സിനിമയിൽ വന്നതു മൂലം പഠനം മുടങ്ങിയ പെൺകുട്ടിയായിരുന്നു ഞാൻ; എന്റെ മകൾ അങ്ങനെയാകരുതെന്ന് ആഗ്രഹിച്ചു: ഉർവശി അഭിമുഖം

Mail This Article
25 വർഷങ്ങൾക്കു മുൻപ് സത്യൻ അന്തിക്കാടിന്റെ ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി ക്ഷണം ലഭിച്ചപ്പോൾ ഉർവശിയുടെ വയറ്റിൽ മകൾ കുഞ്ഞാറ്റയ്ക്കു മൂന്നുമാസം മാത്രം പ്രായം. തനി നാട്ടിൻപുറത്തുകാരിയായ വിനോദിനി എന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷം അന്നു മനസ്സില്ലാ മനസ്സോടെയാണ് ഉർവശി വേണ്ടെന്നു വച്ചത്. 25 വർഷങ്ങൾക്കിപ്പുറം ഉർവശിയെത്തേടി വീണ്ടും പഞ്ചായത്തുകഥ പറയുന്ന ഒരു ചിത്രമെത്തിയിരിക്കുകയാണ്. എൽ. ജഗദമ്മ ഏഴാം ക്ലാസ് ബി. പേരിൽതന്നെയുണ്ട് ഒരു ഉർവശി ടച്ച്. കുടുംബചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിലിടം പിടിച്ച ഉർവശിക്ക് ഈ ചിത്രം വ്യക്തിപരമായും ഒരു കുടുംബചിത്രമാണ്. കാരണം ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് ഭർത്താവ് ശിവപ്രസാദ് ആണ്. കോൺട്രാക്ടർ കൂടിയായ ശിവപ്രസാദിന്റെ ആദ്യ ചിത്രമാണിത്.
സിനിമയുടെ പേരിനൊപ്പമുള്ള ഒരു പാൻ പഞ്ചായത്ത് ചിത്രം എന്ന വിശേഷണം കൗതുകകരമാണല്ലോ?
(സംവിധായകന്റെ ഗൗരവത്തോടെ ശിവപ്രസാദ് ആണ് മറുപടി പറഞ്ഞത്)
കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്തിനെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം. പരിമിതമായ ചുറ്റുപാടുകളിൽ നിന്നുകൊണ്ടു ജീവിതത്തോടു പൊരുതുന്ന, കൊച്ചുകൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും കുസൃതികളും കുറുമ്പുകളുമുള്ള ജഗദമ്മയാണ് ഈ ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ചിത്രങ്ങൾക്കിടയിൽ ഇതുപോലുള്ള കൊച്ചുസിനിമകളും നമുക്കുവേണം. അതുകൊണ്ടാണ് എല്ലാവരും പാൻ ഇന്ത്യൻ സിനിമകൾക്കു പിന്നാലെ പായുമ്പോൾ ഒരു പാൻ പഞ്ചായത്ത് സിനിമ ചെയ്യാമെന്നു തോന്നിയത്.
ഭർത്താവിന്റെ സംവിധാനത്തിൽ ഭാര്യയുടെ അഭിനയം. ഈ ചിത്രം നിങ്ങൾക്ക് പൂർണമായും ഒരു കുടുംബചിത്രമായിരിക്കുമല്ലോ.
( ഉർവശി പറഞ്ഞുതുടങ്ങി)
ഷൂട്ടിങ് സെറ്റിലെത്തിയാൽ പിന്നെ ഞാൻ ഒരു ആർട്ടിസ്റ്റ് മാത്രമാണ്. സിനിമ ആവശ്യപ്പെടുന്നതിനനുസരിച്ച് അഭിനയിക്കുന്നു. സംവിധാനം ചെയ്യുന്നതു ഭർത്താവായതുകൊണ്ട് ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഒരു കോംപ്രമൈസും ചെയ്യാൻ കഴിയില്ല. ശിവാസ് പലപ്പോഴായി ആലോചിച്ചും എഴുതിയും തയാറാക്കിയ കഥയും തിരക്കഥയുമാണ്. സിനിമാരംഗത്ത് മുൻപരിചയങ്ങളൊന്നുമില്ലാത്തയാളാണ്. എങ്കിലും ഈ സിനിമ സംവിധാനം ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ആ തീരുമാനം വളരെ ആത്മവിശ്വാസത്തോടെയുള്ളതാണെന്നു തോന്നി.
ഏറ്റവും വ്യത്യസ്തതയാർന്ന കഥാപാത്രങ്ങളെ കയ്യടക്കത്തോടെ അവതരിപ്പിച്ച ഉർവശിയെ ഇപ്പോഴും ആരാധകർ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണല്ലോ വിശേഷിപ്പിക്കുന്നത്?
ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണമൊക്കെ ഇപ്പോഴത്തെ സോഷ്യൽ മീഡിയക്കാലത്തിന്റെ സംഭാവനയാണ്. പണ്ടും സൂപ്പർ സ്റ്റാറുകളുണ്ട്. അതിൽ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. നന്നായി നടിച്ചാൽ കണ്ടിരിക്കുന്നവർ കയ്യടിക്കും. അല്ലെങ്കിൽ കൂവിവിളിക്കും. പണ്ടൊക്കെ കയ്യടിയും കൂക്കിവിളിയും തിയറ്ററിൽ മാത്രമായിരുന്നു. നല്ല ആർട്ടിസ്റ്റാണെന്ന് നാലാളു പറയുന്നതാണ് സ്റ്റാർഡം എന്നാണെന്റെ വിശ്വാസം.
‘ഉള്ളൊഴുക്ക്’ സിനിമയിൽ പാർവതി തിരുവോത്തിനൊപ്പം ചെയ്ത റോൾ വളരെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നല്ലോ.. പുതിയകാലത്തെ ആർട്ടിസ്റ്റുമാരെക്കുറിച്ച്?
ഇപ്പോഴത്തെ ചെറുപ്പക്കാർ എല്ലാ കാര്യങ്ങളിലും വളരെ അഡ്വാൻസ്ഡ് ആണ്. സിനിമയെ വളരെ ഗൗരവമായി കണ്ട് പ്രഫഷനലായാണ് അവർ സമീപിക്കുന്നത്. സിനിമയിൽ അഭിനയിക്കുന്നതിന് വർക്‌ഷോപ്പുകൾ അറ്റൻഡ് ചെയ്യുന്നവരുണ്ട്. പല മോഡുലേഷനിൽ ഡയലോഗ് പറഞ്ഞു പ്രാക്ടീസ് ചെയ്യുന്നവരുണ്ട്. അവരുടെ കഠിനാധ്വാനവും ലക്ഷ്യബോധവും സമ്മതിച്ചുകൊടുക്കണം. അതുമായി താരതമ്യം ചെയ്യുമ്പോൾ എനിക്കുതോന്നുന്നു, ഞാനൊക്കെയാണ് ന്യൂ ജനറേഷനെന്ന്. ഇപ്പോഴും ആക്‌ഷൻ പറഞ്ഞാൽ അഭിനയിച്ചുകാണിക്കുക എന്നതിനപ്പുറം കാര്യമായി ഒന്നും അറിയില്ല.
പ്രതിഫലത്തിന്റെ കാര്യത്തിൽ നായികമാരോടു വേർതിരിവു കാണിക്കുന്നതായി തോന്നാറുണ്ടോ?
ചെറിയ ബജറ്റിൽ തട്ടിക്കൂട്ടിയുണ്ടാക്കുന്ന സിനിമകളുടെ കാലം കഴിഞ്ഞു. ഇപ്പോൾ കോടികളാണ് മുതൽമുടക്ക്. അതിനനുസരിച്ച് നായികമാരുടെയും പ്രതിഫലം വളരെയേറെ മെച്ചപ്പെട്ടുകഴിഞ്ഞു. പിന്നെ നായകനൊപ്പം നായികയ്ക്കും പ്രതിഫലം നൽകുന്നുണ്ടോ എന്ന തർക്കത്തിന് ഒരു പ്രസക്തിയുമില്ല. കാരണം സിനിമയിൽ ആർട്ടിസ്റ്റിനാണ് പ്രതിഫലം. സിനിമ ഹിറ്റാക്കാൻ കഴിയുന്ന, തിയറ്ററിലേക്ക് ആളെക്കൊണ്ടുവരാൻ കഴിയുന്ന ആർട്ടിസ്റ്റിന് സ്വാഭാവികമായും ഉയർന്ന പ്രതിഫലം ലഭിക്കും. ഏതു തൊഴിൽരംഗത്തും അങ്ങനെയല്ലേ? കൂടുതൽ കഷ്ടപ്പെട്ടു ജോലി ചെയ്യുന്നവർക്ക് കൂടുതൽ പ്രതിഫലം. എനിക്ക് ഇത്രയും കാലത്തെ സിനിമാ ജീവിതത്തിനിടയിൽ ഞാൻ ചെയ്ത ജോലിക്ക് അർഹമായ പ്രതിഫലം കിട്ടാതിരുന്നതായി തോന്നിയിട്ടില്ല. മറ്റൊരാളുടെ പ്രതിഫലവുമായല്ല, സ്വന്തം അധ്വാനവുമായി മാത്രം സ്വന്തം പ്രതിഫലത്തെ താരതമ്യപ്പെടുത്തിയാൽ തീരുന്ന പ്രശ്നമേയുള്ളൂ.
മകൾ കുഞ്ഞാറ്റയും സിനിമയിലേക്ക്?
സിനിമയിലേക്കു വന്നതു കാരണം പഠനം തുടരാൻ കഴിയാതെ പോയ പെൺകുട്ടിയാണ് ഞാൻ. എന്റെ മകൾ അങ്ങനെയാകരുതെന്ന് നിർബന്ധമുണ്ടായിരുന്നു. വേണ്ടത്ര വിദ്യാഭ്യാസം നേടി, നല്ലൊരു ജോലിയും കണ്ടെത്തിക്കഴിഞ്ഞ് സ്വന്തം ഇഷ്ടപ്രകാരം ചെയ്തുകൊള്ളാനാണ് ഞാൻ അവളോടു പറഞ്ഞത്. സ്വന്തംകാലിൽ നിൽക്കാൻ കഴിയുമ്പോൾ മാത്രമേ സിനിമയെക്കുറിച്ചു ചിന്തിക്കാവൂ എന്നും പറഞ്ഞിരുന്നു. ഇപ്പോൾ അവൾ പഠനം പൂർത്തിയാക്കി. ഇനി അവളുടെ ഇഷ്ടം പോലെ ചെയ്യട്ടെ. നല്ല ഓഫറുകൾ വരുന്നുണ്ട്. കഥ കേട്ട് അവൾ തീരുമാനിക്കട്ടെ. ഇപ്പോഴത്തെ പെൺകുട്ടികൾ സ്വന്തം ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും നല്ല ബോധ്യമുള്ളവരാണ്. അവൾ സിനിമയിലേക്കു കടന്നുവരുന്നതിൽ അമ്മയെന്ന നിലയിൽ എനിക്കു സന്തോഷമേയുള്ളൂ.
‘തുടരും’ എന്ന ചിത്രത്തിൽ വർഷങ്ങൾക്കുശേഷം മോഹൻലാലും ശോഭനയും ഒരുമിക്കുന്നു. അതുപോലെ ഒരു മോഹൻലാൽ– ഉർവശി ജോടി വീണ്ടും സ്ക്രീനിൽ പ്രതീക്ഷിക്കാമോ?
സിനിമ ദൈവാധീനങ്ങളുടെയും ഭാഗ്യങ്ങളുടെയുംകൂടി ഒരു ലോകമാണ്. അങ്ങനെ മോഹൻലാലിനും എനിക്കും ചെയ്യാവുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ ആരെങ്കിലും സൃഷ്ടിക്കുകയാണെങ്കിൽ, സംവിധായകൻ ഞങ്ങളെ ആ വേഷം ചെയ്യാൻ സമീപിക്കുകയാണെങ്കിൽ ഭാഗ്യമുണ്ടെങ്കിൽ അതു സംഭവിച്ചിരിക്കും. അത് തീരുമാനിക്കേണ്ടത് ഈശ്വരനാണ്. സിനിമയിൽ സംവിധായകൻ പറയുന്നതിനനുസരിച്ച് ആർട്ടിസ്റ്റ് നിന്നുകൊടുക്കുന്നതുപോലെ, ജീവിതത്തിലും നമ്മളങ്ങനെ നിന്നുകൊടുത്താൽമതി, ഈശ്വരൻ ഡയറക്ട് ചെയ്തുകൊള്ളും. അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.