ക്ലൈമാക്സിലെ ആ തിരുത്ത് മമ്മൂട്ടിയുടെ സംഭാവന: ‘രേഖാചിത്രം’ തിരക്കഥാകൃത്ത് അഭിമുഖം

Mail This Article
മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ഇതര ചരിത്ര ജോണറിലൂടെ കഥപറഞ്ഞ് 2025-ലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയിരിക്കുകയാണ് ‘രേഖാചിത്രം’. 1985-ൽ പുറത്തിറങ്ങിയ ഭരതന്റെ ‘കാതോട് കാതോരം’ സിനിമയുടെ പശ്ചാത്തലത്തെയും കാലഘട്ടത്തെയും വിദഗ്ധമായി ഉപയോഗിച്ച് തികച്ചും വ്യത്യസ്തമായ മറ്റൊരു സിനിമ സൃഷ്ടിച്ചിരിക്കുകയാണ് ഇവിടെ. ഫിക്‌ഷനാണോ യഥാർഥ സംഭവങ്ങളുടെ തന്നെ ചലച്ചിത്ര ആവിഷ്കാരമാണോ എന്ന് പ്രേക്ഷകരിൽ സംശയം ജനിപ്പിക്കുന്നിടത്താണ് എഴുത്തുകാരന്റെ ക്രാഫ്റ്റ്. ചലച്ചിത്ര ആസ്വാദകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ‘രേഖാചിത്ര’ത്തിന്റെ എഴുത്തുകാരൻ രാമു സുനിൽ മനസ്സ് തുറക്കുന്നു
അച്ഛനും സുജി ചേട്ടനും അനിൽ അങ്കിളും അളിയനും ചേരുന്ന സിനിമാ കമ്പനി
ഒരു ഒൻപത് വയസ്സ് മുതലൊക്കെ തന്നെ സിനിമ എന്റെ സ്വപ്നങ്ങളിലുണ്ട്. പത്താം ക്ലാസിലൊക്കെ എത്തുമ്പോൾ സിനിമയുമായി ബന്ധപ്പെട്ടു എന്തെങ്കിലും കോഴ്സ് ചെയ്യണമെന്നു ഉറപ്പിച്ചിരുന്നു. സിനിമ എന്റെ ഏറ്റവും വലിയൊരു അഭിനിവേശമാണ് അന്നും ഇന്നും. സിനിമ കൃത്യമായി ഫോളോ ചെയ്യുകയും എല്ലാത്തരം സിനിമകൾ കാണുകയും ചെയ്യുന്ന ഒരു കുടുംബമായിരുന്നു എന്റേത്. സിനിമയുമായി ബന്ധപ്പെട്ടു എന്നെ സ്വാധീനിച്ചിട്ടുള്ള മൂന്നു വ്യക്തികളുടെ പേരുകൾ എടുത്തു പറയണം. ആദ്യത്തേത് അച്ഛനാണ്. എല്ലാത്തരം സിനിമകൾക്കും അച്ഛൻ എന്നെ കൊണ്ടുപോകുമായിരുന്നു. ഡാനി, കഥാപുരുഷൻ പോലെയുള്ള ഗൗരവമുള്ള സിനിമകൾക്കും അദ്ദേഹം എന്നെ ഒപ്പം കൂട്ടിയിരുന്നു.
ഞാൻ എൽകെജി മുതൽ രണ്ടാം ക്ലാസ് വരെ പഠിച്ചത് തിരുവനന്തപുരത്താണ്. എനിക്ക് ഒരു കസിൻ ചേട്ടനുണ്ടായിരുന്നു അവിടെ, സുജി ചേട്ടൻ. അദ്ദേഹത്തിന്റെ കൂട്ടുകാരന്റേയായിരുന്നു വട്ടിയൂർക്കാവിലെ ശാന്തി തിയറ്റർ. സുജി ചേട്ടനു ഫ്രീയായിട്ടു സിനിമ കാണാനുള്ള അനുവാദം ഉണ്ടായിരുന്നു അവിടെ. ചേട്ടൻ കാണുന്ന സിനിമകളുടെയൊക്കെ കഥ വന്ന് എന്നോട് പറയുമായിരുന്നു. അസാധ്യ സ്റ്റോറി ടെല്ലറായിരുന്നു ചേട്ടൻ. ചേട്ടൻ കാണാത്ത ഒരു സിനിമയാണെങ്കിൽ പോലും ഭാവനയിൽ നിന്ന് കഥയൊക്കെ ഉണ്ടാക്കി രസകരമായി അവതരിപ്പിക്കുമായിരുന്നു.
99-ൽ അമ്മയ്ക്കു തൃശൂരിലേക്ക് സ്ഥലമാറ്റം കിട്ടി. ആ സമയത്ത് പെട്ടെന്നു അങ്ങനെ വന്നപ്പോൾ ഞാൻ വല്ലാത്ത ഒരു ഒറ്റപെടലിലൂടെ കടന്നുപോയിരുന്നു. അങ്ങനൊരു വിഷമഘട്ടത്തെ അതിജീവിച്ചതും സിനിമയിലൂടെയാണെന്നു പറയാം. അച്ഛന്റെ സുഹൃത്ത് അനിൽ അങ്കിളാണ് അന്ന് തുണയായത്. അദ്ദേഹം ആഴ്ചയിൽ മൂന്നു സിനിമകൾക്കെങ്കിലും എന്നെ കൊണ്ടുപോകുമായിരുന്നു. കോളജ് കാലത്തിനു ശേഷം എന്റെ സിനിമ കമ്പനിയിൽ പ്രധാനി എന്റെ അളിയൻ ഗോകുലായിരുന്നു. രേഖാചിത്രത്തിലും അദ്ദേഹത്തിന്റെ ക്രിയാത്മക സംഭാവനകൾ ഉണ്ടായിരുന്നു. അഭിനേതാക്കൾ എന്ന പോലെ ഓരോ സിനിമയിലും പ്രവർത്തിച്ചിരുന്ന ടെക്നിഷ്യൻമാർ ആരാണെന്നു വരെ മനഃപാഠമായിരുന്നു അന്ന് എനിക്ക്.
‘കൺ മുന്നിലുണ്ടെങ്കിലും കാണാതെ പോയവരുടെ കഥ’
കോയമ്പത്തൂർ ജിആർഡി. കോളജിൽ എന്റെ സീനിയറായിരുന്നു ഇപ്പോഴത്തെ തിരക്കേറിയ എഡിറ്ററും സംവിധായകനുമായ അഭിനവ് സുന്ദർ നായക്. അദ്ദേഹത്തിനു ഞാൻ ചെയ്ത് ഹ്രസ്വചിത്രങ്ങളൊക്കെ കണക്റ്റായിരുന്നു. ബാലാജി മോഹൻ സംവിധാനം ചെയ്ത ‘വായൈ മൂടി പേസവും’ എന്ന തമിഴ് ചിത്രത്തിന്റെ എഡിറ്റർ അദ്ദേഹമായിരുന്നു. ആ സിനിമയിലൊരു സഹസംവിധായകന്റെ ഒഴിവ് വന്നപ്പോൾ എന്നെ വിളിച്ചു. മൂന്നാറാണ് ഷൂട്ടിങ്. ജൂനിയർ ആർട്ടിസ്റ്റ് കോർഡിനേറ്റർ തമിഴ്നാട് സ്വദേശിയായിരുന്നെങ്കിലും ജൂനിയർ ആർട്ടിസ്റ്റുകൾ കൊച്ചിയിൽ നിന്നായിരുന്നു വന്നത്. മലയാളിയായതുകൊണ്ട് ജൂനിയർ ആർട്ടിസ്റ്റുകളെ കോർഡിനേറ്റ് ചെയ്യുന്ന ചുമതല അദ്ദേഹം എനിക്ക് നൽകി. സിനിമയിലൊരു അധികാര ശ്രേണിയുണ്ട് അതിൽ സഹസംവിധായകരുടെയും താഴെയാണ് ജൂനിയർ ആർട്ടിസ്റ്റുകളുടെ സ്ഥാനം എന്ന് അന്നാണ് ഞാൻ തിരിച്ചറിയുന്നത്. ഒരു സഹസംവിധായകൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെക്കാൾ മേലെയാണ് ഓരോ ജൂനിയർ ആർട്ടിസ്റ്റുകളും കടന്നുപോകുന്നത്. എന്റെ അമ്മയുടെ പ്രായമുള്ള ജൂനിയർ ആർട്ടിസ്റ്റായ ഒരു സ്ത്രീയെയൊക്കെ ശകാരിക്കുന്നത് എന്നെ മാനസികമായി ഉലച്ചിട്ടുണ്ട്.

അന്ന് ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിലെ റിസപ്ഷനിസ്റ്റ് ഒരു പെൺകുട്ടി ഉണ്ടായിരുന്നു. എപ്പോഴും ഒരു ചിരിയോടെയാണ് അവർ എന്നെ വരവേറ്റിരുന്നത്. ഞാനും തിരിച്ച് ചിരിക്കും. പ്രണയിച്ചു വിവാഹം കഴിച്ച് മറ്റ് ഏതോ നാട്ടിൽ നിന്ന് വന്നു മൂന്നാറിൽ ജോലി ചെയ്യുകയാണ് അവർ. അവരുടെ ഭർത്താവും അതേ ഹോട്ടലിൽ ജോലി ചെയ്യുകയാണ്. ഒരു ദിവസം ജൂനിയർ ആർട്ടിസ്റ്റുകളുടെ കൂടെ ഞാൻ ആ പെൺകുട്ടിയെ കണ്ടു. പതിവുപോലെ ഒരു ചിരി സമ്മാനിച്ചു. പെട്ടെന്ന് സെറ്റിൽ എന്തോ കാര്യത്തിനു ആ പെൺകുട്ടിയെ ശകാരിച്ചു. സദാ ചിരിച്ചുകൊണ്ടിരുന്ന ആ പെൺകുട്ടിയുടെ മുഖം മാറി. എന്റെ മുഖത്തേക്ക് നിസഹായതയോടെ ആ കുട്ടി നോക്കി. പെട്ടെന്ന് ഞങ്ങൾക്കിടിയിലുണ്ടായിരുന്ന സമത്വം നഷ്ടപ്പെടുന്ന പോലെ എനിക്ക് തോന്നി. അന്നെനിക്ക് 21 വയസ്സാണ്. ഈ സംഭവങ്ങളൊക്കെ ഇമോഷനലി എന്നെ വല്ലാതെ ഉലച്ചു. പിന്നീട് സിനിമകൾ കാണുമ്പോൾ എന്റെ ശ്രദ്ധ മുഴുവൻ ജൂനിയർ ആർട്ടിസ്റ്റുകളിലായിരുന്നു. പല സിനിമകളിൽ പല വേഷങ്ങളിൽ ഞാൻ അവരെ കണ്ടു.
‘കൺ മുന്നിലുണ്ടെങ്കിലും കാണാതെ പോയവർ’ എന്ന ചിന്ത എന്റെ മനസ്സിൽ ഉണർന്നത് അങ്ങനെയാണ്. രേഖയുടെ കഥാപാത്രത്തിന്റെ ആദ്യത്തെ സ്പാർക്ക് അവിടെ നിന്നാണ് ഉണ്ടാകുന്നത്.
2015-16 കാലഘട്ടത്തിൽ എന്റെ ഓർമ ശരിയാണെങ്കിൽ ചേലക്കര പൊലീസ് സ്റ്റേഷനിൽ ഒരു ഊമ കത്ത് വരുന്നു. വർഷങ്ങൾക്കു മുമ്പ് ഒരു സ്ഥലത്ത് ഒരാളെ കൊന്ന് കുഴിച്ചിട്ടുണ്ടായിരുന്നുവെന്നായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. മറ്റ് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. പൊലീസിന്റെ പ്രഥാമിക അന്വേഷണത്തിൽ തന്നെ ആ സ്ഥലത്ത് നിന്ന് അസ്ഥിക്കൂടം കണ്ടെത്താനായി. പിന്നീട് ആ കേസിനു ലീഡ് ഉണ്ടായോ എന്നറിയില്ല. ഇത് ഞാൻ കാണുന്നത് പത്രത്തിലെ ഒരു ചെറിയ കോളം വാർത്തയായിട്ടാണ്. അങ്ങനെ സഹസംവിധായകനായിരിക്കെ ജൂനിയർ ആർട്ടിസ്റ്റുകളുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ അനുഭവങ്ങളും ഈ പത്രവാർത്തയും ചേർന്നൊരു പുതിയ കഥ മനസ്സിൽ രൂപപ്പെട്ടു. അതൊരു ഫിക്‌ഷനൽ സ്പേസിൽ നിന്ന് എഴുതുന്നതിനേക്കാൾ ഒരു യഥാർഥ സിനിമയുടെ പശ്ചാത്തലത്തിൽ പറഞ്ഞാൽ കൂടുതൽ വിശ്വാസയോഗ്യമാകുമെന്നു തോന്നി. അങ്ങനെയാണ് ഇതര ചരിത്രം എന്ന ജോണറിന്റെ സാധ്യതകളിലേക്ക് കടക്കുകയും കാതോട് കാതോരത്തിലേക്ക് എത്തുകയും ചെയ്യുന്നത്.
ഇതിനോട് അനുബന്ധമായി മറ്റൊരു കാര്യം കൂടി പറയാം. കോവിഡ് കാലത്ത് സിനിമ ഗ്രൂപ്പുകളിൽ ഈ സീനിൽ അല്ലെങ്കിൽ ഈ പാട്ടിലുള്ള നടി ഇപ്പോൾ എവിടെയാണ്, മറ്റു സിനിമകളിൽ അഭിനയിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഉയർന്നു വരുന്നത് കണ്ടിട്ടുണ്ട്. ആ സമയത്ത് എം3ഡിബി ഗ്രൂപ്പിൽ ദേവദൂതർ പാടി ഗാനത്തിൽ സരിതയുടെ പിന്നിൽ നിൽക്കുന്ന നടിയാരാണെന്ന ഒരു പോസ്റ്റ് വന്നിരുന്നു. എന്റെ വല്യമ്മയാണ് ആ പോസ്റ്റ് ശ്രദ്ധയിൽപ്പെടുത്തുന്നത്. കാതോട് കാതോരം സിനിമയും ദേവദൂതർ പാടിയുമൊക്കെ നിശ്ചിച്ചു പ്രീപ്രൊഡക്ഷനൊക്കെ തുടങ്ങി കഴിഞ്ഞാണ് നാ താൻ കേസ് കൊട് സിനിമ സംഭവിക്കുന്നത്. ചിത്രത്തിൽ കാതോട് കാതോരം സിനിമയിലെ പാട്ട് റീക്രീയേറ്റ് ചെയ്തപ്പോൾ അത് ഹിറ്റായിരുന്നു. അത് രേഖാചിത്രത്തിൽ പോസ്റ്റീവായി ഉപയോഗിക്കാനും കഴിഞ്ഞിട്ടുണ്ട്.
സെക്കൻഡ് ഷോയുടെ ഇടവേളയിൽ ജോഫിനോട് പറഞ്ഞ കഥ
ഞാനും ജോഫിനും സുഹൃത്തുകളാണ്. ഞങ്ങൾ എറണാകുളം ശ്രീധർ തിയറ്ററിൽ അരവിന്ദന്റെ അതിഥികൾ സെക്കൻഡ് ഷോയ്ക്കു പോയി സിനിമയുടെ ഇടവേള സമയത്താണ് ജോഫിനോട് ഞാൻ ഇങ്ങനെയൊരു കഥ മനസ്സിലുണ്ടെന്നു പറയുന്നത്. ജോഫിന് അത് ഇഷ്ടപ്പെടുകയും അത് സംവിധാനം ചെയ്യാൻ താൽപ്പര്യമുണ്ടെന്നും പറയുകയും ചെയ്യുന്നത്. അന്ന് ജോഫിൻപ്രീസ്റ്റ് ചെയ്തിട്ടില്ല. പ്രീസ്റ്റ് പൂർത്തിയായതോടെ രേഖാചിത്രത്തിന്റെ പ്രിപ്രൊഡക്‌ഷൻ ജോലികൾ ട്രാക്കിലായി തുടങ്ങി.
ഒരുപാട് ആളുകളുടെ അനുവാദം വാങ്ങിയെടുക്കുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. ഇതിനോടകം ജോഫിൻ പല സിനിമകളിലും പറഞ്ഞ പോലെ മമ്മൂട്ടിയുടെ ഒരു യെസിൽ നിന്നാണ് ആ യാത്ര തുടങ്ങുന്നത്. ‘കാതോട് കാതോര’ത്തിന്റെ അണിയറ പ്രവർത്തകരിലേക്ക് എത്താനും അനുമതികൾ മേടിച്ചെടുക്കാനും സഹായമാകുന്നത് ആന്റോ ജോസഫിന്റെ ഇടപെടലിലൂടെയാണ്. അദ്ദേഹത്തിന്റെ പേരിനു മലയാളം ഇൻഡസ്ട്രിയിൽ ഒരു വിലയുണ്ട്. താരതമ്യേന മലയാള സിനിമയിൽ തുടക്കകാരായ എന്നെയും ജോഫിനെ പോലയുള്ള രണ്ടുപേർക്കു എളുപ്പത്തിൽ സാധിച്ചെടുക്കാൻ കഴിയുന്ന കാര്യങ്ങളായിരുന്നില്ല അത്.
ജോൺപോളിന്റെ ഓർമകളും ‘കാതോട് കാതോര’ത്തിലെ കൗതുകങ്ങളും
സിനിമയുടെ പ്രിപ്രൊഡക്ഷൻ ജോലികൾ ആരംഭിക്കുമ്പോൾ ജോൺപോൾ ജീവിച്ചിരുപ്പുണ്ട്. അദ്ദേഹത്തെ പോയി കാണുമ്പോൾ കാതോട് കാതോരവുമായി ബന്ധപ്പെട്ട ഒട്ടേറെ ഓർമകൾ അദ്ദേഹം പങ്കുവച്ചിരുന്നു. ഉദാഹരണത്തിനു കാതോട് കാതോരം സിനിമയിൽ കന്യാസ്ത്രീകൾ ഉപയോഗിച്ചിരുന്ന കോളറുള്ള കുപ്പായം അക്കാലത്ത് കേരളത്തിൽ ഒരു കന്യാസ്ത്രീ മഠത്തിലും ഉണ്ടായിരുന്നില്ല. ഭരതൻ അദ്ദേഹത്തിന്റെ ഭാവനയിൽ യൂറോപ്പ്യൻ റഫൻസ് കൂടിയെടുത്തു രൂപകൽപ്പന ചെയ്തതാണ് ആ വേഷം. ഇത്തരത്തിൽ സിനിമയിൽ ഉപയോഗിക്കാൻ കഴിയുന്ന രസകരമായ കൂറെ എലമെന്റ്സ് കാതോട് കാതോരത്തിലുണ്ടായിരുന്നു. സംവിധായകൻ കമൽ ഭരതനൊപ്പം അസോഷ്യേറ്റായി പ്രവർത്തിച്ച ഏക ചിത്രം കാതോട് കാതോരമാണ്. സെവൻ ആർട്സിന്റെ ആദ്യത്തെ പ്രൊഡക്‌ഷൻ കാതോട് കാതോരമാണ്. കാതോട് കാതോരം സിനിമയുടെ ലൊക്കേഷൻ സ്റ്റിൽസ് ലഭിച്ചപ്പോൾ തന്നെ ഞങ്ങൾ ആവേശത്തിലായിരുന്നു. അത് ടൈറ്റിലിൽ ഉപയോഗിക്കണമെന്ന് അന്നേ തീരുമാനിച്ചിരുന്നു.
ക്ലൈമാക്സിലെ ‘മമ്മൂട്ടി ചേട്ടൻ’ മമ്മൂട്ടിയുടെ സംഭാവന
ഞങ്ങളുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി മമ്മൂട്ടി, ഭരതൻ, ജോൺപോൾ, സിബി മലയിൽ, കമൽ തുടങ്ങിയ മഹാരഥൻമാരോടു ഈ സിനിമ നീതി പുലർത്തണം എന്നതായിരുന്നു. എൺപതുകളിൽ തന്നെ മലയാളത്തിലെ പോപ്പുലർ കൾച്ചറിൽ മമ്മൂട്ടിയൊരു ഐക്കണായിരുന്നു. മമ്മൂട്ടിയെ ഒരു അദൃശ്യ സാന്നിധ്യത്തിലൂടെ അവതരിപ്പിക്കാനായിരുന്നു തീരുമാനം. എഐ ചെയ്യുന്നതിനൊക്കെ മമ്മൂട്ടി പൂർണ പിന്തുണ നൽകി. ആദ്യം എഴുതിയ ക്ലൈമാക്സിൽ മമ്മൂട്ടിയായിരുന്നു, അത് മമ്മൂട്ടി ചേട്ടൻ എന്നാക്കാമെന്ന അഭിപ്രായം മമ്മൂട്ടിയുടേതായിരുന്നു. വുഡ്‌ലാൻഡ്സ് ഹോട്ടലിൽ മമ്മൂട്ടി ചേട്ടൻ എന്ന് സംബോധന ചെയ്തു കത്തുകൾ വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ലെജൻഡ്സ് മീറ്റപ്പുണ്ടായിരുന്നു. കമൽ, സിബിമലയിൽ, ജഗദീഷ്, സെവൻ ആർട്സ് വിജയൻ, സെവൻ ആർട്സ് മോഹൻ എന്നിവരൊക്കെ പങ്കെടുത്തിരുന്നു. എല്ലാവരും സിനിമയെക്കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. പഴയകാലമൊക്കെ അവർക്ക് നന്നായി കണക്റ്റായി എന്നു കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.

നഷ്ടനായികമാർക്കുള്ള സമർപ്പണമെന്ന് വായിച്ചു കേൾക്കുമ്പോൾ സന്തോഷമുണ്ട്
അനശ്വര അവതരിപ്പിച്ച ജൂനിയർ ആർട്ടിസ്റ്റ് രേഖയുടെ കഥാപാത്രം പി.കെ. റോസി, സിൽക്ക് സ്മിത, റാണി പത്മിനി, ശോഭ പോലെ സിനിമയിൽ നിന്ന് ആട്ടിയോടിക്കപ്പെടുകയോ കൊലചെയ്യപ്പെടുകയോ ആത്മഹത്യ ചെയ്യേണ്ടി വരുകയോ ചെയ്ത ഒട്ടേറെ അഭിനേത്രിമാർക്കുള്ള സമർപ്പണം കൂടിയാണെന്ന തരത്തിലുള്ള വായനകൾ കണ്ടു. സത്യത്തിൽ തിരക്കഥ രൂപപ്പെടുത്തുമ്പോൾ അത്തരത്തിലൊരു പൊളിറ്റിക്കൽ ആങ്കിളൊന്നും ആലോച്ചിരുന്നില്ല എന്നതാണ് സത്യം. സിനിമയോടും തിരക്കഥയോടും നമ്മൾ പുലർത്തിയ ആത്മാർഥവും സത്യസന്ധവുമായ ഇടപെടലുകൾ കൊണ്ടാകം അത്തരത്തിലുള്ള വായനകൾ ഇപ്പോൾ സാധ്യമാക്കുന്നത്. അങ്ങനെ എഴുതി കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.
കെ.ജി. ജോർജ് സിനിമകളുടെ റഫറൻസുകൾ ബോധപൂർവം രേഖാചിത്രത്തിൽ ഉപയോഗിച്ചിട്ടില്ല. എന്നിരുന്നാലും ഭരതനും പത്മരാജനും കെ.ജി. ജോർജുമൊക്കെ എന്റെ പ്രിയപ്പെട്ട സംവിധായകരായതുകൊണ്ടു തന്നെ എന്റെ എഴുത്തിൽ അവരുടെ സ്വാധീനം കടന്നു വന്നിട്ടുണ്ടാകാം. എഴുത്തും സംവിധാനവും ഒരുപോലെ ഇഷ്ടമാണ്. ഇപ്പോൾ എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഒന്നു രണ്ടു ചിത്രങ്ങൾ പരിഗണനയിൽ ഉണ്ട്. അതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്ത് വിടാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു.