ADVERTISEMENT

അനിൽ കപൂർ, ജാക്കി ഷ്റൊഫ്, നാനാ പടേക്കർ, മാധുരി ദീക്ഷിത് എന്നിവർ അഭിനയിച്ച ഹിന്ദി സിനിമ ‘പരിന്ദ’ ഇറങ്ങുമ്പോൾ റോഷൻ ആൻഡ്രൂസിന് പ്രായം വെറും 14! പക്ഷേ, ആ സിനിമയുടെ കാഴ്ച റോഷൻ മറന്നില്ല. പ്രത്യേകിച്ചും ആ കാഴ്ച ഒരുക്കിയ ഛായാഗ്രാഹകൻ ബിനോദ് പ്രധാനിനെ! അദ്ദേഹം ക്യാമറ ചെയ്ത ‘1942: എ ലവ് സ്റ്റോറി’, ‘കരീബ്’, ‘ദേവ്ദാസ്’, ‘മുന്നാ ഭായ് എംബിബിഎസ്’, ‘രംഗ് ദേ ബസന്തി’ തുടങ്ങിയ സിനിമകൾ കണ്ട് അദ്ദേഹത്തോടുള്ള ആരാധന റോഷനൊപ്പം വളർന്നു. വർഷങ്ങൾക്കു ശേഷം റോഷനും സിനിമയിലെത്തി, സംവിധായകനായി. അപ്പോഴും ബിനോദ് പ്രധാനോടുള്ള ആരാധന മനസ്സിൽ കെടാതെ സൂക്ഷിച്ചിരുന്നു. ഒടുവിൽ കായംകുളം കൊച്ചുണ്ണിയിൽ ഛായാഗ്രാഹകനായി റോഷൻ തന്റെ ആരാധനാപാത്രം ബിനോദ് പ്രധാനെ ക്ഷണിച്ചു. അതും മലയാളത്തിൽ അതുവരെ ആരും ഓഫർ ചെയ്യാത്ത അത്രയും വലിയ പ്രതിഫലം നൽകി! ഇപ്പോഴിതാ, അദ്ദേഹത്തിനൊപ്പം തന്റെ ആദ്യ ബോളിവുഡ് ചിത്രവും റോഷൻ ആൻഡ്രൂസ് പൂർത്തിയാക്കി കഴിഞ്ഞിരിക്കുകയാണ്. ഷാഹിദ് കപൂർ പൊലീസ് വേഷത്തിലെത്തുന്ന ‘ദേവ’ ജനുവരി 31ന് തിയറ്ററിലെത്തിക്കഴിഞ്ഞു. മലയാളത്തിൽ നിന്ന് തിരക്കഥാകൃത്തുക്കളായി ബോബി സഞ്ജയും സംഗീതസംവിധായകൻ ജേക്സ് ബിജോയിയും റോഷന്റെ ഈ ബോളിഡുഡ് അരങ്ങേറ്റ ചിത്രത്തിനൊപ്പമുണ്ട്. ആദ്യ ബോളിവുഡ് ചിത്രത്തിന്റെ വിശേഷങ്ങളുമായി റോഷൻ‌ ആൻഡ്രൂസ് മനോരമ ഓൺലൈനിൽ.

അന്ന് നടക്കാതെ പോയതിനു പിന്നിൽ

ഉദയനാണ് താരം ബോളിവുഡിൽ ചെയ്യാൻ 2005ൽ എന്നെ അനിൽ കപൂർ ക്ഷണിച്ചിരുന്നു. പിന്നീട് പല കാര്യങ്ങളിലും അവർ ഇടപെടാൻ തുടങ്ങിയപ്പോൾ ഞാൻ ആ പ്രോജക്ടിൽ നിന്നും പിന്മാറുകയായിരുന്നു. ലോകത്തെവിടെ സിനിമ ചെയ്താലും പരിപൂർണ സ്വാതന്ത്ര്യത്തോടെ ചെയ്യാൻ പറ്റിയാലെ ഞാൻ സിനിമ ചെയ്യാറുള്ളൂ. അന്ന് അതു ശരിയാവില്ലെന്നു തോന്നിയപ്പോൾ ഞാൻ പിന്മാറി. എന്നെ വിശ്വസിച്ച് കൂടെ നിൽക്കുന്ന ഒരു നിർമാതാവിനെ വേണ്ടിയിരുന്നു. അങ്ങനെയാണ് സിദ്ധാർഥ് റോയ് കപൂർ വരുന്നത്. 2018ൽ കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ട് നടക്കുന്ന സമയത്താണ് ഈ ബോളിവുഡ് പടം ഒപ്പു വയ്ക്കുന്നത്. സിദ്ധാർഥിന്റെ കമ്പനിക്കു വേണ്ടി ഒരു പടം ചെയ്യാം എന്നതായിരുന്നു കരാർ. അതിനു വേണ്ടിയുള്ള ചർച്ചകൾ നടന്നു. കഥയിൽ ഒരു തീരുമാനം ആകാതെ വന്നപ്പോൾ സിനിമ ചെയ്യണ്ട എന്നു കരുതി മാറ്റി വച്ചു. അപ്പോഴാണ് കോവിഡ് വന്നത്.

രേഷ്മ ഷെട്ടി എന്ന ടാലന്റ് ഹെഡ് എന്നെ വിളിച്ചു. ഷാഹിദ് കപൂറിന് എന്നോടു സംസാരിക്കണം എന്നു പറഞ്ഞാണ് അവർ വിളിക്കുന്നത്. എന്റെ വർക്കുകൾ അദ്ദേഹം കണ്ടിട്ടുണ്ട് എന്നും പറഞ്ഞു. എന്റെ ‘സല്യൂട്ട്’ റിലീസ് ചെയ്യുന്ന സമയമായിരുന്നു. ആ സിനിമയും അദ്ദേഹം കണ്ടു. എനിക്കൊപ്പം സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ രണ്ടു മൂന്നു സബ്ജക്ടുകൾ സംസാരിച്ചു. അതിൽ, ഞങ്ങൾ മുൻപു മാറ്റി വച്ച കഥയും ഉണ്ടായിരുന്നു. അതാണ് അദ്ദേഹത്തിന് ഇഷ്ടമായത്. അതു വിശദമായി പറയാൻ അദ്ദേഹം ക്ഷണിച്ചു. സഞ്ജയ് ഇവിടെ ഇരുന്ന് അതിന്റെ കൃത്യമായൊരു രൂപരേഖ ഉണ്ടാക്കി. അതു വച്ചാണ് ഞാനും സഞ്ജയും ഷാഹിദ് കപൂറിനെ പോയി കാണുന്നത്. അന്നു തന്നെ അദ്ദേഹം സിനിമ ചെയ്യാമെന്നു സമ്മതിച്ചു. അതായിരുന്നു തുടക്കം.

shahid-rosshan-deva

ആ കഥ വീണ്ടും പറയുന്നു

ഞങ്ങളുടെ ഒരു കണ്ടന്റ് ഞങ്ങൾ റിവിസിറ്റ് ചെയ്യുകയാണ് ദേവ എന്ന സിനിമയിലൂടെ. മുൻപു പറഞ്ഞ കഥ 2025ൽ നടന്നാൽ എങ്ങനെയിരിക്കും എന്ന ആലോചനയാണ് ഈ സിനിമയിലേക്ക് എത്തിച്ചത്. ഏതാണ് ആ കഥ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. ബോബി സഞ്ജയ്ടെ തന്നെ കഥയാണ്. ആ കഥയ്ക്കു പുതിയൊരു രൂപഘടന നൽകുന്നു. അതാണ് വലിയ വെല്ലുവിളി. പക്ഷേ, ആ പ്രോസസ് ഏറെ സന്തോഷം നൽകി. മുൻപു പറഞ്ഞ കണ്ടന്റിനെ പുതിയ രൂപത്തിൽ വീണ്ടും പറയാൻ കഴിയുക എന്നത് നല്ല രസമുള്ള പ്രോസസ് ആയിരുന്നു. കഥയും തിരക്കഥയും ബോബി സഞ്ജയ് ആണ്. സംഭാഷണം ഹുസൈൽ ദലാൽ ആണ് എഴുതിയിരിക്കുന്നത്. മലയാളത്തിൽ വൺലൈൻ പറഞ്ഞ് കഥ ലോക്ക് ചെയ്യാം. ബോളിവുഡിൽ അതു പറ്റില്ല. മുഴുവൻ തിരക്കഥയുമായി പോയാലേ ഒരു താരത്തിനടുത്ത് സിനിമ ലോക്ക് ചെയ്യാൻ കഴിയൂ. പന്ത്രണ്ടാമത്തെ ഡ്രാഫ്റ്റ് എഴുതിയാണ് തിരക്കഥ സെറ്റ് ആയത്. അതിനു ശേഷമാണ് ഷാഹിദിനെ പോയി കാണുന്നത്.

സ്വാതന്ത്ര്യമുണ്ടെങ്കിലെ സിനിമ ചെയ്യൂ

ഓരോ സംവിധായകർക്കും ഓരോ ഫിലിംമേക്കിങ് പ്രോസസ് ആണ്. എന്റെ ഫിലിം മേക്കിങ് പ്രോസസ് വർക്കൗട്ട് ആകാതിരുന്നതുകൊണ്ടാണ് ഉദയനാണ് താരം ബോളിവുഡിൽ നടക്കാതെ പോയത്. അതു വേണ്ടെന്നു വച്ച് ഞാൻ ഇറങ്ങിപ്പോരുകയായിരുന്നു. ഒരു തവണയേ സിനിമ ചെയ്യുന്നുള്ളൂ എങ്കിലും അതു എന്റെ സിനിമയാകണം എന്ന് നിർബന്ധമുണ്ട്. ഇക്കാര്യം ഞാൻ ആദ്യമേ എന്റെ നിർമാതാവിനോടു പറഞ്ഞിരുന്നു. എന്റെ ടെക്നിഷ്യൻസിനെ ഞാൻ തീരുമാനിക്കും. സ്ക്രിപ്റ്റ് ഞാൻ തീരുമാനിക്കും. എനിക്ക് ഇഷ്ടമുള്ള രീതിയിലെ ഞാൻ ഷൂട്ട് ചെയ്യുകയുള്ളൂ. എന്റെ സർഗാത്മക സ്വാതന്ത്ര്യത്തിൽ മറ്റാരും ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ല. എല്ലാവർക്കും നിർദേശങ്ങൾ തരാം. പക്ഷേ, അന്തിമ തീരുമാനം എന്റേതായിരിക്കും. അങ്ങനെ കരാറിൽ എഴുതി ചേർത്തിട്ടാണ് സിനിമ തുടങ്ങുന്നത്. ക്രിയേറ്റീവ് ചർച്ചകളും പൊരുത്തക്കേടുകളും വഴക്കുകളും എല്ലാം ഉണ്ടായിട്ടുണ്ട്. പക്ഷേ, എനിക്ക് എന്റെ ടീമിനെ വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞു. ഷാഹിദ് കപൂർ അടക്കമുള്ള ആളുകൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് എന്റെ കയ്യിൽ കൃത്യമായ മറുപടി ഉണ്ടായിരുന്നു. എന്റെ പ്രോസസിലേക്ക് അവരെ കൊണ്ടുവരാൻ എനിക്കു കഴിഞ്ഞു. അതിന് അൽപം സമയം എടുത്തു. എങ്കിലും ആ വ്യത്യാസം ദേവയിൽ കാണാൻ കഴിയും. 

shahid-rosshan3

പശ്ചാത്തലസംഗീതം ജേക്സ് ബിജോയ്

തിരക്കഥ ബോബി സഞ്ജയ്, എഡിറ്റർ ശ്രീകർ പ്രസാദ്– ഇതുപോലെ സന്തോഷം നൽകുന്ന കാര്യം ഈ സിനിമയുടെ പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് ജേക്സ് ബിജോയ് എന്നതാണ്. ‘സല്യൂട്ട്’ എന്ന സിനിമ ജേക്സ് ആണ് ചെയ്തത്. ജേക്സ് എന്ന ടാലന്റിനെ എനിക്ക് അത്രയും ഇഷ്ടമാണ്. അതു കണ്ടു മനസ്സിലാക്കിയതുകൊണ്ട് അദ്ദേഹത്തെ ‘ദേവ’യിലേക്ക് ക്ഷണിച്ചു. ഒരുപക്ഷേ, ജേക്സിന്റെ വർക്കുകളിലെ ഏറ്റവും മികച്ച വർക്കുകളിൽ ഒന്നായിരിക്കും ‘ദേവ’. ജേക്സിനെ എനിക്കൊപ്പം ബോളിവുഡിൽ കൊണ്ടുപോകാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. ‘ദേവ’യ്ക്കു ശേഷം ജേക്സിന് ഒരുപാടു നല്ല ഓഫറുകൾ കിട്ടും എന്ന് ഉറപ്പുണ്ട്. അതുപോലെയുള്ള ഒരു വർക്കാണ് ‘ദേവ’.

shahid-rosshan-deva3

സിനിമ ആവശ്യപ്പെടുന്ന ഫൈറ്റ് മാത്രം

‘ഉദയനാണ് താരം’ എന്ന സിനിമയിൽ ഒരു ഫൈറ്റേ ഉള്ളൂ. ‘നോട്ട്ബുക്കി’ൽ ഫൈറ്റ് ഇല്ല. ‘ഇവിടം സ്വർഗമാണ്’ എന്ന ചിത്രത്തിൽ ഫൈറ്റുണ്ട്. സിനിമയുടെ കഥയ്ക്കു ചേരുന്ന ഫൈറ്റുകൾ മാത്രമെ ഞാൻ എടുക്കാറുള്ളൂ. ‘കായംകുളം കൊച്ചുണ്ണി’യിൽ 14 ഫൈറ്റ് ഉണ്ട്. ആ 14ഉം ഞാൻ തന്നെ എഴുതിയതാണ്. എന്റെ എല്ലാ സിനിമകളുടെയും ഫൈറ്റ് ഡിസൈൻ ചെയ്യുന്നത് ഞാൻ തന്നെയാണ്. സ്റ്റോറി ബോർഡ് ഉണ്ടാക്കി, ആക്‌ഷൻ സീക്വൻസ് ഡിസൈൻ ചെയ്തിട്ടാണ് ഞാൻ ആക്‌ഷൻ കൊറിയോഗ്രഫറെ സമീപിക്കുക. ‘കായംകുളം കൊച്ചുണ്ണി’യിൽ ആദ്യം ഞാൻ പിരമിഡ് ഫൈറ്റ് എന്നു പറഞ്ഞപ്പോൾ പലർക്കും മനസ്സിലായില്ല. പിന്നീട് സ്റ്റോറി ബോർഡ് ചെയ്തു കാണിച്ചപ്പോഴാണ് അവർക്കു കാര്യമെന്താണെന്നു പിടുത്തം കിട്ടുന്നത്.

shahid-rosshan-deva43

‘പ്രതി പൂവൻകോഴി’യിൽ നാടൻ തല്ലാണ്. അതേസമയം ദേവയിലേക്കു വരുമ്പോൾ ഷാഹിദ് കപൂറിന്റെ കഥാപാത്രം ഇസ്രയേലി മാർഷ്യൽ ആർട്സ് ആയ ക്രാവ് മാഗ(Krav Maga)യിൽ പരിശീലനം നേടിയിട്ടുള്ള വ്യക്തിയാണ്. അതാണ് സിനിമയിൽ അദ്ദേഹം ചെയ്യുന്നത്. അതും കഥയ്ക്ക് അനുയോജ്യമായ ഇടങ്ങളിൽ മാത്രമാണ് ഫൈറ്റ് ചെയ്യുന്നത്. ഏഴോളം ആക്‌ഷൻ സീക്വൻസ് ഈ സിനിമയിലുണ്ട്. ഇവ കഥയെ മുൻപോട്ടു കൊണ്ടുപോകുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. അല്ലാതെ, ആക്‌ഷനു വേണ്ടി ആക്‌ഷൻ ചെയ്യുന്നില്ല. ദേവയിൽ ഒരു പൊലീസ് ഓപ്പറേഷൻ കാണിക്കുന്നുണ്ട്. സിനിമ കണ്ടവർ എല്ലാവരും ആ സീക്വൻസ് പ്രത്യേകം എടുത്തു പറഞ്ഞ് അഭിനന്ദിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ ഒക്കെ ഒരു ഏരിയയിൽ എങ്ങനെയാണ് ഒരു മാൻഹണ്ട് നടത്തുക എന്നതെല്ലാം പ്രത്യേകം ആലോചിച്ച്, ചർച്ച ചെയ്ത്, സ്റ്റോറി ബോർഡ് ഉണ്ടാക്കി ചെയ്തതാണ് അത്.

shahid-rossha4n

മുംബൈയോടുള്ളത് ദീർഘകാലത്തെ ഇഷ്ടം

1989ൽ പുറത്തിറങ്ങിയ ‘പരിന്ദ’ എന്ന ചിത്രം കണ്ടാണ് എനിക്ക് മുംബൈയോടുള്ള ഇഷ്ടം കൂടുന്നത്. ആ ചിത്രത്തിന്റെ വലിയൊരു ആരാധകനാണ് ഞാൻ. ആ സിനിമയുടെ ഛായാഗ്രാഹകൻ ബിനോദ് പ്രധാൻ ആണ്. ‘പരിന്ദ’ സിനിമ കണ്ടിട്ടാണ് അതിലെ ഛായാഗ്രാഹകനെ ഞാൻ ‘കായംകുളം കൊച്ചുണ്ണി’യിലേക്ക് ക്ഷണിക്കുന്നത്. അന്ന് മലയാളത്തിൽ ഒരു ക്യാമറാമാന് കൊടുക്കുന്നത് 20–25 ലക്ഷം രൂപയാണ്. എന്നാൽ, 1.25 കോടി രൂപ പ്രതിഫലം നൽകിയാണ് ഞാൻ ബിനോദ് പ്രധാനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. അദ്ദേഹത്തോടു‌ള്ള ആരാധന അത്രയുമുണ്ട്. ‘രംഗ് ദേ ബസന്തി’, ‘ദേവ്ദാസ്’, ‘ഭാഗ് മിൽഖാ ഭാഗ്’ തുടങ്ങിയ സിനിമകൾ ചെയ്ത ക്യാമറാമാനാണ് അദ്ദേഹം. സത്യത്തിൽ അപ്പോൾ മുതൽ എന്റെ തയാറെടുപ്പുകൾ ഞാൻ തുടങ്ങിയിരുന്നു. ബോളിവുഡ് സംസ്കാരവും രീതികളും മനസ്സിലാക്കാനുള്ള ശ്രമങ്ങൾ ഞാൻ നേരത്തെ തുടങ്ങിയിരുന്നു. 

‘ദേവ’യ്ക്കായി ചെയ്ത മുന്നൊരുക്കങ്ങൾ

ആദ്യമായി മലയാളത്തിൽ നിന്ന് പുറത്ത് ഒരു സിനിമ ഞാൻ ചെയ്തത് ‘36 വയതിനിലെ’ എന്ന ചിത്രമായിരുന്നു. അതു ‘ഹൗ ഓൾഡ് ആർ യു’ എന്ന എന്റെ ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു. ശരിക്കും അത് ഷോട്ട് ബൈ ഷോട്ട്, ‘ഹൗ ഓൾഡ് ആർ യു’ തന്നെയാണ്. ഷൂട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ വലിയ ബോറടി തോന്നി. പിന്നെ, ഞാൻ എന്നെത്തന്നെ പ്രചോദിപ്പിക്കാൻ തമിഴ് സംസ്കാരത്തെ അടുത്തറിയാൻ ശ്രമിച്ചു. തമിഴ് സംസ്കാരത്തിലേക്ക് കടന്നപ്പോൾ സിനിമയ്ക്ക് ആ ഫ്ലേവർ വന്നു. ആ സിനിമ തമിഴിൽ ഒരു വിജയചിത്രമാണ്. ജ്യോതികയ്ക്ക് അതിലൂടെ സംസ്ഥാന പുരസ്കാരവും ലഭിച്ചു. ആ അനുഭവം ഉള്ളതുകൊണ്ട് ദേവയ്ക്കായി ഞാൻ കൃത്യമായ തയാറെടുപ്പുകൾ നടത്തി. 

മുംബൈയിൽ ഞാൻ പല പ്രാവശ്യം പോയി. ധാരാവി, കാമാത്തിപുര തുടങ്ങി ഓരോ സ്ഥലങ്ങളിലും പോയി. ലോക്കൽ ട്രെയിനിലും ബസിലും യാത്ര ചെയ്തു. ലോക്കൽ ഫുഡ് കഴിച്ചു. അവരുടെ വസ്ത്രധാരണം, സംസാരം തുടങ്ങിയവയെല്ലാം അറിയാൻ ശ്രമിച്ചു. ഈ യാത്രകളിൽ തന്നെ എന്റെ കഥ പറയാൻ പറ്റുന്ന ലൊക്കേഷനുകളും കണ്ടെത്തി. ഒരുപാടു റിയൽ ലൊക്കേഷനിലാണ് സിനിമ ഷൂട്ട് ചെയ്തത്. മുംബൈയിലെ റിയൽ ലൊക്കേഷനിൽ കയറി ഒരു സിനിമ ഷൂട്ട് ചെയ്യുക എന്നത് ചെറിയ കാര്യമല്ല. അത്രയും തിരക്കും ട്രാഫിക്കുമുള്ള മഹാനഗരം ആണ് മുംബൈ. ഇതിലെല്ലാം നിർമാതാവിന്റെ പിന്തുണ എടുത്തു പറയണം. 

79 ദിവസത്തെ ഷൂട്ട്

79 ദിവസമാണ് ഷൂട്ട് ചെയ്തത്. പക്ഷേ, അതിന് ഒരു വർഷമെടുത്തു. ഈ രണ്ടു വർഷ കാലയളവിൽ ഞാൻ ഒരു മലയാള സിനിമയും ചെയ്തിട്ടില്ല. മുഴുവനായും ഈ സിനിമയ്ക്കൊപ്പമായിരുന്നു. മുകേഷ് ഛാബ്ര ആയിരുന്നു കാസ്റ്റിങ് ഡയറക്ടർ. ഓരോ കഥാപാത്രത്തിന്റെയും വിശദാംശങ്ങൾ അവർ ചോദിച്ചറിയും. അതിനു ഉതകുന്ന ഏഴോ എട്ടോ ഓപ്ഷൻസ് അവർ തരും. ചിലപ്പോൾ ഒരു കഥാപാത്രത്തിനായി 15 ഓപ്ഷൻസ് വരെ തരാറുണ്ട്. ഇവരെയെല്ലാം ഞാൻ നേരിട്ടു കാണും. ഓഡിഷൻസ് കാണും. നേരിട്ടു സംസാരിക്കും. അവരിൽ നിന്ന് മൂന്നു പേരെ തിരഞ്ഞെടുക്കും. എന്നിട്ടാണ് അന്തിമ തീരുമാനത്തിലെത്തുക. ‘ദേവ’യുടെ കാസ്റ്റിങ് ലോക്ക് ചെയ്യാൻ മൂന്നു മാസം എടുത്തു. ഫീമെയിൽ ലീഡ് ചെയ്യുന്നത് പൂജ ഹെഗ്ഡെ ആണ്. അവരൊരു ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ് ആണ്. ദിയ എന്നാണ് കഥാപാത്രത്തിന്റെ പേര്. ആരെ എവിടെ നിർത്തണമെന്ന് അറിയുന്ന ജേണലിസ്റ്റ് ആണ്. പറയേണ്ട കാര്യങ്ങൾ പറയാനും വെളിപ്പെടുത്തേണ്ട കാര്യങ്ങൾ വെളിപ്പെടുത്താനും അറിയുന്ന ഒരു സ്ത്രീയാണ്.

മലയാളം നൽകിയ പാഠങ്ങൾ

എന്റെ മനസ്സിലൊരു പ്രേക്ഷകനുണ്ട്. ഹിന്ദി സിനിമകളും തമിഴ് സിനിമകളും കാണുന്ന തെലുങ്ക് സിനിമ ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകൻ! ആ പ്രേക്ഷകനാണ് ദേവയുടെ ഏറ്റവും വലിയ ആരാധകൻ. ഞാനിപ്പോഴും ഒരു സിനിമ വിദ്യാർഥിയാണ്. സിനിമ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 12 സിനിമ ചെയ്തു. എന്റെ 13–ാമത്തെ സിനിമയാണ് ‘ദേവ’. മലയാളത്തിൽ സിനിമ ചെയ്തിട്ടുള്ള അനുഭവം എനിക്കുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാർക്കൊപ്പവും സാങ്കേതികപ്രവർത്തകർക്കൊപ്പവും ഞാൻ ജോലി ചെയ്തിട്ടുണ്ട്. ഇതുവരെ എന്റെ സിനിമകളിലെ ദൃശ്യങ്ങളുടെ ക്വാളിറ്റി താഴെ പോയിട്ടില്ല. ‘ദേവ’യ്ക്കു മുൻപ് ഏറ്റവും കൂടുതൽ പണം മുടക്കി എടുത്ത സിനിമ ‘കായംകുളം കൊച്ചുണ്ണി’യാണ്. 35 കോടിയോളം രൂപ അതിനു വേണ്ടി വന്നു. ദേവയുടെ മുതൽമുടക്ക് അതി‌ന്റെ ഇ‌രട്ടി വരും. 70–80 കോടി വരുമ്പോൾ അതിന്റെ മികവ് ദൃശ്യങ്ങളിലും പ്രതിഫലിക്കും. മേക്കിങ് കോസ്റ്റ് തന്നെ 60 കോടി വന്നു. മലയാളത്തിൽ നിന്നു പഠിച്ചതുകൊണ്ടാണ് ഈ തുകയിൽ ഇത്രയും നല്ല വിഷ്വൽസ് കൊണ്ടുവരാൻ കഴിഞ്ഞത്. 

ആ നല്ല വാക്കുകൾ അംഗീകാരം പോലെ

സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിനു മുൻപ് ഞാൻ ശ്രീനിയേട്ടനെ പോയി കണ്ടിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ പോയി അനുഗ്രഹം വാങ്ങി. ലാൽ സർ, കമൽ സർ, ഉദയേട്ടൻ, രഞ്ജിത്തേട്ടൻ എന്നിവരുടെ അടുത്തൊക്കെ പറഞ്ഞു. ഇവരെല്ലാം എന്നെ സിനിമയിലേക്കു കൊണ്ടു വന്നവരാണ്. മമ്മൂക്ക, മോഹൻലാൽ, പൃഥ്വി, ദുൽഖർ, എന്റെ കൂടെ വർക്ക് ചെയ്ത എല്ലാവരോടും സിനിമ തുടങ്ങുന്നതിനു മുൻപെ പറഞ്ഞിരുന്നു. ടീസറും ട്രെയിലറും ഇറങ്ങിയപ്പോൾ ഇവർക്കെല്ലാവർക്കും അയച്ചു കൊടുത്തിരുന്നു. നല്ല പിന്തുണയാണ് എല്ലാവരിൽ നിന്നും ലഭിച്ചത്. മമ്മൂക്കയുമായി ഞാൻ സിനിമ ചെയ്തിട്ടില്ല. എങ്കിലും അദ്ദേഹത്തിൽ നിന്ന് നല്ല കമന്റാണ് ലഭിച്ചത്. എന്റെ തിരക്കഥാകൃത്തുക്കൾ സിനിമ കണ്ടിട്ട് പറയുന്ന അഭിപ്രായം എനിക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഈ സിനിമ കണ്ടിട്ട് ബോബി സഞ്ജയ് പറഞ്ഞത്. ഇത് നമ്മുടെ നല്ല സിനിമകളിൽ ഒന്നായിരിക്കും എന്നാണ്. അതാണ് എനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരം.

English Summary:

Exclusive chat with Rosshan Andrews

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com