സ്ത്രീധനം കൊടുത്തു നടത്തിയ വിവാഹം ആയിരുന്നില്ല എന്റേത്: ലിജോമോൾ അഭിമുഖം

Mail This Article
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രശംസ നേടുകയാണ്. സ്റ്റെഫി എന്ന സാധുകുടുംബത്തിലെ പെൺകുട്ടിയായി ലിജോമോൾ മികവുറ്റ പ്രതികരണമാണ് കാഴ്ചവച്ചത്. കൊല്ലം ജില്ലയുടെ കഥപറയുന്ന ചിത്രം വിവാഹക്കമ്പോളത്തിൽ വിലപേശലിന് നിന്നുകൊടുക്കുന്ന പെൺകുട്ടികളുടെ നിസ്സഹായാവസ്ഥ സിനിമ തുറന്നു കാട്ടുന്നു. ‘മഹേഷിന്റെ പ്രതികാര’ത്തിൽ സോണിയ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ലിജോമോൾ അന്യഭാഷകളിലും കാമ്പുറ്റ കഥാപാത്രങ്ങൾ ചെയ്യുന്ന അഭിനേത്രിയാണ്. സ്റ്റെഫി ഗ്രാഫിന്റെയും മരിയായുടേയും വിശേഷങ്ങളുമായി മനോരമ ഓൺലൈനിലിലെത്തുകയാണ് ലിജോമോൾ ജോസ്.
ലിജോ മോൾ സ്റ്റെഫി ഗ്രാഫ് ആയപ്പോൾ
സ്റ്റെഫി ഗ്രാഫ് എന്നാണ് സിനിമയിൽ എന്റെ പേര്. ഞാനും സജിൻ ഗോപുവും ഒക്കെ ഷൂട്ടിങ് തുടങ്ങുന്നതിനു രണ്ടാഴ്ച മുന്നേ തന്നെ കൊല്ലത്ത് എത്തിയിരുന്നു. അവിടെയുള്ളവരുടെ ജീവിതം നോക്കി പഠിക്കാൻ ജ്യോതിഷേട്ടൻ ഞങ്ങളോട് പറഞ്ഞു. കൊല്ലത്ത് കുറേ സഞ്ചരിച്ചു. അവിടെ പ്രകാശ് കലാകേന്ദ്ര എന്ന ഒരു കലാസമിതിയുണ്ട് അവിടെ കലാപ്രവർത്തനങ്ങളൊക്കെ നടക്കാറുണ്ട്. കൊല്ലത്ത് താമസിച്ച് അവരോടൊപ്പം സംസാരിക്കുകയും കുടുംബശ്രീയിൽ ജോലി ചെയ്യുന്ന ചേച്ചിമാരോടൊക്കെ ഇടപഴകുകയും ചെയ്തു. തൊഴിലുറപ്പിനു പോകുന്ന ചേച്ചിമാരോടൊക്കെ സംസാരിച്ചു. രണ്ടാഴ്ചയോളം അവരോടൊപ്പം താമസിച്ച് അവരുടെ ജീവിത രീതികളും ശാരീരിക ഭാഷയും സംസാരരീതിയും ഒക്കെ നിരീക്ഷിച്ചു.
സിനിമയിൽ ഉള്ള ഞങ്ങളൊക്കെ പല നാട്ടുകാർ ആയതുകൊണ്ട് പല സ്ലാങ്ങിൽ സംസാരിക്കുന്നവരാണ്. കൊല്ലത്തിന്റെ സ്ലാങ് വലിയ ബുദ്ധിമുട്ടില്ല ചെയ്യാൻ, പിന്നെ ആ ഭാഗത്ത് ഉപയോഗിക്കുന്ന ചില പ്രത്യേക വാക്കുകൾ ഉപയോഗിക്കണം എന്ന് ജ്യോതിഷേട്ടൻ പറഞ്ഞു. അല്ലാതെ കഥാപാത്രത്തിന് വേണ്ടി പ്രത്യേകിച്ച് വലിയ തയാറെടുപ്പ് വേണ്ടി വന്നില്ല. എല്ലാവര്‍ക്കും മനസ്സിലാകുന്ന ഒരു കഥാപാത്രമാണ് സ്റ്റെഫി, കൊല്ലത്ത് മാത്രമല്ല എല്ലാ നാട്ടിലും ഉള്ള പെൺകുട്ടികളുടെ പ്രതിനിധിയാണ് സ്റ്റെഫി. ആ കഥാപാത്രത്തിന്റെ വൈകാരികതലം ഏവർക്കും മനസ്സിലാകുന്നതാണ്. പിന്നെ കഥാപാത്രത്തിന്റെ പേരും വളരെ പ്രത്യേകത ഉള്ളതായിരുന്നു, സ്റ്റെഫി ഗ്രാഫ്

ജ്യോതിഷ് ശങ്കറിന്റെ സ്വന്തം ആർട്
കൊല്ലം മൺറോ തുരുത്തിൽ ആണ് കൂടുതൽഭാഗങ്ങളും ഷൂട്ട് ചെയ്തത്. എന്റെ വീടായി കാണിച്ചത് മാത്രം താന്നി എന്ന സ്ഥലത്തെ ബീച്ചിനു അടുത്താണ്. ‘‘സ്റ്റെഫി ആദ്യം സ്റ്റെഫിയുടെ വീട് കാണു’’ എന്ന് പറഞ്ഞിട്ട് ജ്യോതിഷേട്ടൻ എന്നെ ആ വീട് കൊണ്ടുപ്പോയി കാണിച്ചു. വീട് സെറ്റിട്ടതാണ് എന്ന് പറഞ്ഞിട്ട് എനിക്ക് വിശ്വാസം വന്നില്ല . അത് മണൽ മാത്രം ഉള്ള സ്ഥലമായിരുന്നു അവിടെ വീട് ഉണ്ടാക്കി, കുറെ നാളുകൾക്ക് മുന്നേ തന്നെ ചെടികൾ വളർത്തി തുടങ്ങി. വേലിയിൽ ചെടികളൊക്കെ വളർത്തി, അവിടെയുള്ള ഏതൊരു വീടും പോലെ ആക്കി എടുത്തു. ജ്യോതിഷ് ഏട്ടൻ പ്രൊഡക്‌ഷൻ ഡിസൈനർ ആണല്ലോ, എന്റെ സിനിമയുടെ ആർട്ട് മോശമാകാൻ പാടില്ലല്ലോ എന്നാണ് ജ്യോതിഷ് ഏട്ടൻ പറഞ്ഞത്.

സ്റ്റെഫി കല്യാണം കഴിഞ്ഞു പോയ വീട് ഒരു തുരുത്തിന്റെ അറ്റത്താണ്. സിനിമയിൽ പറയുന്നതുപോലെ വീടിനടുത്തു വണ്ടി എത്തില്ല. നമ്മൾ കുറെ ദൂരം നടക്കണം. വേലിയേറ്റം വരുമ്പോൾ വെള്ളം കയറി മുഴുവൻ ചെളി ആകും. ഞാൻ ഇതുവരെ അങ്ങനെയുള്ള സ്ഥലം കണ്ടിട്ടില്ല. ആദ്യം അത് കണ്ടപ്പോൾ കൗതുകം ആയിരുന്നു, പക്ഷേ പിന്നെ കുറെ ദിവസം നിന്നപ്പോഴാണ് അവിടെ സ്ഥിരം താമസിക്കുന്നവരുടെ ബുദ്ധിമുട്ട് മനസ്സിലായത്. അത് ആളുകൾ താമസിക്കുന്ന വീടാണ്. വീടിനകത്ത് വെള്ളം കയറും, അവരുടെ സാധനങ്ങളൊക്കെ ചീത്തയാകും. അത്തരത്തിലുള്ള സ്ഥലത്ത് താമസിക്കുന്നവർക്ക് എന്ത് ബുദ്ധിമുട്ടായിരിക്കും. ഞങ്ങളുടെ ഷൂട്ട് നടന്നത് വേനൽക്കാലത്ത് ആയിരുന്നു. മാറ്റങ്ങളൊന്നും ഇല്ല അവിടെ, തണലും കുറവ്. ചൂടുള്ള സമയം ആയിരുന്നു ഷൂട്ടിങ് നടന്നത്.
ബേസിലിന്റെ എല്ലാ സിനിമകളും പോലെ അല്ല ‘പൊന്മാൻ’
ബേസിൽ ഉള്ള സെറ്റ് എപ്പോഴും നല്ല കോമഡി ആയിരിക്കും എന്നാണ് കേട്ടിട്ടുള്ളത്, പക്ഷേ പൊന്മാൻന്റെ സെറ്റ് അങ്ങനെ ആയിരുന്നില്ല. പടം കുറച്ചു സീരിയസ് ആയിരുന്നു അതിൽ ചിരിക്കാനുള്ള സംഗതികൾ ഉണ്ടായിരുന്നെങ്കിലും കോമഡിക്ക് വേണ്ടി കോമഡി കുത്തി നിറച്ചിട്ടില്ല. എല്ലാ കഥാപാത്രങ്ങളും സീരിയസ് ആയിരുന്നു അതുകൊണ്ടു തന്നെ സെറ്റിലും എല്ലാവരും ആ ഒരു ഗൗരവം കാത്തുസൂക്ഷിച്ചു. തമാശ പറഞ്ഞ് ചിരിച്ച് വളരെ ലാഘവത്തോടെ നിന്ന ഒരു സെറ്റ് ആയിരുന്നില്ല. ബേസിൽ ആണല്ലോ ഒപ്പം എന്ന് ഓർത്തപ്പോൾ ഞാനും കരുതിയത് വളരെ രസകരമായിരിക്കും ലൊക്കേഷൻ എന്നാണ് പക്ഷേ ബേസിലും വളരെ ഗൗരവത്തോടെയാണ് സെറ്റിൽ പെരുമാറിയത്. എന്റെയും ബേസിലിന്റെയും കോമ്പിനേഷൻ എല്ലാം ഗൗരവം ഉള്ളതായിരുന്നു, ചിരിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല.
സ്ത്രീധനം കൊടുക്കില്ല എന്ന് പെൺകുട്ടികളും, വാങ്ങില്ല എന്ന് ആൺകുട്ടികളും തീരുമാനിക്കണം
എന്റെ വിവാഹം കഴിഞ്ഞതാണ്, സ്ത്രീധനം കൊടുത്തു നടത്തിയ വിവാഹം ആയിരുന്നില്ല. അത്തരം കാര്യങ്ങൾ ഒന്നും ഞാൻ നേരിട്ടിട്ടില്ല. പക്ഷേ ഒരുപാട് വാർത്തകളും സംഭവങ്ങളും അറിഞ്ഞിട്ടുണ്ട്. അടുത്ത കാലത്തും സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികളെപ്പറ്റി കേട്ടിട്ടുണ്ട്, ഭർത്താവും വീട്ടുകാരും ഉപദ്രവിക്കുന്നത്, ജീവിക്കാൻ കഷ്ടപ്പാടാകുന്നത് ഒക്കെ നമ്മൾ വാർത്തകളിൽ സ്ഥിരം കാണുന്നുണ്ട്. എനിക്ക് വ്യക്തിപരമായി ഉള്ള ഒരു ആഗ്രഹം പെൺകുട്ടികളും വീട്ടുകാരും ഒരു തീരുമാനം എടുക്കണം, സ്ത്രീധനം ചോദിക്കുന്നിടത്തേക്ക് ഞാൻ പോകില്ല എന്ന് പെൺകുട്ടിയും, സ്ത്രീധനം ചോദിക്കുന്ന ആളിന് മകളെ വിവാഹം കഴിപ്പിച്ച് കൊടുക്കില്ല എന്ന് വീട്ടുകാരും തീരുമാനിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്‌നത്തിനു പരിഹാരം ഉണ്ടാകും.
സിനിമയിൽ നമ്മൾ ആരെയും ഒന്നും ഉപദേശിക്കുന്നില്ല. പക്ഷേ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ ഏത് പ്രായത്തിൽ ഉള്ളവരായാലും ഒന്ന് ചിന്തിക്കും. പെൺകുട്ടികളുടെ കുടുംബം സ്ത്രീധനം കൊടുക്കുന്നതിനെപ്പറ്റി ചിന്തിക്കും ആൺകുട്ടികൾ സ്ത്രീധനം വാങ്ങണോ എന്ന് ഒന്നുകൂടി ആലോചിക്കും എന്നാണ് ഞങ്ങളുടെ വിശ്വാസം. അങ്ങനെ ഒരു ചെറിയ ചിന്തയെങ്കിലും ആളുകളിൽ ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞാൽ അത് സിനിമയുടെ വിജയം തന്നെയാണ്. ഈ സിനിമയിൽ സ്റ്റെഫി ഭർത്താവിന്റെ സഹോദരിയോട് പറയുന്ന ഒരു ഡയലോഗുണ്ട് "ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിക്കരുത്, പിന്നെ കെട്ടിച്ചു വിട്ടവരും കെട്ട്യോനും ഒന്നും കൂടെ ഉണ്ടാകില്ല" എന്ന്. ഇത് പെൺകുട്ടികൾ പാഠമാക്കേണ്ട ഒരു ഡയലോഗ് ആണ്.

സജിൻ ഗോപുവിന്റെ മരിയാനോ ഞെട്ടിച്ചു
സജിൻ ഗോപു എന്നെ ഞെട്ടിച്ച താരമാണ്. എന്റെ ഭർത്താവായ മരിയാനോ എന്ന കഥാപാത്രമായി സജിൻ നിറഞ്ഞാടുകയായിരുന്നു. നമ്മുടെ ചുറ്റും അത്തരത്തിലുള്ള ഭർത്താക്കന്മാർ ഉണ്ട് എന്ന് നമുക്കറിയാം. സജിൻ ഇതുവരെ ചെയ്തതിൽ അമ്പാൻ എന്ന കഥാപാത്രമാണ് എല്ലാവരും ആഘോഷിച്ചത്. അമ്പാൻ എന്നാണ് ഇപ്പോൾ സജിൻ അറിയപ്പെടുന്നത്. അമ്പാനിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് മരിയാനോ. എനിക്ക് തോന്നുന്നു സജിൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ഇത്. ഈ അമ്പാനും ഈ കഥാപാത്രവും ഒക്കെ കാണുമ്പൊൾ സജിൻ എത്ര റേഞ്ച് ഉള്ള നടനാണെന്ന് നമുക്ക് മനസ്സിലാകും. സിനിമ കഴിഞ്ഞുള്ള പ്രതികരണങ്ങളിൽ ഞാൻ കേട്ടതാണ് സജിന്റെ അഭിനയം കാണുമ്പോൾ കലാഭവൻ മണിയെ ഓർമ വരുന്നു എന്നൊക്കെ. സജിൻ വളരെ ശ്രദ്ധയോടെയാണ് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്. സജിന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് ഈ കഥാപാത്രം. സജിൻ ഒരു പാവം പയ്യനാണ്, മരിയാനോ എന്ന കഥാപാത്രത്തെ എങ്ങനെ അവനു ചെയ്യാൻ കഴിഞ്ഞു എന്നാണ് എന്റെ അദ്ഭുതം.
യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന ‘പൊന്മാൻ’
സിനിമയിൽ കാണുന്ന ഫൈറ്റിൽ അമാനുഷികമായി ഒന്നും ചെയ്തിട്ടില്ല. ഒരു സാധാരണക്കാരണക്കാരൻ സ്വന്തം ജീവിതം സുരക്ഷിതമാക്കാൻ എന്തൊക്കെ ചെയ്യും, അതൊക്കെയെ അജേഷ് എന്ന കഥാപാത്രം ചെയ്തിട്ടുള്ളൂ, അതുകൊണ്ട് തന്നെ പ്രേക്ഷകന് നന്നായി കണക്റ്റ് ചെയ്യാൻ പറ്റും. സ്റ്റെഫി എന്ന കഥാപാത്രം ജീവിതഗന്ധിയായിരുന്നു. അവൾക്ക് ജീവിതത്തിൽ ഇനി ഒരു തിരിച്ചുപോക്കില്ല അതുകൊണ്ട് അവളുടെ ജീവിതം സുരക്ഷിതമാക്കാനാണ് അവൾ ശ്രമിച്ചത്. സിനിമ കണ്ടിട്ട് വളരെ നല്ല പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. ഞങ്ങൾ പ്രിവ്യു കണ്ടപ്പോൾ തന്നെ സിനിമ പ്രേക്ഷകർ ഏറ്റെടുക്കും എന്ന് ഉറപ്പായിരുന്നു. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മൊബൈലിൽ മെസ്സേജുകൾ കൂടുതലായി വരാൻ തുടങ്ങി. നല്ല സിനിമകൾ ഇറങ്ങുമ്പോഴാണ് അത്തരത്തിൽ ഉണ്ടാകുന്നത്. അപ്പോൾ തന്നെ സിനിമ പ്രേക്ഷകർക്ക് ഇഷ്ടമായി എന്ന് മനസ്സിലായി. പ്രതികരണങ്ങൾ കേൾക്കുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നുണ്ട്.
‘ദാവീദ്’ വരുന്നു
ഫെബ്രുവരി 14നു ‘ദാവീദ്’ എന്ന സിനിമ റിലീസ് ചെയ്യുന്നു. ചിത്രത്തിൽ ആന്റണി വർഗീസ് ആണ് നായകൻ. ഗോവിന്ദ് വിഷ്ണു ആണ് സംവിധാനം ചെയ്യുന്നത്. സൈജു കുറുപ്പ്, വിജയരാഘവൻ ചേട്ടൻ ഒക്കെ ആണ് മറ്റു താരങ്ങൾ. പിന്നെ പതിനാലിന് തന്നെ ‘കാതൽ എൻപത് പൊതു ഉടമയ്’ എന്നൊരു തമിഴ് സിനിമ റിലീസ് ആകുന്നുണ്ട്. രോഹിണി ചേച്ചി വിനീത് ചേട്ടൻ ഒക്കെ അഭിനയിക്കുന്ന സിനിമയാണ്. അങ്ങനെ കുറെ പ്രതീക്ഷയുള്ള സിനിമകൾ വരുന്നുണ്ട്. കുറെ സിനിമകളുടെ ചർച്ചകൾ നടക്കുന്നുണ്ട്.