സിനിമയിലെ ചുംബന രംഗം മാത്രം കട്ട് ചെയ്തിടുന്നവർക്ക് കഥാപാത്രത്തിന്റെ മാനസിക സംഘർഷം അറിയില്ല; ലിജോമോൾ

Mail This Article
എണ്ണമെഴുക്കുള്ള മുഖം, കവിളത്തെ മുഖക്കുരുപ്പാടുകൾ, അലസം കെട്ടിവച്ച മുടി, ഒരു കോട്ടൺ ചുരിദാറുമിട്ട് ലിജോമോൾ സ്ക്രീനിലെത്തിയാൽ ഒരു സിനിമാനടിയുടെ താരഭാരമൊന്നും തോന്നില്ല. പെരുമാറ്റത്തിലും സംസാരത്തിലും അത്രമേൽ പരിചയമുള്ള വളരെയടുപ്പമുള്ള ആരോ. ഇണങ്ങിച്ചിരിച്ചാലും പിണങ്ങിക്കരഞ്ഞാലും കെറുവിച്ചു മുഖം വീർപ്പിച്ചാലും നമ്മുടെ സ്വന്തമെന്നു തോന്നിപ്പിക്കുന്നൊരു തനി നാട്ടുമ്പുറത്തുകാരി.
പത്തുവർഷം മുൻപു 'മഹേഷിന്റെ പ്രതികാരം' എന്ന സിനിമയുടെ ഓഡിഷനായി ചെല്ലുമ്പോൾ ലിജോമോൾക്കു സംശയമായിരുന്നു; ഒരു കണ്ണാടിക്കു മുന്നിൽനിന്നു പോലും അഭിനയിച്ചു നോക്കിയിട്ടില്ലാത്ത, അതുവരെ ഒരു സ്റ്റേജിൽപോലും കയറിയിട്ടില്ലാത്ത തന്നെ സിനിമയിലെടുക്കുമോ എന്ന്. പക്ഷേ ആ ‘സംശയം’ അസ്ഥാനത്താക്കി, പത്തുവർഷങ്ങൾക്കിപ്പുറം, മലയാളസിനിമയിലെ പ്രിയപ്പെട്ട നായികാമുഖമായി മാറി ലിജോ മോൾ ജോസ്.
പൊൻമാൻ, നടന്ന സംഭവം, ജയ്ഭീം, ദാവീദ്, ഐ ആം കാതലൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു മലയാളത്തിലും തമിഴിലും സജീവമായ ലിജോമോൾ പുതിയ ചിത്രം ‘സംശയ’വും പ്രേക്ഷകർ സംശയലേശമെന്യേ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ്.
കൂട്ടുകാരിയുടെ പ്രതികാരം!
ഇടുക്കി പീരുമേട്ടിൽ ജനിച്ചു പോണ്ടിച്ചേരി സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയ ലിജോമോളുടെ മനസ്സിൽ ഒരിക്കലും സിനിമ എന്ന സ്വപ്നം ഉണ്ടായിരുന്നില്ല. ലിജോമോളോടു പറയാതെയാണ് കൂട്ടുകാരി ‘മഹേഷിന്റെ പ്രതികാരം’ സിനിമയുടെ ഓഡിഷനു ഫോട്ടോ അയച്ചു കൊടുത്തത്. തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും സംവിധായകൻ ദിലീഷ് പോത്തനും ‘ഓക്കെ’ പറഞ്ഞതോടെ സിനിമയുടെ ഭാഗമായി. സംവിധായകൻ പറഞ്ഞു തന്നത് അതുപോലെ ചെയ്തു എന്നതല്ലാതെ സിനിമാ അഭിനയത്തിന്റെ എബിസിഡി പോലും അന്ന് അറിയില്ലായിരുന്നുവെന്നു ലിജോമോൾ ഓർമിക്കുന്നു. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ‘ഹണിബീ’, ‘സ്ട്രീറ്റ് ലൈറ്റ്സ്’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷം ‘സിവപ്പ് മഞ്ഞൾ പച്ചൈ’ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലെ അരങ്ങേറ്റം.
സെങ്കിനി അത്ര സിംപിൾ അല്ല
സൂര്യ നായകനായ ‘ജയ് ഭീം’ എന്ന തമിഴ് ചിത്രത്തിലേക്കു ക്ഷണം വന്നതോടെയാണു അഭിനയത്തെ കൂടുതൽ ഗൗരവമായി കാണാൻ തുടങ്ങിയതെന്നു ലിജോമോൾ പറയുന്നു. തമിഴ് സംസാരിക്കാനറിയാത്തതിനാൽ വലിയ പ്രതീക്ഷയൊന്നുമില്ലാതെയാണ് ഓഡിഷനു പോയത്. സംവിധായകൻ ആവശ്യപ്പെട്ട തമിഴ് ഡയലോഗ് വളരെ കഷ്ടപ്പെട്ടാണ് പറഞ്ഞൊപ്പിച്ചത്. ഭാഷ അറിയാത്തതിന്റെ പേരിൽ ഓഡിഷനിൽ പുറന്തള്ളപ്പെടുമെന്നായപ്പോൾ കടുത്ത നിരാശ തോന്നി. അപ്പോഴാണ് ഭാഷ പഠിച്ചെടുക്കാമെങ്കിൽ പരിഗണിക്കാമെന്നു സംവിധായകൻ ഓഫർ വയ്ക്കുന്നത്. അങ്ങനെ തമിഴ് പഠിച്ചെടുത്തു. ഇരുളർ വിഭാഗക്കാരിയായ സെങ്കിനിയെന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിക്കേണ്ടത്. ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപ് ഒന്നരമാസം ഇരുളവിഭാഗക്കാർ താമസിക്കുന്ന ഊരുകളിൽ പോയി താമസിച്ച് അവരുടെ ജീവിതരീതികൾ കണ്ടുപഠിച്ചു. ഒന്നരമാസത്തോളം അവർക്കൊപ്പം ചെരുപ്പില്ലാതെ സഞ്ചരിച്ചു. അവരെപ്പോലെ തമിഴ് പേശാനും സാരിയുടുത്തു വേഗത്തിൽ നടക്കാനും പെരുമാറാനും പഠിച്ചതിനു ശേഷമാണ് ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയത്. അഭിനയം എന്നതു കേവലം ആക്‌ഷനും കട്ടിനുമിടയിലുള്ള ഷോട്ടുകൾ മാത്രമല്ലെന്നും ഒട്ടേറെ ഹോംവർക്ക് ആവശ്യമുള്ളതാണെന്നും പഠിപ്പിച്ച ആ ചിത്രം ലിജോമോളിലെ അഭിനേത്രിയെ കൂടുതൽ തേച്ചു മിനുക്കിയെടുത്തു.
ചുംബിക്കുന്ന പെൺകുട്ടി
‘കാതൽ എൻബന്ധു പൊതു ഉടമൈ’ എന്ന തമിഴ് ചിത്രത്തിലെ ലെസ്ബിയൻ പെൺകുട്ടിയും ലിജോമോളുടെ അഭിനയജീവിതത്തിലെ വ്യത്യസ്തമായ മറ്റൊരു കഥാപാത്രമായി. സാധാരണക്കാരായ പ്രേക്ഷകർ മുഖംചുളിക്കുമെന്നറിഞ്ഞുകൊണ്ടു തന്നെയാണ് അത്തരമൊരു വേഷം തിരഞ്ഞെടുത്തതെന്നു ലിജോമോൾ പറയുന്നു. ചിത്രത്തിലെ ചുംബന രംഗങ്ങൾ മാത്രം സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തു വൈറലാക്കുന്നവർ ഒരിക്കലും എൽജിബിടിക്കാർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നും അവരുടെ ജീവിതം തുറന്നു കാണിക്കുന്ന ആ ചിത്രം ഒരു നടിയെന്ന നിലയിൽ നന്നായി ചെയ്യാൻ കഴിഞ്ഞെന്നു കരുതുന്നതായും ലിജോമോൾ കൂട്ടിച്ചേർത്തു.
സംശയം ഫീൽഗുഡ് ചിത്രം
പേരു സൂചിപ്പിക്കുന്നതു പോലെതന്നെ സംശയ രോഗവുമായി ബന്ധപ്പെട്ട കഥയാണ് പുതിയ ചിത്രമായ ‘സംശയം’ പറയുന്നത്. രാജേഷ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ വിമല എന്ന വീട്ടമ്മയായാണ് ലിജോമോൾ എത്തുന്നത്. ആളുകളെ ചിരിപ്പിക്കുന്നതാണ് അഭിനയത്തിൽ ഏറ്റവും പ്രയാസമുള്ള കാര്യമെന്നും അതൊരു വെല്ലുവിളിയായെടുത്താണ് വിമല എന്ന കഥാപാത്രം ചെയ്തതെന്നും ലിജോമോൾ പറയുന്നു. വിനയ് ഫോർട്ട്, ഷറഫുദ്ദീൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.