Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താടിക്കുവേണ്ടി നാലു മാസം കാത്തിരുന്ന ടൊവിനോ

tovino-thomas

തിരക്കഥ വായിച്ചു കഴിഞ്ഞപ്പോൾ ജോൺപോൾ ജോർജിനോടു സംവിധായകനായ രാജേ‌ഷ് പിള്ള പറഞ്ഞു, ‘നന്നായിട്ടുണ്ടല്ലോടാ, നീ ഇതെനിക്കു താ’. ജോൺ പോളിന്റെ മനസ്സപ്പോൾ നിറയെ സ്വർണ്ണ മീനുകളുള്ളൊരു അക്വേറിയം പോലെയായിരുന്നു. ഒരു നിമിഷാർദ്ധം പോലും നിൽക്കാതെ ഊളിയിട്ടു ഓടിക്കളിക്കുന്ന മനസ്സ്. ഗുരുവാണു ചോദിക്കുന്നത് ആദ്യ തിരക്കഥ തരുമോ എന്ന്. ഗപ്പി എന്ന സിനിമയുടെ ആദ്യകേൾവിക്കാരിൽ ഒരാൾ രാജേഷ്പിള്ളയായിരുന്നു. ജോണിലെ സിനിമയിലേക്കു നയിച്ചവരിൽ ഒരാൾ. പക്ഷേ, ഗപ്പി വളർന്നു തിയറ്ററിലെത്തും മുൻപു രാജേഷ് പിള്ള ലോകത്തു നിന്നു പോയി. സമീർ താഹിറിന്റെയും രാജേഷ് പിള്ളയുടെയും അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന ജോൺ പോൾ ജോർജ് ഗപ്പിയുമായി വരികയാണ്.

guppy

സ്കൂളിൽ പഠിക്കുന്ന കാലത്താണു ജോൺ ആദ്യമായി ഗപ്പി മീനുകളെ കാണുന്നത്. വീടിനടുത്തെ തോട്ടിലായിരുന്നു അത്. അന്ന് ഇഷ്ടികകൊണ്ടു കൊച്ചു ടാങ്കുകളുണ്ടാക്കി ഗപ്പികളെ വളർത്തി കൂട്ടുകാർക്കു കൊടുത്തു. പലരും ഹോർലിക്സ് കുപ്പികളിലിട്ടു ഗപ്പികളെ വളർത്തി നോക്കി. കുട്ടിക്കാലത്തു കൂടെയുണ്ടായിരുന്ന ഗപ്പികളെ പിന്നീടു ജോൺ മറന്നുപോയി. പഠനം ക‌ഴിഞ്ഞു സിനിമയുടെ ലോകത്തു നടന്നു തുടങ്ങിയ കാലത്തു കൊച്ചി പനമ്പിള്ളി നഗറിലെ ഒരു തട്ടുകടയിൽ ഇരുന്നു ചായ കുടിച്ചു പുറത്തി‌റങ്ങി നടക്കുമ്പോൾ തൊട്ടടുത്ത ചാലിൽ ഗപ്പികളെ ജോൺ വീണ്ടും കണ്ടു. തെളിമയാർന്ന വെള്ളത്തിൽ അവ കൂട്ടത്തോടെ ഓടിക്കളിക്കുന്നു. കൊതുകുകളുടെ മുട്ട തിന്നു നശിപ്പിക്കാൻ കോർപറേഷൻ കൂട്ടത്തോടെ കൊണ്ടുവന്നിട്ടതായിരുന്നു ആ ഗപ്പികളെ. ആ മീനുകൾ ജോണിനു കുട്ടിക്കാലം തിരിച്ചു കൊടുത്തു. ഒപ്പം ഒരു സിനിമയുടെ ആദ്യ തുടിപ്പും. ഗപ്പിയെന്ന സിനിമയുണ്ടാകുന്നത് അവിടെ നിന്നാണ്.

guppy-malayalam-movie

രാജേഷ് പിള്ളയ്ക്കൊപ്പം ട്രാഫിക്കിലും സമീർ താഹിറിനൊപ്പം ചാപ്പ കുരിശ്, നീലാകാശം പച്ചക്കടൽ തുടങ്ങിയ സിനിമകളിലും ജോലി ചെയ്ത കാലത്തുതന്നെ ജോണിനെ പലരും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ഇ–ഫോർ എന്റർടെയ്ൻമെന്റ് എന്ന നിർമാണ കമ്പനിക്കു വേണ്ടി ഇ.വി.സാരഥി എന്ന നിർമാതാവു ജോണിനെ കണ്ടെത്തിയതും ഈ സിനിമകളിലൂടെയാണ്.

guppy-movie1

മിക്ക ചെറുപ്പക്കാരുടെയും പോലെ മോഹൻലാലായിരുന്നു ജോണിന്റെ മനസ്സിലും. പക്ഷേ, ഗപ്പിയെന്ന ക‌‌ഥ എഴുതിവന്നപ്പോൾ അതിനെ നായകനു ടൊവീനൊ തോമസ് എന്ന ചെറുപ്പക്കാരന്റെ ഛായയായിരുന്നു. നാലു മാസത്തോളം താടി നീട്ടി വളർത്തണമെന്നു പറഞ്ഞപ്പോൾ ടൊവിനൊ സിനിമയൊന്നും ചെയ്യാതെ നാലു മാസം താടിക്കുവേണ്ടി കാത്തിരുന്നു. കാരണം ടൊവിനൊയ്ക്കു ഗപ്പിയെ അത്ര ഇഷ്ടമായി.

സിനിമകളിൽ വളരെ ശ്രദ്ധിച്ചു മാത്രം അഭിനയിക്കുന്ന ശ്രീനിവാസൻ ഇപ്പോൾ കൃഷിയുടെയും എഴുത്തിന്റെയും ലോകത്താണ്. ഗപ്പിയെന്ന സിനിമയുമായി ജോൺ ശ്രീനിയെ സമീപിക്കുമ്പോൾ ശ്രീനിവാസനെ അഭിനയിപ്പിക്കുക എന്നതൊരു സ്വപ്നമായിരുന്നു. വായിച്ചു കേട്ടതും ശ്രീനി സമ്മതം മൂളി. ‘ജോൺ സിനിമ അറിയുന്ന മിടുക്കനാണ്.’ ശ്രീനി പറഞ്ഞു.

guppy-movie

തിരുവനന്തപുരം സംഗീത കോളജിൽ ജോൺ പ‌ഠിച്ചതുകൊണ്ടു രണ്ടു കാര്യമാണുണ്ടായത്. ഒന്ന്, പാടാനറിയില്ലെന്നു മനസ്സിലായി. രണ്ട്, മനസ്സിലെ സംഗീതം സിനിമയായി വിരിയിച്ചെടുക്കാമെന്നു പ‌​ഠിച്ചു. പഠിക്കുന്ന കാലത്തുതന്നെ ജോൺ സ്റ്റുഡിയോകളിൽ പോയി ജോലി ചെയ്യുമായിരുന്നു. ജോണിന്റെ സഹപാഠിയായിരുന്ന വിഷ്ണു വിജയ് ആണു ഗപ്പിയുടെ സംഗീത സംവിധായകൻ. ദ‌​ക്ഷിണേന്ത്യയിലെ യുവ പുല്ലാ‌ങ്കുഴൽ വാദകരുടെ മുൻ നിരയിലാണ് ഇന്നു വിഷ്ണു. ക്യാമ‌‌റാമാനായ ഗിരീഷ് ഗംഗാധരൻ പിള്ള, അസോഷ്യേറ്റ് ഡയറക്ടറായ ശ്രീജിത്ത്, ലൈൻ പ്രൊഡ്യൂസറായ ഷൊഹൈബ്, ഇ.വി.സാരഥി അങ്ങനെ ജോണിന്റെ സുഹൃത്തുക്കളെല്ലാം ഈ സിനിമയിലും കൂടെയുണ്ട്. ഒരു ചെറിയ മീനിനെയും കുപ്പിയിലാക്കി ജോൺ എന്ന കുട്ടി വരികയാണ്. മലയാള സിനിമയിലെ വലിയ മീനുകൾ പലരും ഈ കുപ്പിയിൽനിന്നു വളർന്നു വന്നേക്കാം.