Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരാജേട്ടനെ പറ്റിച്ചു കളഞ്ഞ ദുഷ്ട!

abhija അഭിജ ശിവകല

രണ്ടു വർഷം മുൻപ് നടന്ന കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഒരു ഫ്രഞ്ച് ചിത്രം കാണാനുള്ള നീണ്ട നിരയുടെ ഏറ്റവുമൊടുവിൽ നിൽക്കുമ്പോൾ ആയിരുന്നു ഈ നടിയെ ആദ്യമായി നേരിട്ട് കാണുന്നത്. പൊരിവെയിലത്ത് ക്യൂ നിന്ന് സിനിമ കാണുന്ന നടിയോ എന്നാദ്യം അതിശയിച്ചു. സിനിമയിൽ കണ്ട പോലെ അൽപം റിബൽ ആണെന്നു തോന്നി. എണ്ണക്കറുപ്പുള്ള തലമുടിയും ചുവപ്പൻ വട്ടമൊട്ടുമിട്ട് ഒരു ആക്ടിവിസ്റ്റ് ലുക്കുള്ള ഈ അഭിനേത്രിയാണ് അഭിജ ശിവകല. ‌‌

അഭിനയിച്ച വേഷങ്ങളെല്ലാം ചെറുതും എന്നാൽ ശക്തവും. സിനിമയുടെ ആശയത്തെ പ്രേക്ഷകനിലേക്കെത്തിക്കുവാൻ സംവിധായകൻ സ്വീകരിക്കുന്ന സൂക്ഷ്മമായ നീക്കങ്ങളിലെല്ലാം ഭാഗമാകുന്ന കഥാപാത്രങ്ങളായിരുന്നു അവയെല്ലാം. ആക്ഷൻ ഹീറോ ബിജുവിൽ സുരാജിനൊപ്പമുള്ള അഭിനയവും പ്രശംസപിടിച്ചുപറ്റി. ഏറ്റവുമൊടുവിൽ അഭിജയെത്തുന്നത് ഒഴിവു ദിവസത്തെ കളിയിലെ ഗീതയായിട്ടാണ്. അഭിജയുമൊത്ത് കുറച്ചു നേരം...

സിനിമ അപ്രതീക്ഷിതം

തിരുവനന്തപുരം ഫൈൻ ആർട്സിൽ നിന്നായിരുന്നു ബിരുദം. അതുകഴിഞ്ഞ് ബാംഗ്ലൂരിലേക്ക് പോയി. അവിടെയായിരുന്നു എട്ടു വർഷങ്ങൾ. സത്യത്തിൽ ഡിസൈനിങ് ജോലി എനിക്ക് മടുത്തു തുടങ്ങിയിരുന്നു. അന്നേരമൊരു വേള നാട്ടിലെത്തുമ്പോഴാണ് നാടകക്കളരിയായ അഭിനയ എന്നെ വിളിക്കുന്നത്. അവിടെയെനിക്ക് കുറച്ച് സുഹൃത്തുക്കളുണ്ടായിരുന്നു. എന്നാൽ പിന്നെ നാടകത്തിൽ കുറച്ചു കാലം കൂടിക്കളയാമെന്നു തോന്നി. അപ്പോഴൊന്നും അഭിനയത്തിൽ സജീവമാകുമെന്നോ സിനിമയുടെ ഭാഗമാകുമെന്നോ എന്നൊന്നും വിചാരിച്ചിരുന്നില്ലേ. ഒരു പുതിയ കാര്യം കൂടി ചെയ്തേക്കാം എന്നേ വിചാരിച്ചുള്ളൂ. പക്ഷേ നാടകം പിന്നീടൊരു ഇഷ്ടങ്ങളിലൊന്നായി. റിഹേഴ്സൽ ക്യാംപുകളും വേദികളും ഒരുപാടിഷ്ടമായി. അതിനിടയിലേക്കാണ് അപ്രതീക്ഷിതമായി സിനിമ വരുന്നതും അതിന്റെ ഭാഗമാകുന്നതും. ബാംഗ്ലൂർ വിട്ടെങ്കിലും ഇപ്പോഴും ഡിസൈനിങ് ജോലികൾ ചെയ്യാറുണ്ട്.

abhija-sivakala-img

കാമറാ പഠനം നടക്കുന്നേയുള്ളൂ

സിനിമ അപ്രതീക്ഷിതമായിരുന്നു. പക്ഷേ കാമറ പേടിപ്പിച്ചിരുന്നില്ല. കാരണം നാടകം അതിനുള്ള വിദ്യാഭ്യാസം എനിക്ക് തന്നിരുന്നു. പിന്നെ സിനിമയുടെ സാങ്കേതികതെ നമ്മുടെ അഭിനയത്തിലേക്ക് എങ്ങനെ ചേർക്കണമെന്നത് പിന്നീട് വരുന്ന കാര്യമാണ്. അത് പതിയെ പതിയെ പഠിക്കണം. കാമറ എന്ന യന്ത്രത്തിൽ കൂടിയാണ് കാഴ്ചയെ പ്രേക്ഷകൻ കാണുന്നത്. അഭിനേതാക്കള്‍ക്കും പ്രേക്ഷകർക്കുമിടയിൽ നിൽക്കുന്നത് കാമറയാണ്. നമ്മുടെ അഭിനയത്തെ പാകതയോടെ അവതരിപ്പിക്കുവാൻ എപ്പോഴും കാമറാ പഠനം അനിവാര്യമാണ്. കാമറയുമായുള്ള പരിചയം പതിയെ സംഭവിച്ചു വരുന്നേയുള്ളൂ. നാടകത്തിൽ നമുക്ക് മുന്നിൽ ഓഡിയൻസ് ആണുള്ളത്. നമ്മൾ നന്നായി ചെയ്താലും കാമറാ പരിചയം ഇല്ലെങ്കിൽ നമ്മുടെ അഭിനയത്തെ, സിനിമയിൽ കൺട്രോൾ ചെയ്യാൻ പറ്റില്ല, ഇത്രമതി ഇങ്ങനെ വേണം ഇവിടെ കുറച്ച് ലിബറൽ ആകാം...എന്നൊക്കെ മനസിലാക്കണമെങ്കിൽ‌ കാമറാ പരിചയം വേണം.

abhija-sivakala

എല്ലാ വേഷങ്ങളും ഒരേ ടൈപ്പ് ആയി പോകുന്നില്ലേ? അങ്ങനെ തോന്നുന്നില്ലേ?

ഞാൻ ചെയ്ത സിനിമകൾ വച്ച് നോക്കുമ്പോൾ തന്നെ മനസിലാകും. അങ്ങനെയൊരു രീതിയുണ്ട്. പക്ഷേ അതില്‍ പലതും ഞാൻ വേണമെന്ന് വച്ച് ചെയ്തതാണ്. ഒഴിവുദിവസത്തെ കളി, മൺറോ തുരുത്ത് അതെല്ലാം അങ്ങനെയുള്ളത്. എന്തുകൊണ്ട് ഞാനിങ്ങനെ ചെയ്തുവെന്നതിന് എനിക്ക് വ്യക്തമായ കാരണങ്ങളുണ്ട്. അത് സിനിമയ്ക്ക് അവാർഡ് കിട്ടുമെന്നോ മറ്റോ ഓർത്തിട്ടല്ല. പക്ഷേ എല്ലാം അങ്ങനെയായിക്കൊള്ളണമെന്നില്ല. രണ്ടോ മൂന്നോ വേലക്കാരി വേഷങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ അതോരോന്നും ഓരോ തലത്തിലുള്ളതായിരുന്നു. സ്ഥിരം ഒരു വേലക്കാരി വേഷം ചെയ്യാൻ എനിക്കിഷ്ടമല്ല. അഞ്ച് വേലക്കാരി വേഷം ചെയ്താൽ അഞ്ചും അഞ്ചു തരത്തിലാകണം. അഭിജ വീട്ടിൽ പോയി പണിയെടുക്കട്ടെ എന്നിട്ട് അഭിനയിക്കട്ടേയെന്ന ചിന്തിക്കുന്നവരെയാണ് എനിക്കിഷ്ടം.

abhija-sivakal

പക്ഷേ ഞാനിതു വരെ ചെയ്ത വേഷങ്ങളെല്ലാം ഒന്നും മാര്‍ക്ക് ചെയ്യാതെ പോയി എന്നു കരുതുന്നില്ല. വെറുതെയങ്ങ് പോയി ചെയ്തതല്ല. ഓരോ വേഷങ്ങളും ചെയ്യുവാൻ വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. കുറച്ച് കഷ്ടപ്പെട്ട്, പഠിച്ച്,റിഹേഴ്സലൊക്കെ ചെയ്ത് ഓരോ വേഷങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം. ഇതുവരെയും അങ്ങനെയാണ് ചെയ്തത്. ഈസിയായി അങ്ങ് അഭിനയിച്ച് തീർക്കുന്നത് എനിക്കിഷ്ടമല്ല. പിന്നെ എന്നിലെ നടിയിൽ വിശ്വാസമർപ്പിച്ച് തന്നെയാണ് ഇതുവരെ ഓരോ സംവിധായകരും ഓരോ വേഷം തന്നിട്ടുള്ളത് എന്നാണെ‌നിക്ക് തോന്നിയിട്ടുള്ളത്. അഭിജ, ഈ വേഷം ചെയ്യണം എന്നു പറഞ്ഞാണ് പലരും വിളിച്ചിട്ടുള്ളത്. സെറ്റിൽ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കണം എന്നതിനുള്ള സ്വാതന്ത്ര്യവും തന്നിരുന്നു.

കറുപ്പു നിറമുള്ളവർ‌ക്കായി കുറേ വേഷങ്ങൾ സിനിമ അന്നും ഇന്നും മാറ്റിവയ്ക്കുന്നില്ലേ...

മിക്കവാറും സ്റ്റീരിയോടൈപ്പ് ആയിട്ടു തന്നെയാണ് കാസ്റ്റ് ചെയ്യപ്പെടുന്നത്. ആ ബോധം തന്നെയാണ് സിനിമയിലുള്ളത്. പക്ഷേ ഇപ്പോഴതിനെ ബ്രേക് ചെയ്യുന്നവരുമുണ്ട്. ഒഴിവുദിവസത്തെ കളിയിൽ നിങ്ങൾക്കത് കാണാനാകും. എനിക്ക് കിട്ടിയിരിക്കുന്ന കഥാപാത്രങ്ങളും ആ സ്റ്റീരിയോടൈപ്പ് ആയിപ്പോകാറുണ്ട്. സ്റ്റീരിയോ‌ടൈപ്പ് ആയിപ്പോകുന്നുവെന്ന് സുഹൃത്തുക്കളൊക്കെ പറയാറുണ്ട്. ഞാനും ശ്രദ്ധിക്കാറുണ്ട്.

munroe

എന്തുകൊണ്ട് ഇതൊന്നും പൊളിച്ചടുക്കാൻ ആരും ശ്രമിക്കുന്നില്ല എന്ന് ചിന്തിച്ചിരുന്നു. പക്ഷേ ഇപ്പോൾ പുതിയ ആളുകൾ ബോധപൂർവ്വം തന്നെ അതിലിടപെടുന്നുണ്ട്. ഇന്ദ്രൻസ് ചേട്ടൻ ഇപ്പോൾ ചെയ്യുന്ന കഥാപാത്രങ്ങൾ അതിനുദാരഹണമാണ്. മാറ്റം ഉണ്ടാകുന്നുണ്ട്. കുറച്ച് സമയം കഴിയുമ്പോൾ അത് സംഭവിക്കും.

സുരാജിന്റെയും ജയസൂര്യയുടെയും നല്ല വാക്കുകൾ

ആ രംഗത്തിന് സ്ക്രിപ്റ്റ് ഉണ്ടായിരുന്നില്ല. ആ രംഗത്തിൽ നിങ്ങൾ കണ്ടവരെയെല്ലാം ഒന്നിച്ചു നിര്‍ത്തിയാണ് ആദ്യം മുതൽക്കേ സംവിധായകൻ എന്താണ് ചെയ്യേണ്ടതെന്ന് വിവരിച്ചു തന്നത്. റിഹേഴ്സൽ വരെ എല്ലാവരും ഒരുമിച്ചാണ് ചെയ്തത്. അത്രയേറെ ഒത്തൊരുമയോടെ. ആ സീനിൽ എൻറേത് നെഗറ്റീവ് റോൾ ആണല്ലോ. സുരാജേട്ടനെ പറ്റിച്ചു കളഞ്ഞ ദുഷ്ട. എനിക്കത് രസകരമായ ഒരു വേഷമിയിട്ടാണ് തോന്നിയത്. എന്നാല്‍ ആളുകളുടെ ശ്രദ്ധ സ്വാഭാവികമായും സുരാജ് ചേട്ടനിലേക്കായിരിക്കും പോകുക. എന്റെ വേഷം ഒരു വലിയ വിഭാഗത്തിന് സ്വീകാര്യമായി എന്ന് ഞാൻ കരുന്നില്ല. നീലാകാശം പച്ചക്കടലിലേയും ഞാൻ സ്റ്റീവ് ലോപസിലേയും വേഷങ്ങൾക്ക് ആളുകള്‍ക്കിടയിൽ ഇതിലും ശ്രദ്ധ കിട്ടിയതായിട്ടാണ് എനിക്ക് തോന്നുന്നത്.

Action Hero Biju - Suraj Venjaramoodu's Wonderful Performance

പക്ഷേ എനിക്കൊരുപാട് അടുപ്പമുള്ളവർക്കൊക്കെ ആ വേഷം ഒരുപാടിഷ്ടമായി. പിന്നെ അറിയാത്ത ചിലരൊക്കെ മെസേജ് അയച്ചിരുന്നു. സ്വാഭാവികതയോടെ നന്നായി ചെയ്തു എന്നു പറഞ്ഞിട്ട്. ഞാൻ ഒരുപാട് വില കൽപിക്കുന്നു ആ വാക്കുകൾക്ക്. പിന്നെ ഏറ്റവും സന്തോഷം നൽകിയത് ജയസൂര്യയുടെയും സുരാജ് വെഞ്ഞാറമൂടിന്റെയും നല്ല വാക്കുകളാണ്.

ജയസൂര്യ എനിക്കേറ്റവുമിഷ്ടമുള്ള ആക്ടറാണ്. എത്ര നല്ല ഭാവപ്പകര്‍ച്ചയാണ് അദ്ദേഹത്തിന്റേത്. രസകരമായ അഭിനയം. അതുപോലെ ഹാർഡ് വർക്കിങുമാണ് അദ്ദേഹം. അവരെ പോലുള്ളവരില്‍ നിന്നങ്ങനെ കേൾക്കുന്നത് സന്തോഷമല്ലേ, നിങ്ങളും നന്നായി ചെയ്തതു കൊണ്ടാണ് ആ സീൻ ഇത്രയും നന്നായത് എന്നായിരുന്നു സുരാജ് ഫോൺ ചെയ്ത് പറഞ്ഞത്. ഈ രണ്ട് മൂല്യമേറിയ വാക്കുകളാണ് എനിക്ക് ആ സിനിമ സമ്മാനിച്ചത്.

kali

മനഃപൂർവ്വം ഇത്തരം വേഷങ്ങൾ ചെയ്യുന്നതാണോ?

എനിക്ക് ചോയ്സ് ഇല്ല. തട്ടുപൊളിപ്പൻ സിനിമകളും എനിക്ക് ഇഷ്ടമാണ്. ചിലത് കാണുമ്പോൾ കൊതിയാകും. അതെല്ലം പക്ഷേ ആണുങ്ങൾ ചെയ്തതാണെല്ലാം. സ്ത്രീകൾക്ക് അത്തരം വേഷങ്ങൾ കിട്ടുക കുറവാണ്. കങ്കണ റണൗട്ട് ക്വീനിൽ ചെയ്തത് അത്തരത്തിലുള്ളതായിരുന്നു. എന്നെ കൊതിപ്പിക്കുന്ന വേഷങ്ങൾ. ലീഡ് റോൾ ആയിരക്കണമെന്നുമില്ല.

പിന്നെ ആളുകള്‍ തീയറ്ററിലെത്തുന്നതു കുറവായതുകൊണ്ടും അവാർഡൊക്കെ കിട്ടുന്നതുകൊണ്ടുമാണല്ലോ ഒഴിവു ദിവസത്തെ കളിയും മൺറോ തുരുത്തും പോലുള്ള സിനിമകളെ ആർട് സിനിമകളെന്ന് വിളിക്കുന്നത്. സത്യത്തിൽ ഇതെല്ലാം വളരെ സിമ്പിളായ സിനിമകളാണ്. നമുക്ക് മനസിലാകാത്തതോ ദഹിക്കാത്തതോ ആയി അതിലൊന്നുമില്ല. നമ്മൾ സോഷ്യലി സെൻസിറ്റീവ് ആണെങ്കിൽ തീർച്ചയായും നിങ്ങൾക്കത് മനസിലാകും. ഞാൻ കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ കണ്ട അതിമനോഹരമായ ചലച്ചിത്രമാണ് മഹേഷിന്റെ പ്രതികാരം. എത്ര സിമ്പിൾ ആയിട്ടാണ് അത് കൈകാര്യം ചെയ്തിരിക്കുന്നത്. സിമ്പിൾ ആണെന്ന് മാത്രമല്ല, ഹൈലി പൊളിറ്റിക്കലുമാണ്.

പേര് വ്യത്യസ്തമാണല്ലോ? വീട്ടിൽ നിന്നെങ്ങനെയാണ് പിന്തുണ? വിവാഹം?

അമ്മയാണ് ആ പേര് നൽകിയത്. എനിക്കും ആ പേര് ഇഷ്ടമാണ്. ഭാഷാ പ്രേമിയാണ് അമ്മ, നന്നായി പ്രയോഗിക്കാനുമറിയാം. ഉച്ഛാരണ ശുദ്ധി അതിലൊക്കെ ഭയങ്കര സ്ട്രിക്ട് ആണ്. വ്യത്യസ്തമാകണം പക്ഷേ അര്‍ഥവത്താകണം.

abhi

ഞാൻ വിവാഹം കഴിച്ചിട്ടില്ല. പിന്നെ വീട്ടിൽ നിന്നുള്ള സപ്പോർട്ടിനെ‌ക്കുറിച്ചെന്താണ് പറയുക. വീട്ടിൽ ഒരാൾ അനുവാദം തരുന്നു, മറ്റൊരാൾ അത് ചെയ്യുന്നു. അങ്ങനെയല്ല. ഓരോരുത്തരും അവരവർക്കിഷ്ടമുള്ളത് ചെയ്യുക. ചെയ്യുന്ന കാര്യത്തിൽ അവർ സന്തുഷ്ടരായിരിക്കുക. അത്രയേയുള്ളൂ.

ഒഴിവു ദിവസത്തെ കളിയിലെ വേഷം?

ഉണ്ണി ആറിന്റെ കഥയില്‍ ഇങ്ങനെയൊരു പെൺ കഥാപാത്രമില്ല. സിനിമയിൽ അത് അനിവാര്യമായതുകൊണ്ട് വന്നതാണ്. സവർണ ബോധത്തെ കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകൾ‌ക്കും അതിന്റെ അപ്പുറവും സഞ്ചരിക്കുന്ന സിനിമയാണിത്. ദലിത് സ്ത്രീ ആണെങ്കിലും ഗീതയുടെ ജാതീയതയെ കുറിച്ച് ഒന്നും പറയുന്നില്ല. നല്ല തന്റേടമുള്ള പെണ്ണാണ്. ഒറ്റയ്ക്ക് ജീവിക്കുന്നതിന്റെ ആർജവം അവരിലുണ്ട്. പോസ്റ്ററിൽ വാക്കത്തിയൊക്കെ പിടിച്ച് നിൽക്കുന്ന ഒരു പെണ്ണിനെയാണല്ലോ കാണുന്നത്. അതവളുടെ അതിജീവനത്തിന്റെ ഭാഗമാണ്.

oazhiv

നമ്മൾ ചലച്ചിത്ര മേളയിലൊക്കെ പോകുമ്പോൾ ചിലർ പറയാറില്ലേ, ഈ സിനിമ കണ്ടിരിക്കണം എന്നൊക്കെ. ഒഴിവു ദിവസത്തെ കളിയെ കുറിച്ച് എനിക്കും പറയാനുള്ളത് അതാണ്. അതൊരു ഗംഭീര സിനിമയാണ്. കൈകാര്യം ചെയ്തിരിക്കുന്ന വിഷയവും അവതരിപ്പിച്ചിരിക്കുന്ന രീതിയും അത്രയേറെ മികവുറ്റതാണ്.

ഒരു നടിയായിരിക്കുമ്പോൾ മുഖഭംഗിയിലൊക്കെ ഒരുപാട് ശ്രദ്ധിക്കുമെന്നാണ് അറിവ്. അഭിജയെ അങ്ങനെ തോന്നുന്നേയില്ലല്ലോ?

ആണോ എന്നെക്കണ്ടാൽ അങ്ങനെ പറയുമോ? ഞാൻ കുറച്ചുകൂടി മുഖമൊക്കെ ശ്രദ്ധിക്കണമെന്നാണോ പറയുന്നേ? ശരിയാണ് കൂട്ടുകാരൊക്കെ അങ്ങനെ പറയാറുണ്ട്. സിനിമയിൽ മുഖം കുറച്ച് പ്രസന്നം ആയിരിക്കണം എന്നത് സത്യമാണ്. പക്ഷേ ആഴ്ചയിൽ ഒരു ദിവസം ബ്യൂട്ടി പാർലറിനായി ചെലവിടാന്‍ സമയമില്ല. ഞാൻ വളരെ ഇൻഡിപെൻഡന്റ് ആയി ജീവിക്കുന്നയാളാണ്. എന്റെ കാര്യം വളരെ ചെറുപ്പത്തിലേ ഞാൻ തന്നെയാണ് നോക്കുന്നത്‌. അപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങളിൽ ശ്രദ്ധ കുറയുമല്ലോ.

abhija-image

കൂട്ടുകാരൊക്കെ നിർബന്ധിച്ചിട്ട് ഇടയ്ക്ക് വെജ് പീൽ ഒക്കെ ചെയ്തു തുടങ്ങിയതാണ് അത് പൂർത്തിയാക്കുവാനായില്ല. പിന്നെ ഈ മുഖക്കുരുവും കറുത്ത നിറവുമൊന്നും എനിക്ക് പ്രശ്നമായി തോന്നിയില്ല. വെളുത്തെങ്കിലേ സിനിമയിലെടുക്കൂ എന്നാണെങ്കിൽ ഞാനതങ്ങ് വേണ്ടെന്ന് വയ്ക്കും അത്ര തന്നെ. കൂട്ടുകാർ പറഞ്ഞപ്പോൾ മുഖത്ത് പരീക്ഷണം നടത്തി നോക്കിയതു തന്നെ ഒരു കുസൃതിക്കാണ്. ഇങ്ങനെ ചെയ്താൽ എന്ത് മാറ്റം വരും എന്നറിയാനൊരു കൗതുകത്തിന്റെ ഭാഗമായി. ഇങ്ങനെ തന്നെയേ ഇരിക്കൂ എന്ന് ഒരു കടുംപിടിത്തവുമില്ലാത്തയാളാണ്. സിനിമയ്ക്കായി സ്കിൻ ഒക്കെ കുറച്ച് ശ്രദ്ധിക്കണമെങ്കിൽ അതു ചെയ്യും. പക്ഷേ പറഞ്ഞല്ലോ, സമയം അതില്ല.

പിന്നെ നമ്മൾ നാടകമൊക്കെ ചെയ്യുമ്പോൾ ഒരുപാട് വട്ടം റിഹേഴ്സൽ ചെയ്യുമല്ലോ. മാക്ബത് എന്ന നാടകം ചെയ്ത സമയത്ത് ഒരു പ്രത്യേക രീതിയിൽ ഇരിക്കേണ്ടിയൊക്കെ വരും. റിഹേഴ്സൽ ചെയ്ത് കഴിയുമ്പോൾ കാലിലൊക്കെ തഴമ്പാകും. സത്യത്തിൽ എനിക്കത് കാണുമ്പോൾ സന്തോഷമാണ് തോന്നാറ്.

sance

അഭിനയത്തിനപ്പുറം?

നൃത്തം ഒരുപാടിഷ്ടമാണ്. ജോലിയൊക്കെ കിട്ടിക്കഴിഞ്ഞിട്ടാണ് പഠിച്ച് തുടങ്ങിയത്. പഠനത്തിലൊരു തുടർച്ച വരുത്തുവാനായിട്ടില്ല. പിന്നെ ഡിസൈനിങ്.  

Your Rating: