'കൽപനച്ചേച്ചിയുടെ മരണശേഷം ഡബ്ബ് ചെയ്യാൻ വിളിച്ചു, അന്നതിന് കഴിഞ്ഞില്ല': ഉർവശി പറയുന്നു

Mail This Article
ഒരു ‘സമ്പൂർണ’ കുടുംബചിത്രവുമായി എത്തുകയാണ് ഉർവശി. ഉർവശിയുടെ ‘കുടുംബ’ചിത്രം ‘എൽ. ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്’ പുറത്തിറങ്ങി. പരിപൂർണ അർഥത്തിൽ ഉർവശിയുടെ കുടുംബചിത്രമാണിത്. കാരണം, ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ് എന്ന ശിവാസ് ആണ്. സിനിമ റിലീസായി പ്രേക്ഷകപ്രീതിയോടെ മുന്നേറുകയാണ്. ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങളും ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളും മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് ഉർവശിയും ശിവാസും.
ഉടുപ്പിൽ ഇഷ്ടങ്ങളില്ല
ഉർവശി: എന്റെ ഉടുപ്പും സ്റ്റൈലും ശ്രദ്ധിച്ചിരുന്നത് കലചേച്ചിയും മിനിചേച്ചിയുമാണ്. ഇപ്പോഴും കലചേച്ചി 'പൊടിമോളേ, ആ ഡ്രസ്സ് ഇടല്ലേ' എന്നൊക്കെ പറയും. ആർക്കോ വേണ്ടി ഓക്കാനിക്കാൻ നിൽക്കുന്നതുപോലെയാണ് സ്റ്റൈലൻ ഉടുപ്പുകളൊക്കെ ഞാൻ അണിയുന്നത്. ഉടുപ്പുകൾ വാങ്ങാൻ പോയാലും ആ കടയിലുള്ളവർ ആദ്യം എടുത്തിടുന്നതിൽ നിന്ന് എനിക്കിഷ്ടപ്പെട്ട രണ്ടെണ്ണം എടുക്കുക. ഉടനെ വരിക. അല്ലാതെ ഷോപ്പിങ്ങും എനിക്കിഷ്ടമല്ല. ഒരുപാട് നിറങ്ങളുള്ള വസ്ത്രങ്ങളോ വച്ചുകെട്ടുകളോ എനിക്ക് ഇഷ്ടമല്ല. മിനുക്കുപരിപാടികളൊന്നും ഇഷ്ടമല്ല. പിന്നെ ജോലിയുടെ ഭാഗമായി ചെയ്യേണ്ടി വരുന്നു എന്നുമാത്രം.
എന്റെ ആങ്ങളയുടെ കൂട്ടുകാരൻ ഒരു തയ്യൽക്കാരൻ ഉണ്ടായിരുന്നു. അയാളുടെ കയ്യിൽ കൊടുത്തു തയ്പിക്കാനേ അവൻ സമ്മതിക്കുകയുള്ളൂ. അമ്മയും പറയും 'പാവം പയ്യൻ, അവനൊരു ജീവിതം ആകട്ടെ' എന്ന്. എന്നാൽ അവൻ ജവഹർലാൽ നെഹ്റുവിന്റെ കോട്ടു പോലെ, കൊങ്ങായ്ക്കു പിടിച്ചു ഞെക്കുന്നതു പോലെയുള്ള കോളർ വച്ച ജുബ്ബയേ തയ്ക്കൂ. എനിക്ക് വെള്ള നിറം ഇഷ്ടമായതുകൊണ്ട് കണ്ടാൽ നെഹ്റു തന്നെ. ഇങ്ങനെ ഇട്ടു നടക്കുന്നതു മമ്മൂക്ക കണ്ടാൽ ‘ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ’ എന്നു പറയും. പിന്നെ ചോദിക്കും ‘ഇതിട്ടാൽ മടുപ്പു വരില്ലേ നിനക്ക്’ എന്ന്. അല്ലെങ്കിൽ പാവാടയും ദാവണിയുമോ നേര്യതും മുണ്ടും! ഇതല്ലാതെ വേറെ ഒന്നുമില്ലേ എന്നു ചോദിക്കും. മമ്മൂക്ക കോസ്റ്റ്യൂം ഒക്കെ അത്രയും ശ്രദ്ധിക്കുന്ന ആളാണ്. അതുകൊണ്ടാണ് മമ്മൂക്ക ഏറ്റവും നല്ല കോസ്റ്റ്യൂംസ് ഇടുന്നത്.

ഇപ്പോൾ എന്റെ മുടിയിൽ പരീക്ഷണങ്ങൾ നടത്താൻ ശിവാസേട്ടന് വലിയ ഇഷ്ടമാണ്. ഭീകരമായ ശ്രമങ്ങൾ നടത്തും.
ശിവപ്രസാദ്: കട അടച്ച് പെട്ടിയുംകൊണ്ടാണ് ചില വസ്ത്രവ്യാപാര സ്ഥാപനങ്ങൾ വീട്ടിലേക്ക് വരാറുള്ളത്. വളരെ വർഷങ്ങൾക്കു മുൻപ്‌തന്നെ പതിനയ്യായിരം രൂപ, പന്ത്രണ്ടായിരം രൂപ, എണ്ണായിരം രൂപയൊക്കെയാണ് ഓരോ ചുരിദാറിനും വില. ഒരു പെട്ടി തുറന്ന് മൂന്നാലെണ്ണം എടുത്തു കഴിഞ്ഞാൽ അടുത്ത പെട്ടി തുറക്കും. അതില്‍ നിന്നും ഇറങ്ങും കുറെ വസ്ത്രം. അപ്പോൾ ഞാൻ തീരുമാനിച്ചു, എന്തായാലും ഈ കടയിലൊന്നു പോണം. അവിടെ പോയപ്പോൾ എനിക്കു തോന്നി ഇവൾക്കു വേണ്ടി പ്രത്യേകം വില കൂട്ടിയിട്ടാണ് അവർ വരുന്നതെന്ന്. ഉർവശിയുടെ അളവ് എനിക്കറിയാം. ഞാനാണ് ഇപ്പോൾ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത്.

'അതെല്ലാം സ്‌നേഹം കൊണ്ടല്ലേ'
ഉർവശി: അന്നത്തെ രീതിയനുസരിച്ച് ഓരോ ടീമിനോടും നമുക്കുണ്ടാകുന്ന ചില മമതകളും വിശ്വാസങ്ങളും ഉണ്ട്. വിളിച്ചാൽ നമ്മൾ പോയി വർക്ക് ചെയ്യും അത്രയേ നോക്കാറുള്ളൂ. അത് നമുക്കു വേണ്ടപ്പെട്ടവരാണ്. ഉദാഹരണത്തിന് ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ ചെയ്തത് സത്യേട്ടന്റെ മോനായതു കൊണ്ടാണ്. ആ സിനിമയിൽ എന്റെ ഒരു പോസ്റ്റർ പോലും വച്ചിട്ടില്ല. സിനിമ കാണുന്നവർക്കു മാത്രമേ ഞാൻ ആ സിനിമയിൽ ഉണ്ടെന്നു പോലും മനസ്സിലാകൂ. എനിക്കും അനൂപിനും അല്ലാതെ ഞാനതിൽ അഭിനയിച്ചിട്ടുണ്ടെന്ന് വേറെ ആർക്കും അറിയില്ലായിരുന്നു. അങ്ങനെ സെന്റിമെന്റ്സിന്റെ പേരിൽ ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യുമായിരിക്കും.

കല്പനചേച്ചിക്ക് ശബ്ദം കൊടുക്കാൻ പറ്റിയില്ല
ഉർവശി: തമിഴിൽ കൽപന ചേച്ചി (മിനി ചേച്ചി) അഭിനിയിക്കുന്ന പടങ്ങളിൽ മിക്കപ്പോഴും എന്നെയാണ് ഡബ്ബിങ്ങിന് വിളിച്ചിരുന്നത്. പക്ഷേ ഞാൻ പറയും മിനിചേച്ചി തന്നെ ഡബ്ബ് ചെയ്യണമെന്ന്. മിനി ചേച്ചിക്ക് മലയാളം ആക്സന്റ് വരും അതുകൊണ്ടാണ് എന്നെ വിളിച്ചിരുന്നത്. മിനി ചേച്ചി ഇല്ലാതെയായതിനു ശേഷവും ഒരു കൂട്ടർ അവൾ നേരത്തെ ചെയ്ത തമിഴ്പടത്തിന് വേണ്ടി ഡബ്ബ് ചെയ്യാൻ വിളിച്ചിരുന്നു. ആ സമയം ആയതു കൊണ്ട് എനിക്കതിന് പറ്റില്ല എന്നു പറഞ്ഞു. അവൾ പോയതല്ലേയുള്ളു. കുറച്ചു കാലം കഴിഞ്ഞിട്ടാണെങ്കിൽ പറ്റുമായിരിക്കും. പിന്നെ കല ചേച്ചിക്കു മാത്രമല്ല, മറ്റു ആർട്ടിസ്റ്റുകൾക്കും ഡബ്ബ് ചെയ്തിട്ടുണ്ട്. അതൊക്കെ ഒരു കൗതുകം.

കുഞ്ഞിനെ വളർത്താൻ ശ്രദ്ധിച്ചു
ശിവപ്രസാദ് ; ഞങ്ങൾ രണ്ടു പേരും വ്യത്യസ്തമായ ജോലിയാണ് ചെയ്യുന്നത്. ഞാൻ ചെറിയൊരു കരാറു പണിക്കാരനായിരുന്നു. മോൻ ജനിച്ച അന്നു മുതൽ ഞാൻ ജോലി നിർത്തി. സഹായത്തിനു ജോലിക്കാരുണ്ടായിരുന്നു. മോന്റെ തുണി ഞാൻ അലക്കിക്കൊടുക്കുന്നത് അവർ ഉണക്കാനിടും. പിന്നെ അവനിരിക്കുന്ന തറ തുടയ്ക്കും. ബാക്കി എല്ലാ കാര്യങ്ങളും ഞാൻ ആയിരുന്നു ചെയ്തിരുന്നത്. കുഞ്ഞിനെ കുളിപ്പിക്കുന്നതുൾപ്പെടെ ഞാനാണ് ചെയ്തത്.

ഉർവശി ഉണ്ടെങ്കിൽ ഇവളും ചെയ്യും. കുഞ്ഞിനെ മറ്റുള്ളവരെ ഏൽപ്പിക്കാൻ ഭയമാണ്. കുഞ്ഞിന് കൊടുക്കാൻ ബൂസ്റ്റോ വല്ലതും മേടിച്ചു വച്ചാൽ, നോക്കാൻ നിൽക്കുന്നവർക്ക് രണ്ടര കിലോ കൂടും എന്ന് കോമഡിയായി ഞങ്ങൾ പറയാറുണ്ട്.
പിന്നെ ജോലിയോ ജാതിയോ സാമ്പത്തികമോ നോക്കി ഉർവശി ആരോടും ഇടപെടുന്നത് ഞാൻ കണ്ടിട്ടില്ല. എനിക്കത് ഇഷ്ടവുമല്ല. നമ്മളോട് എങ്ങനെയാണോ സഹകരിക്കുന്നത് തിരിച്ച് അതുപോലെയാണ് നമ്മളും സഹകരിക്കുന്നത്. നമ്മൾ അറിയാതെ തന്നെ മക്കളും അതൊക്കെ കാണുകയല്ലേ. അങ്ങനെയായിരിക്കും അപ്പോൾ അവരുടെയും പെരുമാറ്റം. നമ്മുടെ വീട്ടിൽ ജോലിക്കു നിൽക്കുന്നവരെ പോലും വില കുറച്ചു കാണരുതെന്നു പറഞ്ഞാണ് മക്കളെ വളർത്തുന്നത്. മുന്നോട്ട് എങ്ങനെയാണെന്നുള്ളത് ഈശ്വരന്റെ കയ്യിലാണ്.
വഴക്കു പറയുന്ന അമ്മ
ഉർവശി: കുഞ്ഞിനെ അത്യാവശ്യം വഴക്കൊക്കെ പറയും. എനിക്ക് കാര്യങ്ങള്‍ പറയാനും ചിട്ടകൾ പഠിപ്പിക്കാനും എന്റെ മക്കളുടെ അടുത്തല്ലേ പറ്റൂ. എന്റെ മക്കളെ മാത്രമല്ല. എന്റെ മോന്റെ കൂടെ കളിക്കാൻ വരുന്ന അപ്പുറത്തെ വീട്ടിലെ കുട്ടികളെയും ശാസിക്കേണ്ട സമയത്ത് ശാസിക്കും.
എന്റെ അമ്മ ഒട്ടും ദേഷ്യപ്പെടുന്ന ആളായിരുന്നില്ല. പക്ഷേ എന്റെ അച്ഛൻ അങ്ങനെയായിരുന്നില്ല. ശരിയല്ലാത്തതു കണ്ടു കഴിഞ്ഞാൽ എന്റെ അച്ഛൻ അപ്പോഴെ ഉറക്കെ സംസാരിക്കും. ആ ഇൻഫ്ലുവൻസും എനിക്ക് കുറച്ച് കൂടുതലുണ്ട്.
ശിവാസിന്റെ സിനിമ എന്ന സ്വപ്നം
ശിവപ്രസാദ്: സിനിമയെക്കുറിച്ച് ഒന്നെഴുതാൻ പറഞ്ഞാൽ വെള്ള പേപ്പറിൽ ഞാൻ എഴുതുന്നത് 'ഇതെന്റെ ചോറ്' എന്നായിരിക്കും. അതിൽ കൂടുതൽ എന്തു പറയാൻ. അങ്ങനെയാണ് ഞാൻ സിനിമയെ സമീപിക്കുന്നത്. പാഷൻ എന്നൊന്നും പറഞ്ഞ് അതിനെ വില കുറച്ചു കാണാൻ പറ്റില്ല. അതിലൊക്കെ മുകളില്‍ എന്തോ ആണ് എനിക്ക് സിനിമ.
ഉർവശിക്ക് സിനിമയുടെ വിശേഷം മാത്രമേ അറിയൂ. കൊച്ചിയുടെ തിരക്കിലൂടെ വണ്ടി ഓടിക്കുന്ന എക്സ്പീരിയൻസ് ഉർവശി ഒരിക്കലും പറയില്ല. കാരണം ഉർവശി വണ്ടി ഓടിക്കില്ല. ആകെയുള്ളത് നമ്മുടെ കുടുംബം അത് കഴിഞ്ഞാൽ മൊത്തം സിനിമയാണ്. ഞാൻ ഉർവശിയെ ഇഷ്ടപ്പെടണമെങ്കിൽ സിനിമയെ ഇഷ്ടപ്പെടണം. ബാക്കിയൊന്നും നമ്മുടെ ചർച്ചയിലില്ല. അതുകൊണ്ട് സംവിധാനം ആസ്വദിച്ചു ചെയ്യും.
ഞങ്ങളുടെ സൗഹൃദം
ഉർവശി: സൗഹൃദം എന്നു പറഞ്ഞാൽ എല്ലാ കാര്യങ്ങളും തുറന്നു പറയാൻ പറ്റുക എന്നുള്ളതാണ്. വലിയ കാര്യം. വിമർശിക്കാറുണ്ട്. തർക്കവും ചർച്ചയും എല്ലാം ഉണ്ടാകും. ഒന്നുമില്ലാതെ നിശ്ചലമായ ഒരു അവസ്ഥയിൽ ജീവിക്കുന്നതിനേക്കാൾ നല്ലതല്ലേ അടിച്ചു പൊളിച്ചു ജീവിക്കുന്നത്. പരസ്പരം എല്ലാ കാര്യങ്ങളും അറിഞ്ഞതിനുശേഷമാണ് ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചത്.
എപ്പോഴും ഓടി എത്തുന്ന ക്യാമറകൾ
ഉർവശി: നല്ല പോസിറ്റീവായ കാര്യങ്ങൾ ചോദിക്കുകയും ആ ഒരു സന്തോഷം പങ്കു വയ്ക്കുകയും ചെയ്യുന്നതു കൊണ്ട് കുഴപ്പമില്ല. വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കി എന്തെങ്കിലും ഒരു അനക്കം വരുത്തണം എന്നൊക്കെ വിചാരിച്ചു വരുന്നത് നല്ല ഒരു പ്രവണത അല്ല. പിന്നെ നമ്മൾ അവരെ കാണുമ്പോൾ കഴിവതും മുഖം തിരിച്ചു നടക്കാൻ ശ്രമിക്കും. അതുകൊണ്ട് നല്ല ബന്ധവും നഷ്ടപ്പെടും. നമ്മുടെ ജോലിയുടെ ഭാഗമായതുകൊണ്ട് മറുത്തൊന്നും പറയാതിരിക്കാൻ പരമാവധി ശ്രമിക്കും. പക്ഷേ അതിരു കടക്കുന്നു എന്നു തോന്നുമ്പോൾ ചിലപ്പോൾ നമ്മുടെ ക്ഷമ ഇല്ലാതായിപ്പോകാം. എങ്കിലും ഇപ്പോഴത്തെ മീഡിയയിലെ പിള്ളേർക്കൊക്കെ നമ്മളെ അറിയാം. അതുകൊണ്ട് നമ്മുടെ ബുദ്ധിമുട്ടുകളും അവർക്ക് മനസ്സിലാകുമല്ലോ.