയ്യാൻ മലയാള സിനിമ മേഖല ഇന്നും വൈമുഖ്യം കാണിക്കാറുണ്ടെന്നാണ് എംസി പറയുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി നസ്രിയയുടെ പേര് നിർദേശിച്ചത് നിർമ്മാതാക്കളിൽ ഒരാളായ സമീർ താഹിർ ആയിരുന്നു. നസ്രിയയോട് കഥ പറഞ്ഞപ്പോൾ തന്നെ നസ്രിയയുടെ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നുവെന്ന് എംസി പറയുന്നു. സൂക്ഷ്മദർശിനിയുടെ വിജയത്തോടെ മലയാള സിനിമ കൂടുതൽ സ്ത്രീകേന്ദ്രീകൃത സിനിമകൾ ചെയ്യുന്ന മനോഭാവത്തിലേക്കെത്തട്ടെ എന്ന പ്രത്യാശയും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ എംസി പ്രകടിപ്പിച്ചു.
മലയാള സിനിമാമേഖല ഇനിയും മാറാനുണ്ട്
നസ്രിയയ്ക്കു വേണ്ടി എഴുതിയ കഥയല്ല സൂക്ഷ്മദര്‍ശിനി. ഒരു സിനിമ ചെയ്യണമായിരുന്നു, അപ്പോഴാണ് ഇങ്ങനെ ഒരു കഥയുടെ ത്രെഡ് മനസ്സിൽ വന്നത്. സത്യൻ അന്തിക്കാട് സിനിമ പോലെ ഒരു സിനിമയിൽ ഹിച്ച്കോക്കിയൻ മിസ്റ്ററി പറയുകയായിരുന്നു ലക്‌ഷ്യം. കഥ മനസ്സിലെത്തിയപ്പോൾ പല താരങ്ങളെയും നോക്കി ഒന്നും നടന്നില്ല. സ്ത്രീകേന്ദ്രീകൃത സിനിമ ചെയ്യുമ്പോൾ ലീഡ് റോൾ ചെയ്യുന്നത് ഒരു സ്ത്രീ ആയിരിക്കുമല്ലോ. നമ്മുടെ സിനിമാ മേഖല സ്ത്രീകളെ പ്രധാന താരമാക്കാൻ ഇപ്പോഴും താൽപര്യപ്പെടുന്നില്ല. അത്തരമൊരു സിനിമ നമ്മുടെ ഇൻഡസ്ട്രിയിൽ ചെയ്തെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. പ്രാധാന്യമുള്ള പുരുഷൻ കൂടി വന്നാലേ സിനിമ ചെയ്യാൻ പറ്റൂ എന്ന സ്ഥിതിയാണ് വരുന്നത്. അല്ലെങ്കിൽ നമ്മുടെ ഇൻഡസ്ട്രിയിൽ ഒന്നും ചെയ്യാൻ പറ്റില്ല. കഥ പറയുമ്പോൾ എല്ലാവർക്കും ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ ഫീമെയിൽ ലീഡ് എന്നുള്ളത് ആർക്കും ദഹിക്കുന്നില്ല. ഒടുവിൽ സമീർ താഹിർ സാറിന്റെ അടുത്ത് കഥയുമായി എത്തി. അദ്ദേഹമാണ് നസ്രിയ എന്ന ഓപ്‌ഷൻ പറഞ്ഞത്. അപ്പോഴാണ് നസ്രിയ, പ്രിയദർശിനി ആയാൽ നന്നാകും എന്ന് എന്റെ മനസിലും തോന്നിയത്.
കഥ കേട്ടപ്പോൾ നസ്രിയയുടെ പ്രതികരണം
2022ൽ ആണ് നസ്രിയയോട് കഥ പറയുന്നത്. കഥ കേട്ടപ്പോൾ തന്നെ നസ്രിയയ്ക്ക് ഇഷ്ടമായി. ഇത് നസ്രിയയ്ക്ക് തന്നെ ചെയ്യണം എന്ന് പറഞ്ഞു. കഥ ഞാൻ പറയുമ്പോൾ നസ്രിയയുടെ പ്രതികരണം കാണാൻ തന്നെ രസമായിരുന്നു, കഥ കേൾക്കുന്ന ഓരോ പത്തുമിനിറ്റിലും ഒരു വൗ ഫാക്ടർ നസ്രിയയിൽ ഉണ്ടായിരുന്നു. അങ്ങനെ നസ്രിയ സിനിമ ഏറ്റെടുത്തു. നസ്രിയയെപ്പോലെ ഒരു ആർട്ടിസ്റ്റ് വന്നതുകൊണ്ടാണ് ഈ സിനിമ ചെയ്യാൻ കഴിഞ്ഞത്. പ്രിയദർശിനിയെ നസ്രിയ മനസ്സുകൊണ്ടാണ് ഏറ്റെടുത്തത്. നസ്രിയ ഞാൻ പ്രതീക്ഷിച്ചതിനും അപ്പുറമായി ആ കഥാപാത്രത്തെ അവതരിപ്പിച്ചു. ഒപ്പം വന്ന അഖില, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, ജയാ കുറുപ്പ് തുടങ്ങിയവരും ചേർന്ന് സിനിമ കൊഴുപ്പിച്ചു. സിനിമയുടെ ചര്‍ച്ച നടക്കുമ്പോള്‍ തന്നെ ഇതു സ്ത്രീ കഥാപാത്രങ്ങളുടെ വീക്ഷണകോണില്‍ പറയണമെന്നും എല്ലാ സ്ത്രീ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം ഉണ്ടാകണമെന്നും ഞാൻ ഉറപ്പിച്ചിരുന്നു. സൂക്ഷ്മദർശിനിയുടെ വിജയം കൂടുതൽ സ്ത്രീ താരങ്ങളെ വച്ച് സിനിമ ചെയ്യിക്കാൻ മറ്റുള്ളവർക്ക് പ്രചോദനം നൽകട്ടെ എന്ന് ആഗ്രഹിക്കുന്നു.

ബേസിൽ എന്ന ഹിറ്റ് മെഷീൻ
നസ്രിയ സിനിമയിലേക്ക് എത്തിയപ്പോഴും മെയിൽ ആർട്ടിസ്റ്റ് ആരാണെന്നത് തീരുമാനമായിട്ടില്ല. ബേസിലിനെ അപ്പോഴും ഞങ്ങൾ കാസ്റ്റ് ചെയ്തിട്ടില്ല. ഞങ്ങൾ വേറെ പല താരങ്ങളെയും തപ്പിക്കൊണ്ടിരുന്നു. ജനപ്രിയനായ ആള് വേണം, നസ്രിയയോടൊപ്പം പിടിച്ചു നിൽക്കാനും പറ്റണം. അങ്ങനെയൊരാളാണ് ബേസിൽ. ഇവർ രണ്ടുപേരും ചേർന്നാൽ നല്ല കോമ്പിനേഷൻ ആകും എന്ന് ഉറപ്പായിരുന്നു. ഇത്രയധികം എക്സ്പീരിയൻസുള്ള താരങ്ങൾ എങ്ങനെയായിരിക്കും പെരുമാറുക എന്നൊക്കെയായിരുന്നു എന്റെ ടെൻഷൻ. പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് നല്ല സഹകരണമാണ് രണ്ടുപേരിൽ നിന്നും ഉണ്ടായത്.
ബേസിലും നസ്രിയയും തമ്മിലുള്ള മത്സരം സിനിമയ്ക്ക് ഗുണം ചെയ്തു
സൂക്ഷ്മദർശിനിയിൽ ബേസിലും നസ്രിയയും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. അതൊരു രസകരമായ മത്സരമായിരുന്നു. സിനിമയ്ക്ക് വേണ്ടി ആദ്യം ഡബ് ചെയ്തത് ബേസിൽ ആണ്. ബേസിൽ ഒരു ദിവസം കൊണ്ട് സിനിമ മുഴുവൻ ഡബ്ബ് ചെയ്തു തീർത്തു. നസ്രിയ വന്നപ്പോൾ ഞങ്ങൾ പറഞ്ഞു "ബേസിൽ ഒരു ദിവസം കൊണ്ട് തീർത്തു കേട്ടോ". അപ്പോൾ നസ്രിയ പറഞ്ഞു എന്നാൽ പിന്നെ ഞാനും ഒരു ദിവസം കൊണ്ട് തീർത്തിട്ടേ ഉളളൂ ബാക്കി കാര്യം. അങ്ങനെ നസ്രിയയും ഒരു ദിവസം കൊണ്ട് ഡബ്ബിങ് തീർത്തു . അവർക്കിടയിലെ ആ മത്സരവും സ്പോർട്സ്മാൻ സ്പിരിറ്റും സിനിമയ്ക്ക് ഗുണം ചെയ്തു.
ഡോൺ ബോസ്‌കോ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എച്ച്ഓഡി
ഞാൻ കഥ എഴുതുമ്പോൾ തന്നെ അമ്മയ്ക്ക് അറിയാം അമ്മയിൽ നിന്നാണ് എനിക്ക് ഈ കഥാപാത്രത്തിന്റെ പ്രചോദനം കിട്ടിയത് എന്ന്. അച്ഛനും അമ്മയും തിരക്കഥ വായിച്ചിട്ടുണ്ട്. സിനിമ കണ്ടപ്പോൾ അവർക്ക് സന്തോഷമായി. പടം ഹിറ്റായി ഓടുന്നത് കാണുമ്പൊൾ അമ്മ ഹാപ്പിയാണ് ഞാനും ഹാപ്പിയാണ്. പ്ലസ് ടുവിൽ പഠിക്കുമ്പോൾ തന്നെ ഞാൻ സിനിമയ്ക്ക് പിന്നാലെ നടക്കുന്നുണ്ടായിരുന്നു. പഠനം പൂർത്തിയാക്കണം, ചെയ്യുന്ന മേഖലയെക്കുറിച്ച് നല്ല അറിവ് വേണം എന്നൊക്കയായിരുന്നു മാതാപിതാക്കളുടെ കണ്ടീഷൻ. അവർ രണ്ടുപേരും അധ്യാപകനായിരുന്നു. എന്റെ അച്ഛൻ കരിയർ ഗൈഡൻസ് ചെയ്യുന്ന ആളാണ്. ഞാൻ പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിയും പോസ്റ്റ് ഗ്രാജുവേഷനും ചെയ്തു. സൗത്ത് ഇന്ത്യയിൽ കുറെ കോളജുകളിൽ ഗസ്റ്റ് ആയി ക്ലാസ് എടുത്തിട്ടുണ്ട്. പിന്നെ കൊച്ചിയിലേക്ക് വന്നു. ഇവിടെ കുറെ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിപ്പിച്ചിട്ടുണ്ട്. ഇപ്പൊ പാലാരിവട്ടത്തുള്ള ഡോൺ ബോസ്‌കോ ഇമേജ് എന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ എച്ഓഡി ആണ്. 2022ൽ തുടങ്ങിയ സ്ഥാപനമാണ് ഇപ്പോൾ നല്ല രീതിയിൽ പോകുന്നുണ്ട്. ആദ്യം ചെയ്ത നോൺസെൻസ് എന്ന പടത്തിന് ശേഷം ഞാൻ ഈ പരിപാടി നിർത്തും എന്നാണ് വീട്ടുകാർ കരുതിയത്. പക്ഷേ പിന്നീട് എന്റെ ലക്‌ഷ്യം ഇതുതന്നെയാണെന്ന് അവർക്ക് മനസ്സിലായി.
എന്റെ ഉള്ളിലെ അധ്യാപകൻ ഉണർന്നു
ഞാൻ ചെന്നൈയിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ ഒരു ടീച്ചർ ഉണ്ടായിരുന്നു. ടീച്ചർ യുപിയിൽ ഉള്ളതാണ്. ഞങ്ങൾക്ക് പഠിക്കാനുള്ള ഫിലിം ലാംഗ്വേജ് എന്ന ടോപ്പിക്ക് ഉണ്ട്. ആ വിഷയത്തിൽ ജിതിൻ ഒരു ക്ലാസ് എടുക്കാമോ എന്ന് ചോദിച്ചു. അങ്ങനെ ഞാൻ ബിഎസ്‌സികാർക്ക് ക്ലാസ് എടുത്തു. ക്ലാസ് കഴിഞ്ഞപ്പോൾ കുട്ടികൾ നല്ല ഫീഡ്ബാക്ക് തന്നു. അവർ പറഞ്ഞു ഞങ്ങൾക്ക് ഇപ്പോഴാണ് ഈ വിഷയം മനസ്സിലായത് എന്ന്. ഞാൻ ക്ലാസ് എടുത്തത് വളരെ ആസ്വദിച്ചാണ്. അങ്ങനെയാണ് എന്റെ ഉള്ളിൽ ഒരു അധ്യാപകൻ ഉണ്ടെന്ന് എനിക്ക് മനസ്സിലായത്.
എഴുത്താണ് എന്നെ ത്രില്ലടിപ്പിക്കുന്നത്
എന്റെ മനസ്സിൽ പുതിയ ഒരു കഥ വന്നു വീണിട്ടുണ്ട്. ഞാനിപ്പോൾ അതിന്റെ പിന്നാലെ ആണ്. എഴുത്തിൽ ആണ് ഞാൻ ഏറ്റവും അധികം ആസ്വദിക്കുന്നത്. ഇപ്പോൾ അതിന്റെ ഗവേഷണ സമയമാണ്. സൂക്ഷ്മദർശിനിക്ക് വേണ്ടി ഞാൻ ഒരുപാട് ഗവേഷണം ചെയ്തിട്ടുണ്ട്. അത് എനിക്ക് ഒരുപാട് ഗുണം ചെയ്തു. നമ്മുടെ വ്യക്തിപരമായ നേട്ടമാണ്. നോൺസെൻസ് എന്ന എന്റെ ആദ്യ സിനിമ ചെയ്തപ്പോൾ ഞാൻ ബിഎംഎക്സ് സൈക്കിളിനെ കുറിച്ച് റിസേർച് ചെയ്തു. ഇതൊക്കെ എന്നെ ത്രില്ലടിപ്പിക്കുന്ന കാര്യമാണ്. സിനിമ ഉണ്ടാക്കിക്കഴിഞ്ഞാൽ അത് ആളുകൾ സ്വീകരിക്കുമോ ഇല്ലേ എന്നുള്ള ടെൻഷൻ എന്നെ ബാധിക്കില്ല. സനിമ ഉറപ്പായും വാണിജ്യപരമായി വിജയിക്കണം അതിനുള്ള എല്ലാം സിനിമയിൽ ഉണ്ടാകണം. പക്ഷേ എനിക്ക് ആസ്വദിക്കാൻ കഴിയാത്ത എന്റെ ലോജിക്കിനെ തൃപ്തിപ്പെടുത്താത്ത ഒരെണ്ണം ഒരിക്കലും ഞാൻ ചെയ്യില്ല.