ADVERTISEMENT

‘ഡോ.സാജനായി തിരശ്ശീലയിൽ നിങ്ങളുടെ ഇഷ്ടനടൻ ശ്രീകാന്ത് മുരളി’ എന്ന രേഖാചിത്രം ടീമിന്റെ പോസ്റ്റ് പങ്കുവച്ച നടൻ ശ്രീകാന്ത് മുരളിയുടെ പേജിൽ പ്രത്യക്ഷപ്പെട്ട ഒരു കമന്റുണ്ട്. ‘ഇനി അഥവാ ഞാന്‍ അസ്വാഭാവികമായി മരിച്ചാ ങ്ങള് പോസ്റ്റുമോർട്ടം ചെയ്താ മതി... അത്ര വിശ്വാസാണ് ങ്ങളെ... ഗുജ്റാളിനേക്കാളും...!’– എന്നായിരുന്നു ആ കമന്റ്. ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രത്തിൽ ഫൊറൻസിക് സർജനായാണ് ശ്രീകാന്ത് മുരളി എത്തിയത്. തഴക്കവും പരിചയസമ്പത്തുമുള്ള ഫൊറൻസിക് സർജൻ ആയി ആദ്യകാഴ്ചയിൽ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇരിപ്പുറപ്പിക്കുന്നുണ്ട് ആ കഥാപാത്രം. വെള്ളഷർട്ടിട്ട് വന്നാൽ അഭിഭാഷകൻ, യൂണിഫോമിട്ടാൽ പൊലീസ്, കാവിയുടുത്താൽ തനി സന്യാസി! അങ്ങനെ പകർന്നാടുന്ന വേഷങ്ങളിലേക്ക് നിമിഷനേരം കൊണ്ടു പ്രേക്ഷകരെയും വിശ്വസിപ്പിച്ചു കൂടെ കൂട്ടാൻ കഴിയുന്ന മാന്ത്രികതയുണ്ട് ശ്രീകാന്ത് മുരളിയിലെ അഭിനേതാവിന്. സത്യത്തിൽ യഥാർഥ ‘കൺവിൻസിങ് സ്റ്റാർ’ ശ്രീകാന്ത് മുരളിയെന്നാണ് ആരാധകരുടെ പുതിയ കണ്ടെത്തൽ. പുതിയ ചിത്രങ്ങളെക്കുറിച്ചും ആരാധകർ നൽകിയ പുതിയ ടൈറ്റിലിനെക്കുറിച്ചും തുറന്നു പറഞ്ഞ് ശ്രീകാന്ത് മുരളി മനോരമ ഓൺലൈനിൽ.

ആ താരതമ്യം ഏറെ സന്തോഷിപ്പിച്ചു

നെടുമുടി വേണുച്ചേട്ടൻ, ശങ്കരാടിച്ചേട്ടൻ, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ചേട്ടൻ... ഇവരുടെയൊക്കെ പേരിനോടു ചേർത്താണ് എന്നെ ‘കൺവിൻസിങ് സ്റ്റാർ’ എന്നു പരാമർശിക്കുന്നത്. ഈ പ്രയോഗം ഈ അടുത്തകാലത്ത് ഉണ്ടായിട്ടുള്ളതാണ്. ചില ഡയലോഗുകൾ അവർ വന്നു പറഞ്ഞാൽ അത് ഓകെയാണ്. പ്രേക്ഷകർ വിശ്വസിക്കും. ആ രീതിയിൽ നമ്മളെക്കുറിച്ചും പറയുമ്പോൾ വലിയ സന്തോഷം. മുൻപ് ഇതുപോലെ പല ആർടിസ്റ്റുകളെക്കുറിച്ച് നമ്മളും പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് ചില സിനിമകളിൽ ശങ്കരാടി ചേട്ടൻ വക്കീലായോ ഗുമസ്തനായോ അല്ലെങ്കിൽ കാരണവരായോ വന്നു പറയുന്ന ചില ഡയലോഗുകൾ ഇല്ലേ! അദ്ദേഹം പറഞ്ഞാൽ അത് അവിടെ കൃത്യമാണ്. അങ്ങനെയൊരു താരതമ്യം ഞാൻ ചെയ്ത കഥാപാത്രങ്ങൾക്കു ലഭിക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. ഈ കമന്റിടുന്നവര്‍ ആരാണെന്ന് നമുക്കറിയില്ല. എവിടെയൊക്കെയോ ഇരുന്ന് അവർ നമ്മളെ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിയുമ്പോൾ തോന്നുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്. നിലവിലുള്ള കൺവിൻസിങ് സ്റ്റാർ സുരേഷ് കൃഷ്ണയും ഞാനും അടുത്ത സുഹൃത്തുക്കളാണ്. മദ്രാസിൽ ഞങ്ങൾ സഹമുറിയന്മാരായിരുന്നു. ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന കാലത്ത് ഞങ്ങളുടെ കൂട്ടായ്മയിലെ ഹീറോ ആയിരുന്നു അദ്ദേഹം.

srikant-murali02
രേഖാചിത്രം സിനിമയിൽ നിന്നും

കഥാപാത്രത്തിന്റെ കാമ്പ് അറിയുമ്പോൾ

ജോൺ മന്ത്രിക്കലാണ് എന്നോടു കഥ പറയുന്നത്. എന്റെ സീനുകൾ വിശദീകരിച്ചു തന്നതും ജോൺ ആണ്. ഷൂട്ടിന്റെ സമയത്ത് സംവിധായകൻ ജോഫിനും സംസാരിച്ചു. മണ്ണിൽ നിന്നു കിട്ടുന്ന അസ്ഥികൂടത്തെ നിൽക്കുന്ന രൂപത്തിലാണ് പ്രദർശിപ്പിക്കുന്നത്. അതിനെക്കുറിച്ച് ജോഫിൻ വളരെ മനോഹരമായ ബ്രീഫ് തന്നു. കുറെക്കാലം നടന്ന വ്യക്തിയുടേതല്ലേ ആ അസ്ഥികൂടം എന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മെപ്പോലെ ജീവിച്ച, അനുഭവങ്ങൾ ഉള്ള ഒരു വ്യക്തിയുടേത്. ‘കുറേക്കാലം രണ്ടു കാലിൽ നിന്നതല്ലേ’ എന്നൊരു ഡയലോഗ് എന്റെ കഥാപാത്രം സിനിമയിൽ പറയുന്നുണ്ട്. ഒരു മനുഷ്യനാണെന്നുള്ള ഒരു സഹാനുഭൂതിയും സ്നേഹവും സംവദിക്കാൻ വേണ്ടിയാണത്. ആ ഒറ്റ ഡയലോഗിൽ, ആ ഒരു സീനിൽ അയാളുടെ ക്യാരക്ടർ പ്രേക്ഷകർക്ക് പിടി കിട്ടുകയാണ്. 

asif-srikanth3

അതുകൊണ്ടാണ് മറ്റുള്ളവർ തള്ളി പറയുമ്പോഴും, എസ്ഐ ഗ്രേഡുള്ള ഒരാളെ സപ്പോർട്ട് ചെയ്യാൻ ആ കഥാപാത്രം നിൽക്കുന്നത്. ഈ ക്യാരക്ടർ മാത്രമല്ല എല്ലാ സിനിമകളിലെയും എന്റെ ക്യാരക്ടറിനെക്കുറിച്ച് കൃത്യമായിട്ടുള്ള ഒരു ബ്രീഫ് വാങ്ങാൻ ഞാൻ ശ്രമിക്കാറുണ്ട്. സംവിധായകന്റെയും എഴുത്തുകാരന്റെയും അടുത്തു പോയി അവരിൽ നിന്ന് എല്ലാം ചോദിച്ചു മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്. അത് എത്രമാത്രം ഗുണം ചെയ്തു എന്നു ചോദിച്ചാൽ, അതിനുത്തരം പറയേണ്ടത് പ്രേക്ഷകരാണ്. കാരണം, അവരാണല്ലോ ആ കഥാപാത്രങ്ങളെ കാണുകയും വിലയിരുത്തുകയും ചെയ്യുന്നത്. പക്ഷേ, പെർഫോം ചെയ്യാൻ അതെനിക്കു ആത്മവിശ്വാസം നൽകാറുണ്ട്.

asif-srikanth

കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ്

ഈ തിരഞ്ഞെടുപ്പുകൾ നമ്മുടെ കയ്യിലല്ല. എന്നെപ്പോലെ ക്യാരക്ടർ റോൾ ചെയ്യുന്ന അഭിനേതാക്കൾ എന്നു പറയുന്നത് പ്രധാന നടന്മാർക്കോ നടിമാർക്കോ ഒപ്പം നിന്ന് ആ സിനിമയുടെ കഥയെ മുൻപോട്ട് കൊണ്ടുപാകാൻ സഹായിക്കുന്ന കഥാപാത്രങ്ങളാണ്. പലപ്പോലും നമ്മൾ ഇതിനു മു‍ൻപ് ചെയ്തിട്ടുള്ള സിനിമകളിലെ കഥാപാത്രങ്ങൾ, അതിൽ പ്രേക്ഷകർക്കു തോന്നിയിട്ടുള്ള വിശ്വാസ്യത ഇവയെല്ലാം പരിഗണിച്ചാണ് കാസ്റ്റ് ചെയ്യപ്പെടുന്നത്. ഈ ആർടിസ്റ്റ് ഈ ഡയലോഗ് പറഞ്ഞാൽ പ്രേക്ഷകർക്ക് വിശ്വാസമാകും എന്നു പറയുന്നിടത്താണ് എന്നെപ്പോലുള്ള ആർടിസ്റ്റുകൾ കാസ്റ്റ് ചെയ്യപ്പെടുന്നത്. ഒന്നോ രണ്ടോ സീനുകളെ കാണൂ. ഇഷ്ക്ക് ചെയ്ത അനുരാജ് മനോഹറിന്റെ നരിവേട്ട എന്ന സിനിമയിൽ എനിക്കൊരു ചെറിയ വേഷമുണ്ട്. അതിലേക്ക് വിളിച്ചപ്പോൾ അവർ പറഞ്ഞത്, ചേട്ടൻ ആയാൽ അത് കൺവിൻസിങ്ങ് ആകും എന്നാണ്. അങ്ങനെ പറയുന്നതു കേൾക്കുമ്പോൾ സന്തോഷം. അതിൽ രണ്ടു വശമുണ്ട്. വേണമെങ്കിൽ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാം. അല്ലെങ്കിൽ ഒരു ചലഞ്ചു പോലെ ഏറ്റെടുക്കാം. ഇതിൽ രണ്ടാമത്തെ ഓപ്ഷനാണ് ഞാൻ എടുക്കാറുള്ളത്. കാരണം ഒരു ക്യാരക്ടറിനു വേണ്ടി നമ്മളെ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ അത് ചെയ്യുന്നില്ല, എന്നു പറയുമ്പോൾ ആലോചിക്കേണ്ടത് എത്രയോ ആളുകൾ ഈ ഒരു അവസരത്തിനു വേണ്ടി പുറത്ത് കാത്തു നിൽക്കുന്നുണ്ട് എന്നതാണ്. എല്ലാം അവസരങ്ങളാണല്ലോ. അത് കളയുന്നത് ശരിയാവില്ല എന്ന നിലപാടാണ് ഞാൻ എടുക്കാറുള്ളത്. അത് എന്റെ വ്യക്തിപരമായ നിലപാടാണ്.

ടൈപ്പ്കാസ്റ്റ് എന്ന ചാലഞ്ച്

സിനിമയിൽ ധാരാളം ആളുകൾ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. എനിക്കു വരുന്ന കമന്റുകളിൽ തന്നെ പലരും ഇക്കാര്യം ചൂണ്ടിക്കാണിക്കാറുണ്ട്. വേറിട്ട പല കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. പക്ഷേ, അവയൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ആക്‌ഷൻ ഹീറോ ബിജുവിലെ വക്കീൽ,  കക്ഷി അമ്മിണിപ്പിള്ളയിലെ ജഡ്ജ്, ഹോം എന്ന സിനിമയിലെ കഥാപാത്രം, ഇപ്പോൾ രേഖാചിത്രത്തിലെ ഡോ.സാജൻ ഇവയെല്ലാം എനിക്ക് അഭിനന്ദനങ്ങൾ നേടിത്തന്ന കഥാപാത്രങ്ങളാണ്. സിനിമയ്ക്കകത്തും പുറത്തുമുള്ള ധാരാളം പേർ വിളിച്ച് അഭിനന്ദിച്ച കഥാപാത്രങ്ങളാണ് ഇവ. എന്നെ വളരെ അടുത്തറിയാവുന്നവർ സിനിമ ചെയ്യുമ്പോൾ പറയും, ചേട്ടാ നമുക്കൊന്നു മാറ്റി പിടിക്കാം എന്ന്. അങ്ങനെ നിർബന്ധമായി എന്നെക്കൊണ്ട് മാറ്റി ചെയ്യിപ്പിക്കുന്നവരുണ്ട്. അതിലൊന്നാണ് ലാൽ ജോസിന്റെ നാൽപ്പത്തിയൊന്ന് എന്ന ചിത്രത്തില കഥാപാത്രം. അതിൽ ഞാനൊരു കള്ളസ്വാമിയാണ്. എന്റെ ലുക്കൊക്കെ ചെറുതായി മാറ്റിയെടുത്ത് ചെയ്തതാണ് ആ കഥാപാത്രം. അതുപോലെ ഇരട്ട എന്ന സി‌നിമയിലെ ഗ്രേ ഷേഡുള്ള പൊലീസ് വേഷം. ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുമോ എന്ന ഭയത്തിനെ ഞാൻ നേരിടാറുള്ളത് ഓരോ കഥാപാത്രത്തെയും മുൻപ് ചെയ്തതിൽ നിന്ന് എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ആലോചിച്ചാണ്.   

asif-srikanth32

പുതിയ പ്രോജക്റ്റുകൾ

നരിവേട്ട, കത്തനാർ, മീശ, ഓഫിസർ ഓൺ ഡ്യൂട്ടി എന്നിവയാണ് ഇനി റിലീസാകാനുള്ള ചിത്രങ്ങൾ. കത്തനാരിൽ നല്ലൊരു വേഷമാണ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ സിനിമയ്ക്കു തന്നെ അഭിമാനമാകുന്ന ഹോളിവുഡ് നിലവാരത്തിലുള്ള സിനിമയാണ് കത്തനാർ. ഞാൻ അതിൽ ചെറിയൊരു ഭാഗം മാത്രമാണ്. വികൃതി ചെയ്ത എം.സി. ജോസഫിന്റെ സിനിമയാണ് മീശ. അതിൽ അൽപം ചലഞ്ചിങ് ആയ കഥാപാത്രമാണ്. അങ്ങനെയൊരു വേഷം എന്നെ ധൈര്യമായി ഏൽപ്പിക്കുന്നത് എംസി ജോസഫാണ്. അദ്ദേഹത്തിന്റേതായിരുന്നു ആ തീരുമാനം. ബഷീർ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. തെലുങ്കിൽ വില്ലനായി അഭിനയിക്കുന്ന ഒരു ചിത്രം വരുന്നുണ്ട്. അടുത്ത മാസം റിലീസ് ചെയ്യുമെന്ന് വിചാരിക്കുന്നു. പ്രവീൺ രാംരാജു എന്നൊരു പുതിയ സംവിധായകന്റെ സിനിമയാണ്. ദൂത എന്നു പറയുന്ന ഒരു വെബ്സീരീസിൽ നാഗചൈതന്യയുടെ കൂടെ അഭിനയിച്ചിരുന്നു. അതിൽ നിന്നാണ് എനിക്ക് ഈ ഓഫർ ലഭിച്ചത്. എല്ലാ സിനിമയിലും സോഫ്റ്റ് വേഷങ്ങളാണല്ലോ, ഒരു വില്ലൻ വേഷം ചെയ്തുകൂടെ എന്നു ചോദിച്ചാണ് അവർ എനിക്ക് ഈ വേഷം തന്നത്.

srikant-murali-dir-vijay
സംവിധായകൻ എ.എൽ വിജയ്നൊപ്പം ശ്രീകാന്ത് മുരളി (Photo: Special Arrangement)

ഇപ്പോൾ ഊട്ടിയിൽ

എ.എൽ വിജയ് സംവിധാനം ചെയ്യുന്ന ഹിന്ദി–തമിഴ് ചിത്രത്തിലാണ് അഭിനയിക്കുന്നത്. മാധവൻ, കങ്കണ റണൗട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ഇത്. ഊട്ടിയിലെ ഫേൺ ഹിൽ പാലസിലാണ് ഷൂട്ട്. എന്റെ ഗുരു പ്രിയദർശൻ സാറിന്റെ ഇഷ്ടലൊക്കേഷനാണ് ഇവിടം. കിലുക്കം, മിന്നാരം, താളവട്ടം, മേഘം, ക്യോം കി, ലേസാ ലേസാ തുടങ്ങിയ സിനിമകളൊക്കെ ഷൂട്ട് ചെയ്തത് ഇവിടെയാണ്. എ.എൽ വിജയ് സാറും പ്രിയൻ സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു. ലേസാ ലേസായിലാണ് അദ്ദേഹം പ്രിയൻ സാറിനൊപ്പം ചേരുന്നത്. അങ്ങനെ ഞങ്ങൾ രണ്ടു പേർക്കും ഈ ലൊക്കേഷനുമായി ഒരുപാട് ഓർമകളുണ്ട്. വിജയ് സാറിന്റെ ചില ചിത്രങ്ങളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. മാധവനും കങ്കണയും ഒന്നിക്കുന്ന ഈ ചിത്രം ഈ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary:

Chat with actor Srikanth Murali

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com