'പണി'യിലെ 'വെടിമറ ജൂഡൻ', ജോജു ജോർജിന്റെ മൂത്ത മകൻ; ഇയാൻ അഭിമുഖം

Mail This Article
ഒരുപിടി പ്രതിഭകളെയാണ് ‘പണി’ സിനിമയിലൂടെ ജോജു ജോർജ് മലയാളത്തിൽ അവതരിപ്പിച്ചത്. കരിക്ക് സുനി, വാറണ്ട് ഡേവി എന്നിങ്ങനെയുള്ള കൊമ്പന്മാർക്കൊപ്പം തിളങ്ങി നിന്ന മറ്റൊരു കഥാപാത്രം കൂടിയുണ്ട് വെടിമറ ജൂഡൻ. നാളെ മുതൽ പൊലീസ് സ്റ്റേഷനിൽ രാവിലെ വന്ന് ഒപ്പിടണം എന്ന് പൊലീസുകാരൻ പറയുമ്പോൾ വെടിമറ ജൂഡന്റെ മറുപടി ഇങ്ങനെയാണ്: 'സാറേ, രാവിലെ എപ്പോ തുറക്കും പൊലീസ് സ്റ്റേഷൻ?'. ആ ഒരൊറ്റ ചോദ്യത്തിൽ ഹിറ്റായിരിക്കുകയാണ് അപ്പു. നടനും സംവിധായകനുമായ ജോജു ജോർജിന്റെ മകനാണ് അപ്പു എന്ന ഇയാൻ ജോർജ് ജോസഫ്. ആദ്യ സിനിമയുടെ വിശേഷങ്ങളുമായി ഇയാൻ മനോരമ ഓൺലൈനിൽ.
അപ്പയാണ് വീട്ടിലെ ആസ്ഥാന കലാകാരൻ
നടനാകണം എന്നതാണ് എപ്പോഴത്തെയും പ്ലാൻ. ഇപ്പോൾ പത്താം ക്‌ളാസിലാണ് പഠിക്കുന്നത്. പഠിച്ച് പരീക്ഷ പാസാകണം. എന്നിട്ട് നല്ല നടനാകണം. എപ്പോഴും പഠിച്ചില്ലെങ്കിലും എങ്ങനെയെങ്കിലും പരീക്ഷ പാസാകണം എന്നു മാത്രമെ അപ്പ പറയാറുള്ളൂ. ഞാൻ കലാകാരൻ ആകുന്നത് അപ്പയ്ക്കും വലിയ ഇഷ്ടമാണ്. അഭിനയിക്കാൻ ഇഷ്ടമുണ്ടെന്നു പറഞ്ഞപ്പോൾ ആദ്യം സപ്പോർട്ട് ചെയ്തത് അപ്പയാണ്. സിനിമയിൽ പറയേണ്ട ഡയലോഗ് ഒക്കെ നേരത്തെ തയാറാക്കി വച്ചിരുന്നതാണ്.

അപ്പ അതിലൊക്കെ കണിശതയുള്ള ആളാണ്. പിന്നെ ആ സമയത്ത് കാണിച്ച ഭാവമൊക്കെ ഞാൻ സ്വന്തമായി ചെയ്തതാണ്. ടെൻഷനാകാതെ സമാധാനമായി അഭിനയിച്ചോളൂ എന്നാണ് അപ്പ തന്ന ടിപ്. 'പണി'യിൽ ഞാനും അനിയനും അനിയത്തിയും അഭിനയിച്ചിട്ടുണ്ട്. അത് വലിയ സന്തോഷമായി.

വെടിമറ ജൂഡൻ സ്പെഷലാണ്
സിനിമയിലെ എന്റെ ആദ്യ കഥാപാത്രമാണ് വെടിമറ ജൂഡൻ. സിനിമയിൽ ആ രംഗം വരുമ്പോൾ അത് ശ്രദ്ധിക്കപ്പെടുമെന്ന് എല്ലാവരും പറഞ്ഞിരുന്നു. പക്ഷെ ഇപ്പോൾ ഒടിടിയിൽ വന്നപ്പോൾ എല്ലാരും ആ സീൻ ആഘോഷിക്കുന്നത് കണ്ടപ്പോൾ വലിയ സന്തോഷമായി. ആകെ അടിപൊളി ഫീലാണ്. കുറേപേർ ആ കഥാപാത്രം കണ്ടു വിളിച്ചു. ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് എല്ലാരും പറയുന്നത്. അതാണ് എന്റെയും ഭാവി പരിപാടി.

അമ്മയുടെ ആവേശം
ഞാനും അനിയനും അനിയത്തിയും അപ്പ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്നു എന്നതിൽ അമ്മയ്ക്ക് വലിയ ടെൻഷനും പ്രതീക്ഷയും ഉണ്ടായിരുന്നു. അപ്പയാണ് അഭിനയത്തിനുള്ള ടിപ്പുകളൊക്കെ പറഞ്ഞു തരാറുള്ളതെങ്കിലും അമ്മയാണ് ഓവർ ഓൾ പിന്തുണ.

നന്ദിയുണ്ട്
ഈ ചെറിയ വേഷം ഇത്ര ആഘോഷമാക്കിയത് സമൂഹമാധ്യമങ്ങൾ കൂടിയാണ്. അപ്പ ഒരുപാട് കഷ്ടപ്പെട്ട്, ഒരുപാട് നാൾ കഷ്ടപ്പെട്ട് അലഞ്ഞിട്ടാണ് സിനിമയിൽ ഇന്ന് കാണുന്ന ജോജു ജോർജ് ആയത്. അപ്പോൾ ആദ്യ സിനിമയിൽ തന്നെ എല്ലാവരും ശ്രദ്ധിക്കുന്ന കഥാപാത്രം ചെയ്യാനായതിൽ നന്ദി പറയാനാണ് തോന്നുന്നത്.

പത്തിലെ പരീക്ഷയുടെ തീയതി വന്നിട്ടുണ്ട്. ഇനി കുറച്ചു ദിവസം പഠിക്കണം. അതിനുശേഷം സിനിമയിൽ സജീവമാകും. ഇനിയും ഒരുപാട് നല്ല സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹം.
ജോജു ജോർജിന്റെ നിർമാണ കമ്പനിയായ അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസിന്റെ പേര് മക്കളുടെ ചെല്ലപ്പേരിൽ നിന്നുമാണ് ഉരുത്തിരിഞ്ഞത്. ജോജുവിന്റെ മക്കളിൽ അപ്പുവും പാത്തുവും (ഇയാൻ ജോർജ് ജോസഫ്, സാറ) ഇരട്ടക്കുട്ടികളാണ്. ഇളയ മകൻ ഇവാൻ. ഇയാന് പുറമെ സാറയും ഇവാനും ജോജു ആദ്യമായി സംവിധാനം ചെയ്ത പണി എന്ന സിനിമയിൽ അഭിനേതാക്കളായി അരങ്ങേറ്റം കുറിച്ചിരുന്നു.