Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിനെപ്പോലെയാണ് പൃഥ്വി

maniyanpilla-raju മണിയൻപിള്ള രാജു

മലയാളത്തിലെ 'നല്ല സിനിമകളുടെ നിർമ്മാതാവ്' മണിയൻ പിള്ള രാജുവിന് 2016 ഭാഗ്യവർഷമാണ്‌. പൃഥ്വിരാജ് ചിത്രമായ പാവാട രണ്ടാം വാരം തീയറ്ററുകളിലേക്ക് എത്തുമ്പോൾ തന്റെ സിനിമാ ജീവിതത്തിലെ വലിയൊരു നാഴികകല്ല് പിന്നിടുകയാണ് രാജു. മണിയൻ പിള്ള രാജുവിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന പത്താമത്തെ ചിത്രമാണ് പാവാട. മാത്രമല്ല , പാവാട തീയറ്ററുകളിൽ എത്തുന്നതോടെ ഒരു നിർമാതാവിന്റെ റോളിൽ രാജു മലയാള സിനിമയിൽ 30 വർഷം തികക്കുകയും ചെയ്യുന്നു.

നിർമാതാവിന്റെ കുപ്പായമണിഞ്ഞു നീണ്ട 30 വർഷങ്ങൾ , രണ്ടും മൂന്നും വർഷത്തെ ഇടവേളയിട്ട്‌ ഇറക്കിയ 10 ചിത്രങ്ങൾ , 9 ഉം സൂപ്പർസ്റ്റാറുകളെ വച്ചെടുത്തവ ഇവയിൽ 8 ഉം ബോക്സ് ഓഫീസിൽ ബംബർ ഹിറ്റ്‌. അത് കൊണ്ട് തന്നെ പത്താമത്തെ ചിത്രമായ പാവാട ജനവിധി കാത്ത് തീയറ്ററുകളിൽ എത്തുമ്പോൾ വിജയത്തിൽ കുറഞ്ഞ് ഒന്നും തന്നെ മണിയൻ പിള്ള രാജു എന്ന നിർമ്മാതാവ് പ്രതീക്ഷിക്കുന്നില്ല. പാവാട പൃഥ്വിരാജ് എന്ന നടന്റെ കരിയർ ഗ്രാഫിലെ ഏറ്റവും മികച്ച ചിത്രമാണ് എന്ന് ഉറപ്പിച്ചു പറയുന്ന രാജു , തന്റെ 3 ദശാബ്ദങ്ങൾ നീണ്ട ചലച്ചിത്ര നിർമ്മാണത്തെ കുറിച്ചും ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന പാവാട എന്ന ചിത്രത്തെ കുറിച്ചും മനോരമ ഓണ്‍ലൈനിനു അനുവദിച്ച അഭിമുഖത്തിൽ നിന്നും .....

നടൻ എന്ന നിലയിൽ 40 വർഷം, നിർമാതാവിന്റെ റോളിൽ മുപ്പതാം വർഷം പത്താമത്തെ ചിത്രം, പാവാടയെക്കുറിച്ചുള്ള പ്രതീക്ഷകൾ?

ഞാൻ ഇന്നുവരെ എടുത്ത ചിത്രങ്ങൾ എല്ലാം തന്നെ ഒന്നിനൊന്നോടു വ്യത്യസ്തമായിരുന്നു. പ്രേക്ഷകരെ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല എന്ന ഉറപ്പുണ്ട്. എന്നാൽ, പത്താം ചിത്രമായ പാവാട കഴിഞ്ഞ 9 ചിത്രങ്ങളില നിന്നും വ്യത്യസ്തമാണ്. ഒരു പടി മേലെ നിൽക്കുന്നു എന്ന് വേണമെങ്കിൽ പറയാം. കാരണം, പൃഥ്വിരാജ് എന്ന നടന്റെ കഴിവ് പൂർണ്ണമായും ഉപയോഗപ്പെടുത്തിയ ചിത്രമാണിത്. അത്ര മനോഹരമായി പൃഥ്വി ഇതിൽ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയുടെ ഏറ്റവും വലിയ ആകർഷണം എന്ന് പറയുന്നത്, ബിപിൻ ചന്ദ്രന്റെ തിരക്കഥയാണ്.

maniyanpilla-prithvi

ഞാൻ 4 വ്യത്യസ്ത തിരക്കഥാകൃത്തുക്കളെ 4 തവണ തിരക്കഥ എഴുതിച്ചു പൃഥ്വിരാജിന്റെ അടുത്തു പോയതാണ്. എന്നാൽ ഓരോ തവണയും സ്ക്രിപ്റ്റ് പോരെന്നു പറഞ്ഞ് പ്രിഥ്വിരാജ് മടക്കി അയക്കുകയായിരുന്നു. ഏതു വലിയ സംവിധായകനായാലും തിരക്കഥ പൂർണ്ണമായും കേട്ട് ഇഷ്ടപ്പെടാതെ രാജു ഡേറ്റ് കൊടുക്കാറില്ല. കഴിഞ്ഞ 2 വർഷമായി അദ്ദേഹം അങ്ങനെയാണ്, അതുകൊണ്ട് തന്നെയാണ് ഇറങ്ങുന്ന പടങ്ങൾ ഒക്കെ ഇത്ര ഹിറ്റ്‌ ആകുന്നതും. ചേട്ടൻ വേറെ ആരെ എങ്കിലും വച്ചു പടം ചെയ്തോളു എന്ന് വരെ അദ്ദേഹം പറഞ്ഞ്. പക്ഷെ ഞാൻ അത് കൊണ്ടൊന്നും തളർന്നില്ല. പത്താമത്തെ ചിത്രം പൃഥ്വിരാജിനെ വച്ചു ചെയ്യണം എന്ന വാശിയുണ്ടായിരുന്നു. ഒടുവിൽ ബിപിൻ ചന്ദ്രന്റെ സ്ക്രിപ്റ്റ് അദ്ദേഹത്തിന് ഇഷ്ടമായി. നല്ലൊരു ഹാപ്പി മൂഡ്‌ ക്രിയേറ്റ് ചെയ്യാൻ കഴിയുന്ന നല്ലൊരു ചിത്രം എന്ന് മാത്രമേ ഈ ചിത്രത്തെ വിശേഷിപ്പക്കാൻ കഴിയൂ. കാരണം അത്രയും കിടിലനായിട്ടാണ് സിനിമ എടുത്തിരിക്കുന്നത്. ഞാൻ ഇത് വരെ എടുത്തതിൽ ഏറ്റവും വലിയ സിനിമയാണ് പാവാട. എന്റെ ഏറ്റവും കൂടുതൽ ഓടുന്ന ചിത്രവും പാവാടയായിരിക്കും. അതെനിക്ക് ഉറപ്പുണ്ട്.

പത്തു ചിത്രങ്ങളിൽ 5 ലും മോഹൻലാൽ ആയിരുന്നു നായകൻ, എല്ലാം സൂപ്പർഹിറ്റും, പത്താമത്തെ ചിത്രവും മോഹൻലാലിനെ വച്ചു ചെയ്യാൻ എളുപ്പത്തിൽ കഴിയുമായിരുന്നിട്ടും പൃഥ്വിരാജിനു വേണ്ടി കാത്തിരുന്നത് എന്ത് കൊണ്ടാണ് ?

പൃഥ്വിരാജ് എന്നെ സംബന്ധിച്ച് ഒരു നായക നടൻ മാത്രമല്ല. അതിനപ്പുറം വൈകാരികമായ ഒരു ബന്ധമുണ്ട് ഞങ്ങൾക്കിടയിൽ. പ്രിഥ്വിയുടെ അമ്മ മല്ലിക എന്റെ ഒപ്പം പഠിച്ചതാണ്. മല്ലികയും സുകുമാരനും എന്റെ നല്ല സുഹൃത്തുക്കളാണ്. പൃഥ്വിയെ ചെറുതിലെ എടുത്തുകൊണ്ടു നടന്നിട്ടുണ്ട്. അങ്ങനെ സ്വന്തം മകനെ പോലെ വാത്സല്യം നൽകിയ ഒരുവൻ കണ്മുന്നിൽ വളര്ന്നു വരുമ്പോൾ തീർച്ചയായും അവനെ വച്ചു ഒരു സിനിമ ചെയ്യാൻ ഒരു നിർമാതാവ് എന്ന നിലയിൽ എനിക്ക് ആഗ്രഹാമുണ്ടാവില്ലേ? 2005 ൽ അനന്തഭദ്രം ചെയ്തതിനു ശേഷം വേറെ ചിത്രങ്ങൾ ഒന്നും ചെയ്തിട്ടുമില്ല. 4 വർഷം മുൻപ് നടന്ന അമ്മയുടെ ഒരു ജനറൽ ബോഡിയിൽ വച്ചാണ് എനിക്ക് പൃഥ്വിയെ വച്ച് സിനിമ ചെയ്യണം എന്ന ആഗ്രഹം ഉണ്ടാകുന്നത്. ആ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് പാവാട.

anoop-maniyanpilla

പൃഥ്വിരാജ് ഓരോ തവണയും തിരക്കഥ മടക്കി അയക്കുമ്പോൾ വിഷമം തോന്നിയില്ലേ?

ഒരിക്കലുമില്ല, കാരണം പൃഥ്വി അങ്ങനെ ചെയുന്നത് സിനിമയുടെ മൊത്തം ജയത്തിനു വേണ്ടിയല്ലേ ? ഇപ്പോഴത്തെ തിരക്കഥയിൽ പാവാട വിജയിക്കുകയാണ് എങ്കിൽ അതിന്റെ ക്രെഡിറ്റ്‌ പൃഥ്വിക്ക് അവകാശപ്പെട്ടതാണ്. ഈ തിരക്കഥ നല്ലതാണ് , പക്ഷെ ഇത് നമ്മൾ ചെയ്യേണ്ട ചിത്രമല്ലെന്നാണ് ഓരോ തവണ തിരക്കഥ മടക്കുമ്പോഴും പ്രിഥ്വി പറഞ്ഞത്. ഒടുവിൽ ബിപിൻ ചന്ദ്രന്റെ തിരക്കഥ കേട്ടപ്പോൾ പൃഥ്വി ആത്മാർത്ഥമായി തന്നെ അത് അംഗീകരിച്ചു. അമർ അക്ബർ ആന്റണിയുടെ ഷൂട്ടിങ്ങ് വേളയിൽ പൃഥ്വി ഏറ്റവും കൂടുതൽ വാചാലനായിരുന്നത് ഈ തിരക്കഥയെ കുറിച്ചാണ്. എന്റെ അടുത്ത പടം പാവടയാണ് , അത് തീരാതെ വേറെ ഒന്നും നോക്കില്ല എന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്.

അനന്തഭദ്രത്തിനു ശേഷം ഇപ്പോഴാണല്ലോ പൃഥ്വിരാജിനെ വച്ചൊരു പടം ചെയ്യുന്നത്, ഈ ഒരു 10 വർഷ കാലയളവിൽ പൃഥ്വിരാജ് എന്ന നടന് ഉണ്ടായ വളർച്ചയെ എങ്ങനെ നോക്കി കാണുന്നു ?

ഇടയ്ക്കു ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ട് എങ്കിലും, ആരെയും മോഹിപ്പിക്കുന്ന വളർച്ചയാണ് പൃഥ്വിക്ക് ഒരു നടൻ എന്ന നിലയിൽ ഉണ്ടായത്. സെല്ലുലോയിഡിന് ശേഷം പിന്നെ ഇങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അത്രയും മികച്ച വളർച്ചയാണ് അദ്ദേഹത്തിനു ഉണ്ടായത്. ഒത്തിരി മികച്ച സംവിധായകന്മാർക്ക് കീഴിൽ ഒത്തിരി നല്ല സിനിമകൾ ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞു. എനിക്ക് പൃഥ്വിരാജ് എന്നവ്യക്തിയിൽ ഏറെ ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന് വച്ചാൽ , മോഹൻലാലിനെ പോലെ അദ്ദേഹം നല്ലൊരു മനുഷ്യനാണ് എന്നതാണ് . സിനിമയിൽ സ്ഥാനം നിലനിർത്തുന്നതിനായി ആരെയും സുഖിപ്പിച്ചു സംസാരിക്കാൻ പൃഥ്വിരാജിനെ കിട്ടില്ല. ഇഷ്ടമല്ലാത്തത് അതുപോലെ തന്നെ തുറന്നു പറയും. ചുരുക്കത്തിൽ മികച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.

1985 മുതൽ സിനിമാ നിർമ്മാണ രംഗത്ത് സജീവമാണല്ലോ, 1985 - 2015 ഈ കാലയളവിൽ നിർമാണ രംഗത്ത് വന്നിട്ടുള്ള കാതലായ മാറ്റങ്ങൾ ?

കോസ്റ്റ് ഓഫ് പ്രൊഡക്ഷൻ വളരെ കൂടിയിട്ടുണ്ട്. പണ്ടൊക്കെ സിനിമയോട് വല്ലാത്ത പാഷൻ ഉള്ളവരായിരുന്നു ആദ്യകാലത്ത് സിനിമ നിർമ്മിച്ചിരുന്നത്. ഷൂട്ടിങ്ങ് തുടങ്ങി, സിനിമ തീയറ്ററിൽ എത്തുന്ന വരെ റെക്കോർഡിംഗ്, ഡബ്ബിംഗ് തുടങ്ങി എല്ലാ കാര്യങ്ങളിലും നിർമാതാവ് കൂടെ നിൽക്കും.ഞാനും അങ്ങനെ നിന്നിട്ടുണ്ട്. സിനിമയെ കുറിച്ച് കൂടുതൽ പഠിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. എന്നാൽ ഇന്ന് അങ്ങനെയല്ല . കയ്യിൽ കാശുള്ള ആര്ക്കും സിനിമ ചെയ്യാം എന്ന അവസ്ഥയാണ്. പണം ഒരു പ്രൊഡക്ഷൻ എക്സിക്യൂറ്റീവിനെ ഏൽപ്പിച്ച് സിനിമാ നിർമ്മാണത്തെ ബിസിനസ് മാത്രമായി കാണുന്നവരും ഉണ്ട്. ഒടുവിൽ സിനിമയുടെ പ്രിവ്യൂ സമയത്തും ആദ്യ ഷോയ്ക്കും ഇരുന്നു ഉറങ്ങും. ഇങ്ങനെയുള്ള നിർമാതാക്കളാണ് സിനിമയുടെ ശാപം. എന്തുകൊണ്ടാണ് 150 പടങ്ങൾ ഇറങ്ങുന്നതിൽ 130 ഉം പരാജയപ്പെടുന്നത് ? സിനിമ എന്തെന്ന് അറിയാതെ ലാഭം മാത്രം നോക്കി സിനിമ എടുക്കുന്നത് കൊണ്ടുമാത്രമാണ്‌ . ഞാൻ എന്ത് കൊണ്ട് സിനിമ എടുക്കുന്നു എന്ന് ചോദിച്ചാല സിനിമയെ കുറിച്ച എനിക്ക് പൂർണ്ണ ബോധ്യമുണ്ട് . ഇതില്ലാതെ സിനിമ എടുത്ത് പണം കളയുന്നവർ മലയാള സിനിമയുടെ ശാപം തന്നെയാണ് .

എന്തുകൊണ്ടാണ് ഇപ്പോഴും രണ്ടു മൂന്ന് വർഷത്തെ ഇടവേളയിട്ട്‌ മാത്രം സിനിമ ചെയ്യുന്നത് ?

ഞാൻ നേരത്തെ പറഞ്ഞല്ലോ , സിനിമ എനിക്കൊരു പാഷനാണ് ബിസിനസ് അല്ല. എന്നെ സംബന്ധിച്ച് ഒരു സിനിമയുടെ വിജയത്തിന്റെ ആദ്യ ക്രെഡിറ്റ്‌ കൊടുക്കേണ്ടത് അതിന്റെ തിരക്കഥക്കാണ്. രണ്ടാമതായി അതിന്റെ സംവിധായകനും മൂന്നാമതായി പ്രധാന നടനും. ഇതിൽ ഏതെങ്കിലും ഒരു ഘടകം ചേരാതെ വന്നാൽ സിനിമ പരാജയമാകും. പാവാടയുടെ കാര്യം തന്നെ നോക്കാം. പൃഥ്വിരാജ് എന്ന നടനാണ്‌ പാവാടയുടെ ഹൈലൈറ്റ് , അപ്പോൾ അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടാൻ മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോ കാത്തിരിക്കേണ്ടി വരും . എന്റെ സിനിമകളിലും ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. കാര്യങ്ങൾ നല്ല രീതിയിൽ ആയി വരാൻ അൽപം സാവകാശം എടുക്കുന്നു അതിന്റെ ഫലമായി നല്ല സിനിമ ജനിക്കുന്നു .

പാവാടയുടെ പ്രമേയത്തെക്കുറിച്ച് ?

പാവാട ഒരു ഗംഭീര സിനിമയാണ്. അത് നിങ്ങൾ കണ്ടു തന്നെ മനസിലാക്കണം. ഞാൻ എന്തെങ്കിലും പറഞ്ഞാൽ കാര്യങ്ങൾ പിടിവിട്ടു പോകും.പാമ്പ് ജോയി എന്ന പൃഥ്വിരാജ് കഥാപാത്രം തന്നെയാണ് അതിന്റെ ഹൈലൈറ്റ്. ഈ സിനിമയുമായി ബന്ധമില്ലാത്ത ഒന്ന് രണ്ടുപേർ പ്രിവ്യൂ കണ്ടു പറഞ്ഞത് ഈ സിനിമയിൽ പ്രേക്ഷകരെ കീഴടക്കുന്ന ഒരു മാജിക് ഉണ്ടെന്നാണ്. ഇതിൽ അഭിനയിച്ചിരിക്കുന്ന ഓരോവ്യക്തിയും , അതിപ്പോൾ ആശ ശരത് ആയാലും ചെമ്പൻ വിനോദ് ആയാലും അനൂപ്‌ മേനോൻ ആയാലും അസാധ്യ അഭിനയമാണ് കാഴ്ചവയ്ക്കുന്നത്. അനൂപ്‌ തികച്ചും വ്യത്യസ്തമായ ഒരു ഔട്ട്‌ ലൂക്കിലാണ് എത്തുന്നത്. ഈ സിനിമയ്ക്ക് എന്തെങ്കിലും അവാർഡ്‌ കിട്ടുമെങ്കിൽ അത് അഭിനയത്തിനായിരിക്കും. എല്ലാവർക്കും ഒരേ പോലെ ചാൻസ് ഉണ്ട്.

maniyanpilla-idukki-gold

നിർമാതാവ് എന്ന നിലയിലാണോ നടൻ എന്ന നിലയിലാണോ ഏറ്റവും കൂടുതൽ സംതൃപ്തി ?

തീർച്ചയായും നടൻ എന്ന നിലയിൽ തന്നെ അറിയപ്പെടുന്നതാണ് എനിക്കിഷ്ടം. ഞാൻ അഭിനയത്തിലൂടെ സിനിമയിൽ എത്തിയ വ്യക്തിയാണ് . എനിക്ക് ജീവിതത്തിൽ സകല ഭാഗ്യങ്ങളും കൊണ്ട് തന്നതും അഭിനയം എന്ന ആ കലയാണ്‌ . അഭിനയിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി വേറെന്തു ജോലി ചെയ്താലും കിട്ടില്ല. അതുകൊണ്ട് , ഇനി അടുത്തൊരു ജന്മമുണ്ടെങ്കിൽ അപ്പോഴും എനിക്ക് ഒരു നടനായി തന്നെ ജനിച്ചാൽ മതി. വേറൊന്നും ആവണ്ട.

ഏതെങ്കിലും ഡ്രീം പ്രൊജെക്റ്റ് ബാക്കിയുണ്ടോ?

അങ്ങനെ ചോദിച്ചാൽ ഉണ്ട്, പക്ഷെ അതൊന്നും ഇനി സാധിക്കുന്നവയല്ല. എനിക്ക്, മയ്യഴിപുഴയുടെ തീരങ്ങളിൽ സിനിമയാക്കണം എന്നുണ്ടായിരുന്നു . നടന്നില്ല, ഇപ്പോൾ അതിന്റെ സമയവും കഴിഞ്ഞു. ഇനി എനിക്ക് അറിയില്ല . വളരെ കഷ്ടപ്പെട്ടിട്ടാണ് പാവാട ചെയ്തത് , അത് നല്ലരീതിയിൽ വിജയിക്കണം എന്ന ഒരു ആഗ്രഹം മാത്രമേ ഇപ്പോൾ ഉള്ളൂ.അത് കഴിഞ്ഞു മാത്രം അടുത്ത പ്രോജക്റ്റിനെ പറ്റി ആലോചിക്കാം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.