Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമരമല്ല സമയമാണ് സമ്പാദ്യം

boby-sanjay-still

കോട്ടയത്തെ അയൽവീട്ടിൽ നിന്നായിരുന്നു ബോബിയും സഞ്ജയും ‘ നിർണായകം’ എന്ന ചിത്രത്തിന്റെ ത്രഡ് തപ്പിപ്പിടിച്ചത്. ഏഴു വർഷം മുൻപു തുടങ്ങിയ ആലോചനയിൽ നിന്നെഴുതി ഉണ്ടാക്കിയ തിരക്കഥ. ഈ ചിത്രം ഹൗ ഓൾഡ് ആർ യു പോലെ പ്രസക്തമായൊരു വിഷയം ചർച്ച ചെയ്യുന്നു. ട്രാഫിക് പോലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ എഴുതിയ ബോബിയും സഞ്ജയും ‘ നിർണായകം’ എന്ന ചിത്രത്തെ കുറിച്ചു സംസാരിക്കുന്നു.

∙ചിത്രം തിയറ്ററിൽ അത്രമേൽ തരംഗങ്ങളുണ്ടാക്കിയില്ലല്ലോ?

ഓരോ തിരക്കഥയുടെയും പണിപ്പുരയിലിരിക്കുമ്പോൾ ഈ ചിത്രം തിയറ്ററിൽ വലിയ ബഹളമുണ്ടാക്കുമെന്ന ചിന്തയോ കണക്കുകൂട്ടലോ ഞങ്ങൾക്കിടയിൽ ഉണ്ടാകാറില്ല. സിനിമകളുടെ ജയപരാജയങ്ങൾ നിശ്ചയിക്കുന്നത് ഒാരോ വെള്ളിയാഴ്ചകളാണ്. ഞങ്ങൾക്കും തോൽവികളുണ്ടായിട്ടുണ്ട്. പക്ഷേ, അതിലും ഞങ്ങൾക്കു പറയാൻ പ്രസക്തമായ ചില സന്ദേശങ്ങൾ ഉണ്ടായിരുന്നു. നിർണായകം പറയുന്നതു കേരളം ഇന്നു ചർച്ച ചെയ്യേണ്ട വിഷയമാണ്. ആ ചിത്രം ഇഷ്ടപ്പെട്ടുവെന്നും മോശമായില്ലെന്നും വിലയിരുത്തലുകൾ ഒരുപാടുണ്ട്. കൊമേഴ്സ്യലായി ചിത്രം വലിയ ബഹളം ഉണ്ടാക്കിയില്ലെന്നു മാത്രം.

∙നിർണായകം, നിങ്ങൾക്കു പറയാനുള്ളതെന്താണ്?

വളരെ ലോ ബജറ്റിലെടുത്ത ചിത്രമാണിത്. ഞങ്ങൾ ഞങ്ങളുടെ റമ്യൂണറേഷൻ പോലും കുറച്ചു വാങ്ങിയ ചിത്രം. ട്രാഫിക് സിനിമ പോലെ ഏറെ പ്രസക്തമായ വിഷയമാണു നിർണായകത്തിലും. ഇതു മലയാളികൾ കാണേണ്ടതാണ്. ഒരു സാമൂഹിക പ്രശ്നം സിനിമയാക്കുമ്പോൾ കഥാപാത്രങ്ങളെ ആ വിഷയം ഏതൊക്കെ തരത്തിൽ എത്രമാത്രം ബാധിക്കുന്നു എന്നു പറയുന്നിടത്താണു കാഴ്ചക്കാരനെന്ന നിലയിൽ അതു നമുക്കും സംഭവിക്കാവുന്നതല്ലേ എന്ന ചിന്ത ഉരുത്തിരിയുന്നത്. ഈ ചിത്രം വേണമെങ്കിൽ നെടുമുടി വേണുവിന്റെ കഥാപാത്രത്തിലൂടെ അവതരിപ്പിക്കാമായിരുന്നു. ആസിഫ്അലിയുടെ കഥാപാത്രത്തെ ഇതിലേക്കുൾപ്പെടുത്തിയതു ബോധപൂർവമാണ്. ഇത്തരം വിഷയങ്ങളിൽ കേരളത്തിലെ ഇരുപതുകാരും മുതിർന്ന കുട്ടികളും ചെറുപ്പക്കാരും ഇടപെടേണ്ടതുണ്ട്, അതിന്റെ കാലമാണിതെന്ന ഒാർമ്മപ്പെടുത്തൽ കൂടി ആസിഫ് അലിയുടെ കഥാപാത്രത്തിലൂടെ ഞങ്ങൾ ചെയ്തു. അതുകൊണ്ടു ചെറുപ്പക്കാർ ഈ ചിത്രം കാണണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.

Bobby & Sanjay in I Me Myself

∙സമരങ്ങളെ വിമർശിക്കുന്ന അരാഷ്ട്രീയ സിനിമയാണിത് എന്നു വിമർശനമുണ്ടല്ലോ?

വിമർശനങ്ങളെ വലിയ ബഹുമാനത്തോടെ കാണുന്നവരാണു ഞങ്ങൾ. പൊതുവേ മലയാളികളെല്ലാം ഞങ്ങളെ നന്നായി പരിഗണിച്ചുവെന്ന തോന്നലാണുള്ളത്. അവർ അറിയിക്കുന്ന, പങ്കുവയ്ക്കുന്ന നിർദേശങ്ങൾ കൃത്യമായി ഉൾക്കൊള്ളാനും തയാറാണ്.

നിർണായകം അരാഷ്ട്രീയ സിനിമയല്ല. സമരങ്ങളെയും സമരചരിത്രങ്ങളെയും മാനിക്കുന്നവർ തന്നെയാണു ഞങ്ങൾ. നമ്മുടെ നാടിന്റെ സമരപാരമ്പര്യത്തെ വിലകൽപ്പിക്കുന്നവരുമാണ്. സമരങ്ങളെല്ലാം കുഴപ്പങ്ങളുണ്ടാക്കുന്നുവെന്ന അർഥം ഈ സിനിമയിലില്ല. പക്ഷേ, ഒന്നുണ്ട്. കാലം മാറുന്നതു പോലെ നമ്മുടെ സമരരീതികളും മാറേണ്ടിയിരിക്കുന്നു. ആളുകളെ തടഞ്ഞും ബ്ളോക്കുകൾ സൃഷ്ടിച്ചും ജോലി മുടക്കിയും അല്ല വിദേശങ്ങളിൽ പലയിടത്തും പ്രതിഷേധ സമരങ്ങൾ അരങ്ങേറുന്നത്. കൂടുതൽ നേരം ജോലി ചെയ്തു പ്രതിഷേധിക്കുന്ന സമരരീതികൾ നമ്മൾ കേട്ടറിഞ്ഞതാണ്. നമ്മുടെ രാഷ്ട്രീയ നിലപാടുകൾ യാഥാസ്ഥിതികമാണ്. ഇതിൽ കാലാനുസൃതമായ മാറ്റം വരേണ്ടിയിരിക്കുന്നു. നേരം കൊല്ലും സമരങ്ങൾ വികസനത്തെ പിന്നോട്ടടിപ്പിക്കും. ഇതിനെതിരെയുള്ള ഒരു പ്രതികരണവും ചിന്തയും നമുക്കിടയിൽ ഉണ്ടായേതീരൂ.

∙സമരവും സമയവും... ഇവ തമ്മിലുള്ള നിർണായക ചേർച്ചയും ചേർച്ചക്കേടുമാണ് ഈ ചിത്രം ഒാർമിപ്പിക്കുന്നത്, അല്ലേ?

തീർച്ചയായും അതെ. സമരവും സമയവും തമ്മിൽ വല്ലാത്തൊരു ബന്ധമുണ്ട്. ഇതു നമ്മൾ തിരിച്ചറിയാതെ പോകരുത്. ദീർഘനേരത്തെ പ്രകടനങ്ങൾക്കിടയിൽപെട്ടു ജീവിതത്തിൽ നിർണായകമായ നേരത്തു ദശാസന്ധികളിൽ അകപ്പെടുക ഇതുമായി ഒട്ടും ബന്ധമില്ലാത്ത നിസഹായരായ സാധാരണക്കാരാണ്. അതു നമ്മൾ മനസിലാക്കണം. സമരങ്ങൾ നമ്മുടെ നാട്ടിൽ കൂടിയേ തീരൂ. പക്ഷേ സമയം നഷ്ടപ്പെടുത്തിക്കൊണ്ടാകരുതെന്നുണ്ട്. ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം സമയമാണ്.

ഒരു മണിക്കൂറിന്റെ വികസനം നഷ്ടപ്പെടുത്തുമ്പോൾ അവിടെ നമ്മുടെ രാജ്യം ആ ഒറ്റമണിക്കൂറിന്റെ അകലത്തിൽ പിന്നോട്ടു പോവുകയാവും. ആ ഒരുമണിക്കൂറിന്റെ വികസം ഇല്ലാതാക്കുകയല്ല ചെയ്യേണ്ടത്. ഒരു വ്യക്തിയുടെയോ നാടിന്റെയോ രാജ്യത്തിന്റെയോ സമയത്തെ പോലും മുൻനിർത്തി വേണം നമ്മുടെ നാട്ടിൽ സമരമുറകൾ രൂപപ്പെടുത്താൻ. അത്തരമൊരു ചിന്ത ഇന്നു കാലം ആവശ്യപ്പെടുന്നുണ്ട്. പുതിയ കാലത്തിനാവശ്യമായ സമരമുറകളെ കുറിച്ചു ചിന്തിക്കാൻ ‘നിർണായകം’ കാരണമാവട്ടെ എന്നാണു ഞങ്ങളുടെ താൽപര്യവും പ്രാർഥനയും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.