Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈന മുതൽ മിലി വരെ, അമല മാജിക്!

Amala Paul അമല പോൾ

മൈനയായി സിനിമോലോകത്തേക്ക് പറന്നിറങ്ങിയ അമല പോളിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന നായികയായി അമല മാറി. ഒട്ടേറെ സൂപ്പർതാരങ്ങൾക്കൊപ്പം സ്ക്രീനിൽ അഭിനയിച്ച അമലയ്ക്ക് ഭർത്താവായി കിട്ടിയത് ഒരു സൂപ്പർ സംവിധായകനെ. വിവാഹശേഷം അഭിനയം നിർത്തി വീട്ടിലിരിക്കുന്ന നടിമാർക്ക് അപവാദമായി തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രവുമായി മിലി എന്ന ചിത്രത്തിലൂടെ അമല വീണ്ടും നമുക്ക് മുന്നിലെത്തിയിരിക്കുന്നു.

∙മിലി എന്ന ചലഞ്ചിനെ എങ്ങനെ സ്വീകരിച്ചു , മറികടന്നു?

മിലി ഒരു ഡെസ്റ്റൈൻഡ് മൂവി ആണെന്ന് ഞാൻ വിശ്വസിക്കുന്നു. രണ്ടു വർഷം മുമ്പ് വേരൊരു സംവിധായകൻ ഇതേ കഥ എന്നോട് പറഞ്ഞിരുന്നു. മിലി ചെയ്യാനുള്ള എറ്റവും വലിയ കാരണം സംവിധായകൻ രാജേഷ് പിള്ളയാണ്. ക്യാമറയുടെ മുന്നിലേക്ക് പോകുന്നതിന് മുമ്പ് സീൻ വിശദീകരിച്ച് തന്ന് അദ്ദേഹം ആ മൂഡിലേക്ക് നമ്മളെ എത്തിക്കും. എന്റെ എല്ലാ സ്വഭാവത്തെയും മാറ്റേണ്ടി വന്നു ഇതിനായി. മിലിയായി അഭിനയിക്കുകയായിരുന്നില്ല മറിച്ച് ജീവിക്കുകയായിരുന്നു. മനസ്സിന് സന്തോഷം നൽകുന്ന ആളുകളെ മോട്ടിവേറ്റ് ചെയ്യുന്ന ചിത്രമാണ് മിലി. മെയ്ക്ക് അപ്പ് ഇല്ലാതെ ചെയ്ത സിനിമയാണ്. മൈനയാണ് ഇതിന് മുമ്പ് മെയ്ക്ക് അപ്പില്ലാതെ അഭിനയിച്ച ചിത്രം.

∙മൈനയിലും മിലിയിലും ടൈറ്റിൽ റോളുകൾ അതേ പേരിൽ സിനിമകൾ

ഞാൻ ചെയ്ത ടൈറ്റിൽ റോളുകളുടെ പേര് തന്നെ സിനിമയ്ക്ക് വന്നത് മാത്രമാണ് അവ രണ്ടും തമ്മിലുള്ള സാമ്യം. മൈന ഒരു ലവ് സ്റ്റോറിയാണ്. സുരുളിയുടെയും മൈനയുടെയും പ്രണയകഥ. മിലി എന്നാൽ ചെറിയ ചില സ്വഭാവവൈകല്യങ്ങളൊക്കെയുള്ള ഒരു പെൺകുട്ടിയുടെ കഥയാണ്. ആ വൈകല്യങ്ങളെ എങ്ങനെ മറികടക്കുന്നുവെന്നതാണ് സിനിമ നമുക്ക് കാണിച്ചു തരുന്നതും.

മിലിയുടെ കിടിലൻ ക്ലൈമാക്സ്

മിലിയുടെ ഏറ്റവും വലിയ പ്രത്യേകത ആ സിനിമയുടെ ക്ലൈമാക്സാണ്. ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. ഷൂട്ടിന്റെ അന്ന് രാവിലെയാണ് എനിക്ക് സ്ക്രിപ്റ്റ് കിട്ടിയത്. അത് വായിച്ചപ്പോൾ തന്നെ ഞാൻ എക്സൈറ്റഡ് ആയി. തീയറ്ററിലും നിറഞ്ഞ കയ്യടിയാണ് ക്ലൈമാക്സിനു കിട്ടുന്നത്. എന്നെ സംബന്ധിച്ച് ഏറ്റവും ആഹ്ലാദപൂർണമായ നിമഷങ്ങളാണ് അത്.

ജീവിതം കല്യാണത്തിന് മുമ്പും പിമ്പും

സത്യത്തിൽ എനിക്ക് കല്യാണം കഴിഞ്ഞതായി പോലും തോന്നുന്നില്ല. വിജയ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ആ സുഹൃത്തിനെ എന്റെ ജീവിത പങ്കാളിയായി കിട്ടുകയെന്നത് വലിയ ഭാഗ്യം. കല്യാണം എന്നെ മാറ്റിയിട്ടേയില്ല. ഞാൻ എന്താണോ അതാവാൻ എന്നെ അനുവദിക്കുന്നയാളാണ് വിജയ്.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ ഗർഭം

ഒരു പത്രം എഴുതിയ വാർത്തയാണത്. പിന്നീട് ഞാൻ തന്നെ എന്റെ പോസ്റ്റിൽ അത് തെറ്റാണെന്ന് വ്യക്തമാക്കുകയും ചെയ്തു. മാധ്യമങ്ങളെ ഞാൻ കുറ്റം പറയില്ല. അതിനെതിരെ പരാതിയൊന്നുമില്ല. ആരാധകരുടെ പിന്തുണ എനിക്കുണ്ട്. ആരാധകരുമായി ഒരു ബന്ധം ഉണ്ടാവുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. ഒരു നാണയത്തിന് രണ്ടു വശങ്ങൾ ഉള്ളത് പോലെ സോഷ്യൽ മീഡിയയ്ക്കും ഗുണവും ദോഷവുമുണ്ട്.

ചെറുപ്രായത്തിൽ തന്നെ മോഹൻലാലിന്റെ നായിക. അതും തുടരെ തുടരെ വേഷങ്ങൾ?

ലാലേട്ടന്റെ കൂടെ അഭിനയിക്കുകയെന്നത് സ്വപ്നങ്ങൾക്കുമപ്പുറമാണ്. ലാലേട്ടന്റെ വലിയൊരു ഫാൻ തന്നെയാണ് ഞാൻ. റൺ ബേബി റൺ കണ്ടവർ പറഞ്ഞു ഞങ്ങൾ തമ്മിൽ നല്ലൊരു കെമിസ്ട്രി ഉണ്ടെന്ന്. ലൈലാ ഓ ലൈലാ തുടങ്ങിയപ്പോഴും എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ രണ്ടു ദിവസം കഴിഞ്ഞാൽ ഒക്കെ ശരിയാവും. സെറ്റിലെ എല്ലാവരെയും കംഫർട്ടബിൾ ആക്കുന്നയാളാണ് ലാലേട്ടൻ.

ഒരു സ്റ്റാർ ആവുമെന്ന് നേരത്തെ വിചാരിച്ചിരുന്നോ?

ഒരിക്കലും ഒരു സ്റ്റാറാവുമെന്നോ ഇത്ര വലിയ ഒരു നടിയാവുമെന്നോ ഞാൻ വിചാരിച്ചിരുന്നില്ല. എന്റെ രണ്ടാമത്തെ സിനിമ ഞാൻ കാണുന്നത് 5 പേർക്ക് ഒപ്പമിരുന്നാണ്. ആദ്യ രണ്ടു ചിത്രങ്ങളും പരാജയങ്ങളായിരുന്നു. മൈന ചെയ്തതിനു ശേഷമാണ് എന്റെ കരിയർ സിനിമ തന്നെയാണെന്ന് ഉറപ്പിച്ചത്. എല്ലാത്തിനും നന്ദി എന്റെ അച്ഛനോടും അമ്മയോടും സഹോദരനോടുമാണ്. അവരില്ലായിരുന്നെങ്കിൽ ഒരിക്കലും ഇൗ ഉയരത്തിൽ എനിക്ക് എത്താനാകില്ലായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.