ADVERTISEMENT

വില്ലനായും കൊമേഡിയനായും മലയാളത്തിനൊപ്പം ഇതരഭാഷകളിലും സജീവമായ നടനാണ് അബു സലിം. 1978ൽ കഥ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച അബു സലിം 1984ൽ മിസ്റ്റർ ഇന്ത്യയുമായി. ഹോളിവുഡ് താരം അർനോൾഡ് ഷ്വാസ്നെഗറുടെ കടുത്ത ആരാധകനാണ് അബു സലിം. തിയറ്ററിൽ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന ‘പൈങ്കിളി’ എന്ന സിനിമയിൽ സജിൻ ഗോപുവിന്റെ അച്ഛനായിട്ടാണ് അബു സലിം എത്തിയത്. ഒരു മുഴുനീള കോമഡി ചിത്രമായ ‘പൈങ്കിളി’യിൽ അബു സലീമിന്റെ കഥാപാത്രം ചിരിയുടെ ആക്കം കൂട്ടി. പുതിയ തലമുറയ്ക്കൊപ്പം പൈങ്കിളിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അബു സലിം പറയുന്നു. പൈങ്കിളിയുടെ വിശേഷങ്ങൾ പങ്കുവച്ച് അബു സലിം മനോരമ ഓൺലൈനിൽ.

സുകുവിന്റെ അച്ഛൻ സുജിത് കുമാർ 

‘പൈങ്കിളി’ എന്ന സിനിമയിൽ നായകനായ സുകുവിന്റെ അച്ഛൻ സുജിത് കുമാർ ആയിട്ടാണ് ഞാൻ അഭിനയിച്ചത്. വീട്ടിൽ വിലയില്ലാത്ത അച്ഛൻ ആണ് സുജിത് കുമാർ.  ജിത്തു മാധവൻ ആണ് തിരക്കഥാകൃത്ത്. ചിത്രത്തിന്റെ സംവിധായകൻ ശ്രീജിത്ത് ബാബുവും ജിത്തുവും കൂടിയാണ് എന്നെ ഈ കഥാപാത്രം ചെയ്യാൻ വിളിച്ചത്. ജിത്തു  കഥാപാത്രത്തെപ്പറ്റി പറഞ്ഞപ്പോൾ വെറൈറ്റി ആയി തോന്നി. അങ്ങനെയാണ് ഈ കഥാപാത്രം ചെയ്തത്. ഫഹദ് ഫാസിലിന്റെ പ്രൊഡക്‌ഷൻ ആണ്. ഒരു വീട്ടിലെ സംഭവങ്ങളാണ് സിനിമയിൽ കാണിക്കുന്നത്. എനിക്ക് 30 ദിവസത്തോളം ഷൂട്ട് ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും ചേർന്ന് ഒരു കുടുംബം പോലെയാണ് കഴിഞ്ഞത്.  പുതിയ കുറെ താരങ്ങളുണ്ടായിരുന്നു. എല്ലാവരും വളരെ നന്നായി അഭിനയിച്ചു. ശ്രീജിത്ത് ഓരോ താരങ്ങളിൽ നിന്ന് എന്താണ് വേണ്ടത്, അത് കിട്ടുന്നതുവരെ ചെയ്യിക്കും. പിന്നെ എന്തിനും ഏതിനും ജിത്തുവും ഉണ്ടായിരുന്നു.

ഇവിടെ ഏതു റോളും പറ്റും 

പണ്ട് വില്ലൻ വേഷങ്ങളും ഗുണ്ട ആയിട്ടും ഒക്കെ ആണ് അഭിനയിച്ചിരുന്നത്. ഇപ്പോൾ കൂടുതലും കോമഡി റോളുകളാണ് വരുന്നത്. ഇൻസ്‌പെക്ടർ ഗരുഡ് എന്ന സിനിമയിലാണ് ആദ്യം കോമഡി ടച്ചുള്ള ഗുണ്ടയുടെ കഥാപാത്രം ചെയ്യുന്നത്. ദിലീപുമായി ഏറ്റുമുട്ടുന്നതും തുടർന്നുണ്ടാകുന്ന കോമഡിയും രസകരമായി വന്നിരുന്നു. പിന്നീട്, ദിലീപ് ആണ് എനിക്ക്  മൈ ബോസ്, മായാമോഹിനി തുടങ്ങിയ ചിത്രങ്ങളിലൊക്കെ കോമഡി വേഷങ്ങൾ തന്നത്. ജോണി ജോണി യെസ് അപ്പ, അമർ അക്ബർ അന്തോണി (ജയസൂര്യയുടെ അച്ഛൻ കഥാപാത്രം) തുടങ്ങി കുറെ ചിത്രങ്ങളിൽ കോമഡി വേഷം ചെയ്തു. സീരിയസും വില്ലൻ വേഷങ്ങളും കോമഡി റോളുകളും എല്ലാം ചെയ്യുന്ന ഒരാളായി ഞാൻ ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ്.

സജിൻ ഗോപു അസാധ്യ ആർടിസ്റ്റാണ് 

സജിൻ ഗോപു ഒരു അസാധ്യ ആർടിസ്റ്റാണ്. അവന്റെ മുഖത്ത് എല്ലാ ഭാവങ്ങളും ശരിക്കും പ്രകടിപ്പിക്കാൻ കഴിയും. ഒരു കഥാപാത്രം കിട്ടിയാൽ അത് മനസ്സിലേക്ക് ഉൾക്കൊണ്ടു ചെയ്യുന്നുണ്ട്. നായകനായി സജിൻ ഗോപുവിന്റെ ആദ്യത്തെ പടമാണ് ‘പൈങ്കിളി’. അതിൽ അവന്റെ അച്ഛനായി അഭിനയിക്കാൻ കഴിഞ്ഞതിൽ എനിക്കും സന്തോഷമുണ്ട്. നായക പദവിയിലേക്കുള്ള സജിന്റെ കാൽവയ്പ് പാളിയിട്ടില്ല. നായകനായി മനോഹരമായി സജിൻ ചെയ്തിട്ടുണ്ട്. അതിൽ ‘അക്ക ഇക്ക വെക്കം പൊക്കോ’ എന്ന ഡയലോഗിനൊക്കെ തിയറ്ററുകളിൽ ഭയങ്കര പ്രതികരണമായിരുന്നു.

abu-salim-movie

മകന് സുഹൃത്തിന്റെ പേരിട്ടപ്പോൾ 

‘പൈങ്കിളി’ കണ്ടിട്ട് ഒരുപാടുപേർ വിളിക്കുന്നുണ്ട്. ‘ഞങ്ങൾ തന്നെയാണ് ഈ അച്ഛൻ’ എന്നാണ് പലരും പറയുന്നത്. ‘ഞങ്ങൾ കണ്ടിട്ടുള്ള അച്ഛനാണ് ഇത്’ എന്നുപറഞ്ഞാണ് പലരും വിളിക്കുന്നത്. ചില വീടുകളിൽ അച്ഛൻ ഇങ്ങനെയാണ്. കോയമ്പത്തൂർ പോകുന്ന സീനിൽ തന്നെ പറയുന്നത് കേട്ടില്ലേ, അച്ഛന്റെ ശാപം ആണെന്ന്. സുകുവിന് അച്ഛനോട്  മനസ്സിൽ വെറുപ്പുണ്ട്. കാരണം അച്ഛന്റെ മരിച്ചുപോയ സുഹൃത്തിന്റെ ഓർമയ്ക്കാണ് സുകുവിന് ആ പേരിട്ടത്. അച്ഛന് ചെറുപ്പക്കാരുടെ പേരും മകന് അപ്പൂപ്പന്റെ പേരും. ആ പേര് കാരണം നാണംകെട്ട പല അവസരങ്ങളും ഉണ്ടായിട്ടുണ്ട്.  ഞാനും സുകുവും അച്ഛനും മകനും ആയപ്പോൾ ജനങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.  കാസ്റ്റിങ് വളരെ നന്നായിട്ടാണ് ചെയ്തത്. സുകുവിന്റെ കുടുംബത്തിലെ അംഗങ്ങളെ നോക്കിയാൽ ശരിക്കും ഒരു വീട്ടിലെ ആളുകളെ പോലെതന്നെയുണ്ട്. അത്രയ്ക്ക് സാമ്യം! 

വളയും നൈറ്റ് റൈഡേഴ്സും 

അടുത്ത സിനിമ വള ആണ്.  കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമയുടെ സംവിധായൻ ആണ് ആ സിനിമ ചെയ്തിരിക്കുന്നത്. അതിൽ എനിക്ക് നല്ല ഒരു വേഷം ഉണ്ട്. ആക്‌ഷനും സെന്റിമെൻറ്സും കോമഡിയും ഒക്കെയുള്ള കഥയാത്രമാണ്.  ആ സിനിമയും ഒരു മസ്റ്റ് വാച്ച് ആയിരിക്കും. ജിംഖാന എന്ന സിനിമയാണ് അടുത്ത്. നൈറ്റ് റൈഡേഴ്‌സ് എന്ന ഒരു സിനിമയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.  മാത്യു തോമസ് ആണ് നായകൻ.  അത് ഒരു ഹൊറർ കോമഡിയാണ്. ഒരു പ്രത്യേക ഗെറ്റപ്പ് ആണ് അതിൽ.

English Summary:

Actor Abu Salim interview

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com