Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമല്‍ഹാസന് വേണ്ടി മലയാളത്തില്‍ തിരക്കഥ എഴുതും

boby-sanjay-latest

ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ കമല്‍ഹാസന്‍ ചിത്രമൊരുങ്ങുന്നു. അതും മലയാളത്തില്‍. പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളുമായി ബോബി-സഞ്ജയ് മനോരമ ഓണ്‍ലൈനില്‍...

∙കമൽ ഹാസനും സൂര്യയും നിങ്ങളുടെ സ്ക്രിപ്റ്റ് ചോദിച്ചെന്നു കേട്ടു?

ട്രാഫിക് സിനിമ കണ്ടു കമൽ ഹാസൻ ഇത്തരമൊരു നിർദേശവുമായി ഞങ്ങളെ ചെന്നൈയ്ക്കു വിളിപ്പിച്ചിരുന്നു. ട്രാഫിക് തമിഴിൽ അദ്ദേഹത്തിനു ചെയ്യണമെന്നും ഉണ്ടായിരുന്നു. പക്ഷേ, അതു നടന്നില്ല. മുംബൈ പൊലീസ് കണ്ടതോടെ അദ്ദേഹത്തിനു താൽപര്യമേറി. രണ്ടു വട്ടം നേരിൽ കണ്ടു ചർച്ചകൾ നടത്തി. ഞങ്ങൾ എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിലാവും കമൽ ഹാസൻ അഭിനയിക്കുക. അദ്ദേഹം ഞങ്ങളെ വിളിപ്പിച്ചതു ചെറിയ കാര്യമല്ല. അദ്ദേഹത്തിനായുള്ള കഥയിലേക്കിറങ്ങിയിട്ടില്ല. ആലോചനകൾ നടക്കുന്നു. നൂറു ശതമാനവും അദ്ദേഹത്തെ ആവശ്യപ്പെടുന്ന ചിത്രമായിരിക്കും. അക്കാര്യത്തിൽ റോഷനും നിർബന്ധമുണ്ട്. 36 വയതിനിലെ എന്ന ചിത്രത്തിനു ശേഷം റോഷനോട് തമിഴിൽ ഒരു സിനിമ ചെയ്യാമോ എന്നു സൂര്യ ചോദിച്ചിരുന്നു. സ്ക്രിപ്റ്റ് എഴുതാൻ റോഷൻ ഞങ്ങളെ നിർദേശിക്കുകയാണുണ്ടായത്. അതും നടന്നേക്കും.

∙ ഇരുവരും ചേർന്നുള്ള കഥയെഴുത്തു രീതി എങ്ങനെയാണ്?

ബോബി കോട്ടയത്താണ്. ഞാൻ കൊച്ചിയിലും (സഞ്ജയ് പറയുന്നു). കഥാചർച്ചകൾ പലപ്പോഴും ഫോൺ വഴിയാണ്. സീനുകളുടെ നീക്കുപോക്കുകൾ വരെ ഫോണിലാവും തീരുമാനിക്കുക. ആരെങ്കിലും ഒരാൾ എഴുതും. ആഴ്ചയിലൊരിക്കൽ കണ്ടുമുട്ടി എഴുതിയതു മിനുക്കിയെടുക്കും.

∙ കഥയുടെ ആശയം ആർക്കാണ് പതിവായി കിട്ടാറ്?

രണ്ടുപേരുടെ മനസ്സിലും ആശയങ്ങൾ വന്നുവീഴാറുണ്ട്. എന്റെ കുട്ടിക്കാലത്തെ അനുഭവത്തിൽ നിന്നുണ്ടായതാണ് ‘എന്റെ വീട് അപ്പൂന്റേം’. എന്നാൽ ‘അയാളും ഞാനും തമ്മിൽ’ ബോബിയുടെ ആശയമായിരുന്നു. ഞങ്ങളുടെ കോട്ടയത്തെ അയൽവീട്ടുകാരന്റെ അനുഭവത്തിൽ നിന്നാണു ‘ നിർണായകം’ രൂപപ്പെടുന്നത്. മനസ്സിൽ കൊളുത്തി വലിക്കുന്ന ത്രഡുകൾ ആരുടെ മനസ്സിൽ ഉണ്ടായാലും അതിനെ സിനിമയിലേക്കെഴുതുക ഞങ്ങൾ ഒരുമിച്ചാണ്.

∙ കാസനോവ, തോറ്റുപോയ തിരക്കഥയല്ലേ?

തീർച്ചയായും. ഞങ്ങൾ എഴുതിത്തോറ്റ തിരക്കഥയാണത്. തിരക്കഥാകൃത്തുക്കൾ എന്ന നിലയിൽ ആ ചിത്രത്തിൽ ഞങ്ങൾ ഒരൽപം ഉഴപ്പിയോ എന്നു സംശയമുണ്ട്. നോട്ട്ബുക്കിനു ശേഷം പ്ളാൻ ചെയ്ത സിനിമയായിരുന്നു അത്. പക്ഷേ, ആറേഴു വർഷം വൈകിയ ശേഷം ഒരു തിരുത്തിയെഴുത്തിനു മെനക്കെട്ടില്ല. ഇന്നും ഞങ്ങൾക്കു പ്രിയതരമായ പടമാണത്. നല്ല സംവിധാനം, മികച്ച ചിത്രീകരണവും ഛായാഗ്രഹണവും, എഡിറ്റിങ്ങിലെ തികവ്, മോഹൻലാൽ എന്ന നടന്റെ സാന്നിധ്യം... ഇതെല്ലാം ഉണ്ടായിട്ടും ഫലപ്രദമായി വിനിയോഗിക്കാൻ തിരക്കഥാകൃത്തുക്കൾ എന്ന നിലയിൽ ഞങ്ങൾക്കായില്ല.

∙ കാസനോവയുടെ തോൽവി പഠിപ്പിച്ചതെന്താണ്?

ആത്മവിശ്വാസത്തിൽ എവിടെയെങ്കിലും ചെറിയ ചോർച്ചയുണ്ടായാൽ അതു തിരുത്തി മാത്രം സിനിമയാകാൻ തിരക്കഥയെ അനുവദിക്കണമെന്നു കാസനോവ ഞങ്ങളെ പഠിപ്പിച്ചു. ഇതൊന്നും വളരെ ലാഘവത്തോടെയല്ല കാണേണ്ടത്. മോഹൻലാൽ വലിയൊരു നടനാണ്. അദ്ദേഹത്തിലെ നടനെ കാണാതെ അദ്ദേഹത്തിലെ താരത്തെ കണ്ടെഴുതിയതാണു കാസനോവയിൽ ഞങ്ങൾക്കു പറ്റിയ മറ്റൊരു പിഴവ്. വില്ലൻ കഥാപാത്രത്തെ പ്രതികാരത്തോടെ വെടിവച്ചു കൊല്ലുന്നിടത്താണു കാസനോവ അവസാനിക്കുന്നത്. അത്തരമൊരു കഥാസമീപനം ഞങ്ങളിൽ നിന്ന് ആളുകൾ പ്രതീക്ഷിക്കുന്നില്ലെന്നു തോന്നുന്നു. അതുകൊണ്ടുതന്നെ, അധമ വികാരങ്ങളെ മഹത്വവൽക്കരിക്കുന്ന മട്ടിൽ ഇനി എഴുതരുതെന്നുണ്ട്.

∙ പൊതുവേ വിമർശന ശരങ്ങൾ അധികം ഏറ്റിട്ടില്ല നിങ്ങൾക്ക്?

ശരിയാണ്. ഈശ്വരാധീനം കൊണ്ടു മാധ്യമങ്ങളും ഓൺലൈൻ പ്ളാറ്റ്ഫോമും സമൂഹ മാധ്യമങ്ങളും ഞങ്ങളെ അത്രമേൽ വിമർശിച്ചിട്ടില്ല. പക്ഷേ, കൃത്യമായ വിമർശനങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ട്. അതു ഞങ്ങൾ മുഖവിലയ്ക്കെടുത്തിട്ടുമുണ്ട്. അത്തരം വിലയിരുത്തലുകൾ ഞങ്ങളുടെ എഴുത്തിനെ രാകിമിനുക്കാനേ സഹായിച്ചിട്ടുള്ളൂ.

∙ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ എഴുത്തുകാർ എന്ന നിലയിൽ സ്വന്തമായി ഇരിപ്പിടമായി എന്നു തോന്നുന്നുണ്ടോ?

ഇല്ലേയില്ല. അങ്ങനെയൊന്നുമില്ല. സിനിമയുടെ വലിയൊരു പാരമ്പര്യമുള്ള പശ്ചാത്തലത്തിൽ നിന്നാണു ഞങ്ങളുടെ വരവ്. ആ പിൻബലം ഞങ്ങൾക്കെന്നും കരുത്താണ്. തിരക്കഥകൾ ജയമോ പരാജയമോ എന്നു തീരുമാനിക്കുന്നത് ഒാരോ വെള്ളിയാഴ്ചകളുമാണ്. എഴുതുന്ന സിനിമയെല്ലാം ഹിറ്റാകും എന്ന ധാരണയൊന്നും ഞങ്ങൾക്കില്ല. പ്രേക്ഷകരെ വലിയ ബഹുമാനത്തോടെ വേണം സമീപിക്കാൻ എന്ന തോന്നൽ മനസ്സിലെന്നും കെടാതെ സൂക്ഷിക്കുന്നു. കാരണം അവർ തരുന്ന രണ്ടര മണിക്കൂർ വിലപ്പെട്ടതാണ്. മൂന്നരക്കോടി ജനങ്ങളോടു സംവദിക്കാൻ കിട്ടുന്ന അവസരമാണിതെന്ന തികഞ്ഞ ബോധവും തോന്നലുമാണു ഞങ്ങളെ ഇന്നറിയുന്ന തിരക്കഥാകൃത്തുക്കൾ ആക്കിയതെന്നു പറയാം.