‘അം അഃ’യിലെ ജിൻസി, അഭിനയം കൊണ്ട് മലയാളികളെ കരയിച്ച നടി; ശ്രുതി ജയൻ അഭിമുഖം

Mail This Article
മാതൃത്വത്തിന്റെ മഹത്വം പ്രമേയമാക്കി തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ചിത്രമാണ് അംഅഃ. ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ നടി ശ്രുതി ജയൻ അവതരിപ്പിച്ച കഥാപാത്രമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. വാടക ഗർഭധാരണത്തിലൂടെ അമ്മയായ ജിൻസി എന്ന കഥാപാത്രത്തിന്റെ ധർമ സങ്കടങ്ങളും കരളുരുക്കവും ഏറെ തന്മയത്വത്തോടെ ശ്രുതി പ്രേക്ഷകരിൽ എത്തിച്ചു. പ്രേക്ഷകർ ഇപ്പോൾ ഏറെ ചർച്ച ചെയ്യുന്നത് ജിൻസി എന്ന അമ്മയെപ്പറ്റിയാണ്. ചെന്നൈയിലെ കലാക്ഷേത്രയിൽ ഭരതനാട്യം നർത്തകിയായിരിക്കെയാണ് ശ്രുതി, ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലെത്തിയത്. ‘ജൂൺ’ എന്ന സിനിമയിലെ കുട്ടികൾക്ക് പ്രിയങ്കരിയായ ടീച്ചറിനെ അധികമാരും മറന്നിട്ടുണ്ടാകില്ല. അന്യഭാഷകളിലും നിറസാന്നിധ്യമായ ശ്രുതി ജയൻ തെലുങ്കിലും ഹിന്ദിയിലും വെബ് സീരീസുകൾ ചെയ്യുന്നുണ്ട്. അം അഃയിലെ ജിൻസിയുടെ വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് താരം...
അം അഃ എന്ന അമ്മ
അം അഃ എന്ന സിനിമയിൽ ജിൻസി എന്ന കഥാപാത്രമാണ് ഞാൻ ചെയ്തത്. ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ജിൻസി. സിനിമ ഇറങ്ങുന്നതിനു മുൻപ് എന്റെ കഥാപാത്രത്തിന്റെ പോസ്റ്റർ ഒന്നും പുറത്തിറങ്ങിയിരുന്നില്ല. സിനിമയുടെ രണ്ടാം പകുതിയിലാണ് ജിൻസി വരുന്നത്. ഇപ്പോൾ പടം ഇറങ്ങിക്കഴിഞ്ഞ് ഏറെ ചർച്ച ചെയ്യപ്പെട്ടത് ജിൻസി എന്ന കഥാപാത്രമാണ്. അതിൽ ഒരുപാട് സന്തോഷമുണ്ട്. ഇപ്പോൾ എന്റെ പോസ്റ്റർ റിലീസ് ചെയ്തു, ജിൻസിയുടെ കഥാപാത്രം വച്ച് റീൽസ് ഒക്കെ വരുന്നുണ്ട്. മൂവി റിവ്യൂ ചെയ്യാത്ത ചില യൂട്യൂബ് ചാനലുകൾ പോലും അം അഃ എന്ന സിനിമയുടെ റിവ്യൂ ഇടുകയും ജിൻസി എന്ന കഥാപാത്രത്തെപ്പറ്റി കൂടുതൽ പറയുകയും ചെയ്യുന്നുണ്ട്. വലിയ സന്തോഷം തോന്നുന്നു.

ധർമസങ്കടത്തിൽ ഒരമ്മ
ജിൻസി എന്ന കഥാപാത്രം ഒരുപാട് ലയറുകളുള്ള കഥാപാത്രമാണ്. ഒരു വാടക ഗർഭധാരണത്തിലൂടെ അമ്മയായ സ്ത്രീയാണ് ജിന്‍സി. അവരുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ കൊണ്ടാണ് ആ ജോലി അവർ ഏറ്റെടുത്തത്. ജിൻസിയെ വാടകയ്ക്ക് എടുത്തവർ കുഞ്ഞിനെ സ്വീകരിക്കാതെ മടങ്ങുന്നു. ജിൻസിയുടെ ഭർത്താവിന് ഈ കുട്ടിയെ ഏറ്റെടുക്കാൻ താല്പര്യമില്ല. പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിക്കാനും വയ്യ സംരക്ഷിക്കാനും പറ്റില്ല എന്നൊരു അവസ്ഥയാണ് ജിൻസിക്ക്. ഭയങ്കര ആഴത്തിലുള്ള അടരുകളുള്ള കഥാപാത്രമാണ് ജിൻസിയുടേത്. ദേഷ്യവും സങ്കടവും കരുണയും വാത്സല്യവും ഇറിറ്റേഷനും എല്ലാം കൂടിവന്നിട്ടുള്ള ഒരു നിസ്സഹായാവസ്ഥ പ്രകടമാക്കുന്ന കഥാപാത്രം. ആ കഥാപാത്രം എന്റെ ഉള്ളിൽ ആഴ്ന്നിറങ്ങി, പലപ്പോഴും ഞാൻ കഥാപാത്രത്തെയും എന്നെയും വേർതിരിച്ചെടുക്കാൻ ബുദ്ധിമുട്ടി. ആ കുഞ്ഞുമായുള്ള ജിൻസിയുടെ ആത്മബന്ധം എന്നെ അത്രമേൽ സ്വാധീനിച്ചിരുന്നു.
നർത്തകി ആയതിനാൽ ഏതു കഥാപാത്രവും എളുപ്പം ചെയ്യാൻ കഴിയും
ഞാൻ ഭരതനാട്യം നർത്തകി ആണ്. ആ ഒരു പശ്ചാത്തലം ഉള്ളതുകൊണ്ട് എനിക്ക് ഏതു കഥാപാത്രം ചെയ്യാനും ബുദ്ധിമുട്ട് ഉണ്ടാകാറില്ല. പക്ഷേ കഥാപാത്രങ്ങൾക്ക് വേണ്ടി മാനസികമായി ഒരു ഹോം വർക്ക് ചെയ്യാറുണ്ട്. ഞങ്ങളുടെ ഒപ്പം അഭിനയിക്കുന്ന കുഞ്ഞിന് ഒരു എട്ടു മാസം ഉള്ളപ്പോഴാണ് അഭിനയിക്കാൻ എത്തിച്ചത്. കുഞ്ഞ് നമ്മുടെ കയ്യിൽ ഇരിക്കണമെങ്കിൽ കുറെ പാട്ടുകൾ ഒക്കെ പാടി കളിപ്പിക്കണം. പാട്ട് പാടി കുഞ്ഞിനൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോ ആയിരിക്കും ആക്ഷൻ പറയുക. അപ്പോൾ നമ്മൾ പോകേണ്ടത് വളരെയധികം വികാര വിക്ഷോഭത്തോടെ നിൽക്കുന്ന കഥാപാത്രത്തിലേക്ക് ആയിരിക്കും. പെട്ടെന്ന് തന്നെ നമ്മൾ ആ മോഡിലേക്ക് മാറണം. കഥാപാത്രം ചെയ്യുമ്പോൾ വല്ലാത്തൊരു വേദന ഉള്ളിൽ ഉണ്ടായിരുന്നു. ഹൃദയവേദന തോന്നുന്ന ഒരു സീക്വൻസ് ആണ് അത്. ഏതൊരു സ്ത്രീയുടെ ഉള്ളിലും ഒരു മാതൃത്വ ഭാവം ഉണ്ടല്ലോ, അതുകൊണ്ട് തന്നെ ആ കഥാപാത്രം ചെയ്യാൻ കുറച്ച് വേദന തോന്നി. ആ കഥാപാത്രത്തിൽ നിന്ന് പുറത്തുകടക്കാൻ വളരെയധികം ബുദ്ധിമുട്ട് തോന്നി.

ഇതുവരെ കിട്ടാത്ത പ്രതികരണങ്ങൾ
ഒരുപാട് പേര് ഇപ്പോൾ എന്റെ കഥാപാത്രത്തെപ്പറ്റി പറയുന്നുണ്ട്. രണ്ടാം പകുതിയിൽ ശ്രുതി വന്നപ്പോൾ പടം ഒന്നുകൂടി ജീവനുള്ളതായി എന്ന് പലരും പറഞ്ഞു. പടത്തിന്റെ പ്രീവ്യുവിന് ബ്ലെസ്സി സാറും സിബി മലയിൽ സാറും ഒക്കെ വന്നിട്ടുണ്ടായിരുന്നു അവർ എന്നോട് പ്രത്യേകിച്ച് എന്റെ കഥാപാത്രം വളരെ നന്നായി ചെയ്തു എന്ന് പറഞ്ഞു.

അതൊക്കെ എനിക്ക് കിട്ടുന്ന വലിയ അംഗീകാരമാണ്. ഇത്രയും നാൾ സിനിമകൾ ചെയ്തിട്ട് ഇപ്പോഴാണ് ഇതുപോലെ എന്റെ ഒരു കഥാപാത്രം ചർച്ച ചെയ്യപ്പെടുന്നത്. ഞാൻ മലയാളത്തെക്കാൾ തെലുങ്കിലാണ് അഭിനയിച്ചിട്ടുള്ളത്. മലയാളത്തേക്കാൾ ഒരുപാട് നല്ല കഥാപാത്രങ്ങൾ തെലുങ്കിൽ കിട്ടി. നല്ല കഥകളുള്ള വെബ് സീരീസുകൾ ചെയ്തു, ഹിന്ദി വെബ് സീരീസ് ചെയ്തു, അതൊക്കെ വളരെയധികം ആഴമുള്ള കഥാപാത്രങ്ങളാണ്.

ഭരതനാട്യത്തിൽ നിന്ന് അങ്കമാലി ഡയറീസിലേക്ക്
ഞാൻ ചെന്നൈ കലാക്ഷേത്രയിൽ ഭരതനാട്യം പഠിച്ചതാണ്. കുറെ വർഷങ്ങൾ അവിടെ തന്നെ ആയിരുന്നു. എന്റെ ഒരു ഫ്രണ്ട് ആണ് ഒരിക്കൽ അങ്കമാലി ഡയറീസ് ടീമിന്റെ ഓഡിഷൻ പരസ്യം കണ്ടിട്ട് എന്റെ ഫോട്ടോ അയച്ചു കൊടുത്തത്. അവർ എന്നെ ഓഡിഷന് വിളിച്ച് സെലക്ട് ചെയ്തു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഓഡിഷന് പങ്കെടുത്തത്. അതുവരെ ഞാൻ ഒരു കർണ്ണാട്ടിക് ക്ലാസ്സിക് നൃത്തത്തിന്റെ ഭാഗമായി മാത്രം നിൽക്കുന്ന ഒരാളായിരുന്നു.

നൃത്തവും സംഗീതവും മാത്രമായിരുന്നു മനസ്സിൽ, സിനിമയിലെത്തുമെന്ന് ഒരിക്കലും കരുതിയില്ല. പക്ഷേ ഇപ്പോൾ സിനിമയും എനിക്ക് ഏറെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. അങ്കമാലി ഡയറീസ് കഴിഞ്ഞ് ജൂൺ ചെയ്തു. ജൂൺ എന്ന സിനിമയിലെ മായാ മിസ് ആയിട്ടാണ് എന്നെ ആൾക്കാർ അറിയുന്നത്, 'സത്യം പറഞ്ഞാൽ വിശ്വസിക്കുമോ' എന്നൊരു സിനിമയിൽ നല്ലൊരു കഥാപാത്രം ചെയ്തു, പക്ഷേ സിനിമ അധികം ചർച്ച ചെയ്യപ്പെട്ടില്ല. ഇപ്പോൾ അം അഃയിലെ ജിൻസി എനിക്ക് പ്രതീക്ഷയുള്ള കഥാപാത്രമായിരുന്നു, അതുപോലെ തന്നെ ജിൻസി നന്നായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ഹോട്ട്സ്റ്റാറിന്റെ വെബ്‌സീരീസ് വരുന്നു
ഹോട്ട്സ്റ്റാറിന്റെ വെബ് സീരീസ് ആയ ഫാർമ ആണ് ഇനി ഇറങ്ങാനുള്ളത്. നിവിൻ പോളി പ്രധാന കഥാപാത്രമായെത്തുന്ന സീരീസ് ആണ്. ദ്വിജ എന്നൊരു സിനിമയും ഇറങ്ങാനുണ്ട്. ഒരു ഹിന്ദി വെബ് സീരീസും വരുന്നുണ്ട്. ഇപ്പൊ കൊച്ചിയിൽ ഞാനൊരു നൃത്തവിദ്യാലയം തുടങ്ങി, രാജശ്യാമ എന്നാണു പേര്. നൃത്തത്തിനൊപ്പം സിനിമയും ഒരുപോലെ കൊണ്ടുപോകണം എന്നാണ് എന്റെ ആഗ്രഹം.