ADVERTISEMENT

ഞൊടിയിടയിൽ കണ്ണുകളിൽ മിന്നിമറയുന്ന ഭാവങ്ങൾ. പ്രണയമെന്നോ രതിയെന്നോ, രഹസ്യങ്ങൾ ഒളിപ്പിച്ച മിഴികളെന്നോ വേർതിരിച്ചറിയാൻ കഴിയാത്ത സൂക്ഷ്മ ചലനങ്ങൾ. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ ‘മാർഗഴി തിങ്കൾ’  എന്ന ഗാനം പുറത്തു വന്നതോടെ സോഷ്യൽ മീഡിയ തിരഞ്ഞത് കണ്ണുകളിൽ കൗതുകം നിറച്ച ആ പെൺകുട്ടിയെയാണ്. ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കിയ സുഷ്മിത ഭട്ടാണ് ആ കണ്ണുകളുടെ ഉടമ. അഭിനേത്രിയും ഭരതനാട്യം നർത്തകിയുമായ സുഷ്മിത ഭട്ട് തന്റെ ആദ്യ മലയാള സിനിമയെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും  സംസാരിക്കുന്നു. 

നൃത്തത്തിലൂടെ സിനിമയിലേക്ക്

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദാരിയായ ഞാൻ സിനിമയിലേക്ക് എത്തുന്നത് യാദൃച്ഛികമായിട്ടാണ്. വളരെ ചെറിയ പ്രായത്തിലെ ഞാൻ ശാസ്ത്രീയനൃത്തം അഭ്യസിക്കുന്നുണ്ട്. പ്രീ-യൂണിവേഴ്സ്റ്റി കാലത്ത് നൃത്തപഠനത്തിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നെങ്കിലും ബി.ടെക്. പഠനകാലത്ത് വീണ്ടും നൃത്തപഠനം പുനഃരാരംഭിച്ചിരുന്നു. ഇപ്പോഴും അത് തുടരുന്നു. നൃത്തത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ തെലുങ്ക് സിനിമയായിരുന്നു നാട്യം. ഒട്ടേറെ ഭരതനാട്യം നർത്തകിമാരെ ആവശ്യപ്പെടുന്നതായിരുന്നു ചിത്രത്തിന്റെ കഥാപശ്ചാത്തലം. ചിത്രത്തിലെ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്ന പശ്ചാത്തല നർത്തകിമാരിൽ ഒരാളായിട്ടായിരുന്നു സിനിമയിലെ രംഗപ്രവേശം. ഡാൻസ് ക്ലാസിലെ സഹപാഠിയിലൂടെയായിരുന്നു സിനിമയിലേക്കുള്ള വഴി തുറന്നത്. പോയവർഷം പുറത്തിറങ്ങിയ റൊമന്റിക് കോമഡി ചിത്രം ചൗ ചൗ ബാത്തിലെ (കന്നഡ) പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ചു. തമിഴിലും ഒരു സിനിമ പൂർത്തിയാക്കി. റിലീസിന് തയാറെടുക്കുന്നു.

പേര് നിർദ്ദേശിച്ചത് സമീറ സനീഷ് 

കലാകാരിയെന്ന നിലയിൽ നമ്മുടെ ആർട്ട് പ്രദർശിപ്പിക്കാനും പങ്കു വയ്ക്കാനുമുള്ള ഒരു വേദിയായി ഞാൻ സോഷ്യൽ മീഡിയയെ കാണുന്നു. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോസും റീൽസുമൊക്കെ പങ്കു വയ്ക്കുന്നത് പതിവാണ്. ബിപ്ലബ് എന്ന ഫോട്ടോഗ്രാഫർ സുഹൃത്തിനൊപ്പം റെട്രോ സ്റ്റൈയിലിൽ പരീക്ഷണ സ്വാഭവമുള്ള ഫോട്ടോഷൂട്ട്സൊക്കെ ചെയ്തിരുന്നു. മലയാളത്തിലെ പ്രശസ്ത കൊസ്റ്റ്യൂം ഡിസൈനറായ സമീറ സനീഷ് എന്റെ വർക്കുകൾ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. സമീറയാണ് നന്ദിതയുടെ വേഷത്തിലേക്ക് എന്റെ പേര് നിർദ്ദേശിക്കുന്നത്. തുടർന്ന് ഓഡിഷനിലൂടെയാണ് സിനിമയുടെ ഭാഗമാകുന്നത്. സമീറ തന്നെയാണ് ചിത്രത്തിൽ എനിക്കു വേണ്ടി കൊസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്. 

Sushmitha-Bhat133

ഡൊമിനിക്കിൽ സഹായമായി നൃത്തപഠനം 

നൃത്തപഠനം നന്ദിതയുടെ കഥാപാത്രത്തിനു പൂർണത നൽകാൻ എന്നെ സഹായിച്ചിട്ടുണ്ട്. സൂക്ഷ്മഭാവങ്ങളിലൂടെ ആസ്വാദകരോട് സംവദിക്കുന്ന കലയാണ് നൃത്തം. സന്തോഷമായാലും സങ്കടമായാലും പ്രണയമാണെങ്കിലും കാഴ്ചക്കാരുമായി വിനിമയം നടത്തുന്നത് ഭാവങ്ങളിലൂടെയും അംഗചലനങ്ങളിലൂടെയും മാത്രമാണ്. ഒരുപാട് അടരുകളുള്ള കഥാപാത്രമാണ് നന്ദിതയുടേത്. അവർ ഒരു ഡാൻസർ കൂടിയാണ്. പ്രേക്ഷകരുടെ മനസ്സിൽ ആദ്യ മുതലെ ഒരു കൗതുകവും നിഗൂഢതയും നിറയ്ക്കുന്ന കഥാപാത്രം. സഹോദരനെ നഷ്ടപ്പെട്ടത്തിന്റെ സങ്കടമുണ്ട്, ഒറ്റയ്ക്കു ജീവിക്കുന്ന പെൺകുട്ടിയുടെ ധീരതയുണ്ട്, വിഷാദമുണ്ട്, പ്രണയത്തിലേക്ക് വീണു പോകുകയാണോ എന്ന തോന്നൽ ജനിപ്പിക്കുന്നുണ്ട്, രഹസ്യങ്ങളുടെ കാവൽക്കാരിയാണെന്ന സംശയം ജനിപ്പിക്കുന്നുണ്ട്. അങ്ങനെ വളരെ സങ്കീർണമായ കഥാപാത്രമാണ് നന്ദിതയുടേത്. സൂക്ഷ്മമായ ഭാവങ്ങളിലൂടെയാണ് പ്രേക്ഷകരിലേക്ക് ഈ ആശയകുഴപ്പങ്ങളെല്ലാം ഈ കഥാപാത്രം സംവദിക്കുന്നത്. എന്തൊക്കെ ഭാവങ്ങളാണ് ഓരോ സീനിലും വേണ്ടതെന്നു സംവിധായകൻ കൃത്യമായി പറഞ്ഞു തന്നിരുന്നു. 

കണ്ണുകളിലെ രഹസ്യം

‘മാർഗഴി തിങ്കൾ’ ഗാനരംഗത്തിനു മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നന്ദിതയുടെ കഥാപാത്രത്തിന്റെ നിഗൂഢതകൾ മുഴുവൻ ആ ഗാനരംഗത്ത് ഒളിഞ്ഞു കിടപ്പുണ്ട്. കഥാപാത്രത്തിനും പ്രത്യേകിച്ച് ആ നൃത്തരംഗത്തിനു ലഭിക്കുന്ന പ്രതികരണങ്ങൾക്കും കമന്റുകൾക്കും ഇൻസറ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയും ഉത്തരം നൽകാൻ ഞാൻ ശ്രമിക്കുന്നുണ്ട്. ആ നൃത്തരംഗം അത്രയെറെ മനോഹരമാക്കി മാറ്റിയതിന്റെ ക്രെഡിറ്റ് ബൃന്ദ മാസ്റ്റർ എന്ന ലെജൻഡിനു തന്നെയാണ്. ഈ പാട്ടിനു രണ്ട് ഭാഗങ്ങളുണ്ട്. രണ്ടാം ഭാഗത്തിൽ മെയിൽ വോയ്സ് വരുന്ന ഭാഗത്ത് ആ സീനിന്റെ ടോട്ടൽ മൂഡ് തന്നെ മാറുകയാണ്. ആ സീനിന്റെ പൂർണ്ണതയ്ക്കു വേണ്ടി നന്നായി കഠിനാദ്ധ്വാനം ചെയ്തിരുന്നു. രണ്ടു ദിവസത്തോളം നന്നായി പരീശീലിച്ച ശേഷമായിരുന്നു ഷോട്ടിലേക്ക് പോയത്. രണ്ട് ഭാഗങ്ങളായിട്ടാണ് ഷൂട്ടും ചെയ്തത്. ഓരോ തവണ ടേക്ക് പോകുമ്പോഴും ആദ്യം മുതൽ തുടങ്ങണം. പെർഫോം ചെയ്യുമ്പോൾ എങ്ങനെയാണ് അണിയറ പ്രവർത്തകർ ചിത്രീകരിക്കുന്നതെന്നു ധാരണയില്ല. ക്ലോസപ്പാണോ, ലോങ് ഷോട്ടാണോ വെച്ചിരിക്കുന്നതെന്നു അറിയില്ലല്ലോ, ശ്രദ്ധ മുഴുവൻ അപ്പോൾ ഡാൻസിലായിരുന്നു. 

Sushmitha-Bhat333

ഫൈനൽ എഡിറ്റിനു ശേഷം എങ്ങനെയാണ് ആ രംഗം സ്ക്രീനിൽ വന്നിട്ടുണ്ടാകുക എന്ന് കാണാൻ എനിക്കും ആകാംക്ഷ ഉണ്ടായിരുന്നു. തിയറ്ററിലാണ് ഞാനും പ്രേക്ഷകരെ പോലെ അതിന്റെ ഫൈനൽ കട്ട് ആദ്യമായി കാണുന്നത്. ആ ഗാനരംഗത്തും പിന്നീട് ക്ലൈമാക്സ് രംഗത്തും മനോഹരമായി ആ നൃത്തശിൽപ്പം സിനിമയിൽ ലയിപ്പിക്കാൻ എഡിറ്റർ ആന്റണിക്കും കഴിഞ്ഞിട്ടുണ്ട്. എഡിറ്റിങ് കഴിഞ്ഞ് എന്റെ നമ്പർ തേടി പിടിച്ച് ആന്റണി വിളിച്ച് നേരിട്ട് അഭിനന്ദിച്ചിരുന്നു. ആന്റണി, ഗൗതം, ക്യാമറമാൻ വിഷ്ണു എല്ലാവരും ചേർന്നാണ് ആ സീൻ ഇത്രയും മനോഹരമാക്കി മാറ്റിയത്. 

Sushmitha-Bhat33

സിനിമയിൽ എനിക്കു വിനീത് രാധാകൃഷ്ണനുമായി കോംബിനേഷൻ സീനുകളൊന്നുമില്ല. പ്രൊമഷനൊക്കെ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു. അദ്ദേഹം എന്റെ ഡാൻസ് കണ്ടശേഷം അഭിനന്ദിച്ചിരുന്നു. ഇത്ര മനോഹരമായി നൃത്തം ചെയ്യുമെന്ന് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നമ്മളൊക്കെ അവരുടെ ഡാൻസ് കണ്ടു വളർന്നവരാണ്. അദ്ദേഹത്തിന്റെ അഭിനന്ദനം വിലമതിക്കാൻ കഴിയാത്തതാണ്. 

ഡബ്ബിങ്ങിലെ മമ്മൂട്ടി ഫാക്ടർ

മമ്മൂട്ടിയെന്ന മഹാനടനൊപ്പം സ്ക്രീൻ പങ്കിടുമ്പോൾ സന്തോഷത്തേക്കാൾ ഏറെ ടെൻഷനിലായിരുന്നു ഞാൻ. എന്നെ സംബന്ധിച്ചടത്തോളം മമ്മൂട്ടി ഒരു പർവ്വതത്തിന്റെ മുകളിൽ ഇരിക്കുന്ന വ്യക്തിയും ഞാൻ മല കയറാൻ തുടങ്ങുന്ന കുട്ടിയുമാണ്. അദ്ദേഹത്തിനൊപ്പമുള്ള കോംബിനേഷൻ സീനുകൾക്കു മുമ്പ് ഞാൻ കഷ്ടപ്പെട്ടു ഡയലോഗുകൾ പഠിക്കുകയും സംവിധായകനോട് നിരന്തരം സംവദിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടി വരുമ്പോൾ അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം ഞാൻ കാരണം നഷ്ടപ്പെടരുതെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. 

ആദ്യം മലയാളം ഡയലോഗുകളായിരുന്നു എനിക്ക് നൽകിയിരുന്നത്. എന്റെ മലയാളം ഉച്ചാരണം തൃപ്തികരമായിരുന്നില്ല. എനിക്ക് അതിൽ ചെറിയ ടെൻഷനുണ്ടായിരുന്നു. അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല, നമുക്ക് മറ്റാരെക്കൊണ്ടെങ്കിലും ഡബ്ബ് ചെയ്യിക്കാമെന്നു സംവിധായകൻ എന്നെ സമാധാനിപ്പിച്ചിരുന്നു. എന്റേത് ടിപ്പിക്കൽ സ്ത്രൈണ ശബ്ദമല്ല, കുറച്ച് ബാസുള്ള വോയ്സാണ്. മമ്മൂട്ടി എന്റെ ശബ്ദത്തിനു പ്രത്യേകതയുണ്ടെന്നും കഥാപാത്രത്തിനു ഇണങ്ങുമെന്നും അവർ തന്നെ ഡബ്ബ് ചെയ്യട്ടെ എന്നു പറഞ്ഞു. മലയാളം സംസാരിക്കുന്ന പെൺകുട്ടിയായിട്ടായിരുന്നു കഥാപാത്രത്തെ ആദ്യം നിശ്ചയിച്ചിരുന്നത്. തമിഴ് സംസാരിക്കുന്ന മലയാളി പെൺകുട്ടിയെന്നൊരു പ്ലാൻ ബിയും അണിയറ പ്രവർത്തകർക്കുണ്ടായിരുന്നു. മമ്മൂട്ടിയുടെ പിന്തുണ കൂടിയായപ്പോൾ പ്ലാൻ ബി നടപ്പിലാക്കാൻ സംവിധായകനും സംഘവും തീരുമാനിക്കുകയായിരുന്നു. സിനിമ കാണുമ്പോൾ നന്ദിതയുടെ കഥാപാത്രത്തിനു അത് അനുയോജ്യമായി എന്നു തോന്നി.  

Sushmitha-Bhat3

ഗൗതത്തിന്റെ സ്ത്രീ കഥാപാത്രങ്ങളുടെ ഫാൻ  

ഗൗതം മേനോൻ സിനിമകളിൽ സ്ത്രീകഥാപാത്രങ്ങളെ മനോഹരമായിട്ടാണ് അദ്ദേഹം അവതരിപ്പിക്കാറുള്ളത്. ഓഡിഷനു വരുമ്പോഴാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. ഞാൻ സ്വയം മേക്കപ്പൊക്കെ ചെയ്താണ് ഓഡിഷനു വന്നത്. അദ്ദേഹം പറഞ്ഞത്, അദ്ദേഹത്തിന് കുറച്ചുകൂടി എക്സ്പ്രസീവായ കണ്ണുകൾ വേണം, കണ്ണുകളൊക്കെ നന്നായി എഴുതി വരാൻ പറഞ്ഞു. ഈ സിനിമയിലും എന്റെ കഥാപാത്രമായ നന്ദിതയെ മനോഹരമായിട്ടാണ് അദ്ദേഹം സ്ക്രീനിലേക്ക് കൊണ്ടു വരുന്നത്. കൊസ്റ്റ്യൂം ഡിസൈനിങ് മുതൽ ആർട്ടിസ്റ്റിന്റെ സ്കിൻടോൺ വരെ എല്ലാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിനു വ്യക്തമായ ധാരണയുണ്ട്. എന്റെ രംഗങ്ങളിലെ കളർ പാലറ്റൊക്കെ നേരത്തെ തന്നെ അദ്ദേഹം നിശ്ചിച്ചിരുന്നു. നല്ല സാങ്കേതികജ്ഞാനമുള്ള വ്യക്തിയാണ് അദ്ദേഹം.  

വൈവിധ്യം നിറഞ്ഞ വേഷങ്ങൾ ഇഷ്ടം

സിനിമയ്ക്കു വേണ്ടി ഡാൻസോ, ഡാൻസിനു വേണ്ടി സിനിമയോ ഉപേക്ഷിക്കാൻ ഞാൻ തയാറല്ല. രണ്ടും ഒരുമിച്ചു കൊണ്ടുപോകണം എന്ന് തന്നെയാണ് ആഗ്രഹം. ഒരു അഭിനേത്രിയെന്ന നിലയിൽ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. നന്മ നിറഞ്ഞ നായികയായോ അടുത്ത വീട്ടിലെ പെൺകുട്ടി ഇമേജിലോ ഒതുങ്ങി കൂടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സൈക്കോപാത്തോ, പ്രതിനായിക സ്വാഭാവമുള്ള കഥാപാത്രമോ പരീക്ഷണ സ്വാഭവമുള്ള കഥാപാത്രമായാലും അവതരിപ്പിക്കാൻ എനിക്ക് ഇഷ്ടമാണ്. 

ശാസ്ത്രീയ നൃത്തമാണ് ഞാൻ അഭ്യസിച്ചിട്ടുള്ളത്, സമകാലിക നൃത്തരീതികളെക്കുറിച്ചും പഠിക്കണമെന്നും അതും ശാസ്ത്രീയ നൃത്തവും സമന്വയിപ്പിച്ചു നൃത്തശിൽപ്പങ്ങൾ ചെയ്യണമെന്നും ആഗ്രഹമുണ്ട്. ഡാൻസിൽ നിന്ന് അഭിനയത്തിലേക്ക് വന്നിട്ടുള്ള കലാകാരിമാരെ എന്നും കൗതുകത്തോടെ നോക്കി കാണുന്ന വ്യക്തിയാണ് ഞാൻ. ശോഭന, ഭാനുപ്രിയ, വൈജന്തികാശിയൊക്കെ എന്നെ ഒരുപാട് പ്രചോദിപ്പിച്ചിട്ടുള്ള കലാകാരിമാരാണ്. 

മലയാളം പഠിക്കണം

എന്റെ അമ്മ ചെന്നൈയിൽ നിന്നും അച്ഛൻ മാഗ്ലൂർ ഉഡുപ്പിയിൽ നിന്നുമാണ്. ഞാൻ ജനിച്ചത് ചെന്നൈയിലും വളർന്നത് ഉഡുപ്പിയിലുമാണ്. ഇപ്പോൾ ബാംഗ്ലൂരിലാണ് സ്ഥിര താമസം. അതുകൊണ്ടു തന്നെ തമിഴ്, കന്നഡ സിനിമകളാണ് കൂടുതൽ കണ്ടിട്ടുള്ളത്. സമീപകാലത്തായി മലയാള സിനിമകൾ കൂറെ കണ്ടിട്ടുണ്ട്. മലയാള സിനിമ ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു നിൽക്കുന്ന സമയമാണിത്. മഞ്ഞുമ്മൽ ബോയ്സ്, ആവേശം, മഹേഷിന്റെ പ്രതികാരമൊക്കെ എന്റെ പ്രിയപ്പെട്ട സിനിമകളാണ്. മലയാളത്തിൽ നിന്ന് കൂടുതൽ അവസരങ്ങൾ ലഭിച്ചാൽ നന്നായി മലയാളം പഠിച്ച് തന്നെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട് എനിക്ക്. നന്ദിതയുടെ കഥാപാത്രത്തിനു ലഭിക്കുന്ന പ്രതികരണങ്ങളിൽ ഞാൻ അതീവ സന്തുഷ്ടയാണ്. എന്റെ കഥാപാത്രത്തെ സ്വീകരിച്ച പ്രേക്ഷകരോട് ഒരുപാട് നന്ദിയുണ്ട്.

English Summary:

Exclusive Chat With Actress Sushmitha Bhat

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com