പഴയ മമ്മൂക്കയെ കണ്ടപ്പോൾ രോമാഞ്ചം വന്നു; ഒന്നു പാളിപ്പോയാൽ പരാജയപ്പെട്ടു പോകാവുന്ന ശ്രമം: മനോജ് കെ. ജയൻ അഭിമുഖം

Mail This Article
മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള വ്യക്തിയാണ് മനോജ് കെ. ജയൻ. പെരുന്തച്ചൻ, സർഗം, അനന്തഭദ്രം, ചമയം, പഴശ്ശി രാജ, കളിയച്ചൻ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിലൂടെ നായകനായും വില്ലനായും മനോജിന്റെ അസാമാന്യ പ്രകടനങ്ങൾക്ക് മലയാളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോൾ ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ‘രേഖാചിത്രം’ എന്ന സിനിമയിൽ വിൻസന്റ് എന്ന ശക്തമായ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ് താരം. ചരിത്രവും വർത്തമാനവും കൈകോർക്കുന്ന ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ സംവിധായകൻ ജോഫിൻ ടി. ചാക്കോയ്ക്ക് താൻ കൈകൊടുത്തു എന്ന് മനോജ് കെ. ജയൻ പറയുന്നു. ബ്രില്യന്റായ തിരക്കഥയാണ് ചിത്രത്തിലെ താരമെന്നും ചിത്രത്തിലഭിനയിച്ച ഓരോരുത്തരും അവരവരുടെ വേഷം ഭംഗിയായി ചെയ്തപ്പോൾ ആസിഫ് അലിയുടെയും അനശ്വര രാജന്റെയും പ്രകടനം എടുത്തു പറയേണ്ടതാണെന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ മനോജ് കെ ജയൻ പറഞ്ഞു.
തിരക്കഥയാണ് താരം
വളരെ ബ്രില്യന്റ് ആയ തിരക്കഥയാണ് രേഖാചിത്രത്തിന്റേത്. ഇല്ലാത്ത ഒരു കഥയെ ആളുകളെക്കൊണ്ട് വിശ്വസിപ്പിച്ചെടുക്കാൻ അത്ര എളുപ്പമല്ല. വളരെയധികം ഹോം വർക്ക് ചെയ്തെഴുതിയ കഥയും തിരക്കഥയുമാണ് ഇത്. എന്നോട് ആദ്യം ഈ കഥ പറയുമ്പോൾ ഞാൻ ചോദിച്ചു, ഇങ്ങനെ ഒരു സംഭവം പണ്ട് അവിടെ നടന്നിട്ടുണ്ടോ. എനിക്കു വെറുതെ അങ്ങ് തോന്നുകയാണ് അങ്ങനെ നടന്നിട്ടുണ്ട് എന്ന്. കഥ കേട്ടപ്പോൾ തന്നെ എനിക്ക് ആ കഥയിൽ വിശ്വാസം തോന്നി. അങ്ങനെ എന്തോ ഒരു തോന്നൽ എനിക്ക്. ജോഫിൻ പറഞ്ഞു, ‘അയ്യോ ചേട്ടാ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല ഇത് ഭാവനയിൽ വിരിഞ്ഞ കഥയാണ്. അങ്ങനെ ഒരു സംഭവം ഒന്നും അന്ന് ഉണ്ടായിട്ടില്ല ഞങ്ങൾ ആ രീതിയിൽ എഴുതിയതാണ്.
മമ്മൂക്ക സിനിമയുമായി സഹകരിക്കാം എന്ന് പറഞ്ഞിട്ടുണ്ട്’ എന്ന് പറഞ്ഞു. രാമു സുനിൽ ആണ് കഥ എഴുതിയത്. ജോഫിനും ജോൺ മന്ത്രിക്കലും രാമുവും ചേർന്നാണ് എന്ന് തോന്നുന്നു തിരക്കഥ എഴുതിയത്. മമ്മൂക്കയുടെ അനുഗ്രഹത്തോടെയാണ് ഈ സിനിമ വന്നത്. മമ്മൂക്കയുടെ യെസ് ഇല്ലെങ്കിൽ ഈ സിനിമയില്ല.

മലയാള സിനിമയുടെ പേര് നിലനിർത്തിയ ന്യൂജെൻ
ഗായകൻ ജയചന്ദ്രൻ ചേട്ടന്റെ മരണത്തിനു പോയപ്പോൾ അവിടെ സംവിധായകൻ കമൽ ഇക്ക ഉണ്ടായിരുന്നു. ഞാൻ കമലിക്കയോട് പറഞ്ഞു പടത്തിൽ അസ്സലായിട്ടുണ്ട്. പുതിയ സംവിധായകരും എഴുത്തുകാരുമൊക്കെ നിങ്ങൾ ഉണ്ടാക്കിവച്ച പേര് ഒട്ടും കളയാതെ വളരെ ബ്രില്യന്റ് ആയി സിനിമയെ കൊണ്ടുപോകുന്നുണ്ട് എന്ന് പറഞ്ഞു ഞാൻ. അവരും ആ സന്തോഷത്തിലായിരുന്നു. അദ്ദേഹം സഹസംവിധായകനായി പ്രവർത്തിച്ച സിനിമയായിരുന്നല്ലോ.
ഇടക്കാലത്ത് കുറച്ച് പുതിയ കുട്ടികൾ സിനിമകൾ ചെയ്ത് ഒരു അമച്വർ ലെവലിൽ കുറെ സിനിമകൾ വന്നു ഒടിടി എടുക്കാതെ പോയിരുന്നു. അതിനു ശേഷം വളരെ നന്നായി വർക്ക് ചെയ്ത് മലയാള സിനിമയുടെ പേരും പെരുമയും ഒട്ടും കളയാതെ ബുദ്ധിപരമായി സിനിമ ചെയ്യുന്ന കുട്ടികൾ ഇപ്പോൾ ഉണ്ട്. ന്യൂജെൻ ഫ്ലേവർ കൊടുത്തുകൊണ്ട് സിനിമയുടെ പേര് കളയാതെ സിനിമകൾ ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം ഒരുപാട് നല്ല സിനിമകൾ പിറന്ന വർഷമായിരുന്നു. ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു , കിഷ്കിന്ദാകാണ്ഡം അങ്ങനെ എത്രയെത്ര നല്ല സിനിമകളാണ് വന്നത്.
ഒരു "കുറിപ്പെട്ട" കഥാപാത്രം വന്നാൽ അതിനു വേണ്ടി എന്തും ചെയ്യും
എന്നെ ആന്റോ ജോസഫ് ആണ് ആദ്യം വിളിച്ചത്. കഥ കേൾക്കണം എന്ന് പറഞ്ഞു. ജോഫിൻ ആണ് വന്നു കഥപറഞ്ഞത്. കഥ കേട്ടപ്പോൾ തന്നെ ഞാൻ കൈ കൊടുത്തു. ചേട്ടന്റെ ഗെറ്റപ്പ് കുറച്ച് പ്രായമുള്ള ആളാക്കി മാറ്റണം എന്നും പറഞ്ഞു. നല്ല കഥാപാത്രത്തിനു വേണ്ടി ഏതു മാറ്റവും ചെയ്യാനും ഞാൻ തയ്യാറാണ്. മാളികപ്പുറം 2018 തുടങ്ങി നിരവധി ചിത്രങ്ങൾ നിർമിച്ച കാവ്യാ ഫിലിം കമ്പനിയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. മാളികപ്പുറത്തിലും ഞാൻ അഭിനയിച്ചിരുന്നല്ലോ. വേണു കുന്നപ്പള്ളി നിർമ്മിക്കുന്നതെല്ലാം വളരെ നല്ല ചിത്രങ്ങളാണ്.

ഭീഷ്മപർവം എഴുതിയ ദേവദത്ത് ഷാജിയുടെ ആദ്യത്തെ സംവിധാനമായ ധീരൻ എന്ന സിനിമയിൽ ആണ് അടുത്തതായി അഭിയനയിച്ചത്. അത് മുഴുനീള കോമഡി പടമാണ്. നല്ല കഥാപാത്രങ്ങൾ ആണെങ്കിൽ മാത്രമേ ഇപ്പോൾ ഞാൻ ചെയ്യാറുള്ളൂ, ഓടി നടന്നു അഭിനയിക്കണം എന്ന് ആഗ്രഹമില്ല. ചിലപ്പോൾ ഇൻസ്റ്റയിൽ ഒക്കെ ഓരോ പോസ്റ്റ് കാണാറുണ്ട് ‘ഇയാളെ മനഃപൂർവം സിനിമയിൽ നിന്ന് മാറ്റി നിർത്തുന്നു, അണ്ടർറേറ്റഡ് ആക്ടർ ആണ്’ എന്നൊക്കെ. അതു കാണുമ്പോൾ പറയണം എന്ന് തോന്നും എടാ ഉവ്വേ അത് അത് അങ്ങനെ അല്ല, എനിക്ക് സിനിമകൾ ഒരുപാട് വരുന്നുണ്ട് പക്ഷേ തമിഴിൽ പറയുന്നത് പോലെ "ഒരു കുറിപ്പെട്ട" കഥാപാത്രം വന്നാൽ അതിനു എന്ത് വേണമെങ്കിലും ചെയ്യാം, എന്തു ത്യാഗവും സഹിക്കാം എന്നാണ് എന്റെ തീരുമാനം. ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങൾ ഞാൻ ചെയ്തു കഴിഞ്ഞല്ലോ.
നിഗൂഢത പേറുന്ന വിൻസന്റ്
രേഖാചിത്രത്തിൽ വിൻസന്റ് എന്ന കഥാപാത്രമാണ് ഞാൻ ചെയ്തത്. സിനിമയിൽ എനിക്ക് സംഭാഷണം വളരെ കുറവാണ്. ഒരുപാട് നിഗൂഢതകൾ ഉള്ള മനുഷ്യനാണ് വിൻസന്റ് , അയാളുടെ മനസ്സിൽ ആഴത്തിൽ കുഴിച്ചുമൂടിയ രഹസ്യങ്ങളുണ്ട്. അയാളുടെ മാനസിക സംഘർഷം എല്ലാം മൗനത്തിനു പിന്നിൽ ഒളിപ്പിച്ചു ജീവിക്കുന്ന ആളാണ്. ഡയലോഗ് പറഞ്ഞ് അഭിനയിക്കാൻ എളുപ്പമാണ്, പക്ഷേ ഡയലോഗ് ഇല്ലാതെ എക്സ്പ്രെഷനിലൂടെ അവതരിപ്പിക്കുക അത്ര എളുപ്പമല്ല. അയാളുടെ മനസ്സ് മുഴുവൻ വിങ്ങിപ്പൊട്ടുകയാണ്. പക്ഷേ ഭാര്യയോടോ മക്കളോടോ കാണിക്കാൻ പറ്റില്ല. ഭാര്യയെ അയാൾ ജീവനുതുല്യം സ്നേഹിക്കുന്നുണ്ട്. അങ്ങനെ ഒരു കുടുംബസ്ഥനായ ആളാണ് വിൻസന്റ്. വിൻസന്റിന്റെ അവതരിപ്പിക്കാൻ അത്ര എളുപ്പമായിരുന്നില്ല. ഞാൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളുടെ എക്സ്പ്രെഷൻ ഈ കഥാപാത്രത്തിന് കൊടുത്തിട്ടില്ല. ഒരുപാട് എക്സ്പ്രെഷൻ കൊടുക്കാനും പറ്റില്ല. വിൻസന്റിന്റെ മനസ്സ് കണ്ടുകൊണ്ടാണ് ഞാൻ ചെയ്തിരിക്കുന്നത്.
ജോഫിന്റെ ധൈര്യം സമ്മതിച്ചുകൊടുക്കണം
ഞാൻ സിനിമയിൽ വന്ന സമയത്താണ് കാതോട് കാതോരം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. പുതിയ ആൾക്കാർക്ക് ഇതൊരു പണ്ടുള്ള ഒരു പീരീഡ് സിനിമയാണ്. അന്ന് നാന ഒക്കെ സിനിമയെപ്പറ്റി എഴുതിയത് ഓർമയുണ്ട്. ഭരതേട്ടന്റെയും മമ്മൂക്കയുടെയും സിനിമ. ഭരതേട്ടന്റെ ഒരു സിനിമയിൽ അഭിനയിക്കണം എന്നത് വലിയ ആഗ്രഹമായിരുന്നു. പിന്നീടു രണ്ടുവർഷം കഴിഞ്ഞു ഞാൻ ഭരതേട്ടന്റെ പടത്തിൽ അഭിനയിച്ചു. മമ്മൂക്കയുടെ ലൂയിസ് എന്ന കഥാപാത്രവും സരിതയുടെ കഥാപാത്രവും മലക്കപ്പാറയും ആ പള്ളിയും സിനിമയിലെ പാട്ടുകളും ഒക്കെ ഒരു ഗൃഹാതുരത്വമാണ്. ആ സിനിമ ഇപ്പോൾ റെഫെറെൻസ് ആയി കൊണ്ടുവന്നിട്ട് ഇത്തരമൊരു സിനിമ ചെയ്യാൻ ജോഫിൻ കാണിച്ച ധൈര്യത്തിന് കയ്യടി കൊടുക്കണം. ഒന്ന് പാളിപ്പോയാൽ പരാജയപ്പെട്ടു പോകാവുന്ന ശ്രമമായിരുന്നു.

ബ്രില്യന്റ് കാസ്റ്റിങ്
ഭരതേട്ടനും ആ സിനിമയ്ക്കും ജോഫിനും കൂട്ടരും ഒരു ആദരം കൊടുത്തതുപോലെയാണ് എനിക്ക് തോന്നിയത്. ഭരതേട്ടൻ ആയി അഭിനയിച്ച ആള് ഭരതേട്ടനെപ്പോലെ തന്നെ തോന്നി. കമൽ ഇക്കയുടെ ചെറുപ്പകാലം അദ്ദേഹത്തിന്റെ മകൻ ആണ് ചെയ്തിരിക്കുന്നത്. സിദ്ദിഖ്, സിദ്ദിഖിന്റെ മകൻ, ടി.ജി. രവി, മകൻ ശ്രീജിത് രവി, എന്റെ ചെറുപ്പകാലം ചെയ്ത ഉണ്ണി ലാലു അങ്ങനെ ഒരുപാടു അഭിനേതാക്കളെ വളരെ ബുദ്ധിപൂർവം തിരഞ്ഞെടുത്തിട്ടുണ്ട്. വളരെ മികച്ച ഒരു കാസ്റ്റിങ് ആണ് സിനിമയുടേത്. ഉണ്ണി ലാലു ഇന്നലെ എന്നെ വിളിച്ചു, ‘ചേട്ടാ ഞാൻ ആണ് ചേട്ടന്റെ ചെറുപ്പം ചെയ്തിരിക്കുന്നത്’ എന്ന്. ആ കാസ്റ്റിങ് വളരെ നന്നായി തോന്നി, ഉണ്ണി ലാലുവിന് എന്റെ എന്തോ ഛായ ഉണ്ട്. അതുപോലെ പഴയ മമ്മൂക്കയെ കണ്ടപ്പോൾ തന്നെ ഒരു രോമാഞ്ചം വന്നു. കുറെ ട്രോളുകൾ ഞാൻ കണ്ടു ഇന്ത്യൻ 2 എന്ന ബിഗ് ബജറ്റ് സിനിമയിൽ എഐ ചെയ്തു താരങ്ങളെ പുനഃസൃഷ്ടിച്ചത് വളരെ മോശമായിരുന്നു എന്നും മമ്മൂക്കയുടെ ചെറുപ്പകാലം രേഖാചിത്രത്തിൽ അതിമനോഹരമായി ചെയ്തിട്ടുണ്ടെന്നും കണ്ടു. അത് വളരെ ശരിയാണ്. മിടുക്കന്മാരായ കുട്ടികൾ നമ്മുടെ നാട്ടിലുണ്ട്.
ആസിഫ് നല്ല പയ്യൻ
ആസിഫ് അടുത്തിടെ വളരെ നല്ല സിനിമകൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ആസിഫ് ഈ കഥാപാത്രം വളരെ നന്നായി ചെയ്തു. ആസിഫ് ഒരു ജെം ആണ്. ഒരുപാട് സ്നേഹമുള്ള നല്ല ചെറുപ്പക്കാരനാണ് ആസിഫ്. ഞങ്ങൾ തമ്മിൽ അധികം കോമ്പിനേഷൻ ഇല്ലായിരുന്നു. ഷൂട്ടിങ് ഇല്ലാത്തപ്പോൾ ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കും. എന്റെ ഷൂട്ട് കഴിഞ്ഞു ഞാൻ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ ഓടിവന്നു കെട്ടിപ്പിടിച്ചു അയ്യോ ചേട്ടാ പോകുവാണോ എനിക്ക് ചേട്ടനോട് അധികം അടുത്ത് ഒരുമിച്ചു നിൽക്കാൻ പറ്റിയില്ലല്ലോ എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു നമ്മൾ ഇനിയും കാണുമല്ലോ. വലിയൊരു സ്നേഹബന്ധമാണ് ആസിഫുമായി ഉണ്ടായത്.

ഹരിഹരൻ അവതരിപ്പിച്ചവർ ഒരുമിച്ച്
എന്റെ ഭാര്യയായി അഭിനയിച്ചത് നടി സലീമയാണ്. സലീമ ആ കഥാപാത്രം വളരെ നന്നായി ചെയ്തു. സലീമയുടെ ചെറുപ്പകാലം ചെയ്‌തത് സെറിൻ ഷിഹാബ് എന്ന കുട്ടിയാണ്. എന്ത് മനോഹരമായിട്ടാണ് ആ കുട്ടി അഭിനയിച്ചത്. സലീമയുടെയും എന്റെയും ഗുരുനാഥൻ ഹരിഹരൻ സാറാണ്. ഞങ്ങൾക്ക് ഒരുമിച്ച് ഈ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞു. ഷൂട്ടിങ്ങിനിടെ ഞാൻ സലീമയോട് അത് പറഞ്ഞു. മോനിഷ ഉണ്ടായിരുന്ന കാലത്ത് മോനിഷയോടും ഒന്നിച്ച് അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ദ്രൻസ്, സിദ്ദിഖ് തുടങ്ങി എല്ലാവരും വളരെ നന്നായി അവരവരുടെ ഭാഗം ചെയ്തു.

അനശ്വര ഭാവിയിലെ വാഗ്ദാനമാണ്
അനശ്വരയെക്കുറിച്ച് എടുത്തു പറയാതിരിക്കാൻ കഴിയില്ല. സിനിമയുടെ നട്ടെല്ല് അനശ്വരയുടെ കഥാപാത്രമാണ്. എന്തു മനോഹരമായാണ് അനശ്വര ആ കഥാപാത്രം ചെയ്തത്. ഒരു പക്കാ നായികാ പ്രോഡക്റ്റ് ആണ് അനശ്വര. മലയാള സിനിമയിൽ ഭാവിയിലെ വാഗ്ദാനം. അതിനുള്ള സൗന്ദര്യവും കഴിവും സവിശേഷതകളും അനശ്വരയ്ക്കുണ്ട്,. എനിക്ക് നല്ല പ്രതീക്ഷയുണ്ട് ആ കുട്ടിയിൽ. മലയാളത്തിൽ കുറേകാലമായി അങ്ങനെ സ്ഥിരം നിൽക്കുന്ന നായികമാരെ അധികം കാണാറില്ല. പണ്ട് ഉർവശി, ശോഭന, പാർവതി, പിന്നീട് വന്ന മഞ്ജു വാരിയർ അങ്ങനെ നായികമാർ കുറേ കാലം നിന്നു. അവരൊക്കെ തമിഴിലൊക്കെ പോയാലും അവരുടെ സ്ഥാനം ഇവിടെ തന്നെ ഉണ്ടാകുമായിരുന്നു. അവർക്ക് ചെയ്യാനുള്ള കഥാപാത്രം ഇവിടെ അവരെ കാത്തിരിക്കും. അങ്ങനെ നിൽക്കുന്നവർ കഴിഞ്ഞ പത്തുവർഷത്തിൽ വളരെ കുറവാണ്. ഇപ്പൊ ഉള്ളവർ തമിഴിലും തെലുങ്കിലും ഒക്കെ പോകുമ്പോൾ ഇവിടെ ആ ഗ്യാപ്പിൽ പുതിയ ആളു കയറും. പണ്ടത്തെ നടിമാർ മറ്റു ഭാഷകളിൽ പോയാലും അവരുടെ ഗ്യാപ്പിൽ ആരും കയറില്ല. അങ്ങനെയുള്ള സ്ഥാനമാണ് നടന്മാർക്കും നടിമാർക്കും കിട്ടേണ്ടത്. അനശ്വര അങ്ങനെ കാലിബർ ഉള്ള ഒരു നടിയാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
‘മനോജേ ആ നിഗൂഢത എങ്ങനെ കൊണ്ടുവന്നു’
സിനിമയെക്കുറിച്ച് വളരെ നല്ല പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. എന്നെ ഇന്നലെ മഹാരാജാസ് കോളജിലെ ഒരു പ്രൊഫസ്സർ വിളിച്ചു. എന്റെ കഥാപാത്രം വളരെ നന്നായിരുന്നു എന്ന് പറഞ്ഞു. നമ്മൾ കാണാത്ത തലങ്ങളാണ് പുള്ളി പറയുന്നത്. ആ നിഗൂഢത മനോജ് എങ്ങനെ മുഖത്ത് കൊണ്ട് വന്നു എന്നൊക്കെ ചോദിച്ചു. എനിക്ക് കഥാപാത്രം എന്താണെന്ന് മനസിലായാൽ പിന്നെ അതുമായി ഒരു യാത്രയാണ്. നമ്മൾ സെറ്റിൽ മുഴുവൻ സമയവും കഥാപാത്രമായി ഇരിക്കുകയൊന്നും ഇല്ല, എല്ലാവരുമായി ചേർന്ന് അവിടെ കഥയും പാട്ടും തമാശയും ആയിട്ടൊക്കെ ഇരിക്കും, അഭിനയിക്കാൻ വിളിക്കുമ്പോഴാണ് പിന്നെ കഥാപാത്രത്തെപ്പറ്റി ഓർക്കുന്നത്. അങ്ങനെയാണ് ഞാൻ, അനന്തഭദ്രം ചെയുമ്പോൾ പോലും ഞാൻ അങ്ങനെ ആയിരുന്നു. സിനിമ കണ്ടിട്ട് ഒരുപാട് പേര് വിളിച്ച് നല്ല അഭിപ്രായം പറയുന്നുണ്ട്. ഒരുപാട് പേര് മെസ്സേജ് അയക്കുന്നുണ്ട്. ഒരുപാട് സന്തോഷമുണ്ട്. 2025 തുടങ്ങുമ്പോൾ തന്നെ നല്ലൊരു സിനിമ ചെയ്യാൻ കഴിഞ്ഞു എന്നത് വലിയ കാര്യമാണ്. 2024 സിനിമയുടെ ഒരു വസന്തകാലം ആയിരുന്നു, 2025ൽ അത് തുടരട്ടെ എന്നാണ് പ്രാർത്ഥന.
90കളിലെ താരങ്ങൾ ഒരുമിച്ച് വരുന്നു
മാത്യു തോമസ് നായകനാകുന്ന ലൗലി എന്ന പടം വരുന്നുണ്ട്. ദിലീഷ് നായർ ആണ് സംവിധാനം , ക്യാമറ ആഷിഖ് അബു ആണ് ചെയ്തത്. ഗോളം ടീം ചെയ്യുന്ന യുകെ ഒകെ എന്നൊരു പടം ചെയ്യുന്നു, രഞ്ജിത് സജീവ് ആണ് നായകൻ. പിന്നെ ധീരൻ ഷൂട്ടിങ് കഴിഞ്ഞു. അതിൽ ഞാൻ ജഗദീഷ്, അശോകൻ, സുധീഷ്, വിനീത് തുടങ്ങിയവർ ആണ്. 90കളിലെ താരങ്ങൾ എല്ലാം ഒരുമിച്ച് അഭിനയിച്ചു എന്നത് ഒരു സന്തോഷമാണ്. രാജേഷ് മാധവൻ ആണ് നായകൻ. വളരെ രസകരമായ സിനിമയാണ്. ഇനി വരുന്നതെല്ലാം ഒരുപാട് പ്രത്യേകതയുള്ള സിനിമകളാണ്.