Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതൊരു മുഴുനീള പൊലീസ് സിനിമ: എബ്രിഡ് ഷൈൻ

nivin-abrid നിവിൻ പോളി, എബ്രിഡ് ഷൈൻ

രണ്ടു വർഷം മുൻപു 2014 ജനുവരി 31 നാണു നിവിൻപോളിയും എബ്രിഡ് ഷൈനും 1983– ൽ ഒത്തുചേർന്നത്. രണ്ടു വർഷത്തിനു ശേഷം ആക്‌ഷൻ ഹീറോ ബിജുവുമായി അതേ ജോടി വരുമ്പോൾ എബ്രിഡ് ഷൈൻ പ്രതീക്ഷ പങ്കുവയ്ക്കുന്നു.

ആക്‌ഷൻ ഹീറോ ബിജു ആക്‌ഷൻ സിനിമയാണോ ?

ഇതൊരു മുഴുനീള പൊലീസ് സിനിമയാണ്. എന്നാൽ, പത്തും ഇരുപതും പേരെ ഇടിച്ചു തെറിപ്പിക്കുന്ന പൊലീസല്ല. നർമത്തിന്റെ മേമ്പൊടിയുള്ള ചിത്രമാണ്. എറണാകുളം നഗരത്തിലെ സബ് ഇൻസ്പെക്ടറായ ബിജു പൗലോസിന്റെ കഥ. ഔദ്യോഗിക ജീവിതത്തിൽ അയാളുടെ ഇടപെടലുകൾ. വ്യക്തി ജീവിതത്തിലെ സംഘർഷങ്ങൾ. അതിനിടയിലെ നർമ മുഹൂർത്തങ്ങൾ എല്ലാം ഉൾപ്പെട്ട സിനിമ. ആക്‌ഷൻ എന്നു പറഞ്ഞാൽ ശരീരം കൊണ്ടുള്ള ആക്‌ഷൻ മാത്രമല്ല. ലീഗലായുള്ള ആക്‌ഷനും അതിന്റെ ഭാഗമാണ്.

action-hero-biju

നർമമാണോ ഏറ്റവും ആകർഷിക്കുന്നത് ?

മൂന്നു സിനിമകൾ ഒരുമിച്ചു റിലീസ് ചെയ്താൽ ഞാനാദ്യം കാണാൻ പോകുന്നത് എന്നെ നന്നായി ചിരിപ്പിക്കുന്ന സിനിമയായിരിക്കും. സ്വീകാര്യത സിനിമാ തിയറ്ററിലെത്തിയാലേ പ്രവചിക്കാൻ കഴിയൂ. രണ്ടാമത്തെ ചിത്രത്തിൽ പേടിയുണ്ടോ എന്ന് എന്നോടു ചിലർ ചോദിച്ചിട്ടുണ്ട്. തീർച്ചയായും പ്രേക്ഷകന്റെ ചിന്താശേഷിയോട് അങ്ങേയറ്റം ബഹുമാനമുള്ളയാളാണു ഞാൻ.

action-hero-biju

നിവിൻ വളരെ നീണ്ടൊരു സമയം ഈ സിനിമയ്ക്കു വേണ്ടി തന്നു ?

തീർച്ചയായും. നല്ല സിനിമയ്ക്കു വേണ്ടി എന്തു ത്യാഗവും ചെയ്യുന്നയാളാണു നിവിൻ. ഞങ്ങൾക്കിടയിൽ മികച്ച ധാരണയുണ്ട്. സൗഹൃദവും. ഈ സിനിമ ചെയ്യുമ്പോൾ വളരെ ആസ്വദിച്ചു തികച്ചും നാച്വറലായി സിനിമ ചെയ്യണം എന്നൊരു തീരുമാനമെടുത്തിരുന്നു. റിലീസ് ഡേറ്റ് വളരെ നേരത്തെ ഫിക്സ് ചെയ്ത് അതിലേക്കു ശ്വാസം പിടിച്ച് ഓടണ്ട എന്നും തീരുമാനിച്ചിരുന്നു. അതിനൊപ്പം നിവിൻ പൂർണമായും നിന്നു. നിവിൻ നി‍ർമാണവുമേറ്റതോടെ ആ വിശ്വാസം പൂർണമായി. ചിത്രം പകുതിയിലേറെ സ്പോട്ട് ഡബ്ബിങ്ങായിരുന്നു. പരിസരത്തിന്റെ മൂഡ് ലഭ്യമാക്കാനായിരുന്നു ഇത്.

nivin-action-hero

ജെറി അമൽദേവിന്റെ തിരിച്ചു വരവ് ?

ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കുട്ടികളുടെ ഒരു ക്യാംപിൽ പങ്കെടുത്തപ്പോൾ ഒരു സ്കൂൾ കുട്ടി മനോഹരമായ പാട്ടു പാടി ഡാൻസ് ചെയ്യുന്നത് ഇപ്പോഴും മറക്കാൻ കഴിയുന്നില്ല. പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തൂ... എന്ന പാട്ടായിരുന്നു അത്. ആരും മതിമറന്നു പോകുന്ന സംഗീതം. സംഗീതത്തിന്റെ യൂണിവേഴ്സിറ്റിയാണു ജെറിസാർ.