ഞാൻ വിവാഹമോചിതനാണ് പക്ഷേ ഇത് എന്റെ കഥയല്ല: ‘ആഭ്യന്തര കുറ്റവാളി’ സംവിധായകൻ അഭിമുഖം

Mail This Article
വിവാഹജീവിത്തിൽ സംഭവിക്കുന്ന കുരുക്കിൽപെട്ട് ജീവിതം നഷ്ടപ്പെടുന്ന പുരുഷന്മാരുടെ കഥപറഞ്ഞെത്തിയ സിനിമയാണ് 'ആഭ്യന്തര കുറ്റവാളി'. ആസിഫ് അലിയെ നായകനാക്കി നവാഗതനായ സേതുനാഥ് പദ്മകുമാർ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം കുടുംബജീവിതത്തിൽ തോറ്റു പോകുന്ന ചില പുരുഷന്മാരുടെ നേർക്കാഴ്ചയാണ് പങ്കുവക്കുന്നത്. ‘എല്ലാ സ്ത്രീകളും ഇരകളല്ല, അതുപോലെ എല്ലാ പുരുഷന്മാരും മോശക്കാരല്ല’ എന്ന മെസ്സേജോടെ വന്ന ചിത്രത്തിന്റെ തിരക്കഥ സേതുനാഥ് തന്നെ നേരിട്ട് കണ്ടറിഞ്ഞ ചില പുരുഷന്മാരുടെ ജീവിതത്തിൽ നിന്ന് പ്രേരണയുൾക്കൊണ്ട് എഴുതിയതാണ്. 12 വർഷമായി നിരവധി സംവിധായകരോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് സേതുനാഥ് തന്റെ ആദ്യചിത്രവുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ഈ സിനിമ ഒരു സ്ത്രീവിരുദ്ധ സിനിമയല്ല എന്നും സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങൾ ദുരുപയോഗം ചെയ്യുമ്പോൾ അതിൽ പെട്ട് ജീവിതം കൈമോശം വരുന്ന പുരുഷന്മാരുടെ ദുരവസ്ഥയാണ് പറയാനുദ്ദേശിച്ചതെന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ സേതുനാഥ് പറയുന്നു.
സിനിമയോ? നോ, ആദ്യം പഠിക്കൂ
ഞാൻ പന്ത്രണ്ടോളം സിനിമകളിൽ അസ്സോ. ഡയറക്ടർ ആയി വർക്ക് ചെയ്തിട്ടുണ്ട്. ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 'ആഭ്യന്തര കുറ്റവാളി'. അതിന്റെ കഥയും തിരക്കഥയും ഞാൻ തന്നെയാണ് എഴുതിയത്. ‘ഇഷ്ഖ്’ എന്ന ചിത്രത്തിൽ അനുരാജ് മനോഹറിനോടൊപ്പം ആയിരുന്നു ആദ്യമായി വർക്ക് ചെയ്‌തത്, ജയസൂര്യയുടെ ‘അന്വേഷണം’ എന്ന പടത്തിൽ അസ്സോ. ഡയറക്ടർ ആയി, ആനപ്പറമ്പിലെ വേൾഡ് കപ്പ്, ഹെവൻ, മഹാവീര്യർ തുടങ്ങി പന്ത്രണ്ടോളം പടങ്ങളിൽ വർക്ക് ചെയ്തു. വളരെ ചുരുങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 20 വയസ്സ് കഴിഞ്ഞപ്പോൾ ഞാൻ സിനിമയിൽ വർക്ക് ചെയ്യണം എന്ന താൽപര്യം വീട്ടിൽ പറഞ്ഞു. പക്ഷേ മാതാപിതാക്കൾക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ല അവർ എന്നെ എംബിഎക്കു വിട്ടു. അതിനു ശേഷം ഒൻപതു വർഷത്തോളം ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്തു. സിനിമയോടുള്ള ഇഷ്ടം കാരണം ജോലി കളഞ്ഞിട്ട് വെസ്റ്റ്ഫോർഡ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഒരുവർഷത്തെ കോഴ്സ് ചെയ്തിരുന്നു. അതിനു ശേഷമാണ് സിനിമയിലേക്ക് എത്തിയത്.

ആത്മകഥയല്ല വേദനിക്കുന്ന പുരുഷന്മാരുടെ കഥ
കഥ എഴുത്തും സംവിധാനവും ആയിരുന്നു എന്നും മനസ്സിൽ. എഴുതി പൂർത്തിയാക്കിയ രണ്ടുമൂന്നു കഥയുണ്ട് കയ്യിൽ. ആദ്യം ഈ കഥ തന്നെ ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാൻ വിവാഹമോചിതനാണ് പക്ഷേ ഇത് എന്റെ കഥയല്ല. ഞാൻ കല്യാണം കഴിഞ്ഞ് പത്തുദിവസം കഴിഞ്ഞപ്പോൾ പിരിഞ്ഞതല്ല, അഞ്ചാറ് വര്ഷം കഴിഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്. കുടുംബകോടതിയിൽ കയറിയിറങ്ങുമ്പോൾ കണ്ട പല ജീവിതങ്ങളാണ് ഈ കഥയെഴുതാനുള്ള പ്രചോദനം. പുരുഷന്മാർ വേദനകൾ ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും അവരും നോവുന്ന മനുഷ്യരാണ്. ഡിവോഴ്സ് ഒരു വേദനിപ്പിക്കുന്ന പ്രോസസ്സ് ആണ്. നമ്മൾ ഒരു പങ്കാളിയെ തെരഞ്ഞെടുക്കുന്നത് ജീവിതകാലത്തേക്ക് അല്ലേ, അതിനാണല്ലോ വിവാഹം എന്നൊരു സമ്പ്രദായം നമ്മുടെ നാട്ടിൽ ഉള്ളത്. പക്ഷേ ഒരിക്കലും മുന്നോട്ട് ഒരുമിച്ച് പോകാൻ പറ്റിയില്ലെങ്കിൽ വഴക്കും ബഹളവും ഇല്ലാതെ സുഹൃത്തുക്കളായി പിരിയുക തന്നെയാണ് നല്ലത്.
മകനുവേണ്ടി കോടതിയിൽ പോരാടി ഒടുവിൽ വക്കീലായി
സിനിമ കണ്ടിട്ട് എന്നെ ഒരാൾ വിളിച്ചു, മകനെ കാണാൻ വേണ്ടി കേസുകൊടുത്ത അച്ഛനാണ്. കേസ് കോടതിയിൽ എത്തിയപ്പോൾ വക്കീൽ സംസാരിച്ചിട്ട് ശരിയാകാതെ അയാൾക്ക് കയറി സംസാരിക്കേണ്ടി വന്നു. അങ്ങനെ ഒറ്റക്ക് വാദിച്ച് ജയിച്ച് മകന്റെ സംരക്ഷണം നേടിയെടുത്തു. അതിനു ശേഷം പുള്ളി എൽഎൽബി പഠിച്ചെടുത്തു. ഇപ്പോൾ ആള് വക്കീൽ ആണ്, മെൻസ് റൈറ്റ് ഫൗണ്ടേഷന്റെ പരിപാടികളും ഉണ്ട്. ഞാൻ പറഞ്ഞു ഭയങ്കര പ്രചോദനം തരുന്ന ജീവിതമാണല്ലോ, സ്വന്തം മകനുവേണ്ടി വാദിക്കുക അതിൽ നിന്ന് പ്രേരണ ലഭിച്ച് വക്കീൽ ആവുക, അങ്ങനെ ഒരാൾ നമ്മുടെ സിനിമയെക്കുറിച്ച് വിളിച്ച് സംസാരിച്ചപ്പോൾ വലിയ സന്തോഷം തോന്നി. മറ്റൊരാൾ പറഞ്ഞത് അയാളും അമ്മയും കൂടി സിനിമ കാണാൻ പോയപ്പോൾ തിയറ്ററിൽ നിന്ന് ഇറങ്ങി അമ്മ ചോദിച്ചത് നീ വിവാഹമോചനത്തിന്റെ സമയത്ത് ഇങ്ങനെയുള്ള വേദന അനുഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു, അമ്മയുടെ കണ്ണ് നിറഞ്ഞുപോയി. .
ദുരുപയോഗം ചെയ്യുന്ന നിയമങ്ങൾ
498 എ എന്ന സെക്‌ഷനിൽ വരുന്ന കേസുകളിൽ 20 ശതമാനത്തോളം തെറ്റായ കേസുകളാണെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടുണ്ട്. ഈ നിയമം സ്ത്രീകളെ സംരക്ഷിക്കാനാണ്, ഞാനൊരിക്കലും ആ നിയമത്തെ കുറ്റം പറയില്ല. 498 എ വന്നതിനു ശേഷം അക്രമങ്ങൾ കുറഞ്ഞിട്ടുണ്ട്. പക്ഷേ ആ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്, 20 ശതമാനം ആണുങ്ങൾ ഇരയാകുന്നുണ്ട്. അതാണ് ഞാൻ ആഭ്യന്തര കുറ്റവാളി എന്ന സിനിമയിൽ പറയാൻ ആഗ്രഹിച്ചത്. നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നാണ് പറഞ്ഞത്. നോർത്തിന്ത്യയിൽ എവിടെയോ നിരവധി പേരെ കല്യാണം കഴിച്ച് ഡിവോഴ്സ് ആയ യുവതി എല്ലാവരിൽ നിന്നും മാസം തോറും ജീവനാംശം വാങ്ങുന്നുണ്ട് എന്ന് പത്രത്തിൽ വായിച്ചു. വളരെ കാലത്തിനു ശേഷമാണ് അത് കണ്ടെത്തിയത്.

കുടുംബ കോടതിയിൽ വരുന്ന കേസുകളിൽ പലതും ഇതുപോലെയുള്ളതാണ്. കുറെ ആരോപണങ്ങൾ കൂടുമ്പോഴാണല്ലോ കേസിനു ബലം കൂടുന്നത് അത്തരത്തിൽ വക്കീൽ പറഞ്ഞുകൊടുത്ത് എഴുതിക്കുന്നുണ്ട്, അങ്ങനെ ആണുങ്ങൾ ഫ്രെയിം ചെയ്യപ്പെടുന്നുണ്ട്. മക്കാറിക്ക എന്ന ഹരിശ്രീ അശോകൻ ചെയ്ത വേഷം കുടുംബ കോടതിയുമായി നേരിട്ട് ബന്ധമില്ല. വിവാഹമോചന സമയത്ത് പുരുഷന്റെ 50 % സ്വത്ത് പെൺകുട്ടിക്ക് അവകാശപ്പെടാൻ പറ്റും. അങ്ങനെ വന്ന കേസുകൾ നിരവധിയുണ്ട്, അതിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്ന ആണുങ്ങളും നാട്ടിലുണ്ട്. ജീവിതം കണ്ട ആളുകൾക്ക് ഈ സിനിമ കണ്ടാൽ മനസ്സിലാകും. ഒരുപക്ഷേ ചെറിയ കുട്ടികൾക്ക് സിനിമ മനസ്സിലായെന്നു വരില്ല. ജീവിതം കണ്ടവർക്ക് സഹദേവനേയും മക്കാറിക്കയേയും ഒക്കെ മനസിലാകും. ഇതുപോലെ ആത്മഹത്യ ചെയ്ത അപ്പനെക്കുറിച്ച് പറഞ്ഞ ഒരു ഫോൺ കാൾ എനിക്ക് വന്നിട്ടുണ്ട്.
എല്ലാവരും തെറ്റുകാരല്ല
ഈ സിനിമയിൽ പല ജീവിതങ്ങൾ കാണിക്കുന്നുണ്ട്. ഫാൾസ് ആയ കേസുകൊടുത്ത് കുടുങ്ങിയ മൂന്നു പുരുഷൻമാരുടെയും ഭാര്യമാർ എന്തെങ്കിലുമൊക്കെ കുഴപ്പക്കാർ ആയിരിക്കാം. മക്കാറിക്കയുടെ ഭാര്യയുടെ വേഷം നല്ല ഒരു സ്ത്രീ ആയാണ് അവതരിപ്പിക്കുന്നത്. സ്വന്തമായി കഷ്ടപ്പെട്ട് വീടും കൂടി നോക്കുന്ന ഒരു സാധാരണക്കാരിയാണ് അനില വക്കീൽ. അനിലയ്ക്ക് കേസ് വാദിക്കാൻ അറിയില്ല, അതിൽ തെറ്റില്ല കാരണം പഠിച്ചു എന്ന് കരുതി എല്ലാവര്ക്കും വാദിക്കാൻ കഴിയണം എന്നില്ല. അതൊക്കെ ഒരുപാട് കാലത്തേ അനുഭവപരിചയം വേണം. മറിച്ച് അനില വളരെ നല്ല മനസ്സുള്ള ഒരു സ്ത്രീയാണ്. സഹദേവന്റെ ഭാര്യ സ്വാർഥതാല്പര്യത്തിനു വേണ്ടി ഒരു ചെറുപ്പക്കാരന്റെ ജീവിതം തുലച്ചതാണ്. ഈ രണ്ട കഥാപാത്രവും ചെയ്യാൻ ഞാൻ ലീഡ് ആർട്ടിസ്റ്റുകളെ ഒന്നും കൊണ്ടുവരാത്തതിന് കാരണം അവർ ഇങ്ങനെ ഒക്കെ ചെയ്യാം എന്നൊരു പ്രതീക്ഷ വരാതിരിക്കാൻ ആണ്. ഒരു നിഷ്കളങ്കയായ പുതുമുഖത്തെ കാണിച്ചാൽ പ്രേക്ഷകർക്ക് അവർ ഏതു രീതിയിൽ പെരുമാറും എന്നൊരു തോന്നൽ ഉണ്ടാകില്ല. അതുകൊണ്ടാണ് രണ്ടു കഥാപാത്രങ്ങളും പുതുമുഖങ്ങൾ ആകട്ടെ എന്ന് കരുതിയത്. ശ്രേയ രുഗ്മിണി പവി കെയർ ടേക്കറിൽ അഭിനയിച്ചിട്ടുണ്ട്.
ഈ സിനിമ നടക്കാൻ കാരണം ആസിഫ് അലിയാണ്
ആസിഫ് അലിയെ തന്നെ മനസ്സിൽ കണ്ടാണ് ഞാൻ ഈ കഥ എഴുതിയത്. നാലുവർഷം മുൻപാണ് ‘മഹാവീര്യർ; എന്ന സിനിമ വന്നത്. ആ സിനിമ ചെയ്യുമ്പോൾ ആസിഫിനോട് ഞാൻ എനിക്കൊരു കഥ പറയാനുണ്ട് എന്ന് പറഞ്ഞു. ആസിഫ് ചോദിച്ചു എന്താണ് ടൈറ്റിൽ. ഞാൻ പറഞ്ഞു 'ആഭ്യന്തര കുറ്റവാളി'. ആസിഫ് പറഞ്ഞു പേര് നല്ല രസമുണ്ടല്ലോ. കല്യാണം കഴിച്ചതിന്റെ പേരിൽ ഒരാൾ കുറ്റവാളി ആകുമ്പോൾ, സ്റ്റേറ്റിൽ ഏറ്റവും പവർഫുൾ ആയ ആഭ്യന്തരം എന്ന സംഭവവും കുറ്റവാളി എന്ന വാക്കും ചേർത്താണ് ആ പേര് വന്നത്. അന്നേ ആസിഫിനോട് കഥയുടെ വൺ ലൈൻ പറഞ്ഞിരുന്നു. ആസിഫിനെ പോലെ ഒരു നടൻ തന്ന പിന്തുണയാണ് ഈ സിനിമയ്ക്ക് ഒരു പ്രൊഡ്യൂസറെ കിട്ടാൻ കാരണം. ഈ സിനിമ വിവാദമാകും, ചർച്ച ചെയ്യപ്പെടും എന്നറിഞ്ഞുകൊണ്ടു തന്നെ ഒരു പ്രമുഖ നടൻ അഭിനയിക്കാൻ തയാറായത് ഒരു വലിയ ധൈര്യമാണ്. ആസിഫ് തന്ന പിന്തുണയും ധൈര്യവും കാരണമാണ് ‘ആഭ്യന്തര കുറ്റവാളി’ സംഭവിച്ചത്.
അഭിനന്ദനങ്ങൾ ലഭിക്കുമ്പോൾ
ഈ സിനിമ ചെയ്യാൻ തയാറായതിനെ അഭിനന്ദിച്ചുണ്ട് ഒരുപാട് ഫോൺ കോളുകൾ വരുന്നുണ്ട്. ഞാൻ പറഞ്ഞ കഥ പലർക്കും സ്വന്തം അനുഭവമായി തോന്നുന്നു എന്നൊക്കെയാണ് എനിക്ക് വരുന്ന മെസേജുകൾ. സോഷ്യൽ മീഡിയയിൽ ഒരുപാടുപേർ ഈ സിനിമയെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്, അത് വലിയ സന്തോഷമാണ്. ‘കാതൽ’ എന്ന സിനിമ ഏതു കോടി ക്ലബ്ബിൽ ആണ് എന്ന് ആരും ചോദിച്ചിട്ടില്ല. പക്ഷേ നല്ല സിനിമയാണ്. അതുപോലെ തന്നെ ആകും ഈ സിനിമ’ എന്നാണ് ജഗദീഷ് ഏട്ടൻ പറഞ്ഞത്. തിയറ്ററിൽ നല്ല തുടക്കമാണ് കിട്ടിയത് വരും ദിവസങ്ങളിലും തീയറ്റർ നിറയെ പ്രേക്ഷകർ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.