‘ആ എക്സ്പ്രഷന് ഇത്ര സംഭവമാകുമെന്നു വിചാരിച്ചില്ല’; എന്തിനായിരുന്നു ആ ടെൻഷൻ; ‘തുടരു’മിലെ ‘കല്യാണപ്പെണ്ണ്’ പറയുന്നു

Mail This Article
തരുൺ മൂർത്തിയുടെ ‘തുടരും’ എന്ന ഹിറ്റ് ചിത്രത്തിൽ കഥയുടെ വഴിത്തിരിവായി മാറിയത് 'ശാന്തമീ രാത്രിയിൽ' എന്ന ഗാനരംഗമാണ്. സുധീഷ് എന്ന പോലീസുകാരന്റെ സഹോദരിയുടെ വിവാഹ തലേന്ന് നടക്കുന്ന പാർട്ടിയിൽ ജോർജ് സാറിനൊപ്പം എത്തിയ ഷണ്മുഖന്റെ ജീവിതം തന്നെ മാറ്റി മറിച്ച രാത്രി. കല്യാണാഘോഷങ്ങൾ പൊടിപൊടിക്കുന്നെങ്കിലും പെണ്ണിന്റെ മുഖത്ത് മാത്രം ഒരു സന്തോഷവുമില്ലായിരുന്നു. ഇഷ്ടമില്ലാത്ത കല്യാണത്തിന് ഒരുങ്ങി നിൽക്കുന്ന ആ പെണ്ണിന്റെ കഥ പറയുകയാണ് കല്യാണപ്പെണ്ണായി എത്തിയ നടി നിൽജ കെ. ബേബി. ‘സൗദി വെള്ളക്ക’ മുതൽ തരുൺ മൂർത്തിയുടെ സിനിമാകൂട്ടുകെട്ടിന്റെ ഭാഗമായ നിൽജ കഥയൊന്നും അറിയാതെയാണ് ആ ഗാനരംഗത്തിൽ അഭിനയിച്ചത്. ‘തുടരും’ വമ്പൻ ഹിറ്റാകുമ്പോൾ ചെറുതെങ്കിലും മമ്മൂട്ടി അഭിനയിച്ചു ഹിറ്റാക്കിയ ‘ശാന്തമീ രാത്രിയിൽ’ എന്ന ഗാനരംഗത്തിൽ മോഹൻലാലിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷം മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് നിൽജ കെ. ബേബി.
ആകർഷിച്ച ലാലേട്ടൻ ഫാക്ടർ
‘തുടരും’ എനിക്ക് ഒരുപാട് സ്പെഷ്യൽ ആണ്. ഞാൻ വളരെ അവിചാരിതമായിട്ടാണ് ഈ സിനിമയിലേക്ക് വന്നത്. തരുൺ മൂർത്തിയുടെ ‘സൗദി വെള്ളക്ക’ എന്ന സിനിമയിൽ ഞാൻ വളരെ നല്ലൊരു കഥാപാത്രം ചെയ്തിരുന്നു. ആ ടീമുമായി അടുത്ത ബന്ധമുണ്ട്. ഒരു കുടുംബം പോലെയാണ് ഞങ്ങൾ. ബിനു പപ്പു ചേട്ടൻ എനിക്ക് സ്വന്തം ചേട്ടനെപ്പോലെയാണ്. നമ്മളെ കളിയാക്കാനും ശകാരിക്കാനും സ്വാതന്ത്ര്യമുള്ള ആളാണ് ബിനു പപ്പു ചേട്ടൻ. തരുൺ ചേട്ടന്റെ ഈ സിനിമയെക്കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ ചോദിച്ചിട്ടുണ്ടായിരുന്നു, ‘ചേട്ടാ എനിക്ക് കഥാപാത്രം എന്തെങ്കിലും ഉണ്ടോ’ എന്ന്. ആദ്യത്തെ കാസ്റ്റിങ് ലിസ്റ്റിൽ ഞാൻ ഉണ്ടായിരുന്നില്ല. പക്ഷേ, ഇത് ചെയ്യുന്നതിന് രണ്ടു ദിവസം മുൻപാണ് എനിക്ക് ഒരു കോൾ വരുന്നത്. എന്നോട് പറഞ്ഞു, ‘ഒത്തിരി വലിയ പരിപാടിയൊന്നുമല്ല ഒരു പാട്ടിലാണ് വരുന്നത്, ലാലേട്ടനൊക്കെ ഉള്ള സീനാണ്’.

ലാലേട്ടൻ ഉള്ള സിനിമ, അതിൽ ഒരു ചെറിയ സീൻ ആണെങ്കിൽ പോലും ലാലേട്ടന്റെ ഒപ്പം ഒരു ഫ്രെയിം ആണെങ്കിൽ പോലും കിട്ടുന്നത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. രണ്ടു ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമയുടെ കഥയൊന്നും എനിക്ക് കാര്യമായിട്ട് അറിയില്ലായിരുന്നു. പക്ഷേ, സിനിമ കണ്ടപ്പോഴാണ് ആ കഥാപാത്രം എന്തുമാത്രം പ്രാധാന്യമുള്ളതാണെന്ന് എനിക്ക് മനസ്സിലായത്. ‘ശാന്തമീ രാത്രിയിൽ’ എന്ന ഗാനരംഗത്തിൽ കല്യാണപ്പെണ്ണായിട്ടാണ് അഭിനയിക്കേണ്ടത്. മമ്മൂക്കയുടെ ഹിറ്റ് പാട്ട്, ഒപ്പം ഉള്ളത് ലാലേട്ടൻ. ഡയലോഗ് ഒന്നും ഉണ്ടായിരുന്നില്ല. എക്സ്പ്രഷൻ മാത്രമേ വേണ്ടൂ. പക്ഷേ, ആ എക്സ്പ്രഷൻ സിനിമയിൽ എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് സിനിമ കണ്ടപ്പോഴാണ് മനസ്സിലായത്. അതുകാരണം പിന്നെയെന്തൊക്കെ സംഭവിച്ചു. ‘തുടരും’ എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ ഒരു ചെറിയ വേഷം ചെയ്യാൻ കഴിഞ്ഞത് തന്നെ എനിക്ക് വളരെ സ്പെഷലാണ്.
കഥയറിയാത്ത കല്യാണപ്പെണ്ണ്
തരുൺ ചേട്ടൻ എന്നോട് കഥ പറഞ്ഞിരുന്നില്ല. ‘കല്യാണ പെണ്ണാണ്, ഒരു പാട്ട് രംഗത്തിലാണ് വരുന്നത്, മുഖത്ത് എന്തോ ഒരു ടെൻഷൻ ഉണ്ട്, ചിലപ്പോൾ ഇഷ്ടമില്ലാത്ത കല്യാണം ആകാം അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണമാകാം’ എന്നാണ് പറഞ്ഞിരുന്നത്. മുഖത്ത് എന്തോ ഒരു സന്തോഷക്കുറവുണ്ട് അത്ര മാത്രമേ പറഞ്ഞിരുന്നുള്ളൂ. മുഴുവൻ സ്ക്രിപ്റ്റ് അറിയാതെ ഒരു സീൻ മാത്രം പറഞ്ഞ്, അതിനു വേണ്ടി എക്സ്പ്രഷൻ കൊടുക്കാനും അറിയണമല്ലോ. അത് ഒരു ചാലഞ്ച് തന്നെയാണ്. ഞാൻ ചെയ്തു കഴിഞ്ഞിട്ട് തരുൺ ചേട്ടനോട് ചോദിച്ചു, ‘ചേട്ടാ... ഉദ്ദേശിച്ച സംഭവം കിട്ടിയിട്ടുണ്ടോ?’ അദ്ദേഹം പറഞ്ഞു, ‘കിട്ടിയിട്ടുണ്ട്... അതുമതി’ എന്ന്. എന്നോട് ആവശ്യപ്പെട്ടത് കൊടുത്തു എന്നുള്ള സമാധാനത്തോടെയാണ് മടങ്ങിയത്. സിനിമ കണ്ടപ്പോഴാണ് കഥാപാത്രത്തിന് ഇത്രയും പ്രാധാന്യമുണ്ടെന്ന് അറിഞ്ഞത്. സിനിമയുടെ കഥയോ പെൺകുട്ടിയുടെ കഥയോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. സിനിമ വളരെ വലിയ ഹിറ്റ് ആവുന്നതിൽ സന്തോഷമുണ്ട്. ഞാൻ കുറച്ച് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ഈ സിനിമ തരുന്ന ഒരു റീച്ച് വളരെ വലുതാണ്. പ്രേക്ഷകരുടെ പ്രതികരണങ്ങൾ അതാണ് കാണിക്കുന്നത്. ഈ സിനിമയിൽ വന്നുപോയ ചെറിയ ഒരു കഥാപാത്രത്തിന് പോലും പ്രാധാന്യമുണ്ട്.

എന്തായിരുന്നു പ്രശ്നം എന്നാണ് ചോദ്യം
പടം ഇറങ്ങിയപ്പോൾ മുതൽ ലാലേട്ടന്റെ കൂടെയുള്ള ഒരു ഫ്രെയിമിന്റെ ഫോട്ടോ കിട്ടാൻ വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ ഈ പാട്ട് പുറത്തുവന്നപ്പോഴാണ് അതിൽ നിന്നും ഒരു ഫ്രെയിം എടുത്ത് ഞാൻ പോസ്റ്റിട്ടത്. ആ പോസ്റ്റ് ഭയങ്കര വൈറലായി. അത് 1.6 മില്യൺ വ്യൂ ആയി. ആ പോസ്റ്റിൽ വരുന്ന കമന്റുകൾ എല്ലാം ഭയങ്കര രസമാണ്. ‘എന്നാലും എന്തിനായിരുന്നു അങ്ങനെ ടെൻഷൻ അടിച്ചു നിന്നത്?’, ‘എന്തായിരുന്നു നിങ്ങളുടെ പ്രശ്നം’, ‘ആരെയാണ് ഫോൺ വിളിച്ചു കൊണ്ടിരുന്നത്?’ എന്നൊക്കെയാണ് ചോദ്യങ്ങൾ. ഞാൻ വളരെ രസകരമായ ഒരു മറുപടിയും കൊടുത്തു. ‘എനിക്ക് പിറ്റേന്ന് കല്യാണത്തിന് ഇടാനുള്ള ബ്ലൗസ് തയ്ച്ചു കിട്ടിയില്ല, ഞാൻ വിളിച്ചുകൊണ്ടിരുന്നത് ടെയ്‌ലറെ ആയിരുന്നു’ എന്നൊക്കെ. അത്രയും ആളുകൾ അവിടെ വന്നു കമന്റ് ചെയ്യണമെന്നുണ്ടെങ്കിൽ ആ കഥാപാത്രം സിനിമയിൽ ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണല്ലോ.
ലാലേട്ടൻ മൊമന്റ്സ്
ലാലേട്ടന്റെ കൂടെ ആദ്യമായിട്ടാണ് സ്ക്രീൻ ഷെയർ ചെയ്യുന്നത്. അതുപോലെതന്നെ മമ്മൂക്കയുടെ ഹിറ്റ് പാട്ടിലാണ് അഭിനയിക്കുന്നത്. തരുൺ ചേട്ടൻ എന്നോട് പറഞ്ഞിരുന്നു, ‘ശാന്തമീ രാത്രിയിൽ’ ആണ് പാട്ട് എന്ന്. അതു കേട്ടപ്പോൾ എനിക്ക് എക്സൈസ്മെന്റ് ആയി. ആ പാട്ടിനിടയ്ക്കുള്ള ലാലേട്ടന്റെ ചില മൊമെന്റ്സ് ഒക്കെ നേരിട്ട് കണ്ടു രസം പിടിച്ചു. അദ്ദേഹത്തെ കള്ളു കുടിക്കാൻ വിളിക്കുമ്പോൾ ലാലേട്ടന്റെ ഒരു ചെറിയ എക്സ്പ്രഷൻ ഉണ്ട്. അത് ചെയ്യുന്നത് കണ്ടുകൊണ്ട് നിൽക്കാൻ ഭയങ്കര രസമാണ്. അദ്ദേഹം അഭിനയിക്കുന്നത് നേരിട്ട് കണ്ടുകൊണ്ട് നിൽക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. വളരെ കുറച്ച് സമയമേ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുള്ളൂ. പരിചയപ്പെട്ടു, ഫോട്ടോ എടുത്തു. ചെറിയൊരു നിമിഷം ഒരുമിച്ച് പങ്കുവച്ചു, അത്രയേ ഉള്ളൂ. ശോഭന മാഡം സിനിമയിൽ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾക്ക് ഒരുമിച്ച് കോമ്പിനേഷൻ ഒന്നുമില്ലാത്തതുകൊണ്ട് കാണാൻ പറ്റിയില്ല.

ജോർജ് സാർ ഞെട്ടിച്ചു
പരസ്യരംഗത്ത് ഒരുപാട് കേട്ടിട്ടുള്ള വ്യക്തിയാണ് പ്രകാശ് വർമ്മ. ഒരു ചെറിയ സീൻ മാത്രമേ അദ്ദേഹത്തോടൊപ്പം എനിക്ക് ഉണ്ടായിരുന്നുള്ളൂ. ഈ സിനിമയിൽ എന്താണ് സാറിന്റെ റോൾ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തെ അവിടെ കണ്ടപ്പോൾ ഇത്രയും ക്രൂരനായ ഒരു കഥാപാത്രമാണെന്ന് കരുതിയതേയില്ല. കല്യാണപ്പെണ്ണിനെ വന്നുകണ്ട് തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നതൊക്കെ കണ്ടപ്പോൾ നല്ല ഒരു മനുഷ്യന്റെ കഥാപാത്രമായിരിക്കും ജോർജ് സാർ എന്ന് തോന്നി. സിനിമ കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ച് മനസ്സിലായത്. ഇങ്ങനെയൊരു കഥാപാത്രമാണ് അദ്ദേഹത്തിന്റെ എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. പടം കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.
സാധാരണക്കാരനായ മാസ്റ്റർ ഡയറക്ടർ
സിനിമയെക്കുറിച്ച് ഒരു ധാരണയുമില്ലാതെ ഒരു പ്രേക്ഷക എന്ന നിലയിൽ തന്നെയാണ് ഞാനും സിനിമ കാണാൻ പോയത്. സിനിമ കണ്ടപ്പോൾ പണ്ടത്തെ സിനിമകളിൽ കണ്ടിരുന്ന ലാലേട്ടന്റെ ഒരുപാട് എക്സ്പ്രഷനും നിമിഷങ്ങളും ഒക്കെ കാണാൻ കഴിഞ്ഞു. ശോഭന മാഡവും ലാലേട്ടനും ആയിട്ടുള്ള സീനുകൾ ഒക്കെ കണ്ടപ്പോൾ വീണ്ടും പഴയകാലത്തെ അവരുടെ സിനിമകളുടെ ഓർമ വന്നു. എന്റെ സീനുകൾ വരുന്നതുവരെ സിനിമ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ പോയി. പക്ഷേ എന്റെ പാട്ട് രംഗം കഴിഞ്ഞ് സിനിമ മറ്റൊരു ലെവലിലേക്ക് കടക്കുകയായിരുന്നു. പെട്ടെന്ന് തന്നെ ഒരു ടെൻഷൻ ബിൽഡ് ചെയ്തു. ഒരു സൂപ്പർ ഫിലിം മേക്കർ ആണ് തരുൺ ചേട്ടൻ എന്നതാണ് അവിടെ കാണുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും ഈ സിനിമ ഇഷ്ടപ്പെടുന്നുണ്ട്.

എന്റെ അമ്മ തന്നെ രണ്ടു തവണ സിനിമ കണ്ടു. നമ്മുടെ ചുറ്റുപാടും കാണുന്ന കാര്യങ്ങളും നമ്മുടെ വീട്ടിൽ തന്നെ നേരിടുന്ന കാര്യങ്ങളും ഇമോഷനോടുകൂടി ഭംഗിയായി നമ്മുടെ മുന്നിൽ കൊണ്ട് ഇട്ടു തരാനുള്ള ഒരു കഴിവ് തരുൺ ചേട്ടനുണ്ട്. സൗദി വെള്ളക്കയിലും അത്തരം രംഗങ്ങൾ ഉണ്ട്. അതിന് കാരണം തരുൺ ചേട്ടൻ ഒരു പച്ചയായ സാധാരണക്കാരനായ മനുഷ്യനാണ് എന്നുള്ളതാണ്. സാധാരണക്കാരായ മനുഷ്യരെ പിടിച്ചിരുത്താൻ എന്താണ് കൊടുക്കേണ്ടത് എന്ന് അദ്ദേഹത്തിന് അറിയാം. നല്ലൊരു അഭിനേതാവ് കൂടിയാണ് തരുൺ ചേട്ടൻ. ഇതുവരെ ചെയ്ത എല്ലാ സിനിമകൾക്കും ഒരു ക്വാളിറ്റി ഉണ്ട്, എല്ലാം എടുത്തു പറയപ്പെടുന്ന സിനിമകളാണ്. ഈ സിനിമ ഇത്രയും വലിയ ബമ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നതിൽ വലിയ സന്തോഷമുണ്ട്. നമ്മുടെ കുടുംബത്തിൽ ഒരു സിനിമ വൻ വിജയമാകുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ.
ഫഹദ് ഫാസിലും ഫർഹാൻ ഫാസിലും
മലയൻകുഞ്ഞ് എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ ഒപ്പം അഭിനയിച്ചിരുന്നു. ഈ സിനിമയിൽ അനുജൻ ഫർഹാൻ ഫാസിലിനൊപ്പം അഭിനയിച്ചു. എനിക്ക് വളരെ സ്പെഷ്യൽ ആയ പ്രോജക്ട് ആണ് മലയൻകുഞ്ഞ്. ഓഡിഷൻ വഴിയായിരുന്നു അതിൽ അവസരം ലഭിച്ചത്. മഹേഷ് നാരായണൻ, സജിമോൻ ചേട്ടൻ, ഫഹദ് ഫാസിൽ, അവരുടെ ടീമിനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. വലിയൊരു പ്രോജക്ട് ആയിരുന്നു അത്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് ഫഹദ് ഫാസിൽ. നമ്മളൊക്കെ നോക്കി കണ്ടു പഠിക്കാൻ ശ്രമിക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ വലിയൊരു ആരാധനയായിരുന്നു. ഒപ്പം അഭിനയിക്കുമ്പോൾ പക്ഷേ അത് പുറത്ത് കാണാതിരിക്കാൻ ഞാൻ വളരെയധികം ശ്രദ്ധിച്ചു.
കാരണം ആരാധന മുന്നിൽ നിന്നാൽ നമുക്ക് സ്വാഭാവികമായി അഭിനയിക്കാൻ കഴിയില്ല. ഫഹദ് ചെയ്ത കഥാപാത്രം വളരെ ഗൗരവക്കാരനാണ്. അവിടെ തമാശക്കൊന്നും ഒരു സ്ഥാനവുമില്ല. ഫഹദ് പൂർണമായും കഥാപാത്രത്തിൽ മുഴുകി അതിൽ തന്നെയായിരുന്നു. പക്ഷേ ഒരുമിച്ച് അഭിനയിക്കുമ്പോൾ ഞങ്ങൾ തമ്മിൽ നല്ല ഒരു കൊടുക്കൽ വാങ്ങൽ ഉണ്ടായിരുന്നു. ‘തുടരും’ എന്ന സിനിമയിൽ ഫർഹാൻ ഫാസിലിന്റെ സഹോദരി ആണെന്ന് മാത്രമേ അറിയുകയുണ്ടായിരുന്നു. വളരെ കുറച്ചു സമയമേ ഒരുമിച്ചു ഉണ്ടായിരുന്നുള്ളൂ, നല്ല സൗഹൃദത്തോടെയാണ് പെരുമാറിയത്. കുറച്ച് ഫോട്ടോകളൊക്കെ ഒരുമിച്ച് എടുത്തു. വളരെ നല്ല ഒരു വ്യക്തിയാണ് അദ്ദേഹം. ഫർഹാന്റെ കഥാപാത്രം പോലും എത്ര പ്രധാനപ്പെട്ടതാണെന്ന് എനിക്ക് അറിയില്ലായിരുന്നു. രണ്ടുദിവസത്തെ ഷൂട്ടിനിടയിൽ കൂടുതൽ കാര്യങ്ങൾ ഒന്നും മനസ്സിലാക്കാൻ പറ്റിയില്ല.
റോഷൻ മാത്യു സംവിധാനം ചെയ്യുന്ന നാടകം
ഞാനിപ്പോൾ നിലവിൽ സിനിമകൾ ഒന്നും ചെയ്തിട്ടില്ല. നല്ല വർക്കുകൾക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഇപ്പോൾ ഞങ്ങൾ ഒരു നാടകം ചെയ്തു കൊണ്ടിരിക്കുകയാണ്. നടൻ റോഷൻ മാത്യു സംവിധാനം ചെയ്യുന്ന നാടകമാണ്. ഞാൻ, ദർശന രാജേന്ദ്രൻ, ചാന്ദ്നി, അശ്വതി അങ്ങനെ ഒരു ടീം അഭിനയിക്കുന്ന ‘ബൈ ബൈ പാസ്’ എന്ന നാടകം. കഴിഞ്ഞ ദിവസങ്ങളിൽ ഷോ ഉണ്ടായിരുന്നു. ഇനി ഈ മാസം 31ന് തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ ഷോ ഉണ്ട്. നല്ല സിനിമകൾക്ക് വേണ്ടി കാത്തിരിക്കുന്നു. അതിനോടൊപ്പം തന്നെ ഇത്തരത്തിലുള്ള തിയറ്റർ ആക്ടിവിറ്റി കൂടി ചെയ്യുന്നതിൽ സന്തോഷമുണ്ട്.