Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എലി’ അല്ല രജിഷ പുലിയാ

rajisha-vijayan-1

'എലി'യായി നിറഞ്ഞാടിയ രജിഷ....ഒരു രക്ഷയുമില്ല....അതിഗംഭീരം’–അനുരാഗ കരിക്കിൻ വെള്ളത്തിലെ നായികാകഥാപാത്രമായ എലിസബത്തിന്റെ പ്രകടനത്തെ പുകഴ്ത്തി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരിക്കുന്ന അഭിപ്രായമാണിത്. പുതുമുഖമായ രജിഷ വിജയൻ ആണ് എലിസബത്തിനെ അവതരിപ്പിച്ചിരിക്കുന്നത്. സ്വാഭാവികമായ അഭിനയപ്രകടനം കൊണ്ടാണ് രജിഷ പ്രേക്ഷകരുടെ ഇഷ്ടം നേടുന്നത്. ചിത്രത്തിലെ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവച്ച് രജിഷ മനോരമ ഓൺലൈനിൽ.....

ആദ്യചിത്രമായ അനുരാഗ കരിക്കിൻവെള്ളം

ആദ്യചിത്രമെന്ന നിലയിൽ അനുരാഗ കരിക്കിൻവെള്ളം നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു. പ്രേക്ഷകർ സ്വീകരിച്ചു എന്നു കേൾക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. പടം ചെയ്ത എല്ലാവരും സുഹൃത്തുക്കളായിരുന്നു. എല്ലാവരും പരസ്പരം നന്നായി അറിയാവുന്നവർ. റഹ്മാൻ. കാമറ ചെയ്ത റഹ്മാന്റെ സഹോദരൻ ജിൻഷി തുടങ്ങി എല്ലാവരും പരസ്പരം അറിയാവുന്നവരായതുകൊണ്ട് അത്രയ്ക്കും സൂക്ഷിച്ച് ആലോചിച്ച് ഉണ്ടാക്കിയ പടമാണ്. ഇത്രയും മത്സരം ഉള്ള സമയത്ത് ചിത്രം റിലീസ് ചെയ്ത് അതു വിജയിച്ചു എന്നു കേൾക്കുമ്പോൾ ഉള്ള സന്തോഷം, അത് വാക്കുകൾക്ക് അതീതമാണ്.

rajisha-vijayan-2

സുഹൃത്തുക്കളായതുകൊണ്ടുതന്നെ ഷൂട്ടിന്റെ അറ്റ്മോസ്ഫിയർതന്നെ വളരെ ഫ്രണ്ട്‌ലി ആയിരുന്നു. ആസിഫ് ആണെങ്കിലും സൗബിൻ ആണെങ്കിലും ഭാസി ആണെങ്കിലും റഹ്മാൻ, ജിൻഷി എല്ലാവരും സുഹൃത്തുക്കളാണ്. സെറ്റിൽ വരുമ്പോഴെല്ലാം ആ ഒരു അറ്റ്മോസ്ഫിയർ ആയിരുന്നു. ആദ്യമായിട്ടാണ് ഒരു മൂവി ചെയ്യുന്നത്, അതിന്റെ ചെറിയ ടെൻഷൻ ഒക്കെ ഉണ്ടായിരുന്നെങ്കിലും തുടങ്ങിക്കഴിഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു. ഒരു കാര്യം ചെയ്യുമ്പോൾ നമുക്ക് മനസിലാകുമല്ലോ ഇതാണ് എനിക്കു ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള കാര്യം അല്ലെങ്കിൽ ഇതാണ് ഞാൻ ചെയ്യാൻ ആഗ്രഹിച്ചത് എന്ന്. അങ്ങനെയൊരു ഫീലിങ് ആയിരുന്നു എനിക്ക്.

പിന്നെ ഞാൻ ചെയ്ത കാരക്ടർ അതു തന്ന റഹ്മാൻ ചേട്ടനോടും നവീൻ ചേട്ടനോടുമാണ് വലിയ നന്ദി. ഈ ചിത്രത്തിൽ എല്ലാ കാരക്ടേഴ്സും ഒരുപോലെ പ്രാധാന്യമുള്ളവരാണ്. അപ്പോൾ പുതുമുഖമായ എനിക്ക് അങ്ങനെയൊരു കാരക്ടർ കിട്ടുക എന്നതും ഒരു ഭാഗ്യമാണ്. പിന്നെ ഒരു ആഗ്രഹം ഉണ്ടായിരുന്നു ഞാൻ മൂവി ഇൻഡസ്ട്രിയിലേക്ക് വരുകയാണെങ്കിൽ കിട്ടുന്ന റോൾ എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ ഉള്ളതായിരിക്കണം. ആ കാരകട്റിനെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടുവെന്നതു വലിയ സന്തോഷം.

rajisha-vijayan-ktm

അവതാരികയിൽ നിന്ന് നായികയിലേക്കുള്ള ദൂരം?

രണ്ടും തമ്മിൽ നല്ല വ്യത്യാസമുണ്ട്. അവതാരിക ആകുമ്പോൾ രജിഷ രജിഷയെപ്പോലെ സംസാരിച്ചാൽ മതി. നായിക ആകുമ്പോൾ ഒരു സ്ക്രിപ്റ്റ്റൈറ്റർ എഴുതിയ ഒരു കഥാപാത്രത്തിന് ഒരു ജീവിതം കൊടുക്കുകയാണ്. നമ്മൾ സെറ്റിൽ നിന്നിട്ട് അവർ ഉണ്ടാക്കിയിരിക്കുന്ന അന്തരീക്ഷം, അത് ശരിക്കും ഉള്ളതാണെന്നു കരുതി വേണം ചെയ്യേണ്ടത്. ഞാൻ തന്നെയാണ് ഈ പടത്തിൽ ഡബ് ചെയ്തിരിക്കുന്നതും. ആദ്യത്തെ ഒരു ഡബിങ് എക്സ്പീരിയൻസ് കൂടിയായിരുന്നു. ആക്ടിങ്ങിനെക്കാളും എനിക്ക് വെല്ലുവിളി ഉയർത്തിയത് ഡബിങ് ആയിരുന്നു.

rejisha

അഭിനയത്തിൽ ഒരു സെനാരിയോ ഉണ്ട്. നമുക്ക് വേണ്ട നിർദേശങ്ങൾ തരാൻ ഒരു ആക്ടർ നമ്മുടെ മുന്നിലുണ്ടാകും. ഡബിങ് ആകുമ്പോൾ ഒരു ഇരുണ്ട റൂമിൽ മൈക്കിന്റെ മുന്നിലിരുന്ന് സീനുകൾ കണ്ടിട്ട് അതേ ലിപ് മൂവ്മെന്റിൽ ചെയ്യണം. ഒരു അഭിനേതാവിന്റെ അഭിനയശേഷിയെ പകുതി മുക്കാലും പരിശോധിക്കുന്ന ഒന്നാണിത്. ഒരു ഡബിങ് കഴിഞ്ഞതോടെ ഞാൻ ഡബിങ് ആർട്ടിസ്റ്റുകളെയൊക്കെ തൊഴുതു. അവരോടുള്ള എന്റെ ബഹുമാനം ഇരട്ടിയായി. പക്ഷേ ഡബിങ് ചെയ്തു കഴിഞ്ഞപ്പോഴുള്ള ഒരു സന്തോഷം, ആ കാരക്ടർ മുഴുവൻ എന്റെ മനസിൽ നിറഞ്ഞു. കാഴ്ച കൊണ്ടായാലും ശബ്ദം കൊണ്ടായാലും എല്ലാം ഞാൻ തന്നെ ചെയ്യുന്നുവെന്നതിന്റെ ഒരു സന്തോഷം.

എങ്ങനെയായിരുന്നു എലിസബത്ത് രജിഷയെ തേടിയെത്തിയത്?

റഹ്മാനെയും ജിൻഷിയെയുമൊക്കെ എനിക്കു നേരത്തേ പരിചയമുണ്ടായിരുന്നു. ഇങ്ങനെയൊരു ചിത്രം പ്രീപ്രൊഡക്ഷൻ സ്റ്റേജിൽ ഉണ്ടെന്നും അറിയാമായിരുന്നു. ഒരു ദിവസം റഹ്മാൻ വിളിച്ചിട്ടു പറഞ്ഞു രജിഷ ഇങ്ങനെയൊരു കാരക്ടർ ഉണ്ട്, ചെയ്യാൻ പറ്റുമോ എന്നു ചോദിച്ചു. ഞാൻ ഈ ചോദ്യം ഒട്ടും പ്രതീക്ഷിച്ചിരുന്നതായിരുന്നില്ല. എനിക്ക് ചെയ്യാൻ പറ്റുമോ എന്ന സംശയം ആദ്യം ഉണ്ടായിരുന്നു, എന്നാൽ റഹമാനും നവീൻ ചേട്ടനുമെല്ലാം നല്ല കോൺഫിഡന്റ് ആയിരുന്നു. സ്ക്രിപ്റ്റ് വായിക്കുന്നതിനു മുൻപ് ഞാൻ കഥ കേട്ടു. അപ്പോൾ തന്നെ എനിക്കു വലിയ ഇഷ്ടമായി. നല്ല റിയലിസ്റ്റിക് ആയ കഥ. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് അപ്പോൾ എനിക്കു തോന്നിയിരുന്നു. കാരണം ഞാനും ഒരു സാധാരണ പ്രേക്ഷക ആണല്ലോ. എലിസബത്ത് ആകാൻ പറ്റുമെന്ന് എനിക്കും തോന്നി.

കഥാപാത്രത്തിനു വേണ്ടിയുള്ള തയാറെടുപ്പുകൾ?

ആർക്കിടെക്ചറൽ കോളജിലൊക്കെ പോയി പഠിച്ചു. ഡ്രൈവിങ് അറിയില്ലായിരുന്നു. അതു പഠിക്കാൻ പോയെങ്കിലും അതൊരു തികഞ്ഞ പരാജയമായിരുന്നു. പകുതിയേ പഠിക്കാൻ കഴിഞ്ഞുള്ളു. അതിനിടയിൽ ഷൂട്ടിങ് ആരംഭിച്ചു. എന്നാലും ഞാൻ ഒപ്പിച്ചു കേട്ടോ. ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നാലും എന്തൊക്കെയോ പ്രശ്നങ്ങൾ എന്റെ ഡ്രൈവിങ്ങിൽ ഉണ്ടായിരുന്നു. ആസിഫ് നന്നായി ഡ്രൈവ് ചെയ്യും. ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ ആസിഫ് ഇടയ്ക്കിടെ ഓരോ നോട്ടം നോക്കും. രജിഷാ, എന്റെ ജീവൻ, എനിക്കൊരു കുഞ്ഞുണ്ട്... എന്നൊക്കെ അർഥം വച്ചുള്ള നോട്ടം. ആസിഫിന്റെ കൈ ആണെങ്കിൽ മുഴുവൻ സമയവും ഹാൻഡ്ബ്രേക്കിലായിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ഷോട്ട് തുടങ്ങുന്നതിനു മുൻപ് എനിക്ക് മുഴുവൻ കോൺഫിഡൻസും ആസിഫ് തന്നിരുന്നു. രജിഷ ഒട്ടും പേടിക്കേണ്ട, എന്തു പറ്റിയാലും ഞാൻ ഹാൻഡിൽ ചെയ്തോളാം.. എല്ലാം ഹാൻഡ്ബ്രേക്ക് പിടിച്ചിട്ടുള്ള കോൺഫിഡൻസ് ആയിരുന്നു.

rejisha-asif

എന്റെ പേടി മറ്റൊന്നായിരുന്നു. കാറിനകത്ത് ഒരു പത്ത് അൻപത് ലക്ഷത്തിന്റെ കാമറ ഉണ്ടായിരുന്നു. അതിന് ഒരു സ്ക്രാച്ച് പറ്റിയാൽ മതി, എന്റെ കാര്യത്തിൽ തീരുമാനമാകാൻ. ദൈവം സഹായിച്ച് ആർക്കും ഒരു കുഴപ്പവും സംഭവിച്ചില്ല എന്നു പറഞ്ഞാൽ മതിയല്ലോ. എനിക്കു കിട്ടിയ കോൺഫിഡൻസാണ് ഇതെല്ലാം നന്നായി ചെയ്യാൻ സഹായിച്ചത്. റഹ്മാൻ ആയാലും ചെറിയ പ്രായത്തിലാണ് ആദ്യത്തെ സിനിമ സംവിധാനം ചെയ്യുന്നത്. എന്നിൽ നിന്നു മാത്രമല്ല, ഓരോ ആർട്ടിസ്റ്റിന്റെ അടുത്തു നിന്നും മാക്സിമം ഔട്ട്പുട്ട് പുറത്തെടുവിക്കുക അല്ലെങ്കിൽ ആ കാരക്ടറിനെ നമ്മുടെ ഉള്ളിൽ ആവാഹിക്കുക, അതൊരു സംവിധായകന്റെ കഴിവു തന്നെയാണ്. അത് അദ്ദേഹം നന്നായി നിറവേറ്റുകയും ചെയ്തു.

അഭിനയത്തിലെ ഒറിജിനാലിറ്റി?

അയ്യോ, അതെങ്ങനെ വന്നുവെന്നൊന്നും എനിക്കറിയില്ല. കിട്ടുന്ന കഥാപാത്രത്തോടു നൂറു ശതമാനവും നീതി പുലർത്തണമെന്ന അതിയായ ആഗ്രഹമുണ്ടെങ്കിൽ അതു സ്വാഭാവികമായി പുറത്തു വരും. ഒരു അഞ്ചു മിനിറ്റു മുൻപേ കഥാപാത്രത്തെക്കുറിച്ച് ആലോചിച്ച്, അതിനു മുൻപുള്ള സീനും അതിനു ശേഷമുള്ള സീനുമൊക്കെ ആലോചിക്കുമായിരുന്നു. അപ്പോൾ നമുക്ക് കഥാപാത്രത്തെക്കുറിച്ചുള്ള ഒരു ഗ്രാഫ് കിട്ടും. അപ്പോൾ നമ്മൾ കഥാപാത്രമാണെന്ന് ഉറച്ചു വിശ്വസിച്ച് കാമറയുടെ മുന്നിൽവന്ന് പെർഫോം ചെയ്യുമ്പോൾ കാരക്ടർ മാത്രമാകും മനസിൽ. ഇതിൽ സംവിധായകന് ഒരു പങ്കുണ്ട്. പിന്നെ സ്ക്രിപ്റ്റ്റൈറ്റർ, ഓരോ കഥാപാത്രത്തെയും എങ്ങനെ വിശദീകരിച്ചിട്ടുണ്ട്, ആ കാരക്ടറിന് എത്രമാത്രം പ്രാധാന്യമുണ്ട് എന്നെല്ലാം തയാറാക്കി വച്ചിരിക്കുന്നു. കോംപിനേഷൻ സീനുകളിൽ മുന്നിൽ നിൽക്കുന്ന ആൾ എങ്ങനെ അഭിനയിക്കുന്നുവോ അതുപോലെ ഇരിക്കും നമ്മുടെയും പെർഫോമൻസ്.

rajisha-vijayan-5

ഒരു കൊടുക്കൽ– വാങ്ങൽ പോലെ. അത്രയും നല്ല കാസ്റ്റിങ് ആയിരുന്നു ചിത്രത്തിലേത്. ബിജു ചേട്ടൻ, ആസിഫ് അലി, ആശാ ശരത്, മണിയൻപിള്ള രാജു, ശ്രീനാഥ് ഭാസി, സൗബിൻ തുടങ്ങി എല്ലാവരും അത്രമാത്രം ചിത്രങ്ങൾ ചെയ്തിട്ടുള്ളവരാണ്. അവർക്ക് അറിയാം എങ്ങനെ അഭിനയിക്കണമെന്ന്. അവരുടെ അടുത്തുനിന്ന് ആ റിയാക്ഷൻ കിട്ടുമ്പോൾ സ്വാഭാവികമായും നമ്മുടെ അടുത്തുനിന്നും ആ റിയാക്ഷൻ വരും. ഇങ്ങനെ ഒരു കാസ്റ്റിങ് കിട്ടിയത് എന്റെയും ഒരു ഭാഗ്യമാണ്. ആദ്യ ചിത്രത്തിൽ തന്നെ നല്ലൊരു സംവിധായകനെ കിട്ടി, നല്ലൊരു സ്ക്രിപ്റ്റ്റൈറ്ററെ കിട്ടി, നല്ലൊരു സിനിമറ്റോഗ്രാഫറെ കിട്ടി, നല്ലൊരു പ്രൊഡക്ഷൻഹൗസിന്റെ കൂടെ വർക് ചെയ്യാൻ പറ്റി.

പടത്തിലെ ഓരോ വ്യക്തികളോടും ഞാനിതിന് നന്ദി പറയുകയാണ്. ചിത്രത്തിൽ കോസ്റ്റ്യും ചെയ്തത് ധന്യയാണ്. എന്റെ കോസ്റ്റ്യും ചെയ്തത് എന്റെ സുഹൃത് പൂജയാണ്. ഇങ്ങനെ എല്ലാം ഒരു കൂട്ടായ്മ ആയിരുന്നു.

ആസിഫ്അലി–ബിജു മേനോൻ– ആശാ ശരത് തുടങ്ങിയവർക്കൊപ്പം?

ബിജു ചേട്ടന്റെയും ആശ ചേച്ചിയുടെയും കൂടെ എനിക്ക് കോംപിനേഷൻ സീനുകൾ വളരെ കുറവാണ്. അവരെ സെറ്റിൽ കാണുമായിരുന്നു. ബിജു ചേട്ടനൊക്കെ പെർഫോം ചെയ്യുന്നതു കാണുന്നതിൽനിന്നു തന്നെ നമുക്ക് കുറേ പഠിക്കാനുണ്ടാകും. ഓരോരോ ടേക്കുകളിലും എങ്ങനെ വ്യത്യസ്തത കൊണ്ടുവരുന്നുവെന്നൊക്കെ നമ്മൾ നോക്കി ഇരുന്നുപോകും. എനിക്ക് കോംപിനേഷൻ സീനുകൾ ഉള്ളത് ആസിഫ് അലിയോടൊപ്പമാണ്. എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയ ഒരാളാണ് ആസിഫ്. അഭിലാഷ് എന്ന കഥാപാത്രം ആസിഫിന്റെ ഒരു ബെസ്റ്റ് റോൾ ആയിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. എങ്ങനെ ഓരോരോ കഥാപാത്രവും വ്യത്യസ്തമാക്കാമെന്നു ചിന്തിച്ചു പോകുന്ന ഒരാളാണ് ആസിഫ്.

ആസിഫിന്റെ കൂടെയുള്ള ആദ്യത്തെ കോംപിനേഷൻ സീൻ വന്നപ്പോൾ എനിക്ക് ടെൻഷനായി. ആസിഫ് നല്ല കൂൾ ആയിരുന്നു. നമ്മൾ സംസാരിച്ചു, നല്ല ഫ്രണ്ട്‌ലിയായി. നല്ല സപ്പോർട്ടീവ് ആയിരുന്നു. ആസിഫ് ഭയങ്കര പ്രൊഫഷണൽ ആണ്. അതാ ഞാൻ പറഞ്ഞേ ഓരോരുത്തരുടെ അടുത്തുനിന്നും പഠിക്കാൻ ഒരുപാട് ഉണ്ടായിരുന്നു.

സൗബിനൊക്കെ വായ തുറക്കുന്നതേ കോമഡിക്കു വേണ്ടിയാണെന്നു കേട്ടിട്ടുണ്ട്. അപ്പോൾ തീർച്ചയായും സെറ്റും നല്ല ജോളി മൂഡിൽ ആയിരുന്നിട്ടുണ്ടല്ലോ?

അയ്യോ ഇക്കാക്ക (സൗബിൻ) ഒരു രക്ഷയുമില്ലാത്ത ആക്ടറാണ്. പടത്തിനുള്ളിൽ നമ്മൾ രണ്ടുപേരും അത്ര നല്ല ടേംസിൽ അല്ല. പക്ഷേ അവസാന മിനിട്ടു വരെ പുള്ളി ചിരിപ്പിച്ചുകൊണ്ടിരിക്കും. ഈ സമയത്തായിരുന്നു ഇക്കാക്ക ഹാർലി ഡേവിഡ്സൺ എടുത്തത്. ഹാർലി ഡേവിഡ്സൺ കാണുമ്പോൾസെറ്റിലൊക്കെ നല്ല സന്തോഷമായിരുന്നു. സൗബിൻ എപ്പോഴും ചോക്കളേറ്റ് കഴിച്ചുകൊണ്ടിരിക്കും.

rajisha-vijayan-3

ഞാൻ റഹ്മാൻ കാണാതെ ചോക്കളേറ്റു വാങ്ങിച്ചു കഴിക്കുമായിരുന്നു. റഹ്മാൻ പറയാറുണ്ടായിരുന്നു കഴിക്കരുത് കഴിക്കരുത് എന്ന്. ഫുൾടൈം തമാശയായിരുന്നു. എല്ലാവരും റഹ്മാന്റെ സുഹൃത്തുക്കളായിരുന്നു. അതുകൊണ്ടുതന്നെ നല്ല ജോളിയായിട്ടായിരുന്നു ഷൂട്ട് മുഴുവൻ. ആ ഒരു പോസിറ്റീവ് എനർജി കിട്ടുമ്പോൾ നമുക്ക് മറ്റൊന്നും ആലോചിക്കാൻ കഴിയില്ല. പിന്നെ ഞാൻ ടെൻഷനടിച്ചത് ഡ്രൈവിങ് സീറ്റിൽ‌ ഇരിക്കുമ്പോഴായിരുന്നു. സിനിമറ്റോഗ്രാഫി ഗ്രൂപ്പിലുള്ളവരൊക്കെ പറയും രജിഷാ കാമറ... കുഴപ്പമൊന്നുമില്ല... എന്നാലും....ഇതു കേൾക്കുമ്പോൾ സ്റ്റിയറിങ്ങിൽ കൈ ഇരുന്ന് വിറയ്ക്കാൻ തുടങ്ങും. പിന്നെ തൊട്ടപ്പുറത്ത് ആസിഫും കൂടി ആകുമ്പോൾ പറയേണ്ടല്ലോ. എനിക്കു പാർക്കിങ് ചെയ്യാനൊന്നും അറിയില്ലായിരുന്നു. അവസാനം ആസിഫ് എന്നോടു ചോദിച്ചു, ഏത് ഡ്രൈവിങ് സ്കൂളിലായിരുന്നു പഠിച്ചതെന്ന്. നേരേ ഓടിക്കാൻ അറിയാം, റിവേഴ്സും പാർക്കിങ്ങുമൊന്നും അറിയില്ലായിരുന്നു. പിന്നെ ഇടയ്ക്ക് കോഴിക്കോട് സ്ലാങ് ഒന്നും കയറിവരാതിരിക്കാൻ ഞ‍‍ാൻ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാത്തിനും ദൈവത്തിനോടും അച്ഛനോടും അമ്മയോടുമൊക്കെ നന്ദി പറയുന്നു.

ചിത്രം കണ്ടുകഴിഞ്ഞ് ആദ്യം ലഭിച്ച സന്തോഷം?

അച്ചനും അമ്മയും അനിയത്തിയും ഉൾപ്പടെ മുഴുവൻ ക്രൂവും ഒത്താണ് ഫസ്റ്റ്ഷോ കണ്ടത്. ബിജു ചേട്ടനും ആസിഫും ആശ ചേച്ചിയും ഇല്ലായിരുന്നു. ഷോ കണ്ടിറങ്ങിയപ്പോൾ അച്ഛന്റെയും അമ്മയുടെയും കണ്ണു നിറഞ്ഞിരിക്കുന്നതു കണ്ടപ്പോൾതന്നെ എനിക്കു സന്തോഷമായി. അച്ഛൻ എന്റെ കൈ പിടിച്ചിട്ടു പറഞ്ഞു, മോളേ ഞാൻ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല എന്ന്. നീ പറയുന്നതു കേട്ടപ്പോൾ ഇത്രയും സംഭവമുണ്ട് ഇത്രയും സീരിയസ് ആണ്, നിനക്ക് ഒരുപാട് ചെയ്യാനുണ്ട് എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല.

അച്ഛനു വലിയ സന്തോഷമായി.. നമുക്ക് ഒന്നും കൂടി പോയി കണ്ടാലോ എന്നു ചോദിച്ചു. അനിയത്തി ചിത്രത്തെക്കുറിച്ചുള്ള സംസാരം ഇപ്പോഴും നിർത്തിയിട്ടില്ല. ആദ്യത്തെ ചിത്രം ആയതുകൊണ്ട് ആ ഒരു എക്സൈറ്റ്മെന്റ് കുടുംബത്തിൽ എല്ലാവർക്കുമുണ്ടായിരുന്നു. ഫെയ്സ്ബുക്കിൽ കിട്ടുന്ന മെസേജുകളും ഇൻഡസ്ട്രിയിൽ ഓരോരുത്തരും വിളിക്കുമ്പോഴും പറയുമ്പോഴുമൊക്കെ കിട്ടുന്ന ഒരു സന്തോഷവും അതെങ്ങനെ പറയണമെന്നൊന്നും അറിയില്ല.

rajisha-vijayan-4

നമ്മൾ െചയ്ത എഫർട്ടിന് ഒരു അംഗീകരാം കിട്ടിയെന്ന് അറിയുമ്പോൾ വലിയ സന്തോഷം. സ്ക്രീനിൽ ഒരു പുതിയ കഥാപാത്രത്തെ കൊണ്ടുവരുമ്പോൾ അത് രജിഷയായി ആരിലും റജിസ്റ്റർ ചെയ്യപ്പെടുരുതെന്ന ആഗ്രഹമുണ്ടായിരുന്നു. എലിസബത്തിനെ എലിസബത്ത് ആയിത്തന്നെ കാണണം. അതിനുവേണ്ടിത്തന്നെയാണ് ആങ്കറിങിൽ നിന്നു ബ്രേക്ക് എടുത്തതും.

കുടുംബം?

കോഴിക്കോട് പേരാമ്പ്ര ആണു വീട്. അച്ഛൻ വിജയൻ, അമ്മ ഷീല. അനിയത്തി അഞ്ജുഷ പ്ലസ്ടു കഴിഞ്ഞു.
 

Your Rating: