Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒകെ കണ്‍മണി ഞാന്‍ കണ്ടില്ല

മൂന്നു വര്‍ഷമേ ആയുള്ളൂ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയം ആരംഭിച്ചിട്ട്. ആകെ 20ല്‍ താഴെ സിനിമകള്‍. മലയാളത്തിലെ യുവനടന്മാരില്‍, തിയറ്ററില്‍ വിജയിക്കുന്ന സിനിമാപ്രോജക്ടുകളുടെ തിരഞ്ഞെടുപ്പിലും അഭിനയമികവിലും ശക്തമായ മല്‍സരം നേരിടുന്ന നടനാണ് ഇദ്ദേഹം. പക്ഷേ, മണിരത്നം സംവിധാനം ചെയ്ത 'ഒാകെ കണ്‍മണി യുടെ മികവായി എ.ആര്‍. റഹ്മാന്റെ സംഗീതത്തോടൊപ്പം ദുല്‍ഖറിന്റെ അഭിനയവും ചര്‍ച്ചയായി. ഈ അഭിനയ മികവു തന്നെയാണ് ഈ വാരം ചര്‍ച്ചയായതും.

ദുല്‍ഖര്‍ സല്‍മാനില്‍ മികച്ച നടനുണ്ട് എന്നു പറയിപ്പിക്കാന്‍ ഇത്രയും കാത്തിരിക്കേണ്ടി വന്നതെങ്ങനെയാണ് ?

ഞാന്‍ സംവിധായകന്റെ നടനാണ്. അവര്‍ക്കു വേണ്ടുന്ന ഭാവം പരമാവധി നല്‍കാന്‍ ഞാന്‍ ശ്രമിക്കും. എന്റെ എല്ലാ സംവിധായകരില്‍ നിന്നും ഞാന്‍ പഠിച്ചിട്ടുണ്ട്. മണിസാര്‍ വളരെ വിശദമായി സ്ക്രിപ്റ്റ് എന്നോടു പറഞ്ഞു. അങ്ങനെ കഥാപാത്രത്തെ കൂടുതല്‍ അടുത്തറിഞ്ഞു. മൂന്നാഴ്ചത്തെ വര്‍ക്ഷോപ്പുണ്ടായിരുന്നു.

അവിടെ ആറേഴു തവണയെങ്കിലും തിരക്കഥ കൂട്ടായി വായിച്ചു. ഇങ്ങനെ തിരക്കഥ, സഹ അഭിനേതാക്കള്‍, ഭാഷ- എല്ലാത്തിനോടും കൂടുതല്‍ അടുപ്പമായി. മാത്രമല്ല, ഒാരോഷോട്ട് എടുക്കുന്നതിനു മുന്‍പും റിഹേഴ്സലും നടത്തിയിരുന്നു. അങ്ങനെ ഇതുവരെ എന്റെ സിനിമയില്‍ വരാത്ത ഭാവങ്ങള്‍ ഈ സിനിമയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. അതാകാം ഞാന്‍അഭിനന്ദിക്കപ്പെടാന്‍ കാരണം.

സിനിമ കണ്ടിട്ടു മമ്മൂട്ടി എന്തു പറഞ്ഞു?

സന്തോഷമായി. നന്നായിരിക്കുന്നു എന്നു പറഞ്ഞു.

നിങ്ങളെ രണ്ടുപേരെയും താരതമ്യപ്പെടുത്തി രാംഗോപാല്‍വര്‍മ പറഞ്ഞതു വലിയ വിവാദമായി -

അദ്ദേഹം എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല.

രാംഗോപാല്‍ വര്‍മയ്ക്കു മറുപടിയായി ദുല്‍ഖറിന്റെ ട്വീറ്റ് വരുന്നു. പിന്നീട് ആ ട്വീറ്റ് വ്യാജമാണെന്നു പ്രചാരണമുണ്ടാകുന്നു - വാസ്തവമെന്താണ്?

ആ ട്വീറ്റ് എന്റെ തന്നെയാണ്.

10 ജന്മം ജനിച്ചാലും മമ്മൂട്ടിയുടെ അഭിനയത്തിന്റെ ലക്ഷത്തിലൊരംശം ആകാന്‍ കഴിയില്ലെന്ന ആ ട്വീറ്റ് ദുല്‍ഖറിന്റെ തന്നെയാണ്?

അതെ. നമുക്ക് ആ വിഷയം വിടാം.

ഫഹദ് ഫാസില്‍ നിരസിച്ച റോളാണ് 'ഒാകെ കണ്‍മണിയില്‍ദുല്‍ഖര്‍ അവതരിപ്പിച്ചത് എന്നു കേള്‍ക്കുന്നു - ശരിയാണോ?

എനിക്കറിയില്ല. ഇതിനു മണിസാറോ ഫഹദോ ആണു മറുപടി പറയേണ്ടത്. മൂന്നു ഐഡിയകളാണു മണിസാര്‍ എന്നോടു പറഞ്ഞത്. അതില്‍ ഏറ്റവും ഇഷ്ടം തോന്നിയത് ഇതായതിനാല്‍ ഇതു തിരഞ്ഞെടുത്തു. മറ്റ് അഭിനേതാക്കളോട് ഇതു തന്നെയാണോ പറഞ്ഞത് എന്നറിയില്ല.

ദുല്‍ഖര്‍ മലയാളത്തിലെ റൊമാന്റിക് ഹീറോയാവുമെന്നു ചില പ്രവചനങ്ങളുണ്ട് - എന്തു പറയുന്നു?

ഞാനും കേട്ടിരുന്നു. ടൈപ്പാകാന്‍ എനിക്കിഷ്ടമല്ല. പക്ഷേ, അടുത്തടുത്തു വരുന്ന എന്റെ സിനിമകളിലെ റോളുകള്‍ ഒരേപോലെ ആകാറുണ്ട് - രണ്ട് എന്‍ആര്‍ഐ, രണ്ട് ആംഗ്രിമാന്‍, രണ്ടു റൊമാന്റിക്. റൊമാന്റിക് വരുമ്പോള്‍ അതു നന്നായി എന്നു സുഹൃത്തുക്കള്‍ പറയും.

നന്നായി എന്നു സ്വയം തോന്നിയില്ലേ?

സത്യത്തില്‍ ഞാനിതു വരെ 'ഒാകെ കണ്‍മണി കണ്ടിട്ടില്ല. ധൈര്യമില്ല. ടെന്‍ഷനുണ്ട് ഇപ്പോഴും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.