ADVERTISEMENT

‘‘സത്യം പറ ചേട്ടായീ, ഇങ്ങനെയൊരു ദിവസം നിങ്ങളാഗ്രഹിച്ചിട്ടില്ലേ’’?

റൈഫിൾ ക്ലബ്ബിലെ ചോരചിന്തുന്ന ക്ലൈമാക്സിനിടയിലാണ് രാമു വിജയരാഘവനോട് ഈ ചോദ്യം ചോദിക്കുന്നത്. ഒരു സുന്ദരൻ ചിരിയായിരുന്നു അതിനുള്ള ഉത്തരം. പടം കണ്ടിറങ്ങുന്ന പ്രേക്ഷകരും അദ്ദേഹത്തോട് ഇതേ ചോദ്യമാണ് ആവർത്തിക്കുന്നത്.

‘‘ സത്യം പറ കുട്ടേട്ടാ...ഇങ്ങനെയൊരു കാലം നിങ്ങളാഗ്രഹിച്ചിട്ടില്ലേ.?’’ ഗുണ്ടയായും സഹനടനായും വില്ലനായും നായകനായുമൊക്കെ വിജയരാഘവനെ സ്ക്രീനിൽ കാണാൻ തുടങ്ങിയിട്ട് 42 വർഷമായി. ഇതിനിടയിൽ പ്രേക്ഷകരെ ചിരിപ്പിക്കുകയും കയ്യടിപ്പിക്കുകയും വിറകൊള്ളിക്കുകയും ചെയ്ത ഒട്ടേറെ വേഷങ്ങളും ചെയ്തു. എന്നാൽ, പുരസ്കാരങ്ങളും അഭിനന്ദനങ്ങളും നിറഞ്ഞ ഇതു പോലൊരു ‘പൂക്കാലം’ ആഗ്രഹിച്ചിട്ടില്ലേ? വലിയ ആർഭാടമില്ലാത്തൊരു ചിരി തന്നെയാണ് അതിനുമുള്ള ഉത്തരം. കൂടുതൽ ചോദിച്ചാൽ മാത്രം വിശദമായി പറയും; അഭിനയത്തെപ്പറ്റിയും അനുഭവത്തെപ്പറ്റിയും.

എങ്ങനെയുണ്ടായിരുന്നു റൈഫിൾ ക്ലബ്ബ്?

മുണ്ടക്കയത്തിനടുത്തായിരുന്നു ലൊക്കേഷൻ. പഴയൊരു എസ്റ്റേറ്റ് ബംഗ്ലാവ്. കാറും ജീപ്പും മാത്രമേ അവിടേക്കു കയറിച്ചെല്ലൂ. കാരവനൊന്നും എത്തില്ല. അതുകൊണ്ട് അതിനോടു ചേർന്നു തന്നെ ഏതാണ്ട് അതേ രൂപത്തിൽ കുറച്ചു മുറികൾ കൂടി സെറ്റിട്ടു. അവിടെയായിരുന്നു ഞങ്ങളുടെ മേക്കപ്പ് മുറികളും വിശ്രമകേന്ദ്രവുമൊക്കെ. രാമു, സുരേഷ് കൃഷ്ണ, വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ, പൊന്നമ്മ ബാബു, സുരഭി, ദർശന അങ്ങനെ സീനിയറും ജൂനിയറുമായ എല്ലാ താരങ്ങളും ഒരുമിച്ചുള്ളൊരു കൂട്ടായ്മയായിരുന്നു അത്. ഒരുമിച്ചു തമാശ പറഞ്ഞും ഭക്ഷണം കഴിച്ചും സമയം പോയത് അറിഞ്ഞില്ല. ഏറെക്കാലം കൂടിയാണ് അത്തരമൊരു അന്തരീക്ഷം കിട്ടിയത്. അതിന്റെ ഗുണവും ആ സിനിമയ്ക്കു കിട്ടിയിട്ടുണ്ട്.

മുഴുവൻ സമയവും വീൽചെയറിൽ ഇരിക്കുന്ന കഥാപാത്രമാണല്ലോ ലോനപ്പൻ. നടനെ സംബന്ധിച്ച് ഇതു വലിയൊരു പരിമിതിയല്ലേ?

ശരീരം തന്നെയാണ് നടന്റെ പ്രധാന ആയുധം. എന്നാൽ വെറുതേ ശരീരമിളക്കലല്ല അഭിനയം. അഭിനയം ഉണ്ടാകേണ്ടത് മനസ്സിലാണ്. ലോനപ്പൻ വീൽ ചെയറിലായതിന് ഒരു കാരണമുണ്ട്. വേട്ടയ്ക്കു പോയപ്പോൾ പന്നി വെട്ടിയതാണ്. അതോടെ അയാളുടെ അരയ്ക്കു താഴേക്കു തളർന്നു പോയി. അനക്കമില്ലാത്ത ആ കാലിൽ വെടിയേൽക്കുമ്പോൾ, അയാൾ പറയുന്നത് ‘അവൻമാരുടെ ഒരു ഉണ്ട പാഴായി’ എന്നാണ്. ഇതിൽനിന്ന് ആ കഥാപാത്രത്തിന്റെ ചിന്തയും സ്വഭാവവുമൊക്കെ നമുക്ക് മനസ്സിലാകും. പിന്നെ വീൽ ചെയറിൽ ചെന്നിരുന്നാൽ മതി; ബാക്കിയൊക്കെ തനിയേ വന്നുകൊള്ളും.

മുൻപു മാഫിയ എന്ന സിനിമയിൽ കാലിനു പരുക്കു പറ്റിയ ഒരാളായി ഞാൻ അഭിനയിച്ചിട്ടുണ്ട്. ശിവപ്പ എന്നാണ് കഥാപാത്രത്തിന്റെ പേര്. കാലിൽ ബെൽറ്റും സപ്പോർട്ടും ഇട്ടു മുറുക്കിയാണ് അയാൾ നടക്കുന്നത്. ആ സിനിമയിൽ കാറിലിരുന്ന് ഞാൻ ഡയലോഗ് പറയുന്നൊരു സീനുണ്ട്. മുഖം മാത്രമേ ഫ്രെയിമിൽ വരു. അതുകൊണ്ട്, ബെൽറ്റും സപ്പോർട്ടും കെട്ടാതെയാണ് കാറിലേക്കു കയറിയത്. പക്ഷേ, ഞാൻ എത്ര പറഞ്ഞിട്ടും ഡയലോഗ് ശരിയാവുന്നില്ല. അഭിനയത്തിൽ ശിവപ്പയുടെ ഒരു മുറുകിപ്പിടുത്തം കിട്ടുന്നില്ല. അപ്പോഴേക്കു സംവിധായകൻ ഷാജി കൈലാസ് തിടുക്കം കൂട്ടാനും തുടങ്ങി. ഒടുവിൽ ഞാൻ പുറത്തിറങ്ങി കാലിൽ ബെൽറ്റും സപ്പോർട്ടും കെട്ടി. അടുത്ത ടേക്കിൽ ഷോട്ട് ഓക്കെയായി. ശിവപ്പയാണെന്ന് എന്റെ മനസ്സിനെ ബോധ്യപ്പെടുത്തണം. അത്രേയുള്ളു കാര്യം.

കഥാപാത്രമായി മാറുക എന്നൊക്കെ ചില നടന്മാർ പറഞ്ഞു കേട്ടിട്ടുണ്ട്?

അങ്ങനെ കഥാപാത്രമായി മാറാനൊന്നും സാധിക്കുമെന്നു തോന്നുന്നില്ല. ഞാൻ പ്രകടിപ്പിക്കുന്നത് എന്റെ വികാരങ്ങൾ തന്നെയായിരിക്കും. എന്റെ അരിശവും എന്റെ സങ്കടവും എന്റെ ചിരിയുമൊക്കെയല്ലേ എനിക്കു പ്രകടിപ്പിക്കാനാവൂ. അതിനെ പലവിധത്തിൽ മാറ്റി അവതരിപ്പിക്കാനേ പറ്റൂ. കിഷ്കിന്ധാകാണ്ഡത്തിലെ പപ്പുപിള്ളയുടെ ശ്വാസത്തിന്റെ വേഗമുണ്ടാവില്ല പൂക്കാലത്തിലെ ഇട്ടൂപ്പിന്. അത് ആ കഥാപാത്രങ്ങളുടെ പ്രായത്തിനും ആരോഗ്യത്തിനും സ്വഭാവത്തിനും അനുസരിച്ചു നമ്മൾ മാറ്റിയെടുക്കുന്നതാണ്. കഥാപാത്രത്തിന്റെ മാനസികാവസ്ഥയും കഥയിലെ സാഹചര്യവുമൊക്കെ പറഞ്ഞു തരാനേ സംവിധായകനും എഴുത്തുകാരനും കഴിയൂ. അല്ലെങ്കിൽ, കുറച്ചുകൂടി വരട്ടെ, അത്രയും വേണ്ട എന്നൊക്കെ പറഞ്ഞ് ക്രമപ്പെടുത്താൻ അവർക്കു പറ്റിയേക്കും. പക്ഷേ, അഭിനയം എന്നതു നടനിൽ സംഭവിക്കേണ്ടതാണ്. സ്വന്തം ബോധ്യത്തിനും ഇഷ്ടത്തിനും അനുസരിച്ചേ അയാൾക്ക് അഭിനയിക്കാൻ സാധിക്കൂ.

തിരക്കഥ വായിച്ചു തന്നെയാണോ ഇത്തരം ബോധ്യങ്ങൾ ഉണ്ടാക്കുന്നത്?

തിരക്കഥ ഒരു പ്രാവശ്യം വായിക്കും. അപ്പോൾ തന്നെ ഏകദേശം കാര്യങ്ങൾ മനസ്സിലാകും. ബാക്കി ചരട് സംവിധായകന് വിട്ടുകൊടുക്കണം. കിഷ്കിന്ധാകാണ്ഡം വായിച്ചു കഴിഞ്ഞപ്പോൾ തന്നെ എനിക്കു തോന്നി, ഈ കഥാപാത്രവും കഥ പറയുന്ന രീതിയും ഗംഭീരമായിട്ടുണ്ടെന്ന്. എന്നാൽ ഏകലവ്യനും കമ്മിഷണറുമൊക്കെ വരുന്ന കാലത്ത് പൂർണമായ തിരക്കഥയൊന്നുമില്ല. ഓരോ ദിവസവും വേണ്ടത് എഴുതുകയാണ്. എങ്കിലും കഥാപാത്രം എന്താണെന്നു രൺജി പണിക്കർ കൃത്യമായി പറഞ്ഞുതരും. അതു മതി. രൗദ്രം എന്ന സിനിമയിലെ അപ്പിച്ചായി എന്ന കഥാപാത്രത്തെപ്പറ്റി പറയുമ്പോൾ എനിക്കു തോന്നി, ഇത് ഏകലവ്യനിലെ ചേറാടി കറിയാച്ചൻ തന്നെയാണെന്ന്. അങ്ങനെയാണ് ആ കഥാപാത്രത്തിന് ചില രൂപമാറ്റങ്ങളൊക്കെ വരുത്തുന്നത്.

ഇങ്ങനെ രൂപപ്പെടുത്തിയെടുക്കുന്ന കഥാപാത്രത്തെ പിന്നീടു സംവിധായകർ തിരുത്തിയിട്ടുണ്ടോ?

ജോഷിയുടെ ആന്റണി എന്ന സിനിമയിൽ കാഴ്ചശേഷിയില്ലാത്ത അവറാൻ എന്ന കഥാപാത്രമാണ് എന്റേത്. ഷൂട്ട് തുടങ്ങുന്നതിന്റെ തലേന്നു തന്നെ ഞാൻ സെറ്റിലെത്തി കോസ്റ്റ്യൂമൊക്കെ ഇട്ടു നോക്കി. അപ്പോഴാണ് ജോഷി ഒരു കാര്യം പറയുന്നത്. ഇയാൾക്ക് നേരത്തെ കണ്ണു കാണാമായിരുന്നു. പൂർണമായും കാഴ്ച നഷ്ടപ്പെട്ടിട്ടു കുറച്ചു കാലമേ ആയുള്ളു. അപ്പോൾ, ഇയാളുടെ കണ്ണ് തുറന്നിരിക്കണം. കണ്ണ് തുറന്നു പിടിച്ചു കൊണ്ട് കാഴ്ച ശേഷിയില്ലാത്ത ആളായി അഭിനയിക്കുക വലിയ ബുദ്ധിമുട്ടാണ്; പ്രത്യേകിച്ച് ക്യാമറയുടെ മുൻപിൽ. പക്ഷേ, കഥാപാത്രം അതാണ്. ഇങ്ങനെ സംവിധായകനും നടനും തമ്മിലുള്ള കൃത്യമായ കൊടുക്കൽ വാങ്ങലിലൂടെയാണ് നല്ല കഥാപാത്രങ്ങൾ സ്ക്രീനിൽ എത്തുന്നത്. ഇക്കാര്യത്തിൽ ഈഗോയുടെ ആവശ്യമില്ല. ഈഗോയില്ലാത്തതാണ് അഭിനയത്തിനും ജീവിതത്തിനും നല്ലത്.

സ്വന്തം അഭിനയത്തെ ഒന്നു വിലയിരുത്താമോ?

നാൽപതു വർഷത്തിലേറെയായി ഞാൻ മലയാള സിനിമയിലുണ്ട്. വർഷത്തിൽ ശരാശരി 10 സിനിമയിലെങ്കിലും അഭിനയിക്കുന്നുമുണ്ട്. ഇങ്ങനെ നിലനിൽക്കണമെങ്കിൽ തരക്കേടില്ലാത്ത ഒരു നടനായിരിക്കണമല്ലോ. ഈ ആത്മവിശ്വാസമാണ് വ്യത്യസ്തമായ കഥാപാത്രങ്ങളെ ഏറ്റെടുക്കാനുള്ള എന്റെ കരുത്ത്. ഞാൻ വളർന്നു വന്നത് അഭിനേതാക്കളുടെ ഇടയിലാണ്. അതു കൊണ്ടു തന്നെ നടനായി തീർന്നതിൽ വലിയ അദ്ഭുതമൊന്നും തോന്നിയിട്ടില്ല. എന്നാൽ, അങ്ങനെ നിലനിൽക്കാനായതിൽ ആത്മസംതൃപ്തിയുണ്ട്. നല്ല കഥാപാത്രങ്ങൾ കിട്ടുക എന്നതാണ് ഏറ്റവും പ്രധാനം. ജനത്തിന് അത് ഇഷ്ടപ്പെട്ടാൽ നമുക്ക് സംതൃപ്തിയായി. ഭേദപ്പെട്ട പ്രതിഫലം കൂടി കിട്ടിയാൽ സന്തോഷവുമായി. പുരസ്കാരങ്ങൾ കിട്ടിയാലും കിട്ടിയില്ലെങ്കിലും സംതൃപ്തിക്കു കുറവൊന്നുമില്ല. അത് ഒടുവിലത്തെ കാര്യമാണ്. എവിടെച്ചെന്നാലും ജനങ്ങൾ നമ്മളെ അറിയുന്നു, സ്നേഹം പങ്കുവയ്ക്കുന്നു; അതാണ് പ്രധാനം. ഇതെല്ലാം സിനിമ തന്ന ഭാഗ്യങ്ങളാണ്.

English Summary:

Vijayaraghavan opens up about his acting career

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com