ADVERTISEMENT

‘‘ഒരു ക്രൈം സീനിൽനിന്ന് കിട്ടുന്ന തെളിവുകളെ പരസ്പരം കണക്ട് ചെയ്തുണ്ടാക്കുന്ന കഥയാണ് കുറ്റാന്വേഷണം’’ ഓഫിസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ പറയുന്ന പ്രധാന ഡയലോഗാണിത്. കേസ് ചെറുതായാലും വലുതായാലും അന്വേഷണ ഉദ്യോഗസ്ഥൻ കഥ കൂടി എഴുതാൻ പഠിക്കണം. വെറുതേ കഥയുണ്ടാക്കിയാൽ പോര; ശാസ്ത്രീയവും യുക്തിഭദ്രവുമായി എഴുതിയുണ്ടാക്കണം. ഇല്ലെങ്കിൽ കോടതിയിലെത്തുമ്പോൾ കേസ് തോറ്റുപോകും. പൊലീസിൽ ഇതിന് കേസ് ഡയറി എന്നു പറയും. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരാണ് സാധാരണ കേസ് ഡയറി എഴുതുന്നത്. ഇങ്ങനെ കഥയെഴുതാൻ മടിയായതുകൊണ്ടാണ് ഷാഹി കബീർ എന്ന സിവിൽ പൊലീസ് ഓഫിസർ പ്രമോഷൻ പരീക്ഷ പോലും എഴുതാതിരുന്നത്. പക്ഷേ, സിനിമയ്ക്കു തിരക്കഥയെഴുതാനാണ് കാലം ഷാഹിയെ ക്ഷണിച്ചത്. അങ്ങനെ വ്യത്യസ്തമായ ചില പൊലീസ് പടങ്ങൾ മലയാളിക്കു ലഭിച്ചു. അക്കൂട്ടത്തിൽ ഏറ്റവും പുതിയ ചിത്രമാണ് ഓഫിസർ ഓൺ ഡ്യൂട്ടി.

കുഞ്ചാക്കോ ബോബന്റെ ശക്തമായ പ്രകടനമാണല്ലോ ഇപ്പോഴത്തെ ചർച്ച. ഇതുവരെ ചെയ്യാത്തൊരു വേഷം അദ്ദേഹത്തിനു നൽകാനുള്ള തീരുമാനം എങ്ങനെയുണ്ടായി?

ചാക്കോച്ചൻ ഏറെനാളായി സുഹൃത്താണ്. ‘നായാട്ട്’ എന്ന സിനിമ ചെയ്യുമ്പോൾ തന്നെ ചാക്കോച്ചന്റെ അഭിനയ മികവ് നേരിട്ടു മനസ്സിലാക്കിയതാണ്. ഏതു വേഷവും തന്മയത്വത്തോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിനു കഴിയും എന്ന് വിശ്വാസമുണ്ടായിരുന്നു. ഫൈറ്റ് ഉണ്ടെങ്കിലും ഇതൊരു ആക് ഷൻ ത്രില്ലറല്ല. ഇമോഷനൽ പൊലീസ് ഡ്രാമയെന്നോ ക്രൈം ത്രില്ലർ എന്നോ പറയാവുന്ന ചിത്രമാണ്. എറണാകുളം ജില്ലയുടെ ഉൾപ്രദേശത്തെ ഒരു പൊലീസ് സ്റ്റേഷനാണ് പ്രധാന പശ്ചാത്തലം. അവിടുത്തെ ഇൻസ്പെക്ടറാണ് ചാക്കോച്ചൻ അവതരിപ്പിക്കുന്ന ഹരിശങ്കർ. കേസ് അന്വേഷണം മാത്രമല്ല ഹരിശങ്കറിന്റെ കുടുംബപ്രശ്നങ്ങളും ഇതിലെ വിഷയമാണ്. രണ്ടു ഭാവങ്ങളും ചാക്കോച്ചൻ ഗംഭീരമായി അവതരിപ്പിച്ചു. തിയറ്ററിൽ ഉയരുന്ന കയ്യടി അതിനുള്ള അംഗീകാരമാണ്.

ജിത്തു അഷ്റഫ് എന്ന പുതുമുഖമാണല്ലോ സംവിധായകൻ?

ഏറെക്കാലമായി സിനിമയിൽ അസോഷ്യേറ്റ് ഡയറക്ടറായി ജോലി ചെയ്യുന്നയാളാണ് ജിത്തു അഷ്റഫ്. ഞാൻ ആദ്യമായി ഒരു സിനിമയുടെ കഥ പറയുന്നത് ജിത്തുവിനോടാണ്. കഥ കേട്ടയുടൻ അദ്ദേഹം എനിക്ക് ജോജു ജോർജിനെ പരിചയപ്പെടുത്തി. ‘ജോസഫ്’ എന്ന ആദ്യചിത്രം രൂപപ്പെടുന്നത് അങ്ങനെയാണ്. അതുകഴിഞ്ഞ് മാർട്ടിൻ പ്രക്കാട്ടുമായി ചേർന്ന് ‘നായാട്ട്’ ചെയ്യുമ്പോൾ ജിത്തു ആ സിനിമയുടെ അസോഷ്യേറ്റ് ഡയറക്ടറായിരുന്നു. പിന്നെയൊരിക്കൽ മാർട്ടിൻ ചേട്ടനോട് ഒരു ചെറിയ ത്രെഡ് പറഞ്ഞു. അദ്ദേഹം നിർമിക്കാമെന്നേറ്റു. സംവിധായകനായി ജിത്തു വരട്ടെ എന്നും തീരുമാനിച്ചു. അതാണ് ഓഫിസർ ഓൺ ഡ്യൂട്ടി.

ഇതിനിടയിൽ ഇലവീഴാപ്പൂഞ്ചിറ എന്നൊരു സിനിമ സംവിധാനം ചെയ്തല്ലോ. എന്താണ് തൽക്കാലം സംവിധാനം ഉപേക്ഷിച്ചോ

‘ജോസഫ്’ ഞാൻ തന്നെ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ്. പക്ഷേ, ‘ജോസഫി’ന്റെ എഴുത്ത് നടക്കുന്ന സമയത്താണ് ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന പടത്തിൽ അസിസ്റ്റന്റാകാൻ അവസരം കിട്ടിയത്. അതോടെ നേരെ കയറി സംവിധായകനാവുക എന്ന പദ്ധതി ഉപേക്ഷിച്ചു. ‘നായാട്ടു’ കഴിഞ്ഞ് നിൽക്കുമ്പോഴാണ് എന്റെ ദീർഘകാല സുഹൃത്തുക്കളായ നിധീഷ് ജിയും ഷാജി മാറാടും കൂടി ഒരു തിരക്കഥയുമായി വരുന്നത്. എനിക്കത് സംവിധാനം ചെയ്യാൻ താൽപര്യം തോന്നി. അവർക്കും അതു സമ്മതമായി; അതാണ് ‘ഇലവീഴാപ്പൂഞ്ചിറ’. ഇപ്പോൾ ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘റോന്ത്’ എന്ന പുതിയൊരു സിനിമ സംവിധാനം ചെയ്യുന്നതിന്റെ തിരക്കിലാണ്.

ഷാഹി കബീർ ഇപ്പോൾ ഡ്യൂട്ടിയിലാണോ അതോ ലീവിലാണോ?

രണ്ടുമല്ല; കഴിഞ്ഞയാഴ്ച ഞാൻ പൊലീസ് സേനയിൽനിന്ന് രാജിവച്ചു. ഇനി മുഴുവൻ സമയവും സിനിമയിൽ.

English Summary:

Chat with Shahi Kabir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com