സൂര്യയുടെ അമ്മ; ഇതിലും വലിയ ഭാഗ്യം വേറെ എന്തുണ്ട്: രമ്യ സുരേഷ് അഭിമുഖം

Mail This Article
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമയാണ് റെട്രോ. ചിത്രത്തിൽ സൂര്യയുടെ അമ്മ വേഷത്തിൽ എത്തിയത് മലയാളി താരം രമ്യ സുരേഷ് ആയിരുന്നു. കുട്ടൻ പിള്ളയുടെ ശിവരാത്രിയിലൂടെ അഭിനയരംഗത്തെത്തി ചെറിയ വേഷങ്ങൾ ചെയ്ത് കഴിവു തെളിയിച്ച താരം സൂര്യയുടെ അമ്മയായി അഭിനയിച്ച സന്തോഷത്തിലാണ്. മലയാളത്തിൽ നിന്ന് ജയറാം, ജോജു ജോർജ്, സ്വാസിക, സുജിത്ത് ശങ്കർ തുടങ്ങി നിരവധി താരങ്ങളെത്തിയ റെട്രോയുടെ സെറ്റ് മലയാള സിനിമാ ലൊക്കേഷൻ പോലെ തോന്നിച്ചുവെന്ന് രമ്യ പറയുന്നു. സൂര്യക്കൊപ്പമായിരുന്നു സിനിമയിലെ തന്റെ മുഴുവൻ സീനുകളെന്നും എന്നെന്നും ആരാധിച്ചിരുന്ന സൂര്യയിൽ നിന്ന് നല്ല വാക്കുകൾ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ രമ്യ സുരേഷ് പറഞ്ഞു.
സൂര്യയുടെ അമ്മ
ഒരു നടി എന്ന നിലയിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സന്തോഷമാണ് ‘റെട്രോ’ എന്ന സിനിമയിലെ സൂര്യയുടെ അമ്മ വേഷം. സിനിമയിൽ ഡയലോഗ് ഒന്നുമില്ലെങ്കിലും അഭിനയിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമാണ്. തലയ്ക്ക് സ്ഥിരതയില്ലാത്ത സ്ത്രീയായിട്ടാണ് റെട്രോയിൽ അഭിനയിച്ചത്. ‘അരക്കനങ്ക അരക്കക്കൂട്ടം’ എന്നൊരു ഡയലോഗ് മാത്രം ഇടയ്ക്കിടെ പിറുപിറുത്തുകൊണ്ടിരുന്നു. അതല്ലാതെ മറ്റൊരു ഡയലോഗ് ഇല്ലായിരുന്നു. എന്നെ സംബന്ധിച്ച് ഇത് ഭയങ്കര വലിയൊരു അവസരമാണ്. എത്രയോ ആൾക്കാർ ആഗ്രഹിക്കുന്നതാണ് ഇങ്ങനെ ഒരു അവസരം. കാർത്തിക് സുബ്ബരാജ് വലിയ ഒരു സംവിധായകൻ ആണ് എന്ന് എന്റെ ഭർത്താവ് പറഞ്ഞു കേട്ടിട്ടുണ്ട്. ആ പേര് കേട്ടപ്പോൾ ഞാൻ ഓടിച്ചെന്നു ഗൂഗിളിൽ തിരഞ്ഞു നോക്കി. ഓമനത്തമുള്ള ഒരു കുഞ്ഞു പയ്യനെ പോലെ ഒരാൾ! പിന്നീട് ഞാൻ സിനിമയിൽ വന്നതിനു ശേഷം അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സിനിമയിൽ അവസരം കിട്ടിയെങ്കിൽ എന്ന് തോന്നിയിരുന്നു. ഒടുവിൽ വിളി വന്നപ്പോൾ ഞാൻ അന്തംവിട്ടുപോയി. വെറുതെ മനസ്സിൽ കൂടി ഓടിയ കാര്യമാണ് ഇപ്പോൾ നടക്കാൻ പോകുന്നത് എന്നോർത്തു.

തമിഴ് വായിക്കാനും എഴുതാനും അറിയാം
എനിക്ക് തമിഴ് അറിയാം. വായിക്കുകയും കുറച്ചൊക്കെ സംസാരിക്കുകയും ചെയ്യും. സ്ക്രിപ്റ്റ് തമിഴിലാണ് വായിക്കുന്നത്. പണ്ടു തൊട്ടേ തമിഴ് വലിയ ഇഷ്ടമായിരുന്നു, സിനിമകൾ കാണുമ്പോൾ അതിന്റെ തമിഴ് സബ്ടൈറ്റിൽ വായിക്കാൻ ശ്രമിച്ചിരുന്നു പിന്നീട് തമിഴ് അക്ഷരമാലയുള്ള ബുക്ക് വാങ്ങി പഠിച്ചു. അങ്ങനെ തനിയെ പഠിച്ചതാണ് തമിഴ്. ഇപ്പോൾ വായിക്കാനും അത്യാവശ്യം സംസാരിക്കാനും അറിയാം. അതുകൊണ്ട് തന്നെ സിനിമയുടെ സെറ്റിൽ മറ്റുള്ളവരോട് സംസാരിക്കാനൊന്നും വലിയ ബുദ്ധിമുട്ട് തോന്നിയില്ല. ഇപ്പോൾ ഒരു തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അതിന്റെ സ്ക്രിപ്റ്റ് എനിക്ക് തമിഴിലാണ് തന്നത്.

മലയാള സിനിമയുടെ ലൊക്കേഷനിൽ ചെന്നതുപോലെ
മലയാളത്തിൽ നിന്ന് ‘റെട്രോ’യിൽ കുറേ അഭിനേതാക്കൾ ഉണ്ടായിരുന്നു. ജോജു ചേട്ടൻ, ജയറാമേട്ടൻ, സുജിത്ത് ശങ്കർ, സ്വാസിക തുടങ്ങിയ നിരവധി പേർ ഉണ്ടായിരുന്നു. എല്ലാവരും കൂടി ആയപ്പോൾ മലയാള സിനിമയുടെ ലൊക്കേഷൻ പോലെ തോന്നി. ശരിക്കും സിനിമ കണ്ടപ്പോഴാണ് ഞാൻ സിനിമയിൽ ഉണ്ടെന്ന് സ്വാസിക അറിഞ്ഞത്. ഞങ്ങൾക്ക് ഒരുമിച്ച് കോമ്പിനേഷൻ സീൻ ഇല്ലായിരുന്നു. സൂര്യയുടെ വളർത്തമ്മയായി സ്വാസികയും യഥാർഥ അമ്മയായി ഞാനും ആണ് അഭിനയിച്ചത്. ജയറാമേട്ടനെയും ജോജു ചേട്ടനെയും കണ്ടപ്പോൾ വലിയ സന്തോഷവും ആശ്വാസവും തോന്നി. ഇവരുമായിട്ടൊന്നും ഞാൻ മലയാളത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. അത് ഞാൻ പറയുകയും ചെയ്തു. അപ്പോൾ ജോജു ചേട്ടൻ പറഞ്ഞു നമ്മൾ ഇനി ഒരുമിച്ച് ഉറപ്പായും അഭിനയിക്കും. രമ്യ അഭിനയിക്കുന്ന സിനിമയൊക്കെ ഞാൻ കാണാറുണ്ട്, നന്നായിട്ടുണ്ട് എന്ന്.

പ്രാർഥനയോടെ കാത്തിരുന്നു
കാർത്തിക് സുബ്ബരാജിന്റെ സാറിന്റെ സിനിമയിലേക്ക് ഒരാളെ വേണം എന്നാണ് എനിക്ക് ആദ്യം മെസ്സേജ് വന്നത്. ഞങ്ങൾ ഓഡിഷൻ ചെയ്യുന്നുണ്ട്. അതിനുശേഷം വിളിക്കാം എന്ന് പറഞ്ഞു. സൂര്യയുടെ പടം ആണെന്ന് കൂടി അറിഞ്ഞപ്പോൾ അത് എനിക്ക് തന്നെ കിട്ടണം എന്നുള്ള പ്രാർത്ഥന ആയിരുന്നു. പിന്നീട് എന്നോട് രണ്ടു വിഡിയോ ചെയ്ത് അയയ്ക്കാൻ പറഞ്ഞു. വിഡിയോ കണ്ടിട്ട് വിധായകന് ഇഷ്ടപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞ് കോൾ വന്നു. പിന്നീട് ലുക്ക് ടെസ്റ്റ് ചെയ്തു. അതിനു ശേഷം ഷൂട്ടിനായി പോവുകയായിരുന്നു. പ്രധാനപ്പെട്ട കാരക്ടർ ആണെന്ന് മാത്രമേ അറിയൂ, ഇത്രയും പ്രധാനപ്പെട്ട കാരക്ടർ ആണെന്ന് ഒടുവിലാണ് അറിഞ്ഞത്.

സൂര്യയുടെ അമ്മയായിട്ടാണ് അഭിനയിക്കുന്നത് എന്ന് എന്നോട് പറഞ്ഞിരുന്നില്ല. അത് കേൾക്കുമ്പോൾ ഉണ്ടാകുന്ന റിയാക്ഷൻ പെട്ടെന്ന് എടുക്കാൻ വേണ്ടിയിട്ടാണ് അവർ അത് മറച്ചുവച്ചത്. എന്നെ സംബന്ധിച്ച് ഇത് വലിയ ഒരു കാര്യമാണ്. കഥാപാത്രം അവതരിപ്പിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. അധികം സംസാരിക്കാത്ത ഒരു സ്ത്രീയാണ്. ഒരു സീനിൽ മാത്രമേ അവർ വയലന്റ് ആകുന്നുള്ളൂ. അതുകൊണ്ട് അഭിനയിക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു. ഓഡിഷന് അവർ ഇതുപോലെ ഒരു കഥാപാത്രത്തെ ചെയ്ത് അയയ്ക്കാനാണ് പറഞ്ഞത്. ഞാൻ ആദ്യം ഡയലോഗോട് കൂടി വിഡിയോ ചെയ്തയച്ചു. പിന്നീട് ഡയലോഗ് ഇല്ലാതെ ചെയ്യാൻ പറഞ്ഞു. അതും ചെയ്ത് അയച്ചു. അത് ഇഷ്ടപ്പെട്ടിട്ടാണ് അവർ വിളിച്ചത്.
സൂര്യ പറഞ്ഞ കമന്റ്
സിനിമയിലെ എന്റെ സീനുകളൊക്കെ സൂര്യക്കൊപ്പമായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് സൂര്യ. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യുന്നതൊക്കെ സ്വപ്നസാക്ഷാൽക്കാരം പോലെയാണ്. വളരെ സൗമ്യനായ, സ്നേഹത്തോടെ പെരുമാറുന്ന ആളാണ് സൂര്യ. ഓരോ സീൻ കഴിയുമ്പോഴും അടുത്ത് വന്ന് പറയും, "നന്നായിട്ട് ചെയ്തു, വളരെ സൂപ്പറായി അഭിനയിക്കുന്നു" എന്നൊക്കെ. അദ്ദേഹത്തിന്റെ കഴുത്തു പിടിച്ചു ഞെരിക്കുന്ന ഒരു സീനുണ്ട്. അത് ചെയ്തു കഴിഞ്ഞപ്പോൾ അദ്ദേഹം വന്നു പറഞ്ഞു, "നിങ്ങളുടെ കണ്ണുകൾ വളരെ പവർഫുൾ ആണ്" എന്ന്. എന്നെക്കുറിച്ച് ഇതേ കമന്റ് അദ്ദേഹം ജയറാമേട്ടനോടും പറഞ്ഞിരുന്നു. അപ്പോൾ ജയറാമേട്ടൻ അദ്ദേഹത്തിനോട് പറഞ്ഞു, "എവിടെ നിന്ന് വന്നതാണെന്ന് അറിയാമോ? മലയാളത്തിൽ നിന്ന്! പിന്നെ അങ്ങനെ അല്ലാതിരിക്കുമോ?"

ശരിക്കും പറഞ്ഞാൽ ഞാൻ പറയേണ്ട വാക്കുകളാണ് സൂര്യ പറഞ്ഞത്. സൂര്യയുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ നമുക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല. അത്രയ്ക്ക് പവർഫുൾ കണ്ണാണ്. അതുപോലെ നല്ല കണ്ണ് ഞാൻ കണ്ടിട്ടുള്ളത് ഫഹദ് ഫാസിലിന്റതാണ്. ഫഹദ് ഫാസിലിന്റെ കണ്ണുകൾക്കും ഭയങ്കര പവറാണ്. അവർ പോലും അറിയാതെ അവരുടെ കണ്ണുകൾ നമ്മളോട് സംസാരിക്കും. അവസാന സീൽ അൽപം ദൈർഘ്യമേറിയ ഒന്നായിരുന്നു. അതിലെ കുറച്ചുഭാഗം കട്ട് ചെയ്തു പോയിട്ടുണ്ട്. സിനിമ കണ്ട് ഒരുപാട് പേർ വിളിച്ച് നല്ല അഭിപ്രായം പറയുന്നുണ്ട് തമിഴിൽ നിന്നൊക്കെ ചാനലുകളിൽ നിന്നും വിളിച്ചു. ആൻഡമാൻ ആയിരുന്നു സിനിമ ഷൂട്ട് ചെയ്തത്. നല്ല രസമായിരുന്നു അവിടെ. എന്റെ ഭർത്താവ് അവിടെ വന്നിരുന്നു. ഷൂട്ട് ഇല്ലാത്ത സമയത്ത് ഞങ്ങൾ അവിടെ ബാക്കിയുള്ള ഐലൻഡിൽ എല്ലാം കറങ്ങാൻ പോയി. അവിടെ ഒരു ഐലൻഡിൽ വച്ചായിരുന്നു ഷൂട്ട് നടന്നത്. താമസിക്കുന്ന സ്ഥലത്ത് നിന്നും ഞാനും സൂര്യയുമൊക്കെ ഒരുമിച്ച് ബോട്ടിലാണ് ഐലൻഡിലേക്ക് പോകുന്നത്. ഓർത്തു വയ്ക്കാൻ വളരെ നല്ല അനുഭവങ്ങളായിരുന്നു അതൊക്കെ.

സറീനയും ഞാനുമായി ഒരു പ്രശ്നവുമില്ലെന്ന് പ്രതികരിക്കുന്നവർ അറിയണം
ഒരു കാര്യം എനിക്ക് വിശദീകരിക്കാൻ ഉണ്ട്. ബിഗ് ബോസ് ഷോയിൽ പങ്കെടുത്ത സെറീന എന്ന കുട്ടിയുമായി ഒരു ഇന്റർവ്യൂ വിഡിയോ ചെയ്തിരുന്നു. അത് വൈറലായി. ഞാൻ സെറീനയെ വഴക്കു പറയുന്നതും അവർ വിഷമിക്കുന്നതും ഒക്കെ വിഡിയോയിൽ കാണിക്കുന്നുണ്ട്. അതെല്ലാം ചാനലുകാർ പറഞ്ഞു ചെയ്യിപ്പിച്ച കാര്യങ്ങളാണ്. ആ വിഡിയോ മുഴുവൻ കണ്ടാൽ ഒന്നും തോന്നില്ല. പക്ഷേ ഈ ഭാഗം മാത്രം കട്ട് ചെയ്ത് പ്രചരിപ്പിച്ചപ്പോൾ ഇന്റർവ്യൂ ചെയ്യാൻ വന്ന സെറീനയോട് ഞാൻ മോശമായി പെരുമാറി എന്ന രീതിയിലായി. എനിക്കത് ഭയങ്കര വിഷമമുണ്ടാക്കി. അതിനിടയിൽ ഒരുപാട് മോശം കമന്റുകൾ വന്നു.
ഞാനും സെറീനയും പരസ്പര ധാരണയോടെ ചെയ്ത ഒരു വിഡിയോ ആണ് അത്. പക്ഷേ ആളുകൾക്ക് അത് മനസ്സിലായിട്ടില്ല. എല്ലാ ദിവസവും ആ വിഡിയോയുടെ കമന്റ് സെക്ഷനിൽ എന്നെ ചീത്ത വിളിക്കുന്നുണ്ട്. ഇത് ഇത്രയും മോശമായി എന്നെ ബാധിക്കുമെന്ന് അറിയാതെ അത് എന്റെ പ്രൊഫൈലിൽ ഷെയർ ചെയ്തിരുന്നു, പിന്നീട് ഒഴിവാക്കി. അവർക്ക് റീച്ച് കൂട്ടാൻ വേണ്ടി ചെയ്ത കാര്യം എനിക്ക് നെഗറ്റീവ് ആയി. ഞാൻ സെറീനയെ മനഃപൂർവം ഒന്നും പറഞ്ഞതല്ല. ഞങ്ങൾ തമ്മിൽ വലിയ സ്നേഹത്തിലാണ് പിരിഞ്ഞത് ഇപ്പോഴും വലിയ സ്നേഹവും അടുപ്പവും പങ്കിടുന്നവരാണ്. അഞ്ചു മാസമായി ആ വിഡിയോ ചെയ്തിട്ട്. ഇന്നും ഞാൻ അതിന്റെ പേരിൽ ചീത്തവിളി കേൾക്കുകയാണ്. അഭിനേതാക്കൾക്ക് പല വേഷങ്ങളും ചെയ്യേണ്ടിവരും പക്ഷേ അവരുടെ യഥാർത്ഥ സ്വഭാവവുമായി അതിന് യാതൊരു ബന്ധവും കാണില്ല. അത് ദയവായി പ്രേക്ഷകർ മനസ്സിലാക്കണം.

പുതിയ പ്രോജക്ടുകൾ
‘സർക്കീട്ട്’ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു. വേറെ ഒന്നു രണ്ട് മലയാള സിനിമകൾ ചെയ്തുവച്ചിട്ടുണ്ട്. അതൊന്നും ഉടനെ റിലീസ് ചെയ്യില്ല എന്ന് തോന്നുന്നു. ഷൈൻ ടോമിന്റെ ഒരു സിനിമയുണ്ട്. ഒരു തമിഴ് സിനിമയിലേക്ക് വിളിച്ചിട്ടുണ്ട്. പക്ഷേ, ഈ രണ്ടു സിനിമകളുടെ ഡേറ്റ് ക്ലാഷ് ആകുമെങ്കിൽ തമിഴ് ചെയ്യാൻ കഴിയില്ല. ഇതുവരെ കിട്ടിയ സിനിമകളൊക്കെ എന്റെ ഭാഗ്യമാണ്, ഇപ്പോൾ ‘റെട്രോ’ എന്നത്തേക്കും ഓർത്തുവയ്ക്കാനുള്ളതായി. സിനിമയിലെത്തിയാലും അവിടെ പിടിച്ചുനിൽക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എനിക്ക് നല്ല വേഷങ്ങൾ കിട്ടുന്നുണ്ട്, ദൈവം സഹായിച്ച് നന്നായി പോകുന്നു. എന്നെ ഇതുവരെ പിന്തുണച്ച സിനിമ പ്രവർത്തകർക്കും പ്രേക്ഷകർക്കും ഒരുപാട് നന്ദി.