Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽപം സീരിയസായി അലൻസിയർ

kasaba-alancier

‘മരണം വരെയും അഭിനയിക്കാനാണ് എനിക്കിഷ്ടം.. ആ ജോലി മാത്രമേ ഞാൻ ചെയ്യൂ.. ഒരു അഭിനേതാവിന്റെ വരുമാനവും സൗകര്യങ്ങളുമേ നീ എന്നിൽനിന്നു പ്രതീക്ഷിക്കാവൂ.. കൂടുതൽ ഒന്നും ഉണ്ടാവില്ല... ഇതൊക്കെ സമ്മതമാണെങ്കിൽ നമുക്ക് ഒരുമിച്ചു ജീവിക്കാം..’ പ്രണയകാലത്ത് അലൻസിയർ സുശീലാ ജോർജിനോട് പറഞ്ഞു.

ഡയലോഗ് തീരും മുൻപേ സുശീല അലൻസിയറിന്റെ കൈപിടിച്ചു ജീവിതസഖിയായി. ഇരുവരും ചേർത്തുപിടിച്ച തീരുമാനങ്ങൾ പിന്നീടൊരിക്കലും ഇളകിയതുമില്ല..

∙ മുതിർന്ന മോഹം

സ്കൂൾ കാലത്ത് നാടക വേദികളായിരുന്നു അലൻസിയർ ലേ ലോപ്പസിനു പ്രിയം. ക്രിസ്മസ് അവധിക്കാലത്തു തിരുവനന്തപുരം പുത്തൻതോപ്പ് എന്ന ഗ്രാമത്തിലെത്തുന്ന നാടകങ്ങൾ സ്കൂൾ തുറക്കുമ്പോൾ അവിടെ അവതരിപ്പിക്കുകയായിരുന്നു പ്രധാന വിനോദം. ആദ്യമൊക്കെ വീട്ടുകാർ പ്രോത്സാഹിപ്പിച്ചെങ്കിലും മുതിർന്നപ്പോഴും അഭിനയം തന്നെയാണു അലൻസിയറിന്റെ മനസ്സിൽ എന്നറിഞ്ഞു വീട്ടിൽ ഭൂകമ്പം ഉണ്ടായി. വീടു മൊത്തം കുലുങ്ങി; അലൻസിയർ മാത്രം കുലുങ്ങിയില്ല..

alancier

∙ സൗഹൃദ സിനിമകൾ

സൗഹൃദങ്ങളില്ലായിരുന്നെങ്കിൽ അലൻസിയർ എന്ന നടൻ ഇൗ ഭൂമുഖത്തേ ഉണ്ടാകുമായിരുന്നില്ല... സുഹൃത്തും ഛായാഗ്രാഹകനുമായ വേണുവിന്റെ ദയ എന്ന ചിത്രത്തിലൂടെയാണ് അലൻസിയർ വെള്ളിത്തിരയിലെത്തിയത്. രാജീവ് രവിയോടുള്ള സൗഹൃദം വഴി അന്നയും റസൂലും മുതൽ കമ്മട്ടിപ്പാടം വരെയുള്ള ചിത്രങ്ങൾ. ഫർഹാൻ നായകനായ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിതത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടതോടെ ഫഹദ് ഫാസിലുമായി പരിചയം.. മൺസൂൺ മാംഗോസിലേക്ക്. ഫഹദ് തന്നെയാണു മഹേഷിന്റെ പ്രതികാരത്തിലേക്കും അലൻസിയറിന്റെ പേര് നിർദേശിച്ചത്. ഒടുവിൽ മമ്മൂട്ടിയോടുള്ള സൗഹൃദം വഴി കസബയിലേക്കും തോപ്പിൽ ജോപ്പനിലേക്കും അലൻസിയറെത്തി. കസബയിൽ സീരിയസ് റോൾ ആണ്. ഇൗ മാസം മൂന്നു ചിത്രങ്ങളാണു പുറത്തിറങ്ങാനുള്ളത്. ഇപ്പോഴും സൗഹൃദങ്ങൾ വളർന്നുകൊണ്ടേയിരിക്കുന്നു.

Maheshinte Prathikaram Malayalam Film Comedy Scene

∙ ആർട്ടിസ്റ്റ് ബേബി

‘ചേട്ടൻ അഭിനയിക്കണ്ട.. വെറുതേ പെരുമാറിയാ മതിയെന്നാണ്.’. മഹേഷിന്റെ പ്രതികാരത്തിന്റെ ചിത്രീകരണത്തിനിടെ സംവിധാകൻ ദിലീഷ് പോത്തൻ പറഞ്ഞിരുന്നത്.. കോമഡി വഴങ്ങില്ലെന്നു തോന്നിയെങ്കിലും അലൻസിയർ അതനുസരിച്ചു. മുടി അൽപ്പം നീട്ടി വളർത്തി.. കുറ്റിത്താടിവച്ചു.. ആറുമാസത്തോളം ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചാണു ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്കരൻ രൂപപ്പെടുത്തിയത്. അതുകൊണ്ടുതന്നെ അഭിനേതാക്കൾക്ക് ആയാസം കുറഞ്ഞു. സൂക്ഷ്മഭാവങ്ങൾ പോലും സംവിധായകൻ ആവശ്യപ്പെട്ടതുപോലെ നൽകിയാൽ മതി..ആക്‌ഷൻ പറഞ്ഞതോടെ ആർട്ടിസ്റ്റ് ബേബിയായി. ടേക്ക് എല്ലാം ഓകെ.. അലൻസിയർ കൊമീഡിയനായി..

alencier

∙ സ്റ്റീവ് ലോപ്പസ് വീട്ടിലുണ്ട്..

അലൻസിയറിനും സുശീലയ്ക്കും രണ്ട് ആൺ മക്കൾ.. മൂത്തത് അലൻ സാവിയോ ലോപ്പസ്.. രണ്ടാമൻ അലൻ സ്റ്റീവ് ലോപ്പസ്.. അലൻസിയറിന്റെ രണ്ടാമത്തെ മകന്റെ പേരാണ് ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലെ നായകനെ വിളിച്ചത്.. ‘ശരിക്കും ബ്രേക്ക് നൽകി ഒരു കൊമേഴ്സ്യൽ സിനിമയുടെ ആളെന്ന പദവി നൽകിയ ചിത്രം ഞാൻ സ്റ്റീവ് ലോപ്പസാണ്. നേരത്തെ ആകാമായിരുന്നു. ചാൻസ് ചോദിച്ച് ആരുടെയും മുന്നിൽ ചെന്നു കൈനീട്ടിയില്ല.. ഇതൊരു അഹങ്കാരം പറച്ചിലല്ല.. എനിക്കുതന്നെ ഒരു അപകർഷതാബോധമായിരുന്നു. അതുകൊണ്ട് ഇങ്ങോട്ടുവന്നതൊന്നും മോശമായിട്ടില്ല..’ – അലൻസിയർ പറയുന്നു.

∙ 51 വർഷത്തെ കൊയ്ത്ത്

പ്രശസ്തിക്കു പിന്നാലെ പോകരുത്.. കർമം ചെയ്യുക ബാക്കിയെല്ലാം പിന്നാലെ വരുമെന്നാണ് അധ്യാപകൻ നൽകിയിരുന്ന ഉപദേശം. അത് അക്ഷരംപ്രതി ഇന്നും അനുസരിച്ചിട്ടേയുള്ളൂ അലൻസിയർ. ‘ഇതുവരെ വിതയ്ക്കുകയായിരുന്നു... ഇപ്പോൾ ആളുകൾ തിരിച്ചറിയാൻ തുടങ്ങി.. സിനിമകളിലേക്കുള്ള വിളികൾ ഏറി.. ദൈവത്തിലും കർമത്തിലും സമയത്തിലും സൗഹൃദങ്ങളിലും വിശ്വസിച്ചുകൊണ്ട് ഞാൻ എന്റെ 51–ാം വയസ്സിൽ കൊയ്ത്തു തുടങ്ങട്ടെ...!! ’ – അലൻസിയർ പറഞ്ഞ് അവസാനിപ്പിച്ചു.. 

Your Rating: