20 രൂപ ദിവസക്കൂലിക്കു ജോലി തുടങ്ങിയ സൂരി; ഇന്നു കോടികൾ വാങ്ങുന്ന നായകൻ; അഭിമുഖം

Mail This Article
ഒരു നേരത്തെ ആഹാരം പോലും കഴിക്കാൻ സാഹചര്യമില്ലാത്ത ബാല്യമായിരുന്നു നടൻ സൂരിയുടേത്. പതിനാലാം വയസിൽ തിരുപ്പൂരിലെ ചെറിയൊരു കച്ചവട സ്ഥാപനത്തിൽ 140 രൂപ ആഴ്ചക്കൂലിക്കായി ജോലി തുടങ്ങിയിരുന്നു സൂരി. അന്ന് ആകെ കിട്ടുന്ന തുകയിൽ പകുതിയും വീട്ടിലേക്ക് അയയ്ക്കും. ബാക്കിയിൽ നിന്നും ചെറിയൊരു തുകയ്ക്ക് ചായയും ബണ്ണും കഴിക്കും. ആ കഥ ഓർക്കുമ്പോൾത്തന്നെ കണ്ണ് നിറയുമെന്ന് സൂരി പറയുന്നു. അവിടെ നിന്നും ഓരോ ചുവടും കരുതലോടെ വച്ചാണ് സൂരി ഇന്ന് കാണുന്ന താര പരിവേഷത്തിലേക്ക് എത്തിയത്. സ്വന്തമായി കഥയെഴുതി നായകനായി അഭിനയിക്കുന്ന ‘മാമൻ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കിടാനാണ് സൂരി കേരളത്തിലേക്ക് എത്തിയത്. കരിയറിലെയും ജീവിതത്തിലേയും അനുഭവങ്ങൾ മനോരമ ഓൺലൈനുമായി സൂരി പങ്കുവയ്ക്കുന്നു.
സത്യസന്ധനായ സൂരി
ഞാൻ തുറന്ന മനസ്ഥിതിയുള്ള മനുഷ്യനാണ്. അതുകൊണ്ടായിരിക്കാം ആളുകൾക്ക് ഞാൻ വളരെയധികം സത്യസന്ധനാണെന്നു തോന്നുന്നത്. എനിക്ക് രഹസ്യങ്ങളൊന്നും ഇല്ല. ചുറ്റുമുള്ളവർ പറയുമ്പോഴാണ് ഞാൻ അങ്ങനെയുള്ള ഒരാളാണെന്നു പോലും അറിയുന്നത്. മനസ്സിൽ എന്തു തോന്നുന്നുവോ അതാണ് ചെയ്യുന്നത്. അറിഞ്ഞുകൊണ്ട് ഞാൻ ഒരു തെറ്റും ചെയ്യാറില്ല. ഇങ്ങനെയേ ചെയ്യാവൂ എന്ന് ആലോചിച്ച് ഒരു കാര്യവും ചെയ്യാറില്ല. ചില കാര്യങ്ങൾ നമ്മൾ പറയുന്നത് മറ്റുള്ളവർക്ക് മനസ്സിലാകാറില്ല. അങ്ങനെയുളള അവസരങ്ങളിൽ നമ്മൾ മിണ്ടാതെയിരിക്കുക എന്നതാണ് ഞാൻ പിന്തുടരുന്ന രീതി.
ആത്മവിശ്വാസം വന്ന വഴി
നമ്മൾ നിൽക്കുന്ന ഇടമാണ് നമുക്ക് ആത്മവിശ്വാസം തരുന്നത്. ആദ്യമൊക്കെ മാധ്യമങ്ങൾക്കു മുന്നിൽ എങ്ങനെ പെരുമാറണം, എന്തു സംസാരിക്കണം എന്നൊക്കെയുളള പേടി ഉണ്ടായിരുന്നു. കുറച്ചു പേടിയുണ്ടെങ്കിൽ നമ്മൾ നന്നായി തന്നെ സംസാരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. അറിയാതെ നമ്മൾ എന്തെങ്കിലും തെറ്റു പറഞ്ഞു പോയാൽ അത് ചിലർ വലിയ വിഷയമാക്കും.

സിക്സ് പായ്ക്ക് ബോഡി ഉണ്ടായതിനുശേഷം നല്ല ഉടുപ്പൊക്കെ ഇട്ടപ്പോൾ എനിക്കു തന്നെ നല്ല ആത്മവിശ്വാസം വന്നു. അന്നു മുതലാണ് ഞാൻ എന്നില്‍ വിശ്വസിക്കാൻ തുടങ്ങിയത്. എന്നെക്കൊണ്ട് എന്തും സാധിക്കും എന്നൊരു വിശ്വാസം എനിക്കു തോന്നി. എനിക്ക് എന്തെങ്കിലും ആത്മവിശ്വാസക്കുറവ് തോന്നിയാൽ ഞാൻ എനിക്ക് ഇഷ്ടപ്പെട്ട പുതിയ ഒരു ഡ്രസ്സ് വാങ്ങി അതിട്ട് പുറത്തൊക്കെ ഒന്നു പോകും. അപ്പോൾ എനിക്ക് നല്ല സമാധാനം തോന്നും. ഇപ്പോൾ ദൈവം സഹായിച്ച് അതിനുള്ള സാഹചര്യമുണ്ടല്ലോ.
കരഞ്ഞുപോയതാണ്
‘മാമൻ’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഞാൻ പണ്ട് ജോലി ചെയ്തിരുന്ന തിരുപ്പൂരിൽ പോയിരുന്നു. അവിടെ ചെന്നിരുന്നപ്പോൾ എനിക്ക് ഒരുപാടു കാര്യങ്ങൾ ഓർമ വന്നു. അപ്പോൾ ആകെ പതറിപ്പോയി. പഴയ കാര്യങ്ങൾ മനസ്സിലേക്ക് വന്നു. അപ്പോൾ ഞാൻ അറിയാതെ കരഞ്ഞു പോയി. അന്ന് ഞാൻ കുഞ്ഞല്ലേ. അന്ന് പതിനാലു വയസ്സേയുള്ളു. ആ കാലത്ത് അനുഭവിച്ച വിഷമം വലുതായിരുന്നു. വീണ്ടും അവിടേക്ക് പോയപ്പോൾ എല്ലാം ഓർമ വന്നു. ഞാൻ ജീവിതത്തിൽ ഇതുവരെ ഇത്രയും ഇമോഷനൽ ആയിട്ടില്ല. വിഷമം തോന്നിയ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 27 വർഷമായി ചെന്നൈയിൽ വന്നിട്ട്. ആക്ടർ ആയിട്ട് ഇപ്പോൾ 7 വർഷമായി. നമുക്ക് കരയണം എന്നു തോന്നിയാൽ കരയുക. അപ്പോൾ നമ്മൾ ശാന്തമാകും. ചിലരു ചോദിക്കും എന്തിനാണ് കരയുന്നത്, നിയന്ത്രിച്ചൂടെ എന്നൊക്കെ. നിയന്ത്രിക്കാൻ പറ്റാത്തതുകൊണ്ടല്ലേ കരയുന്നത്. അത് മനുഷ്യന്മാരുടെ പ്രത്യേകതയാണ്. അതിൽ ലജ്ജിക്കേണ്ട കാര്യമില്ല.
ആദ്യ ജോലി
1993-ലാണ് സുഹൃത്തുക്കൾക്കൊപ്പം തിരുപ്പൂരിൽ ജോലിക്കായി വന്നത്. ഇരുപത് രൂപയായിരുന്നു ഒരു ദിവസത്തെ ശമ്പളം. ഒരാഴ്ച 140 രൂപ കിട്ടും. അതിൽ 70 രൂപ സ്വന്തം ആവശ്യത്തിന് ചെലവഴിക്കും. ബാക്കി 70 രൂപ വീട്ടിലേയ്ക്കയക്കും. അവിടെ ഒരു ബേക്കറിയുണ്ടായിരുന്നു. അവിടെ ഒരു തേങ്ങാ ബണ്ണ് കിട്ടും. ഒന്നേ കാൽ രൂപവരും. ബണ്ണും ചായയും കഴിച്ചാൽ കാശ് ചെലവാകും. എന്നിട്ട് ഒരു ചായ മാത്രം കുടിക്കും. പക്ഷേ ഹോട്ടലിൽ നിന്നിറങ്ങാൻ മനസുവരില്ല. ആ ബണ്ണിന്റെ വാസന ഇപ്പോഴും വശീകരിച്ചുകൊണ്ടേയിരിക്കുന്നു.
മമതയുള്ളവർ നല്ല മനുഷ്യരാകും
കഷ്ടപ്പാടിൽ നിന്നാണ് ഞാൻ ഈ ജീവിതം എന്താണെന്ന് പഠിച്ചത്. അതുകൊണ്ടാണ് ഞാൻ ഇത്രയും ഓപൺ ആയതും. ഞാൻ ആരെയും വിഷമിപ്പിക്കില്ല. ഞാൻ അറിയാതെ പോലും മറ്റുളളവര്‍ക്ക് ഒരു വിഷമം ഉണ്ടാക്കരുതെന്നാണ് ചിന്തിക്കുന്നത്. കാരണം മറ്റുള്ളവരുടെ വിഷമം എനിക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും. അനുഭവത്തിലൂടെ എല്ലാം ശരിയാകും. അനുഭവമാണ് ഗുരു. ആദ്യം നമ്മൾ നമ്മളെ തന്നെ വിശ്വസിക്കുക, ബഹുമാനിക്കുക. നമുക്ക് എന്തെങ്കിലും കുറവുണ്ട് എന്നുള്ളത് പുറമേ കാണിക്കാതിരിക്കുക. തെറ്റുപറ്റിയാലും സാരമില്ല. തെറ്റുതിരുത്തി ധൈര്യമായി മുന്നോട്ടു പോകുക.