Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രോളിക്കോളൂ, എനിക്ക് പിണക്കമൊന്നുമില്ല: വിനു മോഹൻ

mohanlal-vinu

സ്വയം തീർത്ത ചെറിയ ഇടവേളയ്ക്കു ശേഷം വിനു മോഹൻ വീണ്ടും സിനിമാ ലോകത്തിലേക്ക് തിരിച്ചു വരുന്നു. അതും ഒരു ബ്രഹ്മാണ്ഡചിത്രത്തിലൂടെ. ഈ വർഷം മലയാളസിനിമാലോകം ആവേശത്തോടെ കാത്തിരിക്കുന്ന പുലിമുരുകൻ എന്ന ചിത്രത്തിലൂടെയാണ് വിനുവിന്റെ തിരിച്ചുവരവ്. സിനിമയിൽ മോഹൻലാലിന്റെ അനിയൻ കഥാപാത്രമായെത്തുന്ന ‌വിനു പുലിമുരുകന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു...

പുലിമുരുകനിലെ കഥാപാത്രത്തെക്കുറിച്ച് ?

മോഹൻലാലിൻറെ അനുജനായ മണികുട്ടൻ എന്ന കഥാപാത്രത്തെയാണ്‌ ഞാൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്‌. വളരെയധികം തീവ്രമായ സാഹോദര്യ ബന്ധമുള്ള രണ്ട് കഥാപാത്രങ്ങളാണ് . സാഹോദര്യ ബന്ധത്തിനും ആക്ഷനും ഒരു പോലെ പ്രാധാന്യം നൽകികൊണ്ടാണ് സംവിധായകൻ വൈശാഖ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റേതായ രഹസ്യ സ്വഭാവങ്ങൾ സൂക്ഷിച്ചു കൊണ്ടും ചിത്രീകരിക്കുന്ന ഒരു ചിത്രം കൂടിയാണ് പുലി മുരുകൻ.

vinu-mohanall

പുലിമുരുകനിൽ മോഹൻലാലും പുലിയുമായുള്ള സംഘട്ടന രംഗം ഉണ്ടോ ?

പുലി വേട്ടക്കാരന്റെ വേഷത്തിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. മോഹൻലാലും പുലിയുമായുള്ള ഒരു സംഘട്ടന രംഗം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹം ഇതുവരെ ചെയ്ത ചിത്രങ്ങളിലെ സംഘട്ടന രംഗങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിൽ ആണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. അതിസാഹസികമായി ചിത്രീകരിച്ച ഒരു രംഗം ആണ്.
സാങ്കേതികവിദ്യകൾക്ക് വളരെയധികം പ്രാധാന്യം നൽകി ചിത്രീകരിച്ച ഒരു ചിത്രം കൂടിയാണ് ഇത്. ബാഹുബലി , റേസ് 2 എന്നീ ചിത്രങ്ങളിലെ സംഘട്ടന രംഗങ്ങൾ കൈകാര്യം ചെയ്ത പീറ്റർ ഹൈൻ തന്നെയാണ് പുലിമുരുകനിലെയും സംഘട്ടന രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഈ രംഗം ഏറെ പ്രേക്ഷക ശ്രദ്ധ നേടും എന്ന ഒരു വിശ്വാസം ഉണ്ട്.

മാടമ്പിയിലെ കഥാപാത്രത്തെ നിരസിച്ചതിന് പിന്നിലുള്ള കാരണം ?

മാടമ്പിയിൽ അജ്മൽ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കാൻ ആയിരുന്നു അവസരം ലഭിച്ചിരുന്നത് . ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാൻ വളരെ അധികം ആഗ്രഹിച്ചിരുന്നു. എന്നാൽ അതേസമയം മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തിരുന്നതിനാൽ ആണ് മാടമ്പിയിലെ കഥാപാത്രത്തെ ഉപേക്ഷിക്കേണ്ടി വന്നത്. ആ കഥാപാത്രം ചെയ്യാൻ പറ്റാത്തതിൽ വളരെയധികം വിഷമം തോന്നിയിരുന്നു. ചിത്രം കാണുമ്പോഴും അതിലെ പാട്ടുകൾ കേൾക്കുമ്പോഴും പലപ്പോഴും നഷ്ടബോധം തോന്നിയിട്ടുണ്ട്. എന്നാൽ മാടമ്പിയിൽ നഷ്ടപ്പെട്ട അവസരം പുലിമുരുകനിലൂടെ എന്നെ തേടിയെത്തി. അതും ലാലേട്ടന്റെ അനുജനായി. ആ സന്തോഷം പ്രകടിപ്പിക്കാൻ സാധിക്കുന്നതിലും അപ്പുറമാണ്.

ആരുടെ ഒപ്പം അഭിനയിക്കാനാണ് ഏറെ ഇഷ്ടം?

നല്ല പെർഫോർമേർസിന്റെ കൂടെ അഭിനയിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരിക്കലും കൂടെ അഭിനയിക്കുന്നവരുടെ സ്റ്റാർ വാല്യൂ നോക്കി അഭിനയിക്കണം എന്ന നിർബന്ധം ഒരു അഭിനേയതാവിനും വയ്ക്കാൻ സാധിക്കില്ല. നല്ല പെർഫോർമേർസിന്റെ കൂടെ അഭിനയിക്കുമ്പോൾ ആണ് ഒരു അഭിനേതാവ് എന്ന നിലയിൽ പലതും പഠിക്കാനും അതിലൂടെ സ്വന്തം അഭിനയം മെച്ചപ്പെടുത്താനും സാധിക്കുക.

vinu-vidhya വിനു ഭാര്യ വിധ്യയ്ക്കൊപ്പം

സോഷ്യൽ മീഡിയകളിലെ കളിയാക്കിയുള്ള ട്രോളുകളെ എങ്ങനെ കാണുന്നു ?

അങ്ങനെയുള്ള ട്രോളുകൾ ഒരുപാടു ആസ്വദിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. വളരെ നാളുകൾക്കു ശേഷമാണ് നീന എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ചത്. നീനയ്ക്ക് തൊട്ടു മുൻപ് ഉണ്ടായിരുന്ന ഇടവേളകളിൽ പോലും എന്നെ കളിയാക്കി കൊണ്ടുള്ള ട്രോളുകൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. പ്രേക്ഷകർ എന്നെക്കുറിച്ച് ഓർക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് ആ ട്രോളുകളിലൂടെ ഞാൻ മനസിലാക്കിയത്. ഇപ്പോഴും ഞാൻ പ്രേക്ഷകരുടെ മനസ്സിൽ ഉണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അങ്ങനെ ഉള്ള ട്രോളുകൾ. അങ്ങനെ കാണാനാണ് എനിക്കിഷ്ടവും.

നീനയ്ക്ക് ശേഷം വീണ്ടും ഇടവേള ?

നീനയ്ക്ക് ശേഷം ഒരുപാടു നല്ല ചിത്രങ്ങളിൽ അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും, അതൊന്നും സ്വീകരിക്കാനുള്ള ഒരു മാനസികാവസ്ഥ ആയിരുന്നില്ല. ചില നിർണായകമായ സംഭവങ്ങൾ എന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നത് ഈ ഒരു ഇടവേളയിൽ ആയിരുന്നു. അതിൽ ഒന്നായിരുന്നു അച്ഛന്റെ മരണം. ജീവിതത്തിൽ വളരെ അധികം സപ്പോർടീവ് ആയി എന്നോടൊപ്പം എന്നും നിന്നിരുന്നത് അച്ഛനായിരുന്നു. അച്ഛന്റെ വേർപാട്‌ എന്നെ വളരെയധികം വിഷമത്തിലാഴ്ത്തി. പിന്നീടു ആ വിഷമം തരണം ചെയ്തു കൊണ്ട് ഞാൻ പഴയ മാനസികാവസ്ഥയിലേക്ക് തിരിച്ചു വരികയും ചെയ്തു . വിവാഹ ശേഷം അമിതമായി വണ്ണം വയ്ക്കുകയും അതുമൂലം ബിഗ്‌ സ്ക്രീനിൽ പ്രേക്ഷകർക്ക്‌ മുന്നിൽ എത്താനുള്ള ആത്മ വിശ്വാസക്കുറവ് ഉണ്ടാവുകയും ചെയ്തത് മറ്റൊരു കാരണമായി.

vinu-family

മുൻനിര നായകൻ ആകാൻ സാധിക്കാത്തതിൽ വിഷമം തോന്നിയിട്ടുണ്ടോ?

എന്റെ സിനിമാ ജീവിതത്തിൽ ചില തെറ്റായ തീരുമാനങ്ങൾ ഞാൻ എടുത്തിരുന്നു. അഭിനയിച്ച ചിത്രങ്ങളിൽ ചിലത് വിജയിക്കാതെ പോയതും ആ ചിത്രങ്ങളിൽ ഞാൻ ചെയ്ത കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയതും ചിലപ്പോൾ ആ ചിത്രങ്ങളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടായിരുന്നത് കൊണ്ടാവാം അല്ലെങ്കിൽ ഞാൻ ചെയ്ത കഥാപാത്രങ്ങൾക്ക് എന്തെങ്കിലും പോരായ്മകൾ ഉണ്ടായിരുന്നത് കൊണ്ടാവാം. ഒരിക്കലും ഒരു മുൻനിര നായകൻ ആകാൻ സാധിക്കാത്തതിൽ ഇത് വരെ വിഷമം തോന്നിയിട്ടില്ല. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്. നമുക്ക് വിധിച്ചത് നമ്മളെ തേടിയെത്തും എന്ന വിശ്വാസക്കാരനാണ് ഞാൻ.