Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തുകൊണ്ട് മീര ജാസ്മിൻ; ഡോൺമാക്സ് പറയുന്നു

meera-don മീര ജാസ്മിൻ, ഡോൺമാക്സ്

വ്യത്യസ്തമാര്‍ന്ന ചിത്രസംയോജന രീതിയുമായി തരംഗം തീര്‍ത്ത ഡോണ്‍മാക്‌സ് സംവിധായകനാകുന്നു. ടൈഗര്‍ എന്ന ചിത്രത്തിലൂടെയാണ് ഡോണ്‍മാക്‌സ് ചിത്രസംയോജകനായി അരങ്ങേറ്റം നടത്തുന്നത്. പിന്നീട് കുരുവി എന്ന സിനിമയിലൂടെ ഡോണ്‍മാക്‌സ് തമിഴിലും സജീവമായി.

അണ്ണന്‍ തമ്പി, ഛോട്ടാ മുംബൈ, ബെസ്റ്റ് ആക്ടര്‍, എബിസിഡി, ജില്ല തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റായി ഡോണ്‍മാക്‌സ് ശ്രദ്ധ നേടി. കോട്ടയം സ്വദേശിയായ ഡോണ്‍ മാക്‌സ് ആദ്യ സിനിമയുടെ കഥ പറയുന്നത് ഇടുക്കി പശ്ചാത്തലമാക്കിയാണ് എന്നതും ശ്രദ്ധേയമാണ്. പത്തു കൽപനകൾ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ഡോൺമാക്സ് മനോരമ ഓൺലൈനിൽ....

എന്താണ് 10 കൽപനകൾ?

ഇടുക്കിയുമായി ബന്ധപ്പെട്ടുള്ള ഒരു ചിത്രമാണിത്. അനൂപ് മേനോൻ, മുരളി ഗോപി, മീരാ ജാസ്മിൻ, അനുമോൾ, കനിഹ, ജോജു ജോർജ്, തമ്പി ആന്റണി എന്നിവർക്കു പുറമേ പുതിയൊരു നായിക കൂടി ഈ ചിത്രത്തിലൂടെ എത്തുന്നുണ്ട്– ബോംബെയിലുള്ള റിതിക. ഇതിൽ അനൂപ് മേനോൻ ഫോറസ്റ്റ് ഓഫീസറായി വേഷമിടുന്നു. മീരാ ജാസ്മിൻ പൊലീസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ഓഫീസറായി എത്തുന്നു. മൂന്നു വ്യത്യസ്ത ജീവിതഘട്ടങ്ങളെ വളരെ രസകരമായി ആവിഷ്കരിക്കുന്ന ഒരു ചിത്രമാണിത്.

ഒരു ഇടവേളയ്ക്കു ശേഷം മീര ജാസ്മിൻ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ടല്ലോ? എന്തുകൊണ്ടാണ് മീരയെ തന്നെ നായികയാക്കിയത്?

ഇതിൽ മീര ചെയ്യുന്ന വേഷത്തിന് ഏറ്റവും യോജിച്ചത് മീര തന്നെയാണ്. വേറെ ആരെയും മനസിൽ കാണാൻ കഴിഞ്ഞില്ല. കഥ പറഞ്ഞപ്പോൾ മീരയ്ക്ക് ഇഷ്ടമാകുകയും ചെയ്തു. മീരാ ജാസ്മിൻ ആദ്യമായാണ് ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ഓഫീസറാണെങ്കിലും എപ്പോഴും പൊലീസ് വേഷത്തിലല്ല മീര പ്രത്യക്ഷപ്പെടുന്നത്. കുറച്ച് ബോൾഡ് ആയിട്ടുള്ള ഒരു കാരക്ടറാണ്. പെർഫോമൻസ് ബെയ്സിലും വളരെ നന്നായി ചെയ്യാൻ പറ്റുന്ന ഒരു കഥാപാത്രം. ഇതിന് ഏറ്റവും അനുയോജ്യമായി തോന്നിയത് മീരയെയാണ്.

vijay-donmax

കഥാപാത്രങ്ങളെ തിരഞ്ഞെടുത്തിനു പിന്നിൽ?

സ്ത്രീ പ്രാതിനിധ്യമുള്ള ഒരു സിനിമയാണിത്. ഓരോ കാരക്ടേഴ്സിനെയും മനസിൽ കണ്ട് ചെയ്ത ഒരു ചിത്രമാണിത്. ഇപ്പോൾ അനുമോൾ ചെയ്യുന്ന കഥാപാത്രം അതിനു മനസിൽ അനുമോൾ അല്ലാതെ വേറേ ആരെയും ചിന്തിക്കാൻ പറ്റുമായിരുന്നില്ല. അതുപോലെ തന്നെയാണ് ഇതിലെ ഓരോ കാരക്ടേഴ്സും.

സ്ത്രീ പ്രാതിനിധ്യമുള്ള ചിത്രം ആയതുകൊണ്ടു ചോദിക്കട്ടേ, അനുമോളുടെയും കനിഹയുടെയും കാരക്ടേഴ്സിനെ കുറിച്ച് പറയാമോ?

കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ല. അനുമോൾക്ക് ഒരു അമ്മ വേഷമാണ്. കനിഹ നാട്ടിൻപുറത്തുകാരിയായ വളരെ ഇന്നസെന്റ് ആയിട്ടുള്ള വീട്ടമ്മയാണ്.

ബൈബിളിലെ പത്തു കൽപനകളുമായി ചിത്രത്തിന് എന്തെങ്കിലും ബന്ധമുണ്ടോ?

ഇതിലെ ചില സംഭവങ്ങൾ പത്തു കൽപനകളിലെ രണ്ടു മൂന്നു കൽപനകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ചിത്രത്തിന് 10 കൽപനകൾ എന്നു പേരിട്ടതും.

എഡിറ്റർ സംവിധായകന്റെ കുപ്പായം അണിഞ്ഞപ്പോൾ?

കുപ്പായം അണിഞ്ഞിട്ടില്ല, അണിയാൻ പോകുന്നതേ ഉള്ളൂ, ഏപ്രിൽ അവസാന വാരമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. എനിക്ക് സംവിധാനം എന്നത് വലിയ പ്രശ്നമായി തോന്നുന്നില്ല. ഒരു സുപ്രഭാതത്തിൽ സിനിമ ചെയ്യണമെന്നു പറഞ്ഞുവന്ന് ചെയ്യുകയല്ല ഞാൻ. ഏകദേശം രണ്ടരവർഷത്തോളമായി ഞാൻ സംവിധാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി എഡിറ്റിങ്ങും കുറച്ചിരുന്നു. അത്രയും വേണ്ടപ്പെട്ടവരുടെ പടങ്ങൾ മാത്രമേ ഈ കാലയളവിൽ ചെയ്തിട്ടുള്ളു. ഈ ചിത്രത്തിനു വേണ്ടിയുള്ള തയാറെടുപ്പുകൾക്കായിരുന്നു ഞാൻ കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി 40–ൽ അധികം ചിത്രങ്ങളുടെ എഡിറ്റർ. എന്തുകൊണ്ട് സ്വന്തം ചിത്രത്തിന്റെ എഡിറ്റിങ് ചെയ്യുന്നില്ല?

ഇതിന്റെ എഡിറ്റിങ് ചെയ്യുന്നത് ജിത് ജോഷി എന്ന പുതിയ ഒരാളാണ്. പുതിയ ആളുകൾക്കും അവസരം കിട്ടണമല്ലോ. നല്ല കഴിവുള്ള ആളാണ് ജിത്. തിരക്കഥ എഴുതിയിരിക്കുന്നത് സംഗീത് ജെയ്ൻ ആണ്. സ്ക്രിപ്ററിങ് ചെയ്തിരിക്കുന്നത് സൂരജും നീരജുമാണ്.

പൊലീസ് വേഷങ്ങളിൽ നാലഞ്ചു ചിത്രങ്ങൾ ഈ വർഷം തന്നെ ഇറങ്ങിയിട്ടുണ്ട്. അവയിൽ നിന്നും എന്ത് വ്യത്യസ്തതയാകും 10 കൽപനകൾ സമ്മാനിക്കുന്നത്?

ഇതു വരെ ഇറങ്ങിയ ചിത്രങ്ങൾ പോലെയോ ഇനി ഇറങ്ങാനിരിക്കുന്ന പൊലീസ് ചിത്രം പോലെയോ അല്ല 10 കൽപനകൾ. ഇതിൽ ഒരാളിന്റെ തന്നെ മൂന്നു കാലങ്ങൾ ആസ്പദമാക്കിയുള്ളതാണ്. അതുകൊണ്ടു തന്നെ അതിന്റേതായ സസ്പെൻസുകളും ചിത്രത്തിനുണ്ടാകും. ഇത് കുറച്ച് വ്യത്യസ്തമായ ഒരു ഇൻവെസ്റ്റിഗേഷനാണ്. സംഭവിക്കാൻ സാധ്യതയുള്ള ഒരു സംഭവമാണ്.

സംവിധായകനാകുന്ന നിലയ്ക്ക് ഇനി എഡിറ്റിങ് ഉപേക്ഷിക്കുമോ?

ഒരിക്കലുമില്ല. ഇനിയും ഞാൻ എഡിറ്റിങ് ചെയ്യും. സംവിധാനം ചെയ്യണമെന്നും ആഗ്രഹിക്കുന്നു.

Your Rating: