Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലീലയിലെ കുട്ടിയപ്പൻ; ബിജു മേനോൻ പറയുന്നു

biju-menon-leela

മിനിമം ഗാരന്റിയുള്ള നടനാണു ബിജു മേനോൻ. വെള്ളിമൂങ്ങയും മധുരനാരങ്ങയും അനാർക്കലിയും കുഞ്ഞിരാമായണവുമൊക്കെ അതാണു അടിവരയിടുന്നത്. കുടുംബ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത. പല പേരുകളും പറഞ്ഞു കേട്ടതിനു ശേഷമാണു രഞ്ജിത്ത്-ആർ. ഉണ്ണി കൂട്ടുകെട്ടിന്റെ ലീലയിൽ ബിജുമേനോൻ നായകനാകുന്നത്. നായക കഥാപാത്രമായ കുട്ടിയപ്പനിൽ ബിജു മേനോന് ഏറെ പ്രതീക്ഷകളുണ്ട്.

എങ്ങനെയായിരിക്കും കുട്ടിയപ്പനെ അവതരിപ്പിക്കുക ?

ഒരുപാടുപേർ വായിച്ചിട്ടുള്ള കഥയാണു ലീല. വളരെ ഹൈപ്പുള്ള പ്രേ‌ാജക്ടാണെന്നറിയാം. പബ്ലിഷ് ചെയ്ത നോവലോ കഥയോ സിനിമയാക്കുന്നതിൽ ആദ്യമായാണ് അഭിനയിക്കുന്നത്. ഞാൻ ചെയ്യുന്ന ഒരു വേഷത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും ആദ്യമായിട്ടാണ്. കഥ കേട്ടപ്പോൾ തന്നെ എക്സൈറ്റഡായിരുന്നു. ഈ കഥാപാത്രം ലഭിച്ചതു ഭാഗ്യമാണ്. സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞതു വച്ചാണു നമ്മൾ തയാറെടുത്തിട്ടുള്ളത്. പരമാവധി ചെയ്യാൻ കഴിഞ്ഞെന്നാണു വിശ്വാസം.

കഥാപാത്രത്തിനായുള്ള ഒരുക്കം ?

സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും മനസ്സിലൊരു സിനിമയുണ്ട്. ആദ്യ സീൻ എടുത്തു കഴിഞ്ഞു ഇതാണോ നിങ്ങൾ ഉദ്ദേശിക്കുന്നതെന്നു ചോദിച്ചപ്പോൾ ഇതുമതി, ഈ ലൈൻ തന്നെ ഇനിയങ്ങോട്ടു പിടിച്ചാൽ മതിയെന്നാണു രഞ്ജിത്ത് പറഞ്ഞത്. കുട്ടിയപ്പൻ ഒറ്റയ്ക്കു ജീവിക്കുന്നയാളാണ്. സമൂഹം നോക്കുമ്പോൾ കുഴപ്പം പിടിച്ച ആളാണെങ്കിലും ഇയാളിൽ ഒട്ടേറെ നൻമകളുണ്ട്. മറ്റുള്ളവർക്കു ഭ്രാന്തനാണെന്നു തോന്നുമെങ്കിലും എല്ലാ കാര്യങ്ങളും വളരെ ആത്മാർഥമായി ചെയ്യുന്നയാളാണ്. തോന്നിയ പോലെ നടക്കുന്നയാളായതിനാൽ വേഷത്തിലും ആ ഒരു അലസത കാണാം. കൂടുതലും കുർത്തയാണു േവഷം.

ഹാസ്യത്തിന്റെ മേമ്പൊടിയുള്ള ഒട്ടേറെ കഥാപാത്രങ്ങൾ ഈയിടെ െചയ്തു, ലീലയിലും അതു പ്രതീക്ഷിക്കാമോ ?

കുട്ടിയപ്പൻ സീരിയസായിട്ടാണ് ഓരോ കാര്യവും ചെയ്യുന്നതെങ്കിലും കണ്ടു നിൽക്കുന്നവർക്ക് അതു തമാശയാണ്. പ്രേക്ഷകർക്കു രസിക്കുമെന്നു തന്നെയാണു പ്രതീക്ഷ.

അടുത്ത ചിത്രങ്ങൾ ?

അനുരാഗ കരിക്കിൻ വെള്ളം, ആസിഫ് അലിയുടെ അച്ഛനായി അഭിനയിക്കുന്നു. പൊലീസുകാരനാണ്. വി.കെ. പ്രകാശിന്റെ മരുഭൂമിയിലെ ആന എന്ന സിനിമയിൽ അറബിയായും വേഷമിടുന്നു.

സീരിയസ് വേഷങ്ങളിൽ നിന്നു കോമഡിയിലേക്കുള്ള മാറ്റം ?

ഒന്നും നമ്മൾ പ്ലാൻ ചെയ്യുന്നതല്ല. മേരിക്കുണ്ടൊരു കുഞ്ഞാടിൽ എന്റെ കഥാപാത്രം സീരിയസാണ്. തമാശയ്ക്കായി ഒന്നും ചെയ്യുന്നില്ല. പക്ഷേ, പ്രേക്ഷകരിൽ അയാളുടെ രീതികൾ ചിരിയുണർത്തുന്നു. തുടർന്നു ഹ്യൂമർ ടച്ചുളള സീനിയേഴ്സ്, ഓർഡനറി എന്നീ സിനിമകൾ വന്നു. അറിയാതെ അത്തരം കഥാപാത്രങ്ങളിലേക്കു വരികയായിരുന്നു. ആളുകൾക്കു രസിക്കുന്ന സിനിമകളോടാണു താൽപര്യം. ആ മട്ട് വേഷങ്ങളിലേക്കു ഞാൻ എത്തിപ്പെടുകയായിരുന്നു. ഇപ്പോൾ ഒരേ സമയം സീരിയസ് സിനിമയും ഹാസ്യ ചിത്രങ്ങളും പ്രേക്ഷകർ കാണാൻ തയാറാണെന്നതാണ്. അതു വലിയ മാറ്റമാണ്. കൂടുതൽപ്പേർ ഇപ്പോൾ തിയറ്ററുകളിൽ സിനിമ കാണാൻ വരുന്നുണ്ട്. ആർട്ടിസ്റ്റ് എന്നതിലുപരി കഥ നന്നാവണം, സിനിമ നന്നാവണം എന്ന ചിന്ത എല്ലാവർക്കുമുണ്ട്. ആർട്ടിസ്റ്റുകൾക്ക് ഏറെ സ്വാതന്ത്ര്യമുണ്ട് ഏതു കഥാപാത്രവും പരീക്ഷിക്കാം. നിയന്ത്രണങ്ങളൊന്നുമില്ല.

ഹീറോ ചെയ്യാൻ പേടിയാണെന്നു പറഞ്ഞിട്ടുണ്ട്, പക്ഷേ, വെള്ളിമൂങ്ങ ?

ഇപ്പോഴും അങ്ങനെയൊക്കെ തന്നെയാണ്. ഏറെ ആത്മവിശ്വാസം നൽകിയ കഥയായതു കൊണ്ടു ചെയ്തതാണ്. വെള്ളിമൂങ്ങയുടെ കഥ കേൾക്കുമ്പോൾ തന്നെ അറിയാമായിരുന്നു ഇതു നാലു കാലിൽ വീഴുന്ന ഒരു പൂച്ചയാണെന്ന്. എനിക്കു പ്രോജക്ട് ഉണ്ടാക്കാൻ ഒന്നും അറിയില്ല. വരുന്ന സിനിമകളിൽ നല്ലതു െചയ്യാനാണു ശ്രമിക്കുന്നത്.

Your Rating: