Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ പൃഥ്വിരാജിന്റെ കാമുകി

molly-kannamaly മോളി കണ്ണമാലി (Photo : Facebook)

മോളി ചേച്ചിയെ അറിയാത്ത കണ്ണമാലിക്കാരുണ്ടാകുമോ? ഉണ്ടാകാൻ വഴിയില്ല, കാരണം മോളി കണ്ണമാലി എന്ന പേര് ഇപ്പോൾ മലയാളസിനിമയുടെ ഭാഗമാണ്. ചവിട്ടു നാടകം കലാകാരിയായിട്ടാണ് മോളി കണ്ണമാലിയുടെ കലാജീവിതം തുടങ്ങുന്നത്, സത്യൻ അന്തിക്കാടിന്റെ പുതിയതീരങ്ങളിലെ മുഴുനീള വേഷത്തോടെ മലയാളസിനിമയിൽ ചുവടുറപ്പിച്ചു.

തിരുവനന്തപുരം ഭാഷയുടെ ബ്രാൻഡ് അംബാസിഡർ സുരാജ് വെഞ്ഞാറമൂട് ആണെങ്കിൽ അസൽ കൊച്ചി ഭാഷയുടെ അംബാസിഡറാണ് മോളി കണ്ണമാലി. മോളിയെ വ്യത്യസ്തയാക്കുന്നതും ഇതു തന്നെ. ആർക്കും അനുകരിക്കാനാവാത്ത തന്റെ ശൈലിയെക്കുറിച്ചും അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ വേഷത്തെക്കുറിച്ചും കൊച്ചിശൈലിയിൽ തന്നെ മോളികണ്ണമാലി സംസാരിക്കുന്നു.

അമർ അക്ബർ അന്തോണിയിലെ വേഷത്തെക്കുറിച്ച്?

പൃഥ്വിരാജിന്റെ കാമുകിയാണ് ഞാൻ അതിൽ. അങ്ങനെവെച്ചാൽ ഫോണിൽ കൂടി മെസേജ് സെന്റിയിട്ടാണ് പ്രേമം. പ്ലസ്ടൂക്കാരി പെൺകൊച്ചാണെന്ന് കരുതിയാണ് അവന് പ്രേമിക്കുന്നത്. പിന്നെയാണ് ഞാൻ ആണെന്ന് അറിയുന്നത്. പ്ലസ് ടൂക്കാരി കൊച്ചിനെ കാണാൻ വരുമ്പോൾ എന്നെ കാണുന്നതൊക്കെ നല്ല കോമഡിയായിട്ടാണ് എടുത്തേക്കണത്. ശരിക്കും പാഷാണം ഷാജിയുടെ അമ്മയുടെ വേഷമാണ് എനിക്കതിൽ.

തനതായ ഭാഷയാണോ സിനിമയിലെ പിടിവള്ളി?

അതെ. നുമ്മടെ ഭാഷ എല്ലാർക്കും ഇഷ്ടമാണ്. അമർ അക്ബർ അന്തോണിയും കൊച്ചീലെ കഥയാണ്. അതുകൊണ്ട് എനിക്ക് അഭിനയിക്കേണ്ട കാര്യം ഒന്നും വന്നില്ല. എപ്പോഴും സംസാരിക്കുന്ന രീതിയിൽ തന്നങ്ങ് പറഞ്ഞാൽ മതിയാരുന്നു. പുതിയതീരങ്ങളിലും അതുപോലെ തന്നെ. അതിൽ കാണിച്ചത് എന്റെ ജീവിതമാണ്, ഞാൻ അനുഭവിച്ച കഷ്ടപ്പാടൊക്കെ തന്നെയാണ് സിനിമയിലും വന്നിരിക്കണത്. വെറോണിയെ ജനങ്ങൾക്ക് ഇഷ്ടമായതോടെയാണ് ശ്രദ്ധിക്കപ്പെടത്. ഇപ്പോ അറിയപ്പെടുന്നത് സീരിയലിലെ ചാളമേരി എന്ന പേരിലാണ്.

molly-kannamaly-1 മോളി കണ്ണമാലി (Photo : Facebook)

ജീവിതത്തിൽ അനുഭവിച്ച കഷ്ടപ്പാടുകളാണോ സ്വാഭവികമായി കോമഡി ചെയ്യാൻ സഹായിക്കുന്നത്

നുമ്മക്ക് എന്തേലും പ്രശ്നം വന്നാലും അതിനെ നോക്കി ചിരിക്കാൻ സാധിക്കണം. ഞാൻ അങ്ങനെയാണ്. ഒരുപാട് സങ്കടം വരുമ്പോൾ തനിച്ചിരുന്ന് പാട്ടുപാടും. അപ്പോ വിഷമം താനേ മാറും. ഒരുപാട് കഷ്ടപാട് സഹിച്ച ഒരു കാലമുണ്ടായിരുന്നു. ഒരു നേരം വെള്ളംകുടിക്കാനുള്ള വകപോലും ഇല്ലാതിരുന്നിട്ടുണ്ട്. ചിലനേരം പ്രതിഫലം പോലും തരാതെ ഇരുന്നിട്ടുണ്ട്. ഇടാൻ തുണി ഇല്ലാഞ്ഞിട്ട് കിട്ടിയ പൊന്നാടവച്ച് തുണി തച്ചിട്ടുണ്ട്. അത്തരം കഷ്ടപ്പാടിൽ നിന്നാണ് ഇന്ന് ഈ നിലയിൽ എത്തിയത്.

ആരോടൊക്കെയാണ് നന്ദി പറയാനുള്ളത്

ചവിട്ടുനാടകത്തിൽ എനിക്ക് വഴികാണിച്ചു തന്ന കെ.ഇ.തോമസ്സാറുണ്ട്. സാറിനോട് എത്ര പറഞ്ഞാലും തീരാത്ത നന്ദിയുണ്ട്. അദ്യമായിട്ട് ഒരു പെര (വീട്) പണിതു തന്നത് സാറാണ്. കിടക്കാൻ നല്ലൊരു കിടപ്പാടം പോലുമില്ലാത്ത സമയത്താണ് അങ്ങനെയൊരു സഹായം ചെയ്തത്. അതീന്നാണ് ഇപ്പോ ഉള്ള നല്ല പെരയിലേക്ക് എത്തിയത്. പിന്നൊള്ളത് അനവർ റഷീദിനോട് എന്റെ ചവിട്ടുനാടകം കണ്ടിട്ട് ഒരു ഫ്രണ്ടാണ് എന്റെ പേര് അൻവറിനോട് പറേണത്. അങ്ങനെയാണ് കേരളാ കഫേലെ ബ്രിഡ്ജിൽ അഭിനയിക്കണത്. അങ്ങനെയാണ് സിനിമേലേക്ക് വരണത്. അമർ അക്ബർ അത്തോണി എന്റെ നാലാമത്തെ പടാണ്.

കുടുംബം

രണ്ട് ആൺമക്കളും മരുമക്കളും അഞ്ച് പേരകുട്ടികളുമുണ്ട്. എല്ലാവരും കൊച്ചിയിൽ തന്നെ ഒന്നിച്ചാണ് താമസം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.