രേഖാചിത്രത്തിലെ മമ്മൂട്ടി ഫാക്ടർ: ആസിഫ് അലി പറയുന്നു

Mail This Article
ആസിഫ് അലി എന്ന നടനെ സംബന്ധിച്ചിടത്തോളം സിനിമ ജീവിതത്തിലെ മികച്ച വർഷങ്ങളിൽ ഒന്നായിരുന്നു 2024. തലവനിൽ തുടങ്ങി കിഷ്കിന്ധാകാണ്ഡം വരെയെത്തി നിൽക്കുന്ന വിജയത്തിന്റെ മധുരത്തിനു പിന്നിൽ താൻ നേരിട്ട ഒരുപാട് പരാജയങ്ങളുടെയും കഷ്ടപ്പാടിന്റെയും തിരിച്ചറിവുകളുടെയും കഥകൾ താരത്തിനു പറയാനുണ്ട്. 2024ലെ തുടർച്ചയായ വിജയത്തിനു ശേഷം പുതിയ സിനിമ രേഖാചിത്രവുമായി എത്തുമ്പോൾ താൻ പിന്നിട്ട വഴികളും 15 വർഷത്തെ സിനിമ ജീവിത്തിലൂടെ പഠിച്ച പാഠങ്ങളും പുത്തൻ ചിത്രത്തിന്റെ പ്രതീക്ഷകളും പങ്കു വയ്ക്കുകയാണ് മനോരമ ഓൺലൈനിലൂടെ.
കഴിഞ്ഞ വർഷത്തെ വിജയങ്ങൾക്കു പിന്നിൽ
മുൻ വർഷങ്ങളിൽ അങ്ങനെ ഒരു ലക്ഷ്യത്തോടെ ഞാൻ ഒന്നും ചെയ്തിട്ടില്ല. പരാജയങ്ങൾ വന്ന സമയത്താണെങ്കിലും കുറച്ച് സമയമെടുത്ത് തീരുമാനം എടുക്കുക എന്നല്ലാതെ നല്ല സ്ക്രിപ്റ്റ്, മോശം സ്ക്രിപ്റ്റ് എന്നുള്ള വ്യത്യാസം എനിക്ക് ഉണ്ടായിട്ടില്ല. എന്തെങ്കിലും ഒരു പുതുമയുള്ള സിനിമകൾ ചെയ്യണമെന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ട്. ചില സമയത്ത് നന്നാവും ചില സമയത്ത് മോശമാവും. അധികവും മോശമാകാറാണ് പതിവ്. പരീക്ഷണങ്ങൾ എടുക്കാനുള്ള ഒരു പേടി ഇടയ്ക്ക് വരാറുണ്ട്. പക്ഷേ നല്ല ഒരു ടീമിന്റെ കൂടെ വർക്ക് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.
ജിസ് ജോയ് എന്റെ വളരെ അടുത്ത സുഹൃത്താണ്. ജിസ്സിന്റെ കൂടെ ചെയ്ത മൂന്നു സിനിമകളും അത്യാവശ്യം നല്ല പേരെടുത്തവയായിരുന്നു. സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, ബൈസൈക്കിള്‍ തീവ്സും എല്ലാം നല്ല സിനിമകളായിരുന്നു. 2023ലും ആദ്യ ചിത്രം ജിസ് ജോയ്ക്കൊപ്പമായിരുന്നു. തലവൻ നല്ല ഒരു തുടക്കം തന്നു. അതിനു ശേഷം െലവൽ ക്രോസ്, അഡിയോസ് അമിഗോ, കിഷ്കിന്ധാകാണ്ഡം എല്ലാം വന്നു. അതിലൊക്കെ കൂടെ വർക്ക് ചെയ്ത ടീം നല്ലതായിരുന്നു. ജിത്തു ജോസഫിന്റെ അസോഷ്യേറ്റ് ആയിരുന്നു അർഫാസ്. കൂമൻ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ലെവൽക്രോസിന്റെ കഥ േകൾക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖ എന്ന എന്റെ ഏറ്റവും മികച്ച സിനിമയുടെ തിരക്കഥാകൃത്താണ് അഡിയോസ് അമിഗോയുടെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്.

ഇതിനു മുൻപും നല്ല ടീമിന്റെ കൂടെ വർക് െചയ്തിട്ടുണ്ട്. എന്തോ കഴിഞ്ഞ വർഷം വന്ന സിനിമകളെല്ലാം നല്ലതായിരുന്നു. കിഷ്കിന്ധാകാണ്ഡത്തിലേക്കു വരുമ്പോൾ എന്റെ കരിയറിലെ തന്നെ ഏറ്റവും റീച്ച് കിട്ടിയ സിനിമകളിലൊന്നായി മാറി. മറ്റു ഭാഷകളിൽ നിന്ന് ഏറ്റവും കൂടുതൽ അഭിപ്രായങ്ങൾ വന്നത് കിഷ്കിന്ധാകാണ്ഡത്തിനും ലെവൽക്രോസിനുമാണ്. കഴിഞ്ഞവർഷം സംഭവിച്ചതാണ് ഇതെല്ലാം. അത് ഈ വരുന്ന സിനിമകളിലേക്ക് കൂടി റിഫ്ലെക്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ.
രേഖാചിത്രത്തിലെ പരീക്ഷണങ്ങൾ
രേഖാചിത്രം എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റ് തന്ന ഒരു തിരക്കഥയാണ്. രണ്ട് കാലഘട്ടങ്ങളിലൂടെ പോകുന്ന കഥയാണ്. മലയാളത്തിൽ അധികം ആരു പരീക്ഷിക്കാത്ത ഓൾട്ടർനേറ്റ് ഹിസ്റ്ററി വിഭാഗത്തിൽ പെടുന്നൊരു സിനിമയായിരിക്കും രേഖാചിത്രം. സാങ്കേതികമായി ഈ സിനിമ മലയാളത്തിൽ ഇതുവരെ ആരും ചെയ്യാത്ത കുറേ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. തിയറ്ററിൽ കാണുമ്പോൾ ഈ പറഞ്ഞ കാലഘട്ടങ്ങളിലൂടെ പോകുമ്പോഴൊക്കെ നമുക്ക് കുറേ ആളുകളെ ഓർമ വരികയും കുറേ കാലഘട്ടങ്ങൾ ഓർമപ്പെടുത്തുകയും ഒക്കെ െചയ്യുന്നുണ്ട്. ആ ഒരു ടെക്നിക്കൽ പെർഫെക്ഷൻ നല്ല രീതിയിൽ ഈ സിനിമയിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്.
സിനിമയിലെ മമ്മൂട്ടി ഫാക്ടർ
മമ്മൂക്ക ഫാക്ടർ ഈ സിനിമയിൽ എത്രത്തോളം ഉണ്ടെന്നെനിക്ക് പറയാന്‍ പറ്റില്ല. സ്ക്രീൻപ്ലേയിൽ ഒരു പഴയ മലയാള സിനിമയുടെ കുറച്ച് റഫറൻസുകൾ വരുന്നുണ്ട്. പക്ഷേ, അതൊരു തിയറ്റർ എലമെന്റായി തന്നെ ഇരിക്കണം എന്നാണ് എനിക്കു തോന്നുന്നത്. ഉണ്ടോ ഇല്ലയോ എന്നുള്ളത് സംവിധായകന്റെ ഫൈനൽ കട്ടിലേക്ക് വരുന്ന തീരുമാനങ്ങളാണ്. കുറേ സർപ്രൈസ് എലമെന്റുകൾ മൊത്തത്തിൽ ഈ സിനിമയിൽ ഉണ്ട്. പല സമയത്തും നമ്മൾ കണ്ടു മറന്ന പല മുഖങ്ങളും ഈ സിനിമയിൽ റീക്രിയേറ്റ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.
മമ്മൂട്ടിയും ആസിഫ് അലിയും
ഈ സിനിമയിൽ മമ്മൂക്കയുണ്ടോ എന്ന ചോദ്യവും, ഉത്തരം തേടിയുള്ള സോഷ്യൽ മീഡിയ ചർച്ചകൾ നിങ്ങളെയൊക്കെ പോലെ തന്നെ ഞാനും കാണുന്നുണ്ട്. അതിനു നേരിട്ടൊരു മറുപടി തരാൻ ഈ ചിത്രത്തിൽ അഭിനയിച്ച ഒരു നടൻ എന്ന നിലയിൽ തൽക്കാലം എനിക്ക് കഴിയില്ല. എങ്കിലും ഈ ചിത്രത്തിൽ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവർ ആരും തന്നെ നിരാശർ ആവില്ല എന്ന് ഞാൻ ഉറപ്പ് തരുന്നു.നിങ്ങളെ കാത്ത് ഒരു കുഞ്ഞു സർപ്രൈസ് ഈ സിനിമയിൽ ഒളിഞ്ഞു കിടപ്പുണ്ട്. സിനിമയുടെ റിലീസ് കാത്തു നിൽക്കുന്ന ഈ രാത്രിയിൽ, നിങ്ങളെല്ലാവരുടെയും മുന്നിൽ വച്ച് തന്നെ പറയണ്ട മറ്റൊരു കാര്യമുണ്ട് - അത് മമ്മൂട്ടി എന്ന മഹാനടനോടും, ഒരുപക്ഷേ അതിലേറെ, ഞാൻ ഒരുപാട് സ്നേഹിക്കുകയൂം ബഹുമാനിക്കുകയും ചെയ്യുന്ന മമ്മൂക്ക എന്ന വ്യക്തിയോടും ഉള്ള എന്റെ നന്ദിയാണ്.
കാരണം അദ്ദേഹത്തിന്റെ സമ്മതവും, അനുഗ്രഹവും, അദ്ദേഹം തന്ന ധൈര്യവും, ഞങ്ങളോടും ഈ സിനിമയോടും അദ്ദേഹം കാണിച്ച തുറന്ന മനസ്സും ഇല്ലാതെ, ഒരിക്കലും ഈ സിനിമ സംഭവിക്കില്ലായിരുന്നു. ഈ സിനിമയിലെന്ന പോലെ, എന്റെ കരിയറിലും, ദിശാബോധവും ധൈര്യവും തന്ന ഒരു നെടുംതൂണായി അദ്ദേഹത്തിന്റെ പ്രെസൻസ് എന്നുമുണ്ടായിരുന്നു. ഒരു സോഷ്യൽ മീഡിയ പോസ്റ്റിലോ വാക്കുകളിലോ പറഞ്ഞാൽ തീരുന്നതല്ല, എന്നാലും മമ്മൂക്ക. എന്റെ മനസ്സും ഉള്ളും നിറഞ്ഞ നന്ദി.
ചില സിനിമകളുടെ പരാജയത്തിനു പിന്നിൽ
പല സമയത്തും ഞാൻ ചെയ്ത മോശം സിനിമകൾ എന്റെ നല്ല സിനിമകളെ ബാധിച്ചിട്ടുണ്ട്. തുടർച്ചയായി വന്ന മോശം സിനിമകൾക്കു ശേഷം വരുന്ന നല്ല സിനിമ തിയറ്ററിൽ വിജയം കാണാതെ പോയതിനു കാരണവും അതുതന്നെയായിരുന്നു. വിമർശിക്കുന്ന സമയത്തും ആളുകൾ പറയുന്നത് കഴിവുള്ള നടൻ എന്നാണ്. അതൊരു ധൈര്യമായിരുന്നു. ആരും എഴുതി തള്ളിയിട്ടില്ല. എന്തുകൊണ്ടാണിത് സംഭവിക്കാത്തത് എന്നുള്ളൊരു വിഷമം പല ആളുകളും ഷെയർ ചെയ്തു കണ്ടിട്ടുണ്ട്. ചീത്തവിളികളുടെയൊക്കെ അവസാനം ആളുകൾക്ക് ഒരിഷ്ടം ഉണ്ടെന്ന് തോന്നിയിട്ടുണ്ട്.
ഒരുപാട് ആഗ്രഹിച്ച് സിനിമയിൽ വന്ന ആളാണ് ഞാൻ. സിനിമ എവിടെയാണ് എനിക്ക് മിസ്സ് ആകുന്നതെന്ന് കണ്ടെത്താൻ ഞാൻ ശ്രമിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ആളുകള്‍ കാണിച്ച സ്നേഹം തന്നെയാണ് മുന്നോട്ട് പോകാനുള്ള ഊർജവും. സോഷ്യൽ മീഡിയയിൽ പേഴ്സണലി ഒരാളെപ്പറ്റി പറയുന്നത് ഭയങ്കര നെഗറ്റിവിറ്റിയാണ് നൽകുന്നത്. വളരെ ക്രൂരമായി ആളുകൾ വിമർശിക്കുന്നത് കേട്ടിട്ടുണ്ട്. സിനിമയെപ്പറ്റി നെഗറ്റീവ് റിവ്യൂ പറയുമ്പോൾ ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യമാണ് നിങ്ങൾക്കിഷ്ടപ്പെടുന്ന സിനിമ എനിക്കിഷ്ടപ്പെടണമെന്ന് ഒരു നിർബന്ധവുമില്ല. മൂന്നു പേരുണ്ടെങ്കിൽ മൂന്നു പേർക്കും മൂന്നു ടേസ്റ്റാണ്. എനിക്ക് ആ സിനിമ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് നിങ്ങളാരും ആ സിനിമ കാണരുതെന്ന് പറയുന്നതിനോട് യോജിപ്പില്ല. അഭിപ്രായമായിട്ട് പറയാം.
നോർമൽ ലൈഫ് നഷ്ടപ്പെടുത്തില്ല
സിനിമ താരം ആയെന്നു കരുതി ഞാൻ എന്റെ നോർമൽ ലൈഫ് മിസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ആളുകളില്‍ നിന്ന് മാറി നിൽക്കുന്നതു കൊണ്ട് നഷ്ടപ്പെടുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്. എന്റെ ഫാമിലി ആണെങ്കിലും അവരും ഒരു നോർമൽ ലൈഫ് ആഗ്രഹിക്കുന്നവരാണ്. ഞാൻ ഉള്ളതുകൊണ്ട് അവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ വരേണ്ട കാര്യമുണ്ടോ? ഞാൻ ഒരു സിനിമയുമായി ബന്ധപ്പെട്ട് 45 ദിവസത്തോളം ദുബായിൽ ആയിരുന്നു. ഇത്രയും നാളും ഞാൻ ഇങ്ങനെ നാട്ടിൽ നിന്ന് മാറി നിന്നിട്ടില്ല. ഞാൻ തിരിച്ചു വന്നിട്ട് എനിക്ക് പനമ്പിള്ളി നഗറൊന്നു കാണണം. ഞാൻ മിസ്സ് െചയ്യുന്നു എന്നാണ് പറഞ്ഞത്. അത്രയും അറ്റാച്ച്മെന്റ് എനിക്ക് കൊച്ചിയുമായിട്ടുണ്ട്. ആ ഒരു ലൈഫ് മിസ്സ് ചെയ്യാൻ എനിക്ക് താൽപര്യമില്ല.