‘ചിലർ ചെയ്താൽ മാത്രം പ്രശ്നം, ഇത് ഇരട്ടത്താപ്പ്, രാജൻ സക്കറിയ ഇനിയും വരും’; നിർമാതാവ് ജോബി ജോർജ് പറയുന്നു

Mail This Article
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ടോക്സികിന്റെ ടീസർ റിലീസായതിനു പിന്നാലെ വീണ്ടും ചർച്ചകളിൽ നിറയുകയാണ് ‘കസബ’. സ്ത്രീവിരുദ്ധതയെ ആഘോഷിക്കുന്ന നായകസങ്കൽപമാണ് കസബയിലേത് എന്ന ആക്ഷേപത്തെ തുടർന്ന ഏറെ വിമർശനങ്ങൾ ചിത്രം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇത്തരം വിമർശനങ്ങൾ ഉന്നയിക്കാൻ മുൻപന്തിയിലുണ്ടായിരുന്ന വ്യക്തി തന്നെ സ്വന്തം സിനിമയിൽ സ്ത്രീവിരുദ്ധത ആഘോഷിക്കുന്നുവെന്ന ആരോപണമാണ് ഗീതു മോഹൻദാസ് ഇപ്പോൾ നേരിടുന്നത്. കസബയെ ആക്രമിച്ചവർ തന്നെ ഇത്തരത്തിൽ പടം എടുക്കേണ്ടി വന്നല്ലോ എന്നാണ് നിർമാതാവ് ജോബി ജോർജിന്റെ പ്രതികരണം. ചിലർക്ക് എല്ലാം ചെയ്യാം, ചിലർ ചെയ്താൽ പ്രശ്നമാകും. ഇതാണ് ഇരട്ടത്താപ്പ്, ജോബി ജോർജ് പറയുന്നു. മനോരമ ഓൺലൈന് അനുവദിച്ച് പ്രത്യേക അഭിമുഖത്തിൽ കസബയെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും ജോബി ജോർജ് സംസാരിക്കുന്നു.
കസബ എന്റെ പ്രിയപ്പെട്ട സിനിമ
എന്റെ വിഷമം എന്താണെന്ന് വച്ചാൽ കസബ എന്ന സിനിമ എനിക്ക് ഒത്തിരി പ്രിയപ്പെട്ട സിനിമയാണ്. അതിന് രണ്ടുമൂന്ന് കാരണങ്ങളുണ്ട്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളാണ് മമ്മൂക്ക. എനിക്ക് മകനെപ്പോലെ ആണ് നിതിൻ രഞ്ജി പണിക്കർ. അവൻ ഒരു നന്മയുള്ള പയ്യനാണ്. എനിക്ക് ചെറുപ്പം മുതൽ അവനെ അറിയാം. ഞാൻ ചേട്ടാ എന്ന് വിളിക്കുന്ന ആളാണ് രഞ്ജി പണിക്കർ. അത്രയും അടുപ്പമുള്ള കുടുംബമാണ്. അദ്ദേഹത്തിന്റെ മകൻ ആദ്യമായി ഒരു പടം ചെയ്യുന്നതിന്റെ സന്തോഷമായിരുന്നു ഞങ്ങൾക്ക്. മമ്മൂക്കയുടെ കാല് തൊട്ടു വണങ്ങി ആണ് അപ്പനും മകനും സിനിമ തുടങ്ങിയത്. അങ്ങനെ ഒരു സാഹചര്യത്തിൽ അവൻ അദ്ദേഹത്തിന് മോശമായ ഒരു കഥാപാത്രം കൊടുക്കുമെന്ന് ഞാൻ കരുതുന്നില്ല. കഥപോലും കേൾക്കാതെയാണ് ഞാൻ ഈ സിനിമ ഏറ്റെടുത്തത്. സിനിമ കണ്ടപ്പോൾ അതിൽ ഒരു തരത്തിലുള്ള പ്രശ്നവും ഇല്ല. ശരിക്കും പറഞ്ഞാൽ വഴിതെറ്റി പോകുന്ന ഒരു പെൺകുട്ടിയെ സംരക്ഷിക്കുകയാണ് അതിലെ കഥാപാത്രമായ രാജൻ സക്കറിയ ചെയ്യുന്നത്. ശരിക്കും പറഞ്ഞാൽ രാജൻ സക്കറിയയുടെ നല്ല സ്വഭാവത്തിന് കയ്യടിക്കുകയാണ് ചെയ്യേണ്ടത്. അനാവശ്യമായ ഒരു വിവാദം ഉണ്ടാക്കിയപ്പോൾ പത്തു പതിനഞ്ചു ലക്ഷം രൂപ ഗുഡ്‌വില്ലിനു കിട്ടേണ്ടത് പോയി എന്നല്ലാതെ അതുകൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടായില്ല.
നിലപാടിലെ ഇരട്ടത്താപ്പ്
കസബയെ കടന്നാക്രമിച്ച ചിലർ ഉണ്ട്. അവർ എന്തെങ്കിലും ചെയ്യുമ്പോൾ കുഴപ്പമില്ല പക്ഷെ നമ്മൾ ചെയ്യുമ്പോൾ അതിൽ പ്രശ്നം കണ്ടുപിടിക്കും. ചിലർക്ക് എല്ലാം ചെയ്യാം, ചിലർ ചെയ്താൽ പ്രശ്നമാകും. ഇരട്ടത്താപ്പ് നമ്മുടെ നാട്ടിൽ നിന്ന് അകന്നുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കിൽ പുതുതലമുറയും ഇതൊക്കെ തന്നെ കേട്ട് പഠിക്കും. ഇന്നലെ ഇറങ്ങിയ ഒരു പടത്തിന്റെ ടീസർ കണ്ടു. കസബയെ ആക്രമിച്ചവർ തന്നെ ഇത്തരത്തിൽ പടം എടുക്കേണ്ടി വന്നല്ലോ. താൻ കുഴിച്ച കുഴിയിൽ എന്നെങ്കിലും താൻ തന്നെ വീഴും. സമൂഹത്തിന്റെ പരിച്ഛേദമാണ് സിനിമ. സമൂഹത്തിൽ എല്ലാ തരത്തിലുമുള്ള മനുഷ്യരുണ്ട് അവരുടെ കഥയാണ് സിനിമകൾ പറയുന്നത്. അതൊന്നും പറയാതെ ആർക്കും പടം ചെയ്യാൻ കഴിയില്ല.
രാജൻ സക്കറിയ വീണ്ടും വരും
രാജൻ സക്കറിയ എന്ന കഥാപാത്രത്തെ വീണ്ടും ഒന്ന് അഴിച്ച് വിടണം എന്നത് എന്റെ എക്കാലത്തെയും ആഗ്രഹമാണ്. രാജൻ സക്കറിയയ്ക്ക് പ്രൊമോഷൻ കിട്ടി പോലീസ് സൂപ്രണ്ട് ആകാനുള്ള സമയമായി. കുണുങ്ങി കുണുങ്ങി വരുന്ന ധീരനായ ആ പോലീസുകാരൻ വലിയ താമസമില്ലാതെ വീണ്ടും മലയാളികൾക്ക് മുന്നിൽ വരണം എന്നാണ് എന്റെ ആഗ്രഹം. രാജൻ സക്കറിയയെ ആരും മറന്നിട്ടില്ല. കാരണം ആ കഥാപാത്രം മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. എന്റെ മനസ്സിൽ എന്നും രാജൻ സക്കറിയ ഉണ്ട്. ഇപ്പോൾ നോക്കൂ ഇന്നലെ മുതൽ രാജൻ സക്കറിയ തന്നെയാണ് വീണ്ടും എല്ലാവരുടെയും ചർച്ചകളിൽ. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ലോഗോയിൽ രാജൻ സക്കറിയ ഉണ്ട്. രാജൻ സക്കറിയ എന്റെ ഹൃദയത്തിൽ ആണ് ഇരിക്കുന്നത്. എനിക്ക് ആ കഥാപാത്രം മോശമായി തോന്നിയിട്ടില്ല. അദ്ദേഹം ഇനിയും വരും ഒരു സംശയവും വേണ്ട.
പുതിയ ചിത്രം
ഗുഡ്‌വില്ലിന്റെ അടുത്ത സിനിമ 'നാരായണീന്റെ മൂന്ന് ആൺമക്കൾ' ആണ്. ഒരു പ്രത്യേക ജോണറിൽ ഉള്ള സിനിമയാണ്. ജോജു ജോർജ്ജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ശരൺ വേണുഗോപാൽ ആണ് ചിത്രം സംവിധാനം ചെയ്തത്. ഈ സിനിമയിൽ ഒരു പ്രത്യേക എലെമെന്റ്റ് ഉണ്ട്. അത് ചിലപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തേക്കാം. അത് സൂപ്പർഹിറ്റ് ആകുമെന്ന് ഞാൻ പറയില്ല പക്ഷെ ആരും മോശം എന്ന് പറയാൻ വഴിയില്ല. എല്ലാവരും ചിത്രം കണ്ട് അഭിപ്രായം പറയണം.