Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ കമന്‍റില്‍ ഞാന്‍ ഖേദിക്കുന്നു: സാബു

sabumon

നടന്‍ മോഹന്‍ലാലിനെ ചീത്തവിളിച്ചെന്ന വിവാദത്തില്‍ വിശദീകരണവുമായി അവതാരകനും നടനുമായ സാബു. മലയാളത്തിലെ സൂപ്പര്‍താരത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് സാബുവിനെതിരെ സോഷ്യല്‍മീഡിയയില്‍ ഗുരുതരമായ പ്രതിഷേധമാണ് നടന്നത്. ഇതിന്‍റെ പേരില്‍ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് അക്കൗണ്ട്പോലും അടച്ചു പൂട്ടേണ്ടി വന്നു.

എന്നാല്‍ സംഭവത്തെക്കുറിച്ചുള്ള സത്യാവസ്ഥ എന്താണെന്ന് അന്വേഷിക്കാന്‍ പോലും ആരും തയാറായില്ല. മോഹന്‍ലാല്‍‍ എന്ന മഹാനടനെ ഉദ്ദേശിച്ചല്ല ആ കമന്‍റെന്നും സംഭവത്തില്‍ ഏറെ ഖേദിക്കുന്നുവെന്നും സാബു പറയുന്നു. സംഭവത്തിലെ സത്യാവസ്ഥയെക്കുറിച്ച് സാബുമോന്‍ തന്നെ മനോരമ ഓണ്‍ലൈനോട് വിവരിക്കുന്നു.

‘കേരളത്തില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നതും ഏറെ അപകടകരമായതുമായ പ്രശ്നമാണ് തെരുവുനായ വിഷയം. കുട്ടികളെ അടക്കം ക്രൂരമായി ആക്രമിക്കുന്ന ഇവറ്റകളെ കൊന്നുകളയണമെന്ന് ശക്തമായി വാദിക്കുന്ന ഒരാളാണ്. ഒരുതരത്തിലും ഇവ ദയ അര്‍ഹിക്കുന്നില്ല. അങ്ങനെയൊരു പോസ്റ്റിന് താഴെ ഒരു നായപ്രേമി മോശമായ കമന്‍റുകള്‍ എഴുതാന്‍ തുടങ്ങി. ആദ്യമൊക്കെ ഈ കമന്‍റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്തു.

എന്നാല്‍ പിന്മാറാന്‍ അയാള്‍ തയാറായിരുന്നില്ല. വീണ്ടും വീണ്ടും ഒരാളെ അധിക്ഷേപിക്കുന്ന രീതിയില്‍ കമന്‍റ് ചെയ്യാന്‍ തുടങ്ങി. തെരുവുനായ്ക്കളെ പിന്തുണക്കുന്ന ലിങ്കുകളും ബോയ്കോട്ട് കേരള തുടങ്ങിയ വാര്‍ത്തകളും തെരുതെരെ പോസ്റ്റ് ചെയ്തു. നിങ്ങളുടെ പോസ്റ്റുകള്‍ പരസ്യം ചെയാനുള്ളതല്ല എന്‍റെ ഫേസ്ബുക്ക് വാള്‍ എന്ന ഞാന്‍ അദ്ദേഹത്തോട് പറയുകയും ചെയ്തു. എന്നാല്‍ വീണ്ടും ഇതുതന്നെ ആവര്‍ത്തിച്ചു.

ഇതെല്ലാം ഡിലീറ്റ് ചെയ്തപ്പോഴാണ് അയാള്‍ തന്നെ ലാലേട്ടന്‍ അദ്ദേഹത്തിന്‍റെ പട്ടിയുമായി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. സത്യത്തില്‍ ഇങ്ങനെയൊരു വിവാദവിഷയത്തില്‍ അയാള്‍ മോഹന്‍ലാലിെനപ്പോലെ ഒരാളെ ഉപയോഗിക്കുയായിരുന്നു. അപ്പോഴത്തെ എന്‍റെ മാനസികാവസ്ഥയില്‍ കമന്‍റടിച്ച ആളോടുള്ള ദേഷ്യമാണ് ഞാന്‍ തീര്‍ത്തത്. സഹികെട്ടാണ് അത്തരം കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടി വന്നത്.

എന്നാല്‍ മോഹന്‍ലാലിന്റെ പിതാവിനെ പരാമര്‍ശിക്കുന്ന ഭാഗം അതെന്‍റെ തെറ്റായിരുന്നു. അതില്‍ എനിക്ക് വളരെയേറെ ഖേദമുണ്ട്. പക്ഷേ അതിന് ഞാന്‍ അനുഭവിക്കേണ്ടി വന്നത് മാനസികമായ സംഘര്‍ഷങ്ങളാണ്. സൈബര്‍ ആക്രമണം തന്നെയാണ് ഒരുപറ്റം ആളുകള്‍ എനിക്കെതിരെ നടത്തിയത്. മോഹന്‍ലാലിന്‍റെ ആരാധകര്‍ എന്ന് അവകാശപ്പെടുന്ന കുറേ മോശമായ ആളുകള്‍ എനിക്കെതിരെ ഭീഷണിമുഴക്കി, അസഭ്യം പറഞ്ഞു. എന്‍റെ ഫേസ്ബുക്ക് പേജ് വരെ ഓരോ കാരണങ്ങള്‍ പറഞ്ഞ് പൂട്ടിച്ചു.

ഇവര്‍ യഥാര്‍ഥ ആരാധകരാണെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. അത്രയ്ക്ക് മോശമായ ആരോപണങ്ങളും വിമര്‍ശനങ്ങളുമാണ് ഇവര്‍മൂലം നേരിട്ടത്.

താന്‍ നിര്‍മ്മിക്കാനിരുന്ന 'സെന്റ്‌ പീറ്റേഴ്‌സ് ഡേ' എന്ന ചിത്രത്തില്‍ നിന്ന്‌ സംവിധായകന്‍ പിന്‍മാറിയതിനെക്കുറിച്ചും സാബു പ്രതികരിച്ചു.

ഞാന്‍ നിര്‍മിക്കാനിരുന്ന 'സെന്റ് പീറ്റേഴ്‌സ് ഡേ' എന്ന ചിത്രത്തിന്‍റെ സംവിധായകനെ ആരാധകര്‍ എന്നു പറയപ്പെടുന്ന ആളുകള്‍ ഭീഷണിപ്പെടുത്തി. ചിത്രം പുറത്തിറക്കിയാല്‍ തകര്‍ത്തുകളയുമെന്നു വരെ പറഞ്ഞു. ഒരു നവാഗതനായ സംവിധായകനാണ് അദ്ദേഹം. അതുകൊണ്ടാണ് സാജന്‍ അങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. അതില്‍ എനിക്ക് വിഷമമില്ല. ഞാന്‍ കാരണം സാജനും വിഷമിക്കേണ്ടി വന്നൂ എന്നൊരു ദുഃഖം മാത്രമേ ഉള്ളൂ.

ഒരു തെറ്റ് ചെയ്താല്‍ അത് ഏറ്റുപറയാന്‍ ബാധ്യസ്ഥനാണ്. തീര്‍ച്ചയായും എന്‍റെ ഭാഗത്തുനിന്ന് മോശമായ ഒരു പെരുമാറ്റം ഉണ്ടായാല്‍ അത് തിരുത്താന്‍ തയാറാണ്. എന്നാല്‍ ഈ സംഭവത്തില്‍ ഞാനുമായി ബന്ധപ്പെട്ട് കിടക്കുന്ന പല ആളുകള്‍ക്കും ഇതു മൂലം ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായി. സാബു പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.