Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാംപസിനെ ചങ്ങലയ്ക്കിടുന്നത് അപകടം: അരുന്ധതി

arundathi

കാംപസുകളിൽ ഇന്നു നടക്കുന്ന ഒാണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ പോസീറ്റീവ് ആയി കാണണമെന്ന് അരുന്ധതി. സി.ഇ.ടി കൊളേജിലുണ്ടായ അപകടവും കൊളേജ് വിദ്യാര്‍ഥിനകളില്‍ പ്രേമം സിനിമയുടെ സ്വാധീനവും തന്‍റെ നിലപാടുകളിലൂടെ, അരുന്ധതി മനോരമ ഓണ്‍ലൈനിനോട് പങ്കുവക്കുന്നു....

മാറുന്ന ഒാണം, വിവാദം

ഒാണം എന്നത് ഹൈന്ദവരുടെ കൃത്യമായി പറഞ്ഞാൽ നായൻമാരുടെ കൃത്യമായ ചട്ടക്കൂടുകളിൽ ഒതുങ്ങിയ ഒന്നായിരുന്നു. എന്നാൽ ഇന്നത്തെ ക്യാംപസുകളിൽ കുട്ടികൾ അതിനെ ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും വേർതിരിവുകളില്ലാതെ ആഘോഷിക്കുകയാണ്. സദ്യയും ഊഞ്ഞാലും മാവേലിയുമായിരുന്നു ഒാണത്തിന്റെ ട്രേഡ്മാർക്കെങ്കിൽ അതിനെ പൊട്ടിച്ച് സിനിമാറ്റിക് ഡാൻസും ഡിജെയും ഉൾപ്പെടെയുള്ള പരിപാടികൾ വരുന്നത് നല്ലമാറ്റാണ്.

രണ്ടാമത്തെ കാര്യം ഒാണാഘോഷം ഇത്തരത്തിൽ അമിതാവേശത്തോടെ നടത്തുന്നത് പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളാണ്. അതിന്റെ പ്രധാന കാരണം അടിച്ചമർത്തപ്പെട്ട സ്വാന്തത്രമാണ്. പഠനത്തിനുപുറമേ അവർക്ക് ലഭിക്കുന്ന ഏക അവസരമാണ് ഇത്തരം ആഘോഷങ്ങൾ അതിനാൽ തന്നെ കുട്ടികൾ അത് പരമാവധി ഉപയോഗിക്കുന്നു. കൂടാതെ ഇത്തരം സ്ഥാപനങ്ങളിൽ പഠിക്കുന്നവർ ഭൂരിഭാഗവും സാമ്പത്തികമായി മെച്ചപ്പെട്ടു നിൽക്കുന്നവരാണ് എന്നതാണ് പ്രധാനവിമര്‍ശനം. അതിനാൽ തന്നെ പണത്തിന്റെ ബുദ്ധിമുട്ട് വരുന്നില്ല. മറ്റൊരു പോസറ്റീവായവശം ഇവിടെ ആൺ–പെൺ വ്യത്യാസമില്ല എന്നതാണ്.

പുറത്തുവന്ന ചിത്രങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെയാണ് ആഘോഷിക്കുന്നത്. ഇത് മുതിർന്നവരെ ചൊടിപ്പിക്കുന്നുണ്ടാകും. പെൺകുട്ടികൾ അടങ്ങി ഒതുങ്ങി ഇരിക്കണമെന്നാണ് ഇവരെ മനസിൽ അതിനാൽ ഒരു അവസരം ലഭിക്കുമ്പോൾ ക‍ൃത്യമായി ആക്രമിക്കുന്നു. സെറ്റ് സാരിയുടുത്ത് മുല്ലപ്പൂവച്ച് അണിഞ്ഞൊരുങ്ങി നടക്കാനും സദ്യവിളമ്പാനും ഊഞ്ഞാലാടാനും പൂക്കളമിടാനും മാത്രമല്ല ആൺകുട്ടികൾക്കൊപ്പം ട്രക്കിന്റെ മുകളിൽ കയറാനും ലോറിയിൽ കയറാനും അവർക്കും സാധിക്കുമെന്നത് തെളിയിക്കുകയാണ്.

ആഘോഷത്തിനിടയിലെ അപകടം, മരണം

കാര്യങ്ങൾ ഇങ്ങിനെയാണെങ്കിലും തിരുവനന്തപുരം സിഇടി കോളജിൽ ഉണ്ടായ സംഭവത്തെ ന്യായീകരിക്കാൻ സാധിക്കില്ല. എന്നാൽ അവിടെയുണ്ടായത് സംഭവിക്കാൻ പാടില്ലാത്ത ഒരു അപകടമായിരുന്നു. എന്നാൽ മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാവരും കൊലപാതകമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത് ഇത് ശരിയല്ല. കാംപസിലെ ഒാണാഘോഷവുമായി ബന്ധപ്പെട്ട് ഇരുനൂറോളം കുട്ടികൾക്കെതിരെ പൊലീസ് കേസുടുത്തതായി വാർത്ത കണ്ടു. എന്നാൽ കൊളേജ് മാനേജ്മെന്റിനെതിരെ നടപടിയുള്ളതായി കണ്ടില്ല. എന്തുകൊണ്ടാണ് വിദ്യാർഥികൾക്കെതിരെ മാത്രം നടപടിയെടുക്കുന്നത്. എപ്പോഴും ഞങ്ങൾ മുതിർന്നവർ പ്രായമുള്ളവർ എന്നൊക്കെ പറഞ്ഞ് ഇത്തരമൊരു സന്ദർഭത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കാതെ കുട്ടികളെ മാത്രം ബലികൊടുക്കുകയാണ് ചെയ്യുന്നത് ഇത് ശരിയല്ല. സിഇടി വിഷയത്തിൽ ധാർമികതമാത്രമല്ല നിയമപരമായും കാര്യങ്ങൾ പാലിച്ചിട്ടില്ല. കാമ്പസിനുള്ളിൽ ഇത്രയും വാഹനങ്ങൾ തടയാൻ കഴിഞ്ഞില്ലെങ്കിൽ അത് അഡ്മിനിസ്ട്രേറ്റിന്റെ വീഴ്ചയാണ്.

ന്യൂജെൻ സിനിമ ഡിജിപിയുടെ പ്രതികരണം

അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം ഡിജിപി ടി.പി. സെൻകുമാറിന്റെ പ്രതികരണമാണ്. ന്യൂജനറേഷൻ സിനിമകളുടെ മോശം സ്വാധീനം കുട്ടികളെയും കാംപസിനെയും ബാധിക്കുമെന്ന് അദ്ദേഹം പറയുന്നു. അങ്ങിനെയെങ്കിൽ പണ്ട് രതിനിർവേദം കണ്ട് കേരളത്തിലെ കാംപസുകൾ അരാജകമായി പോകേണ്ടതായിരുന്നില്ല. എന്തു കൊണ്ടാണ് അന്ന് ഒരു പൊലീസുദ്യോഗസ്ഥനും ഇത്തരമൊരു അഭിപ്രായപ്രകടനം നടത്താതിരുന്നത്. കാലം കഴിയും തോറും ഇത്തരക്കാരുടെ ചിന്താഗതി എത്ര പുറകോട്ടാണ് പോകുന്നതെന്ന് ഡിജിപിയുടെ വാക്കിലൂടെ വ്യക്തമാകും.

കറുത്ത ഷർട്ടും മുണ്ടും പിന്നെ പ്രേമവും

ഇതോടൊപ്പം തന്നെ പറയേണ്ടതാണ് പ്രേമം സിനിമ യുവാക്കൾക്കിടയിൽ ഉണ്ടാക്കുന്ന സ്വാധീനം. ഈ സിനിമയ്ക്ക് മുൻപും കേരളത്തിലെ ക്യാംപസുകളിൽ ആൺകുട്ടികൾ മുണ്ടും ഷർട്ടും ധരിച്ച് ക്യാംപസിൽ ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. മുണ്ടും ഷർട്ടും എന്നത് മാന്യമായ വസ്ത്രം തന്നെയാണല്ലോ? പണ്ട് കാംപസിൽ പഠിച്ചിരുന്നവർ സിനിമകളിലെ നായകനെയും നായികമാരെയും അനുകരിച്ചിരുന്നു. അന്നൊന്നും ആർക്കും പരാതിയില്ലായിരുന്നു.

ഇപ്പോൾ കാണിക്കുന്നത് ഒരു തരം അസഹിഷ്ണുതയാണ്. അതിന്റെ കാരണം പ്രേമം സിനിമയാണ്. ഈ സിനിമയില്‍ വിദ്യാർഥി അധ്യാപികയെ പ്രേമിക്കുകയും കോളജിൽ മദ്യപിക്കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ മധ്യവർഗ ജനതയുടെ മൂല്യങ്ങൾക്ക് എതിരാണ്. ഇതിനെതിരെ പ്രതികരിക്കാൻ അവർക്ക് ഇതുവരെ ഒരവസരം കിട്ടിയിരുന്നില്ല. ഇപ്പോൾ ഒരവസരം കിട്ടിയപ്പോൾ കോളജ് വിദ്യാർഥികളുടെ മേൽ പഴിചാരുകയാണ്.

ഇനിയെന്ത്?

ഇത്തരം സംഭവങ്ങൾ വലിയ വാർത്തയായതോടെ ഇനിയെന്താണ് നടപടിയെന്നാണ് കാണേണ്ടത്. കൂടുതൽ അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോവുക. ക്യാംപസുകളിൽ ആഘോഷങ്ങൾക്ക് നിയന്ത്രണം വയ്ക്കുന്നതോടെ കുട്ടികൾ കൂടുതൽ അസ്വസ്ഥരാകും. അവരെ വീണ്ടും ചങ്ങലയ്ക്കിടുന്നത് പോലെയാകും. ഇതോടെ സ്വാതന്ത്രത്തിനായി അവർ കൂടുതൽ തിടുക്കം കാണിക്കുകയും ലഭിക്കുന്ന ചെറിയ അവസരം പോലും പരമാവധി ഉപയോഗിക്കുകയും ചെയ്യും. ഇത് ക്യാംപസുകളെ കൂടുതൽ അപകടത്തിലേക്ക് നയിക്കും. ചെറുപ്പക്കാർ അമ്മാൻസിൻഡ്രമിന് ചെവികൊടുക്കാതെ മുന്നോട്ടു പോവുകയാണ്, ആൺ പെൺ വിഭജനങ്ങൾ അടിച്ചേൽപ്പിക്കാൻ എത്ര ശ്രമിച്ചിട്ടും കാര്യമുണ്ടാവില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.