Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാനും പെട്ടു ന്യൂജനറേഷൻ ലേബലിൽ: ആസിഫ് അലി

asif

നടനിൽ നിന്നും നിർമാതാവിന്റെ റോളിലേക്ക് ചുവടുറപ്പിക്കുകയാണ് ആസിഫ് അലി. നായകനായും അതിഥിയായും നിർമ‍ാതാവിന്റെ വേഷത്തിലുമൊക്കെ തിളങ്ങുന്ന ആസിഫ് തന്റെ പുതിയ ചിത്രമായ കവി ഉദ്ദേശിച്ചത് എന്ന സിനിമയുടെ വിശേഷങ്ങൾ മനോരമ ഒാൺലൈനുമായി പങ്കുവയ്ക്കുന്നു.

എന്തുകൊണ്ടാണ് കവി ഉദ്ദേശിച്ചത് എന്ന കൊച്ചു ചിത്രം നിർമിച്ചത്?

ന്യൂ ജനറേഷൻകാരുടെ ലേബലിൽ പെട്ടുപോയ നടന്മാരിൽ ഒരാളാണ് ഞാൻ. കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിൽ ഗ്രാമത്തിന്റെ ഭംഗിയുണ്ട്. നിഷ്ക്കളങ്കതയുണ്ട്. സ്ക്രിപ്ട് കേട്ടപ്പോൾ അതൊക്കെയാണ് മനസിൽ വന്നത്. പിന്നെ ബിജുവേട്ടനെ തിരക്കഥ കേൾപ്പിച്ചു ഇഷ്ടമായി. നരേനെ കേൾപ്പിച്ചു. അപ്പോൾ ഒരു ധൈര്യം കിട്ടി. പിന്നീടാണ് ഇൗ ചിത്രത്തിന്റെ പ്രാധാന്യം മനസിലാക്കി ഇത് തട്ടിക്കൂട്ടായി നിർമിക്കണ്ട പടമല്ല എന്നു തീരുമാനിക്കുന്നതും, നിർമാണം ഏറ്റെടുക്കുന്നതും. ഇതിലെ എല്ലാ നടന്മാരും കഥ കേട്ടിരുന്നു. അതിന് ശേഷമാണ് ഇൗ നിർമിക്കാം എന്നു എനിക്കു തോന്നിയത്.

asif-1

നിർമാണം ശരിക്കും റിസ്ക്കല്ലേ?

അതെ പക്ഷേ, സിനിമയാണ് എനിക്കെല്ലാം. സിനിമയിൽ സജീവമാകുക എന്നത് എന്റെ വലിയ ആഗ്രഹമാണ്. എനിക്ക് ഒറ്റയ്ക്ക് സിനിമ നിർമിക്കാനുള്ള കെൽപൊന്നും ഇല്ല. എന്റെ സുഹൃത്ത് സജിൻ ആണ് നമുക്ക് പ്രൊഡക്ഷൻ രംഗത്തേക്കു വന്നാലോ എന്ന് ചോദിക്കുന്നതും സിനിമയെടുക്കാൻ ഞങ്ങൾ തീരുമാനിക്കുന്നതും. സജിൻ ഡോക്ടറാണ്. അവനാണ് മുതൽമുടക്കുന്നത്. എന്റെ പേര് നൽകിയാൽ ആളുകൾക്ക് കുറച്ചുകൂടി സിനിമയോട് അടുപ്പം തോന്നുമെന്ന് വിചാരിച്ച് നൽകുന്നതാണ്. പിന്നെ സിനിമയിൽ എല്ലാവരും സുഹൃത്തുക്കളാണ്. അവരുടെ സപ്പോർട്ട് ഉണ്ട്.

നല്ല കഥയും സംവിധായകരുമൊക്കെയാണെങ്കിൽ നിർമാണം അത്ര റിസ്ക്കല്ല. കവി ഉദ്ദേശിച്ചത് സംവിധാനം ചെയ്ത ലിജുവിനെ പണ്ടേ എനിക്കറിയാം. ലിജുവിനെ സൈലന്റ് കില്ലർ എന്നാണ് വിളിക്കുക. ഞാൻ വികെപിസാറിനോടൊപ്പം പടം ചെയ്യുന്ന സമയത്ത് ലിജു അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്നു. അന്നാണ് ഇവരെല്ലാം ചേർന്ന് രമണിയേച്ചിയുടെ നാമത്തിൽ എന്ന ഹ്രസ്വചിത്രം എടുക്കുന്നതും അത് വൈറൽ ഹിറ്റായി മാറുന്നതും. അന്നേ ഞാൻ പറഞ്ഞിരുന്നു എനിക്ക് ലിജുവിന്റെ കൂടെ സഹകരിക്കാൻ താൽപര്യമുണ്ടെന്ന്, നല്ല കഥവരികയാണെങ്കിൽ അറിയിക്കണമെന്ന്. ലിജുവും അദ്ദേഹത്തിന്റെ ബന്ധുവുമായ തോമസും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടുപേരും കഴിവുള്ളവർ തന്നെയാണ്

നിർമാണത്തിലെ മാർക്കറ്റിങ് പഠിച്ചോ?

തീർച്ചയായും. കോഹിനൂർ വളരെ ലാവിഷായി ചിത്രീകരിക്കുകയായിരുന്നു. ആദ്യമായി നിർമിക്കുന്നതിന്റെ എക്സൈറ്റ്മെന്റ്ുണ്ടായിരുന്നു. എന്നാൽ കവി ഉദ്ദേശിച്ചതിൽ എത്തിയപ്പോൾ നമുക്ക് തന്നെ ഒരു ധാരണവന്നു. പിന്നെ ഇതിന്റെ വിതരണവും ഞങ്ങൾ തന്നെയാണ്. അങ്ങനെ വിതരണരംഗത്തേക്കും കടക്കാൻ കഴിഞ്ഞു.

kavi-uddeshichathu

എന്നെങ്കിലും സംവിധാനമുണ്ടാകുമോ?

അയ്യോ, അതൊന്നും പറയാൻ പറ്റില്ല, അഭിനയത്തിൽ തന്നെ തെളിഞ്ഞുവരുന്നതേ ഉള്ളൂ. കാത്തിരുന്നു കാണാം.

ബിജുമേനോനുമായുള്ള കൂട്ടുകെട്ട് വീണ്ടും?

ഒാർഡിനറി ചെയ്യുന്ന സമയത്ത് തുടങ്ങിയ അടുപ്പമാണ് ബിജുച്ചേട്ടനുമായിട്ട്. വെള്ളിമൂങ്ങയിലേക്ക് വിളിക്കുന്നതും ബിജുചേട്ടനാണ്. ‘എടാ ഒരു ഗസ്റ്റ് റോളുണ്ട്, നീ വന്ന് ചെയ്യണമെന്ന് പറഞ്ഞു. ആ വർഷം ഞാൻ ചെയ്ത മുഴുനീള വേഷങ്ങളേക്കാൾ അഭിനന്ദനം കിട്ടിയത് ആ വേഷത്തിനാണ്. ബിജുവേട്ടൻ സ്ക്രിപ്ട് തിരഞ്ഞെടുക്കാൻ മിടുക്കനാണ്. കവി ഉദ്ദേശിച്ചത് എന്ന ചിത്രവും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടുവെന്നു പറ‍ഞ്ഞപ്പോഴാണ് എനിക്ക് സമാധാനമായത്. ഭയങ്ക പോസിറ്റീവ് ഫീലാണ് ബിജുവേട്ടൻ തരുന്നത്.

അനുരാഗക്കരിക്കിൻ വെള്ളത്തിൽ അദ്ദേഹം എന്നെ തല്ലുന്ന സീനിൽ എന്റെ അഭിനയം വളരെ നാച്ചുറലായെന്ന് എല്ലാവരും പറഞ്ഞു. അത് ശരിക്കും തല്ലിയതാണോ എന്നും പലരും ചോദിച്ചു. എന്നാൽ ആ സീനിെനക്കുറിച്ച് സംവിധായകൻ നേരത്തേ തന്നെ പറഞ്ഞിരുന്നു. അതുകൊണ്ട് അതു ഭംഗിയാക്കാൻ പറ്റി.

kavi-uddeshichathu-1

ആസിഫ് ഗസ്റ്റ് റോളിൽ വന്നാൽ പടം വിജയിക്കുമെന്നു പറയുന്നതിനു കാരണം?

അത് എങ്ങനെയൊക്കെയോ സംഭവിക്കുന്നതാണ്. നല്ല കഥയും സിനിമയുമാണെങ്കിൽ പടം വിജയിക്കും. അതിൽ ഞാൻ അറിയാതെ അഭിനയിച്ചുപോകുന്നുവെന്നേ ഉള്ളൂ. ദൈവാനുഗ്രഹം എന്നുപറയാം. അല്ലാതെ എന്റെ മാത്രം ഭാഗ്യം കൊണ്ടൊന്നുമല്ല പടം ഹിറ്റാകുന്നത്.

സിനിമയിലെ വോളിബോൾ ക്ലൈമാക്സ്?

വോളിബോൾ അറിയാവുന്നവർക്ക് കാണുമ്പോൾ ശരീരഭാഷയെങ്കിലും ശരിയാണെന്നു തോന്നണം എന്നു പ്രതീക്ഷിച്ചിരുന്നു. ആർമിയിൽ നിന്നുള്ള കോച്ചിനെ കൊണ്ടുവന്നായിരുന്നു പ്രാക്ടീസ് ചെയ്തത്. എല്ലാവരും റൂമിലാണെങ്കിൽ പോലും വോളിബോൾ പതുക്കെ തട്ടിനോക്കുമായിരുന്നു. ശരിക്കും സ്കൂള്‍ കോളജ് സമയത്തേതുപോലെ പ്രാക്ടീസ് ചെയ്തു. അതിന്റെ ഫലമാണ് സിനിമയിൽ കണ്ടത്.

thomas-liju-asif

പുലിമുരുകനോടൊപ്പം സിനിമ റിലീസ് ചെയ്യാൻ കാരണം?

വളെര മുന്നേ തീരുമാനിച്ചിരുന്നതാണ് പൂജാ അവധിക്ക് ചിത്രം റിലീസ് ചെയ്യണമെന്ന്. കാരണം ഇത്രയും അവധികൾ ഒരുമിച്ച് വരുന്ന സമയമാണ്. കുട്ടികളോട് പോയിരുന്നു പഠിക്കെടാ, സിനിമയ്ക്ക് പോകരുതെന്ന് ആരും പറയില്ല. പിന്നീടാണ് അറിഞ്ഞത് പുലിമുരുകനും തോപ്പിൽ ജോപ്പനും വരുന്നുണ്ടെന്ന്. . പിന്നെ ഇൗ പ്രൊജക്ടിൽ ഒരു വിശ്വാസമുണ്ടായിരുന്നു. പുലിമുരുകൻ ഒരു വൈറൽ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. തുറന്നു പറഞ്ഞാൽ അതുകൊണ്ട് കുറച്ച് പ്രശ്നങ്ങളൊക്കെ ഉണ്ട്. പിന്നെ പുലിമുരുകൻ കണ്ടു കഴിഞ്ഞാൽ ആളുകൾ ഇൗ സിനിമകാണാൻ വരുമല്ലോ എന്ന പ്രതീക്ഷയിലാണ്.

പുതിയ ചിത്രങ്ങൾ?

അടുത്ത പ്രൊഡക്ഷനെക്കുറിച്ച് ഒന്നു തീരുമാനിച്ചിട്ടില്ല. ഹണീബി സെക്കന്റ്, അഡ്വഞ്ചേഴ്സ് ഒാഫ് ഒാമനക്കുട്ടൻ, അവരുടെ രാവുകൾ എന്നിവയാണ് പുതിയ ചിത്രങ്ങൾ.

Your Rating: