Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാ ഇൗ പാഷാണം ഷാജി ?

Pashanam Shaji നവോദയ സാജു

സലിംകുമാറിനും സുരാജ് വെഞ്ഞാറമ്മൂടിനും ശേഷം മലയാള സിനിമയിൽ സാജുവിന്റെ കാലമാണെന്നു ചിലർ പറയുന്നു. സലിമും സുരാജും സഞ്ചരിച്ച അതേ ചാനൽ വഴിയിലൂടെ തന്നെയാണു സാജുവും സിനിമാക്കാരനായത്. ചാനലുകളിൽ പുറത്തെടുത്ത നാട്ടിൻപുറത്തിന്റെ ചിരിയുടെ തരംഗമാണു സാജുവിനെ വ്യത്യസ്തനാക്കിയത്. നവോദയ സാജു എന്ന യുവാവു മഴവിൽ മനോരമയുടെ കോമഡി ഫെസ്റ്റിവലിനു ശേഷം പാഷാണം ഷാജിയായത് ആ ചിരിയുടെ ട്രാക്കിലാണ്. മലയാള സിനിമയിൽ പാഷാണം ഷാജിയില്ലാത്ത സിനിമയില്ല. സെറ്റുകളിൽ നിന്നു സെറ്റുകളിലേക്കു ഷാജി ഓടുന്നു.

∙ സത്യത്തിൽ നവോദയാ സാജുവോ പാഷാണം ഷാജിയോ ?

സാജു എന്നാണ് എന്റെ പേര്. ഇപ്പോൾ ആ പേരു പറ‍ഞ്ഞാൽ ആരുമറിയില്ല. മഴവിൽ മനോരമയിലെ കോമഡിഫെസ്റ്റിവലിൽ ഞങ്ങളുടെ ടീമിന്റെ സ്കിറ്റിൽ ഞാൻ ചെയ്ത കഥാപാത്രമാണു പാഷാണം ഷാജി. എല്ലാവരെയും തമ്മിൽ തല്ലിക്കാൻ അപാരമായ മിടുക്കുള്ള ഒരു നാട്ടിൻപുറത്തെ പാഷാണം. പത്തുമാസം കൊണ്ടു പാഷാണം ഹിറ്റായി. അതുകൊണ്ടു മാത്രമാണ് എന്റെ ജീവിതം പച്ചപിടിച്ചത്. എനിക്കു ജീവിതം തന്നതു പാഷാണം ഷാജിയാണ്. അതുകൊണ്ട് ഒരാൾ പാഷാണം എന്നു വിളിച്ചാൽ ഞാൻ സന്തോഷത്തോടെ വിളികേൾക്കും. മനോജ് ഗിന്നസിന്റെ നവോദയ ട്രൂപ്പിനൊപ്പം പോയപ്പോൾ മനോജിട്ട പേരാണു സാജു നവോദയ.

∙ പാഷാണം ഷാജി എങ്ങനെയാണു സാജുവിന്റെ ജീവിതം മാറ്റി മറിച്ചത് ?

മഴവിൽ മനോരമയിൽ പരിപാടി അവതരിപ്പിക്കാൻ വരുന്നതിനു മുൻപ് 1000 രൂപയായിരുന്നു എന്റെ പ്രതിഫലം. വൈറ്റിലയിൽ രാത്രി ബസിറങ്ങി 300 രൂപ ഓട്ടോയ്ക്കു കൊടുത്താണു ഞാൻ പനങ്ങാട്ടെ വീട്ടിലെത്താറ്. ചാനലിൽ പരിപാടി ഹിറ്റായതോടെ എന്റെ പ്രതിഫലം ഉയർന്നു. വെള്ളിമൂങ്ങയുടെ സംവിധായകൻ ജിബുജേക്കബിന്റെ ഭാര്യ ചാനലിലെ പരിപാടി കണ്ടാണ് എന്റെ പേരു ജിബുച്ചേട്ടനോടു പറയുന്നത്. എന്നാൽ മിമിക്രിക്കാർ വേണ്ട എന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാൽ ചേച്ചി എനിക്കു വേണ്ടി വാദിച്ചു. അങ്ങനെയാണ് ആ സിനിമയിൽ ശ്രദ്ധേയ വേഷം ലഭിച്ചത്. ആദ്യ സിനിമ മാന്നാർ മത്തായി സ്പീക്കിങ്ങിന്റെ രണ്ടാം ഭാഗമായിരുന്നു. പാഷാണം ഷാജി ഹിറ്റായതുകൊണ്ട് അമേരിക്കയിൽ ജയറാമേട്ടന്റെ ടീമിനൊപ്പം പരിപാടി അവതരിപ്പിക്കാൻ പോകാൻ കഴിഞ്ഞു. അടുത്ത മാസം ഓസ്ട്രേലിയയ്ക്കു പോകുകയാണ്. സ്റ്റാർസ് ഓഫ് കൊച്ചി എന്ന ടീമിൽ ഞങ്ങൾ പഴയ മഴവിൽ മനോരമ ടീം തന്നെയാണ്. കോമഡി ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം കിട്ടിയ കാശുകൊടുത്തു ഞങ്ങൾ നാലുപേരും കാറു വാങ്ങി. എന്നെപ്പോലെ അവർക്കും കൂടുതൽ സിനിമകൾ കിട്ടണം എന്നാണാഗ്രഹം.

Pashanam Shaji മാന്നാർ മത്തായി സ്പീക്കിങ്ങിൽ പാഷാണം ഷാജി

∙ സലിംകുമാറിനും സുരാജിനും ശേഷം ഷാജിയുടെ കാലമാണോ ?

അത്രയൊന്നും ഞാൻ വളർന്നിട്ടില്ല. ചുരുങ്ങിയ കാലത്തിനുള്ളിൽ പതിനഞ്ചു സിനിമകൾ ചെയ്തു. സിനിമയിൽ ഭാഗ്യം തേടി ഒരിക്കലും അങ്ങോട്ടു പോയിട്ടില്ല. അതിനുള്ള സാഹചര്യമില്ലായിരുന്നു. ഇപ്പോഴും വാടകവീട്ടിലാണു താമസം. ആദ്യ സിനിമയ്ക്കായി ചെന്നപ്പോഴാണു ഷൂട്ടിങ് കാണുന്നതു തന്നെ. ദിവസം 300 രൂപയ്ക്കു ട്രൂപ്പിൽ പോയിരുന്ന ആളാണു ഞാൻ. ഞാൻ ദിവസേന രണ്ടു ലക്ഷം രൂപയാണു വാങ്ങുന്നതെന്ന് ആരോ പറഞ്ഞുപരത്തി. സത്യത്തിൽ ഞാൻ തന്നെ ഞെട്ടിപ്പോയി. അത്രയും പൈസ കണ്ടാൽ തലകറങ്ങിപ്പോകും. അമ്മയിൽ മെംബർഷിപ്പ് കിട്ടിയത് അടുത്ത ദിവസമാണ്. അതിനുവേണ്ടി ആദ്യ ഗഡുവായ 25000 രൂപയേ ഇതുവരെ നൽകിയിട്ടുള്ളൂ. ഞാൻ വന്നതുപോലെ അടുത്തയാൾ ഉടൻ തന്നെ വരും. അതുവരെ എന്റെ വണ്ടി ഓടിയാൽ സന്തോഷം. മറ്റുള്ളവരെ ചിരിപ്പിച്ചു ജീവിക്കാൻ കഴിയുക എന്നതു സന്തോഷമുള്ള കാര്യമാണ്.

∙ നായകനാകാൻ ക്ഷണം ലഭിച്ചില്ലേ ?

കുറേപ്പേർ വിളിച്ചു. ഇതു വ്യത്യസ്തമായ നായകനാണെന്നു പറഞ്ഞു. ഞാൻ ആ വഴിക്കു പോയില്ല. വെള്ളിമൂങ്ങ ചെയ്യുമ്പോൾ വളരെ ആസ്വദിച്ചാണ് അഭിനയിച്ചത്. അതിന്റെ തിരക്കഥയെഴുത്തിലും മറ്റും ഞങ്ങൾ ജിബുച്ചേട്ടന്റെ ഒപ്പമുണ്ടായിരുന്നു. അതിനാൽ സിനിമ ഒരു ടെൻഷനായി തോന്നിയില്ല. കോമഡി ഫെസ്റ്റവിലിൽ വിജയിച്ചപ്പോൾ സിദ്ദീഖ് സാർ പറഞ്ഞത് ഇനി സിനിമ തനിയെ വരുമെന്നാണ്. സാറിന്റെ ഭാസ്കർ ദ് റാസ്കലിൽ 60 ദിവസം അഭിനയിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.