ADVERTISEMENT

കവിയും സംവിധായകനുമായ ജയൻ കെ ചെറിയാൻ ‘റിഥം ഓഫ് ദമാം’ എന്ന പുതിയ ചിത്രത്തെക്കുറിച്ച്  സംസാരിക്കുന്നു. രാജ്യാന്തര ചലച്ചിത്രമേളയിൽ വലിയ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അടിമത്വത്തിന്റെ ശേഷിപ്പായി ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന ആഫ്രിക്കൻ വംശജരായ സിദ്ധി വിഭാഗത്തിന്റെ കഥയാണ് ചിത്രം.

പാപ്പിലിയോ ബുദ്ധ, കാ ബോഡിസ്‌കേപ് ഇപ്പോൾ റിഥം ഓഫ് ദമാം വരെയുള്ള യാത്രയെ കുറിച്ച്?

‘ഷേപ്പ് ഓഫ് ദി ഷേപ്‌ലെസ്സ്’ എന്ന എന്റെ ആദ്യത്തെ വർക്ക് ജെൻഡർ ഫ്ളൂയിഡിറ്റിയെ കുറിച്ചാണ്. പാപ്പിലിയോ ബുദ്ധ കാസ്റ്റ് ഐഡന്റിറ്റിയെ കുറിച്ചാണ്. കാ ബോഡിസ്കേപ് സെക്ഷ്വൽ ഐഡന്റിറ്റിയെ പറ്റിയും. ഇതിനെല്ലാം ഉള്ള എനർജി എനിക്ക് കിട്ടുന്നത് ചുറ്റും നടക്കുന്ന സോഷ്യൽ റൈറ്റ് മൂവ്മെന്റുകളിൽ നിന്നാണ്. എൻറെ കഥാപാത്രങ്ങളെല്ലാം തന്നെ ഞാൻ ഇടപെടുന്ന ആൾക്കാരിൽ നിന്നും ഉണ്ടാവുന്നതാണ്. പൊതുവിൽ പറഞ്ഞാൽ സ്വത്വ രാഷ്ട്രീയമാണ് എല്ലാ സിനിമയുടെയും അടിസ്ഥാനം. 

അമേരിക്കയിലെ ജീവിതം ഇത്തരം ചിന്തകളിലേക്ക് ഏതെങ്കിലും രീതിയിൽ സ്വാധീനിച്ചിട്ടുണ്ടോ?

ഞാൻ അവിടെ ആദ്യം പോകുന്നത് പഠനത്തിന് വേണ്ടിയായിരുന്നു. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ വേർതിരിവ് ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഞാൻ മൂവാറ്റുപുഴ പോലൊരു ചെറിയ ഗ്രാമത്തിൽ നിന്നാണ് അവിടേക്ക് എത്തുന്നത്. അത് വരെ അത്തരം വേർതിരിവുകൾ ഒന്നും അനുഭവിച്ചിരുന്നില്ല. വെള്ളക്കാർക്കിടയിൽ നമ്മൾ ‘ഏലിയനേറ്റഡ്’ ആണ്. അതിനെ പ്രതിരോധിക്കുക എന്നതായിരുന്നു അന്നത്തെ ലക്ഷ്യം. അത് എന്റെ കവിതകളിൽ കാണാൻ കഴിയും. 

ഇന്ത്യയിലെ സിദ്ധി വിഭാഗത്തിന്റെ കഥയിലേക്ക് എങ്ങനെയാണ് എത്തുന്നത്?

ഞാൻ അടിമത്തത്തെ കുറിച്ച് ഒരുപാട് പഠനം നടത്തിയിരുന്നു. അങ്ങനെയാണ് സിദ്ധിയിലേക്ക് എത്തുന്നത്. ആദ്യം സൗത്ത് ഏഷ്യ കേന്ദ്രീകരിച്ച് കൊണ്ട് ആഫ്രിക്കൻ സാന്നിധ്യം അന്വേഷിച്ചു.  പിന്നീടാണ് ഉത്തര കർണാടകത്തിൽ സിദ്ധി വിഭാഗം ഉണ്ടെന്നും അവർ ഹിന്ദു ആചാരാനുഷ്ഠാനങ്ങൾക്ക് അനുസരിച്ചാണ് ജീവിക്കുന്നതെന്നും ഞാൻ മനസ്സിലാക്കുന്നത്. അവിടേക്ക് പല യാത്രകളും നടത്തി അവരെ കൂടുതൽ അറിയാൻ ശ്രമിച്ചു. യെല്ലാപൂരിലെത്തിയ ശേഷമാണ് മോഹൻ സിദ്ധി, ജയറാം എന്നിവരെ പരിചയപ്പെടുന്നത്. 2019 മുതൽ 2022 വരെയുള്ള കാലയളവിൽ തിരക്കഥയിൽ പലപല മാറ്റങ്ങളും വന്നിട്ടുണ്ട്. അവരുടെ ഒപ്പം താമസിച്ചു അവരെ കൂടുതൽ അറിയാൻ ഈ കാലയളവ് സഹായിച്ചു. 

സിനിമയിൽ അഭിനയിച്ച എല്ലാവരും തന്നെ പുതുമുഖങ്ങൾ ആണല്ലോ. അവിടെ ക്യാമറയ്ക്ക് മുന്നിലെത്തിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നോ?

പുതിയ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അവരെല്ലാവരും തന്നെ പെർഫോമേഴ്‌സ് ആണ്. അവർക്ക് ക്യാമറ ഒരു പ്രശ്നമേ ആയിരുന്നില്ല. സിനിമയെ കാണുന്ന മുതിർന്ന കഥാപാത്രത്തെ അവതരിപ്പിച്ച പരശുറാം സിദ്ധി, അച്ചിബയുടെ ‘തിങ്സ് ഫാൾ അപാർട്ട്’ നാടകമായി അവതരിപ്പിച്ച ആളാണ്. അദ്ദേഹത്തിന്റെ മക്കളും അതേ പാത പിന്തുടരുന്നു. സിനിമയിലെ ഒന്ന് രണ്ട് ട്രെയിൻഡ് അഭിനേതാക്കളെ ഒഴിച്ച് നിർത്തിയാൽ എല്ലാവരും തന്നെ സാധാരണക്കാരാണ്. നിരന്തരമായ വർക്ക്‌ഷോപ്പുകളും അവർക്ക് സഹായകമായിട്ടുണ്ട്.

ചിത്രത്തിലെ നൃത്ത രംഗം ദൈർഘ്യമേറിയ ഒറ്റ ഷോട്ടിൽ കാണിച്ചിട്ടുണ്ടല്ലോ?

‘ദമാം’ എന്ന അവരുടെ ചടങ്ങ് രാവിലെ ആറുമണിക്ക് ആരംഭിച്ച് അടുത്ത ദിവസം ആറുമണിക്ക് അവസാനിക്കുന്ന ഒന്നാണ്. ഇത് നമുക്ക് സിനിമയിൽ ചിത്രീകരിക്കുന്നതിൽ പരിമിതികൾ ഉണ്ട്. അതിന്റെ ഉയർച്ച താഴ്ചകളും ഇടവേളകളും ഉൾപ്പെടുത്തേണ്ടതുണ്ട്. ഒരാളുടെ മരണശേഷം പന്ത്രണ്ടാം ദിവസം നടത്തുന്ന ചടങ്ങാണ് ദമാം. 

സിദ്ധികൾ എല്ലാവരും ഹിന്ദുവിസത്തിലേക്കാണോ എത്തിപ്പെട്ടത്?

മുസ്ലീങ്ങൾ ആയിട്ടുള്ള യജമാനന്മാരുടെ അടിമകൾ മുസ്ലീങ്ങളാണ്. ഗോവൻ യജമാനന്മാരുടെ അടിമകൾ ക്രിസ്ത്യാനികളും. ഉടമകൾ കൈമാറ്റം ചെയ്യുന്നതോടുകൂടി അടിമകളുടെ മതവും മാറുന്നു. ഒരേ ജീവിതത്തിൽ മൂന്നു മതങ്ങളെയും അറിഞ്ഞവരുണ്ട്. പക്ഷേ എല്ലായിടത്തും അടിച്ചമർത്തൽ മാത്രമാണ് അവർക്ക് ലഭിക്കുന്നത്.

പിന്നെ ഇപ്പോൾ ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെ ഇടയിലെ എക്സ്റ്റേണൽ ആയിട്ടുള്ള റിലീജിയസ് ഫോഴ്‌സ് വരികയും അവരെ കൂടുതൽ യാഥാസ്ഥിതികർ ആക്കി മാറ്റുന്നുണ്ട്. ഹിന്ദുക്കൾക്കിടയിലേക്ക് സംഘപരിവാറിനെ പോലെയുള്ള ശക്തികൾ ഇടിച്ചു കയറുകയും അവരുടെ താൽപര്യങ്ങൾക്കായി ഇവരെ മാറ്റുകയും ചെയ്യുന്നു. 

മറ്റു ഗോത്ര വിഭാഗങ്ങൾക്കിടയിലും ഇത് തന്നെ സംഭവിക്കുന്നു. ബ്രാഹ്മണിക്കൽ അനുഷ്ഠാനങ്ങളെ അതേപോലെ പകർത്തുകയാണ് ഇവിടെ. അതിലൂടെ അവർ അടിമത്തത്തെ നിലനിർത്തുന്നു. ഗണഗീതം സിനിമയിൽ ചിത്രീകരിക്കണം എന്ന് എനിക്ക് ഉറപ്പായിരുന്നു. അത് ചൂഷണത്തിന്റെ മറ്റൊരു ഉദാഹരണമാണ്.  വർഷങ്ങളോളം സിദ്ധികളെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ അടയാളവും ചരിത്രം പരിശോധിച്ചാൽ കാണാൻ കഴിയും.

മലയാളത്തിൽ ജാതി രാഷ്ട്രീയം കൃത്യമായി ആവിഷ്കരിക്കപ്പെടുന്നുണ്ടോ?

പാപ്പിലിയോ ബുദ്ധ ചെയ്ത സമയത്ത് പലരും കല്ലെറിഞ്ഞു. പക്ഷേ പിന്നീട് അതിനെ പിന്തുടർന്ന് വികലമായ പല അനുകരണങ്ങളും വന്നു. അന്നതിന് വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ല. താരങ്ങളെ ഉപയോഗിച്ചുകൊണ്ട് ജാതിരാഷ്ട്രീയം പറയുന്ന പല സിനിമകൾക്കും അതിലും പരിഗണന കിട്ടുന്നുണ്ട്. ഇന്നും മലയാള സിനിമ ജാതിയെ കൈകാര്യം ചെയ്യുന്നത് ഒരു ഓറിയന്റലിസ്റ്റ് മനോഭാവത്തിലാണ്. പാപ്പിലിയോ ബുദ്ധയിൽ ഞാൻ എന്റെ സിനിമാ ചിത്രീകരണത്തെ തന്നെ വിമർശിക്കുന്നുണ്ട്. ഞാൻ ചെയ്യുന്ന ചിത്രം, ഞാൻ പറയുന്ന രാഷ്ട്രീയം, അത് എന്റെ കാഴ്ചപ്പാട് മാത്രമാണ്. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള എന്റെ കഥയാണ് എന്റെ സിനിമയിൽ ഉള്ളത്. അതിനെ ഒരിക്കലും ഒരു ദലിത് അനുഭവത്തോട് കൂട്ടിച്ചേർത്തു വായിക്കാൻ കഴിയില്ല. 

ഐ.എഫ്.എഫ്.കെയിൽ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങൾ?

വളരെയധികം സിനിമാസാക്ഷരതയുള്ള ആളുകളാണ് ചലച്ചിത്രമേളയിൽ എത്തുന്നത്. അതുകൊണ്ടുതന്നെ സിനിമ വേണ്ടവിധം സ്വീകരിപ്പെടുന്നുമുണ്ട്. ഇതുവരെയും ഒരു വിമർശനം കേൾക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ അതിനുവേണ്ടിയാണ് കാത്തിരിക്കുന്നതും.

English Summary:

Filmmaker Jayan K Cherian's "Rhythm of Dammam" shines a light on the Siddi community in India, exploring their history, resilience, and ongoing struggles. A powerful story of identity, heritage, and social justice, now playing at the IFFK

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com