ക്ലൈമാക്സ് ഷൂട്ടിന് ചെലവിട്ടത് 6 കോടി, തൃശൂരിനെ മുംബൈയാക്കി; ‘ഐഡന്റിറ്റി’യിലെ കോടികളുടെ കളികൾ

Mail This Article
അൻപതിനായിരം അടി ഉയരത്തിൽ പറക്കുന്ന സ്വകാര്യ ബിസിനസ് ജെറ്റിൽ വില്ലന്മാരെ അടിച്ചു നിരത്തുന്ന നായകൻ. പോട്ട്ഹോൾ (വിമാനത്തിന്റെ ജനൽ) തകർന്നു മർദവ്യതിയാനമുണ്ടായി വിമാനം നിയന്ത്രണം വിട്ടു കൂപ്പുകുത്തുമ്പോഴും ഉള്ളിൽ തുടരുന്ന സംഘട്ടനം. പ്രേക്ഷകരെ ഉദ്വേഗത്തിൽ തളച്ചിടുന്ന ഇത്തരം രംഗങ്ങൾ ഹോളിവുഡ് സിനിമകളിൽ സാധാരണയാണ്. എന്നാൽ, മലയാള സിനിമയിൽ ആദ്യമായി ഇത്തരമൊരു രംഗമൊരുക്കിയതു സമൂഹമാധ്യമങ്ങളിലുൾപ്പെടെ വലിയ ചർച്ചയാണിപ്പോൾ. തിയറ്ററുകളിലുള്ള ‘ഐഡന്റിറ്റി’ എന്ന ടൊവിനോ ചിത്രത്തിന്റെ അവസാന 40 മിനിറ്റ് നീളുന്ന ക്ലൈമാക്സിന്റെ ഹൈലൈറ്റ് വിമാനത്തിനുള്ളിലെ ആക്‌ഷൻ രംഗമാണ്. എന്നാൽ, ഈ സീക്വൻസ് പൂർണമായും ഷൂട്ട് ചെയ്തതു തൃശൂർ പൂങ്കുന്നത്തെ സീതാറാം മിൽസിൽ നിർമിച്ച സെറ്റിലാണെന്ന് അറിയുന്നവർ ചുരുക്കം.
ഹോളിവുഡ് സിനിമകളോടു കിടപിടിക്കുന്ന സാങ്കേതികത്തികവോടെ ഈ രംഗങ്ങൾ ഒരുക്കിയതിനു പിന്നലെ പ്രയത്നത്തെപ്പറ്റി ചിത്രത്തിന്റെ സംവിധായകർ അഖിൽ പോളും അനസ് ഖാനും സംസാരിക്കുന്നു.

‘ചിത്രത്തിൽ നായകൻ ആയോധനകലകളിൽ പ്രാവീണ്യമുള്ള അപകടസാഹചര്യങ്ങളിൽ അതു പ്രയോഗിച്ചു പരിചയമുള്ളയാളാണ്. ഏറ്റവും മികച്ച രീതിയിൽ പരമാവധി സാങ്കേതികത്തികവോടെ ക്ലൈമാക്സ് ആക്‌ഷൻ സീക്വൻസ് ചെയ്യണമെന്നു ആദ്യഘട്ടത്തിൽത്തന്നെ ഉറപ്പിച്ചിരുന്നു. ‘ബൊംബാർഡിയർ ഗ്ലോബൽ 6000’ ആഡംബര ബിസിനസ് ജെറ്റാണു ആകാശത്തെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കാൻ തിരഞ്ഞെടുത്തത്. ഈ വിമാനത്തിന്റെ കൃത്യമായ രൂപഘടനയിൽ സെറ്റ് തൃശൂർ സീതാറാം മിൽസിൽ ഒരുക്കി. ക്ലൈമാക്സ് രംഗങ്ങൾക്കു തൊട്ടു മുൻപുള്ള സീനുകളിലെ പാസഞ്ചർ വിമാനത്തിന്റെ സെറ്റും ഇവിടെ തന്നെയാണു നിർമിച്ചത്.’
സെറ്റ് നിർമാണത്തിലെ വെല്ലുവിളികൾ?
അഖിൽ: ‘കിൽ’ എന്ന ബോളിവുഡ് ചിത്രത്തിനായി ട്രെയിനിന്റെ സെറ്റ് ഒരുക്കിയ സാബി മിശ്ര, തുഷാർ, വൈശാലി എന്നിവരും പ്രൊഡക്‌ഷൻ ഡിസൈനറായ അനീസ് നാടോടിയുമായി ചേർന്നാണു വിമാനങ്ങളുടെ സെറ്റ് ഒരുക്കിയത്. മുംബൈയിൽ നിർമിച്ച് യോജിപ്പിച്ച ശേഷം കണ്ടെയ്നറുകൾ മുഖേന തൃശൂരിലെത്തിക്കുകയായിരുന്നു. തുടർന്നു മുംബൈ ടീം ഇവിടെയെത്തി കൂട്ടിച്ചേർത്തു വിമാനമാക്കി മാറ്റി. മുംബൈയിലെ നിർമാണത്തിന് ഏതാണ്ട് 100 ദിവസവും തൃശൂരിലെത്തിച്ച ശേഷമുള്ള കൂട്ടിച്ചേർക്കലിനും മിനുക്കു പണികൾക്കും ഒരു മാസവും വേണ്ടി വന്നു.
മുംബൈയ്ക്കു പകരം തൃശൂർ?
അനസ്: ചെലവു കുറയ്ക്കുക എന്നതു തന്നെയായിരുന്നു പ്രധാന ലക്ഷ്യം. ഇതിനു പുറമേ ആക്‌ഷൻ രംഗങ്ങൾക്കിടെ വിമാനത്തിനുണ്ടാകുന്ന ടർബുലൻസ് (കുലുക്കം) ചിത്രീകരിക്കാൻ ഉയരമുള്ള സ്ഥലം വേണ്ടിയിരുന്നു. ടർബുലൻസ് സൃഷ്ടിച്ചത് ഹൈഡ്രോളിക് സംവിധാനങ്ങൾ ഉപയോഗിച്ചാണ്. മുംബൈയിൽ നിന്നുള്ള പ്രാക്ടിക്കൽ ഇഫക്ട്സ് ചെയ്യുന്ന ഒരു ടീമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. വിമാനത്തിന്റെ സെറ്റിന്റെ ഒരു ഭാഗം നാലു ഹൈഡ്രോളിക് സിലിണ്ടറുകളിൽ ഉറപ്പിച്ചു നിർത്തിയ ശേഷം മുകളിലേക്കും താഴേക്കും സെറ്റിനെ കുലുക്കിയാണു ഷൂട്ട് ചെയ്തത്. തൂണുകളിലുള്ള വിമാനത്തിന്റെ സെറ്റിനു സമാന്തരമായി ഇതേ ഉയരത്തിൽ മറ്റൊരു തട്ട് നിർമിച്ച് അതിൽ നായകനെയും വില്ലൻമാരെയും നിർത്തിയാണു സംഘട്ടനം ചിത്രീകരിച്ചത്.
ആക്‌ഷൻ?
അഖിൽ: ജവാൻ, ഫാമിലിമാൻ ഉൾപ്പെടെ ബോളിവുഡ് ചിത്രങ്ങളിലും സീരീസുകളിലും മികച്ച സംഘട്ടന രംഗങ്ങൾ ഒരുക്കിയ ആക്‌ഷൻ ഡയറക്ടറും ഫൈറ്റ് കോറിയോഗ്രഫറുമായ യാനിക് ബെന്നും സംഘവുമാണ് ഐഡന്റിറ്റിയിലെ സംഘട്ടനം സംവിധാനം ചെയ്തത്. ചെന്നൈയിലെത്തി യാനിക്കിനെ കണ്ടപ്പോൾ സംഘട്ടന രംഗങ്ങൾ പ്രീ വിഷ്വലൈസ് ചെയ്ത ശേഷം തന്റെ സഹായികളെ ഉപയോഗിച്ച് അതിന്റെ ഏകദേശരൂപം മൊബൈലിൽ ഷൂട്ട് ചെയ്തു നൽകി. ഇതിനാൽ, എന്താണു ഷൂട്ട് ചെയ്യേണ്ടതെന്ന കൃത്യമായ ധാരണ മുൻകൂർ ലഭിച്ചു. ഷൂട്ടിന് 5 ദിവസം മുൻപ് യാനിക് ബെന്നും ടീമുമെത്തി ടൊവിനോയ്ക്കും സംഘട്ടന രംഗങ്ങളിലുള്ള മറ്റു നടീ നടൻമാർക്കും ഛായാഗ്രാഹകൻ അഖിൽ ജോർജിനും കാര്യങ്ങൾ വിശദീകരിച്ചു നൽകി. നാലു ദിവസം റിഹേഴ്സലിനു ശേഷം 10 ദിവസം കൊണ്ടായിരുന്നു ക്ലൈമാക്സ് ഷൂട്ടിങ് പൂർത്തിയാക്കിയത്.
ആക്‌ഷൻ രംഗങ്ങളിലെ ടൊവിനോ?
അനസ്: ആക്‌ഷൻ ചെയ്യാൻ ഏറ്റവും യോജ്യമായ ശരീരമാണു ടൊവിനോയുടേത്. ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് ആക്‌ഷൻ രംഗങ്ങൾ മുഴുവൻ ചെയ്തത്. ഒരു സീനിൽ പോലും തന്റെ സൗകര്യത്തിനു വേണ്ടി വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യം ടൊവിനോയിൽ നിന്നുണ്ടായില്ല.
പ്രേക്ഷകരുടെ പ്രതികരണം?
അഖിൽ: ഇതിനായി എടുത്ത പ്രയത്നം അംഗീകരിക്കപ്പെടുന്നതിൽ അഭിമാനമുണ്ട്. ഞങ്ങളുടെ മാത്രം ക്രെഡിറ്റല്ല. ഒട്ടേറെപേരുടെ കഠിന പരിശ്രമം ഇതിനു പിന്നിലുണ്ട്. ചമൻ ചാക്കോയുടെ എഡിറ്റിങ്ങും ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും ക്ലൈമാക്സിനു പരമാവധി പൂർണത നൽകിയിട്ടുണ്ട്. ശബ്ദവ്യതിയാനങ്ങൾ കൃത്യമായി പുനഃസൃഷ്ടിച്ച ശബ്ദസംവിധായകൻ എം.ആർ.രാജാകൃഷ്ണൻ, സച്ചിൻ സുധാകർ ഉൾപ്പെടെയുള്ളവർ ക്ലൈമാക്സ് സീനുകളുടെ നട്ടെല്ലാണ്. കംപ്യൂട്ടർ ഗ്രാഫിക്സിന്റെ സഹായത്തോടെ മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസിലെ ആൻഡ്രു, വൈശാഖ് എന്നിവർ ഒരുക്കിയ എടിസി രംഗങ്ങളും ശ്രദ്ധിക്കപ്പെട്ടു.